അത്യാവശ്യം അഹങ്കാരിയാണ്, അല്ല നല്ല അഹങ്കാരം നിറഞ്ഞ ഒരു വനിത. കാണാൻ വല്യ ഭംഗി ഒന്നുമില്ലെങ്കിലും ആളൊരു വായാടിയാണ്. നാളുകളായി വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കക്ഷി. ഒരുപാട് നാളുകളായി വീട്ടിൽ വളർത്തുന്നതുകൊണ്ട് തന്നെ എല്ലാവരുടെയും പേരുകളും അവരുടെ സ്വഭാവങ്ങളുമെല്ലാം ആ കുഞ്ഞു മൈനയ്ക്ക് സുപരിചിതമായിരുന്നു.
കുഞ്ഞുങ്ങൾക്ക് കൊടുക്കാറുള്ള മധുരമുള്ള പൊടി ആ വീട്ടിൽ അമ്മയ്ക്കു കൊടുക്കാനായി വാങ്ങി വച്ചിട്ടുണ്ടാകും. എന്നാൽ ഇതങ്ങനെ വെറുതെയിരുന്നാൽ ചീത്തയാകില്ലേ എന്ന് കരുതിയിട്ടാവാം അമ്മാവൻ അതൊരൽപ്പം അകത്താക്കാൻ തീരുമാനിച്ചു. ആരും അവിടില്ലെന്ന് കണ്ടപ്പോൾ പതിയെ പൊടി വാരി തിന്നുവാൻ തുടങ്ങി. എന്നാൽ ഇതുകണ്ട മറ്റൊരു കക്ഷി കൂട്ടിനകത്തു കിടന്ന് അലമുറയിടാൻ തുടങ്ങി “മാച്ചരൻ കൊച്ചിന്റെ പൊടി തിന്നണേ “. പണി പാളി!!!! സംഗതി കൂടുതൽ ആളുകൾ അറിയും എന്ന് മനസിലാക്കിയ മാതുലൻ ശ്രമം ഉപേക്ഷിച്ചു മടങ്ങി.
ഇങ്ങനെ കൂട്ടിൽ കിടന്നു മാത്രമായിരുന്നില്ല കക്ഷിയുടെ ബഹളം, അൽപ്പം വെള്ളത്തിൽ കുളിയൊക്കെ കഴിഞ്ഞിട്ട് കൂടിന്റെ പുറത്തേയ്ക്ക് ഇറങ്ങും. ചിറകുണ്ടെങ്കിലും നടന്നു പോകുന്നതായിരുന്നു ശീലം. മുറ്റത്തുകൂടെ നടന്ന് അപ്പുറത്തെ വീട്ടിലെ കമലാക്ഷി അമ്മയുടെ അടുത്തേയ്ക്കാണ് ആളുടെ പോക്ക്. അവിടെ ചെന്ന് അൽപ്പം നേരമൊക്കെ ചിലവിട്ടിട്ട് ആള് തിരിച്ചു പോരും. ഒരുപാട് ആളുകളുടെ ഇടയിലെ സഹവാസവും അവരുടെ പല പെരുമാറ്റങ്ങളും, സംസാര രീതികളും ഈ കൊച്ചു ജീവിയുടെ സ്വഭാവത്തെയും കാര്യമായി ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്തുള്ളവർക്ക് ഈ കക്ഷിയെ വല്ലാത്ത ഇഷ്ട്ടമായിരുന്നു.
നിർഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ ഒരു ദിവസം കുളിയും കഴിഞ്ഞ് പറമ്പിലൂടെ ഉലാത്തുമ്പോൾ അപ്പുറത്തെ വീട്ടിലെ ചക്കി പൂച്ചയുടെ കണ്ണ് ഈ പാവത്തിന്റെ മേൽ ഉടക്കി. അധികം വൈകാതെ തന്നെ പൂച്ച ചാടി വീഴുകയും ചെയ്തു. ശീലങ്ങളൊക്കെ ഒരു പക്ഷിയുടേതിൽ നിന്ന് വിപരീതമായതുകൊണ്ട് തന്നെ പറക്കുവാനൊന്നും ശ്രമിച്ചില്ല.
ഒരുപാട് നാളുകൾ ഏവരെയും സന്തോഷിപ്പിച്ചു ജീവിച്ച ആ കൊച്ചു ജീവിതം അവിടെ തീർന്നു.
ഇതുപോലെ തന്നെയാണല്ലോ നമ്മൾ മനുഷ്യരുടെ കാര്യവും. കാശിന്റെയും മണ്ണിന്റെയും പുറകെ ഓടികൊണ്ടിരിക്കുമ്പോഴായിരിക്കും ഇങ്ങനൊരു അവസാനം. ജീവിതം അവസാന ഘട്ടത്തിലെത്തുമ്പോൾ വെട്ടിപ്പിടിച്ചതൊന്നും സഹായിച്ചെന്നു വരില്ല… ജീവിക്കുന്ന കാലമത്രയും സഹജീവികളെ സ്നേഹിച്ചു ജീവിച്ചാൽ അവിടെ കിട്ടുന്ന നല്ല ഓർമ്മകളും ആ ബന്ധങ്ങളും മരണം വരെയും കൂടെയുണ്ടാകുമല്ലോ…
ഓർക്കുന്നത് നല്ലതാണ്…ഇത് കുത്തിക്കുറിച്ച ഞാനും വായിക്കുന്ന നീയുമുൾപ്പടെ മണ്ണിനു വളമാകുവാൻ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ശരീരങ്ങൾ മാത്രമാണ്.
സ്നേഹപൂർവ്വം,
മഹാപാപി
ശുഭം