ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി.
വിവാഹ സൽക്കാര ചടങ്ങിനിടയിൽ കണ്ട ഒരു ചെറിയ വലിയ കാര്യമാണ്.ഭംഗിയായി അലങ്കരിച്ച ഭീമൻ മുറിയ്ക്കുള്ളിൽ ഒരുപാട് തീൻമേശകൾ സജ്ജീകരിച്ചിരുന്നു.പാട്ടും ബഹളവുമായി ചിലരൊക്കെ വേദിയിലേക്കും നോക്കി ഒരേ ഇരിപ്പാണ്. എന്നാൽ ചുരുക്കം മനുഷ്യർ തീൻമേശയുടെ ഒത്ത നടുവിലിരിക്കുന്ന ചില്ലുപാത്രത്തിൽ എന്തൊക്കെയോ കാര്യമായി ചെയ്യുന്നു.
അൽപ്പം വെള്ളത്തിൽ കുറച്ചു പൂക്കൾ കുത്തി നിർത്തിയിരിക്കുന്നു, ഇതിനിടയിൽ ഭംഗിയുള്ള ഒരു ഗോൾഡ്‌ഫിഷ് വല്ലാത്ത നെട്ടോട്ടമാണ്. പൂവുകളുടെ തണ്ടുകൾ കാരണം നല്ലതുപോലെ ഒന്ന് നീന്തി നടക്കുവാൻ പോലും കഴിയാത്ത വിധമാണ് കിടപ്പ്. അതിനിടയിൽ ആളുകളുടെ ലാളന കൂടിയായപ്പോൾ വല്ലാതെ വിയർപ്പുമുട്ടി തുടങ്ങിയിരുന്നു ആ പാവത്തിന്. ചിലരൊക്കെ സ്നേഹക്കൂടുതൽ കൊണ്ട് പൂവിന്റെ തണ്ടുകൾ കൊണ്ട് ആഞ്ഞു കുത്തുന്നതും വല്ലാത്തൊരു വിഷമത്താൽ കണ്ടു നിൽക്കേണ്ടി വന്നു. എല്ലാ മീനുകളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെ തന്നെയായിരുന്നു.അങ്ങനെ ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി.
കല്യാണത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടയിലും ആ മീനുകളുടെ കാര്യം വല്ലാതെ മനസ്സിൽ തട്ടി നിന്നു.
അല്ല ഞാനെന്തെങ്കിലും പറഞ്ഞാൽ എങ്ങനെ ശെരിയാകും. സ്ത്രീയുടെ വസ്ത്രത്തിന് പുറത്തുകൂടി പിടിച്ചാൽ യാതൊരു പ്രശ്‌നവുമില്ലാത്ത രാജ്യത്ത് ഈ കൊച്ചു മീനുകളെ പറ്റി സംസാരിച്ചത് തന്നെ വലിയ തെറ്റാണ്… എന്നോട് ക്ഷമിക്കുക 🙏. ഞാൻ തെറ്റുകാരനാണ്.
ക്ഷമ യാചിച്ചുകൊണ്ട്,
ഒരു മഹാപാപി