നശിച്ചു പോകത്തെയുള്ളു… ഇതെല്ലാം കണ്ടോണ്ടാണല്ലോ ദൈവമിരിക്കുന്നത്!!!!
നല്ല മഴക്കാലത്താണ് ഇതുപോലുള്ള നല്ല നല്ല വാക്കുകൾ ഈയുള്ളവന്റെ ചെവിയിൽ തറച്ചു കയറിയിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല ശക്തമായ മഴ പെയ്യുമ്പോൾ വീടിനുള്ളിൽ അതിലും കനത്ത മഴയാണ് പെയ്യുന്നത്. കാലാവസ്ഥ നിരീക്ഷകർക്കു പോലും പ്രവചിക്കാൻ കഴിയാതെ അതിങ്ങനെ തുടരും. ഇനി മഴയെങ്ങാനും തീർന്നാൽ ഇത് നിൽക്കുമെന്ന് കരുതരുത്, മച്ചിന്റെ മുകളിൽ കെട്ടി കിടക്കുന്ന ശുദ്ധ ജലം മുഴുവനായി വറ്റി തീർന്നാലേ ഇതിനൊരു ശമനമുണ്ടാകുകയുള്ളു.
മച്ചില്ലാത്ത ഭാഗങ്ങളിൽ ഇങ്ങനെയുണ്ടാകുന്ന ചോർച്ച നിർത്താൻ അൽപ്പം നീളമുള്ള ഒരു പട്ടിക കക്ഷണം ധാരാളം. ചോർച്ചയുള്ള ഓടിന്റെ മൂടിന് ഒന്ന് കുത്തി അൽപ്പം പൊക്കുക. അത്ഭുതം സംഭവിക്കും, ആ ഭാഗത്തെ മഴയ്ക്ക് അൽപ്പം ശമനമുണ്ടാകും!!!! ഇതെല്ലാം കണ്ടുകൊണ്ട് തൊട്ടടുത്തു നിൽക്കുമ്പോഴും തരക്കേടില്ലാത്ത പഴയ തമാശയൊക്കെ പറഞ്ഞുകൊണ്ട് രംഗം അൽപ്പം ശാന്തമാക്കാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. വല്ലാത്ത ബുദ്ധിമുട്ട് ആകെ മനസ്സ് മുഴുവൻ നിറഞ്ഞു കിടക്കുമെങ്കിലും ഇതെല്ലാം ചിരിച്ചു തള്ളി കളയുക പതിവായിരുന്നു. ഈ സമയങ്ങളിൽ അമ്മ പതിയെ ഓരോ പഴയ കാര്യങ്ങൾ പറയുവാൻ തുടങ്ങും.
“നിന്റെ അച്ഛനെ എല്ലാരും ചേർന്ന് പറ്റിച്ചതാണ്, കാശുണ്ടായിരുന്നപ്പോഴുള്ള കൂട്ടുകാരും ബന്ധുക്കളുമൊന്നും ഇപ്പോഴില്ലല്ലോ… “
ശരിയാണെന്ന് എനിക്ക് നേരത്തെ തോന്നി തുടങ്ങിയതാണ്, കാരണം ഞാനും ഇതൊക്കെ അറിവ് വച്ചപ്പോൾ തൊട്ട് കാണുന്നതല്ലേ!! ഈ പറയുന്ന സ്വന്തവും ബന്ധവുമെല്ലാം കറ നിറഞ്ഞ ചിരിയിൽ മാത്രമായിരുന്നു. എല്ലാ സ്വന്ത ബന്ധങ്ങളും അങ്ങനെ ആയിരുന്നെന്നല്ല, പ്രിയപ്പെട്ട ചിലരെ ഇപ്പോഴും ചേർത്ത് തന്നെ നിർത്തിയിട്ടുണ്ട്… അമ്മ പറഞ്ഞ അറിവ് വെച്ച് അച്ഛന്റെ ഏറ്റവും നല്ല സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ നല്ല കാലത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. കയ്യിലുള്ളത് എല്ലാം തീർന്നപ്പോൾ കൂടെ ഉണ്ടാകുമെന്ന് കരുതിയവരും, കൂടെയുണ്ടായിരുന്നവരെയും കാന്മാനില്ലാതെയായി. ചുരുക്കി പറഞ്ഞാൽ ഒറ്റപ്പെട്ടൊരു അവസ്ഥയിൽ വന്നെത്തി.
ഇത്ര ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വീടിന്റെ പൊളിഞ്ഞ വാതിൽ പടിയിൽ വന്നു പല്ലിളിച്ചു ചിരിക്കുവാൻ തുടങ്ങുമ്പോൾ അമ്മ വിങ്ങി പൊട്ടിക്കൊണ്ട് ഇതെല്ലാം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് അടുക്കളയുടെ ഒരുഭാഗത്തുള്ള പഴയ ബഞ്ചിൽ വന്നിരിക്കും. “നശിച്ചു പോകത്തെയുള്ളു, ഇതെല്ലാം കണ്ടോണ്ടാണല്ലോ ദൈവമിരിക്കുന്നത്!!!!” ഇതിങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കും…വീടിന്റെ ചോർച്ചയൊക്കെ നിൽക്കുമ്പോൾ അമ്മ വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചെത്തും. ഇതെല്ലാം കാണുമ്പോൾ ഞാൻ ഇടയ്ക്ക് സമാധാനിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ല എന്ന് മാത്രമല്ല ഒടുവിൽ അതൊരു വലിയ ബഹളമായി മാറും. അതുകൊണ്ട് തന്നെ ഇങ്ങനെ സംഭവിക്കുമ്പോൾ ഞാൻ അവിടുന്ന് ഒഴിഞ്ഞു മാറുകയാണ് പതിവ്.
എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റമുണ്ടായി, ഇങ്ങനെ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സങ്കടപ്പെടുന്നത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതമൊക്കെ അൽപ്പം മെച്ചപ്പെട്ടു തുടങ്ങിയത് കൊണ്ടായിരിക്കാം, അതുമല്ലെങ്കിൽ പഴയ അനുഭവങ്ങളെയും ജീവിതത്തേയും ഓർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകും.
ദുരന്ത അനുഭവങ്ങൾ മാത്രമല്ല നല്ല രസമുള്ള പഴയ ഓർമ്മകളും അമ്മ പങ്കുവെയ്ക്കുമായിരുന്നു. അല്ലേലും കുട്ടിക്കാലമാണല്ലോ മികച്ച അനുഭവങ്ങളുടെ കലവറ!!!
അമ്മയെ പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ അമ്മ മരിച്ചു പോയി, അതുകൊണ്ട് തന്നെ അമ്മയുടെ ചേച്ചിയാണ് ആ സ്ഥാനത്തു നിന്ന് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇതൊന്നുമല്ലായിരുന്നു ആ വീട്ടിലെ പ്രധാന കാര്യം!!! അവിടെ മറ്റൊരു വ്യക്തിയുണ്ടായിരുന്നു ആരെയും പേടിയില്ലാത്ത, എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു കക്ഷി…
ഭാഗം -1
🥰🥰
LikeLiked by 1 person
❤
LikeLike