എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഓരോ ദിവസവും മുൻപിലേക്ക് കടന്നു വരികയാണ് പതിവ്, എന്നാൽ ഇന്നത്തെ സംഭവം ഞാൻ പോയി വാങ്ങിയതാണ് !!
രാവിലെ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു, വണ്ടിയോടിച്ചു പുറത്തിറങ്ങിയപ്പോൾ തന്നെ അതെല്ലാം തകിടം മറിഞ്ഞു !!! രണ്ടാമത്തൊരു വളവു തിരിഞ്ഞതും ഒരു ഓട്ടോ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കടന്നു പോയി. നെഞ്ചിടിപ്പിന്റെ വേഗം ആ ഓട്ടോയെക്കാൾ കൂടുതലായിരുന്നു. അത്ഭുതം എന്തെന്നാൽ എന്റെ വണ്ടിയ്ക്ക് വല്ലാത്തൊരു പ്രത്യേകത കൈവന്നിരിക്കുന്നു, ബ്രേക്ക് രണ്ടും വലിച്ചു മുറുക്കി പിടിച്ചിട്ടും അവനൊരു കുലുക്കവുമില്ല. ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിൽ മുൻപിലെ കുഴിയൊക്കെ ചാടിമറിഞ്ഞു. പോരാത്തതിന് റോഡരുകിൽ ചാഞ്ഞു കിടന്ന മാവിന്റെ ചില്ലകളുടെ തല്ലും മുഖത്തു വാങ്ങി തന്നു. എത്ര നല്ല സമയം !!! കുറച്ചു മുൻപിലെ അത്യാവശ്യം മുഴുത്ത ഹമ്പ് കണ്ടപ്പോൾ എന്റെ പകുതി ജീവൻ എങ്ങോട്ടോ പോയി. പ്രിയപ്പെട്ടവനെ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് ഒന്ന് നിന്നുകൂടെ??ഒന്നുമില്ലെങ്കിലും പലപ്പോഴായി കുടിക്കാൻ ഒരുപാട് പെട്രോൾ വാങ്ങിത്തന്ന കയ്യല്ലേ എന്റേത്, എന്നിട്ടും നീ ആ കൈക്കിട്ടു തന്നെ കൊത്തുവാണല്ലേ !!!! എന്റെ ഒരു കരച്ചിലും കേൾക്കാൻ പുള്ളിയ്ക്ക് സമയമില്ലായിരുന്നു, തൊട്ടു മുൻപിലെ തടസമൊക്കെ ചാടി കടന്ന് എന്നെയും കൊണ്ട് അടുത്ത വളവിലേയ്ക്ക് നീങ്ങി. ഭാഗ്യം കൊണ്ടാണ് അവന്റെ വേഗം കുറഞ്ഞതും പയ്യെ പയ്യെ നിന്നതും.
എന്തായാലും ഒരുപാട് നന്ദിയുണ്ട്, അതിലേറെ സ്നേഹമുണ്ട് പ്രിയപ്പെട്ട വണ്ടി…ഈ യാത്ര ഇത്ര മനോഹരമാക്കിയ നിനക്ക് തരാൻ ഈ ചേട്ടന്റെ കയ്യിൽ ഒന്നുമില്ലല്ലോ !! ഒരു മൂന്ന് ലിറ്റർ പെട്രോളു വാങ്ങി തരട്ടെ??
നാണം കൊണ്ടാണോ, അതോ പിണങ്ങിയത് കൊണ്ടാണോ എന്നറിയില്ല കക്ഷി മറുപടിയൊന്നും പറഞ്ഞില്ല.
ഇത് പറഞ്ഞപ്പോഴാണ് ഞാൻ ഒരുപാട് ചിരിച്ച അപകടത്തെപ്പറ്റി ഓർമ്മ വന്നത്. പത്തു വയസ്സേ അന്നുള്ളു. വലിയ സൈക്കിളിന്റ സീറ്റിൽ തൂങ്ങി കിടന്ന്, മറുകൈ ഒരു ഭാഗത്തെ ഹാൻഡിലിൽ പിടിച്ചു ഇടം കാലിട്ട് ചവുട്ടി നടക്കുന്നതേയുള്ളു. ആ മുഴുത്ത സൈക്കിളിന്റെ മുകളിൽ കയറിയിരുന്നു ചവിട്ടുന്നതും ശേഷം മറ്റൊരാളെ പിറകിലിരുത്തി ചവിട്ടുന്നതും വലിയൊരു സ്വപ്നമായിരുന്നു !!! ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ അപകടം നടക്കുന്നത്, കൂടെ രണ്ടു ചേട്ടന്മാരും ശംഭുവും ഉണ്ണിയും. കൂട്ടത്തിൽ നന്നായി സൈക്കിൾ ചവിട്ടുന്ന ശംഭു എന്നെ മുൻപിലും ഉണ്ണിയെ പിറകിലുമിരുത്തി അങ്ങനെ പറ പറക്കുകയാണ്. വാഹനം തൊട്ടടുത്ത വിജനമായ പട്ടന്റെ പറമ്പിലേക്ക് കയറിയിട്ടും വേഗത കുറഞ്ഞില്ല. അവിടെ നടുവിലുള്ള കുളം എത്തുന്നതിനു മുൻപേ പുറകിൽ ഇരുന്നവനും വാഹനത്തിന്റെ ഡ്രൈവർ ശംഭുവും ഇറങ്ങി പോയി. ഞാനിങ്ങനെ ഹാൻഡിലിൽ പിടിച്ചു പകച്ചു നിന്നു. എപ്പോഴാണ് അവറ്റകൾ വണ്ടിയിൽ നിന്നും ഇറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല !! പുറകിൽ നിന്നും ചിരിയുടെ ശബ്ദം മാത്രം കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ സംഭവിക്കേണ്ടത് സംഭവിച്ചു. ദേഹത്ത് നിറഞ്ഞു നിന്ന മണ്ണൊക്കെ തട്ടി കളഞ്ഞു അവരുടെ ചിരിയിൽ ഞാനും കൂടി, കൂടെ കുറച്ചു തെറിയും പറഞ്ഞു !!!
ഇടയ്ക്ക് ഒരുമിച്ചു കൂടുമ്പോൾ ഇക്കാര്യം പറഞ്ഞു ഇപ്പോഴും ചിരിക്കാറുണ്ട്… ഏറ്റവും ചിരി തന്ന മനോഹരമായൊരു അപകടം.
എന്നാൽ അറിഞ്ഞുകൊണ്ട് വരുത്തി വെയ്ക്കുന്ന അപകടങ്ങൾ ഇപ്പോൾ ഒരുപാട് ഉണ്ടല്ലോ. പതിയെ പോയാലും എത്തേണ്ടിടത്ത് എത്തുമെന്ന കാര്യത്തിനുപരി അൽപ്പം വേഗത്തിൽ പോയാൽ നാലാള് നോക്കുമല്ലോ എന്നൊരു വിചാരമാണ് എല്ലാറ്റിനും അടിത്തറ.
അതെ നീയൊക്കെ മിന്നലു പോലെ റോഡിലൂടെ പോകുമ്പോഴും, അങ്ങനെ ചെന്ന് എവിടെയെങ്കിലും ഇടിച്ചു കയറി ചോര വാർന്നു റോഡിൽ കിടക്കുമ്പോഴും തിരിഞ്ഞു നോക്കാൻ ആരുമുണ്ടാകില്ല. പോത്തിനെ ഇക്കാലമത്രയായിട്ടും നരകിപ്പിച്ചുകൊണ്ട് അതിന്റെ മുകളിൽ കയറിയിരുന്നു വർഷങ്ങൾ പഴക്കമുള്ള ഒരു ജീർണിച്ച കയറുമായി ചിലപ്പോൾ അവൻ വന്ന് തിരിഞ്ഞു നോക്കിയേക്കാം, ആ കാലൻ കഴുവേറി.
ഇങ്ങനെയുള്ള അപകടവും, മരണവുമൊക്കെ സ്വയം വരുത്തി വെയ്ക്കുന്നത് കൊണ്ടുതന്നെ,ഈ പറഞ്ഞ കാലനും നമ്മളു തന്നെയല്ലേ .
കാലാ…..😊
പാവം കാലന്!!
LikeLiked by 1 person
പാവം !!!!!
LikeLike
🤙👍
LikeLiked by 1 person
😊
LikeLike
😌👍
LikeLiked by 1 person
😀😃😄
LikeLike