Design a site like this with WordPress.com
Get started

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!!

നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും ബന്ധങ്ങളുമൊന്നുമല്ല. വളരെ ഭംഗിയായി വൃത്തിയായി ആരെയെങ്കിലും കഴുത്തറുത്ത് കൊല്ലണം!!! ആഴമുള്ള ആ മുറിവിൽ നിന്നും കുത്തിയൊലിക്കുന്ന ചോരയിൽ നോക്കി അൽപനേരം നിൽക്കണം, ജീവൻ പോകുന്നവരെ തിളക്കമുള്ള കണ്ണുകളിൽ നോക്കി പുഞ്ചിരിക്കണം.

ആഗ്രഹം പലപ്പോഴായി സുഹൃത്തുക്കളെ അറിയിച്ചു, ഏറ്റവും പ്രിയപ്പെട്ട കാമുകിയെയും. എന്തിനധികം പറയാൻ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനിടയിൽ കുടുംബത്തിലും ആഗ്രഹമറിയിച്ചു. എന്നാൽ മറ്റുള്ളവരോട് പറഞ്ഞതുപോലെ ആയിരുന്നില്ല അത്, വീട്ടുകാർക്ക് ഉള്ളിൽ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പതിയെ കുടുംബത്തിലുള്ള തലമൂത്തവരെല്ലാം വട്ടാണെന്ന് പറഞ്ഞു നടന്നു.

ഇത്രയുമൊക്കെ നടന്നിട്ടും അതൊന്നും ആഗ്രഹത്തെ തളർത്തിയില്ല, എങ്ങനെയെങ്കിലും ആഗ്രഹം സാധിക്കാനായി ഒരുപാട് ചിന്തിച്ചു കൂട്ടി. അതുകൊണ്ട് തന്നെ കൂടെ ഉണ്ടായിരുന്ന സഹൃദങ്ങളും പ്രിയപ്പെട്ടവളും ഒരുപാട് അകന്നു. ഇപ്പോൾ തനിച്ചാണ്, വീട്ടുകാർക്ക് അൽപ്പം ഭയമൊക്കെ വന്നുതുടങ്ങി.

അങ്ങനെ ആ രാത്രിയിൽ എല്ലാവരും ഉറങ്ങിയശേഷം പതിയെ തപ്പിത്തടഞ്ഞു മൂർച്ചയുള്ള ഒരു കത്തി കൈക്കലാക്കി, ശ്വാസമടക്കി പിടിച്ചു പതിയെ മുൻപിലേക്ക് നടന്നു. ആദ്യം കണ്ട മുറിയെ ലക്ഷ്യമാക്കി, വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കയറി. കട്ടിലിൽ പതിയെ കേറി കിടന്നു, തൊട്ടടുത്തു കിടക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കാൻ കിടക്കുന്ന ജീവിയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ചുണ്ടിൽ ഒരു വിജയത്തിന്റെ പുഞ്ചിരി വിടർന്നു.

പതിയെ കത്തി മുറുകെ പിടിച്ചു കഴുത്തിലേയ്ക്ക് അടുപ്പിച്ചു, വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! ഒരൽപ്പം ശബ്ദം പോലും പുറത്തുവന്നില്ല. പല്ലുമുഴുവൻ വെളിയിൽ കാട്ടി അൽപ്പം കൂടി ഭംഗിയായി ചിരിച്ചുകൊണ്ട് അവൻ ചോര പുരണ്ട കിടക്കയിൽ ആസ്വദിച്ചു കിടന്നു.ഇതുകണ്ട രാത്രി അൽപ്പം ഭയത്തോടെ ഓടി മറഞ്ഞു.

രാവിലെ വീട്ടിൽ കരച്ചിലും ബഹളവും പോലീസും… അൽപ്പം പുക പുറത്തേയ്ക്ക് ഊതിക്കൊണ്ട് പറമ്പിൽ നിന്ന പ്രായമുള്ള കക്ഷി അൽപ്പം ഉച്ചത്തിൽ പറഞ്ഞു
“ചെറുക്കന് എന്തോ കൊഴപ്പം ഉണ്ടാരുന്നു, എന്നാലും സ്വയം കഴുത്തറുത്തു ചത്തിട്ടും ചിരിച്ചോണ്ടാ കിടപ്പ്!!”


©KR

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല….

വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ ബീഡിയും വലിക്കുന്നുണ്ട്.

എങ്ങനെയെങ്കിലും ഭൂമിയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം!!!

ഇതാണ് ചർച്ചയിലെ പ്രധാന വിഷയവും പ്രശ്നവും, കാരണം ദൈവങ്ങളും ചെകുത്താന്മാരും മാത്രമായാൽ ശരിയാകില്ല എന്നൊരു തോന്നൽ അവർക്ക് തോന്നി തുടങ്ങിയിരുന്നു. കടുത്ത ശാപം പേടിച്ചു മഴയും വെയിലും കാറ്റുമൊക്കെ വളരെ വിനയത്തോടെ ചർച്ചയിൽ നിന്നും വിട്ടുനിന്നിരുന്നു.

ഒരുപാട് മരങ്ങളും മൃഗങ്ങളും ഒക്കെയായിട്ട് ഭൂമി അങ്ങ് നിറച്ചാലോ എന്നൊരു ആശയം അവിടെ വീണു കിട്ടി, നാല് കാലിൽ നടക്കുന്ന മൃഗങ്ങൾ മാത്രം പോര രണ്ടുകാലിൽ നടക്കുന്ന തങ്ങളെ പോലെ ഉള്ളവരും അവിടെ വേണമെന്നായി തലമൂത്ത ദൈവങ്ങൾ. ഒന്നും രണ്ടും പറഞ്ഞു അവിടെ വലിയ ചർച്ച തന്നെ നടന്നു കലി പൂണ്ട ചിലരാകട്ടെ ഒന്നുരണ്ടു ഭീമൻ ശാപങ്ങളും അങ്ങ് നടത്തി. കത്തിച്ച ബീഡികളെല്ലാം തീർന്നു, ചർച്ചാ വേദി മുഴുവൻ ബീഡിക്കുറ്റികൾ കൊണ്ടു നിറഞ്ഞു.

ഒടുവിൽ തലമൂത്ത ദൈവങ്ങൾ പറഞ്ഞത് ശരി വച്ചുകൊണ്ട് മറ്റു ജീവികൾക്കൊപ്പം രണ്ടുകാലിൽ നടക്കുന്നവയെയും ഉണ്ടാക്കി കളയാം എന്ന് തീരുമാനം പുറപ്പെടുവിച്ചു, പക്ഷെ ചർച്ചയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ദൈവങ്ങൾ പല ചേരികളായി തിരിഞ്ഞു മനുഷ്യരെ സൃഷ്ടിക്കാൻ ആരംഭിച്ചു. എന്നാൽ വിശാല ഹൃദയരായ ദൈവങ്ങൾ മനുഷ്യരോടൊപ്പം, അവരെ എപ്പോഴും കാത്തുരക്ഷിക്കാൻ കൂടെ താമസിക്കുവാനും തീരുമാനിച്ചു.

കടുത്ത രോഗങ്ങൾ പിടിപെട്ടു കിടക്കുന്ന കാലഘട്ടം ഒഴിച്ച് നിർത്തിയാൽ ദൈവങ്ങൾ മത്സരിച്ചു മനുഷ്യരെ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തികൊണ്ടിരുന്നു. ഇപ്പോഴും ആ പതിവ് തുടർന്നുകൊണ്ടേയിരിക്കുന്നു, ചിലപ്പോൾ കണ്ണിൽ കൊള്ളാനുള്ളത് പുരികത്തിലാക്കിയും ദുഷ്ട്ടനെ പന പോലെ വളർത്തിയും, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവനെ നിരന്തരം പരീക്ഷിച്ചുകൊണ്ടും ദൈവം കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മരണ ശേഷം എണ്ണയിലിട്ട് പൊരിക്കുക, നല്ലത് ചെയ്യുന്നവരെ സ്വർഗത്തിൽ എത്തിക്കുക ഇതൊന്നും പോരാഞ്ഞിട്ട് പോത്തിന്റെ മുകളിൽ കയറി കയറുമായിട്ട് വരുന്ന മൈരുകളും ഈ കൂട്ടത്തിൽ ഉണ്ട്.

എങ്കിലും സൗരയൂഥത്തിൽ കിടന്ന് കറങ്ങുന്ന പാവം പിടിച്ച ഗ്രഹങ്ങളും ഈ കഥയിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവം നേരിട്ട് ഇറങ്ങി വന്നു ഭൂതവും ഭാവിയും കാതിലോതി കൊടുക്കുന്ന ചില മനുഷ്യരുണ്ട്, പലകയിൽ കപ്പലണ്ടി കണക്കെ കക്ക വാരിയെറിഞ്ഞു എവിടെയോ കിടന്ന് കറങ്ങുന്ന ബുധനെയും ശുക്രനെയും വലിച്ചു കീറി മുൻപിലിരിക്കുന്നവന്റെ നെഞ്ചത്തേയ്ക്ക് കെട്ടി വെച്ചുകൊണ്ട് ഇങ്ങനെ പറയും “സമയം ശരിയല്ല “

ഈയുള്ളവനും കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയ മഹാപാപിയാണ്, അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിവാക്കി തരുന്ന 5 രൂപയുടെ ചരട്!!!! അതുകൊണ്ടു തന്നെ ഇപ്പോൾ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ട്…

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…”

കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം അതുപോലെ തന്നെ. എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ സംഗതി വഷളായി തുടങ്ങി പാട്ടിന്റെ സ്വഭാവം തന്നെ മാറി… അതിന്റെ വരികൾക്കിടയിൽ വികസന നായകനെന്നും, വികസന സിംഹമെന്നും മാറ്റമെന്നും പാട്ടിന്റെ ചുവട്ടിൽ പോലും ചേർക്കാൻ കൊള്ളാത്തൊരു പേരും പിന്നെ വോട്ടു ചെയ്യുവാനുള്ള ചിഹ്നവും.

ഇതെന്ത് മൈരെന്നു കരുതി വായും പൊളിച്ചു നിന്നപ്പോൾ ആ സഞ്ചരിക്കുന്ന പാട്ടുപെട്ടിയിൽ നിന്ന് ഒരുപാട് പേപ്പറു കക്ഷണങ്ങൾ പാറി പറന്നു. വെറുതെ ആ പേപ്പറുകൾ എല്ലാം തന്നെ റോഡിൽ അവിടിവിടായി കിടന്നു. ഇത് ഒരൽപ്പം പഴയ അനുഭവമാണ്. എന്നാൽ ഇപ്പോഴും ഇതിനൊന്നും വല്യ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ഇപ്പോൾ അൽപ്പം പുതിയ പാട്ടുകളെയാണ് എടുത്ത് വലിച്ചു കീറി ചുവരിൽ തൂക്കുന്നത്.

എന്നാൽ ഇതുമാത്രമാണോ സംഗതി???അല്ല!!!ശബരിമലയിൽ ആർക്കും ഒരു ശല്യവുമില്ലാതെ ഒതുങ്ങിക്കൂടി ഇരുന്ന അയ്യപ്പനും ഇത്തവണ സൂപ്പർ സ്റ്റാർ ആയി. അയ്യപ്പനു വേണ്ടി വോട്ട് അഭ്യർത്തിക്കേണ്ട അവസ്ഥയിൽ എത്തിയ ബി ജെ പി കൂട്ടത്തിൽ വേറിട്ടു നിന്നു. കേരളത്തിലെ മുഴുവൻ വിശ്വാസികളുടെയും കണ്ണ് നിറച്ച എൽ. ഡി. എഫ് ഭരണത്തിനെതിരെ വോട്ട് ചെയ്യണമെന്ന് വണ്ടിയ്ക്കുള്ളിരുന്നു തൊണ്ട കീറി കരഞ്ഞുകൊണ്ടാണ് അഭ്യർത്ഥന. ഇടയ്ക്ക് ഇടയ്ക്ക് അയ്യപ്പനെന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷെ അദ്ദേഹം മലയിൽ നിന്നൊക്കെ  ചെവിയും പൊത്തി ഓടിയിട്ടുണ്ടാകും. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത്,രാവിലെ മാത്രം മുറ്റത്ത് പൊന്തുന്ന കുരുപ്പ പോലെ ഇവറ്റകളും പൊന്തി വന്നിരിക്കുന്നു. ഇവറ്റകൾക്ക് വേണ്ടി പെട്രോൾ വണ്ടിയിൽ നെട്ടോട്ടമൊടുന്ന അണികളെയും, രാവിലെ തന്നെ വീട്ടിൽ ഗ്യാസ് അടുപ്പിൽ ആഹാരം ഉണ്ടാക്കി കൊടുക്കുന്ന വീട്ടുകാരെയും ഓർത്തു അത്ഭുതം തോന്നുന്നു. ഇനി ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്ന് ആശ്ചര്യപ്പെടേണ്ട,അതുണ്ടായിരുന്നെങ്കിൽ ഈ മലരുകളുടെ കൊടിയും തൂക്കി പിന്നാലെ ഇറങ്ങുമോ!!!!

നാട്ടിലൊക്കെ പ്രമുഖ കോൺഗ്രസ് നേതാക്കൾ കൊറോണ ആയതുകൊണ്ട് തന്നെ അവിടുന്നും ഇവിടുന്നും കിട്ടുന്ന ഇടതു പക്ഷ വിരോധ എഴുത്തുകൾ നാട് മുഴുവൻ പരത്തുന്ന തിരക്കിലാണ്. തേച്ചു വടി കണക്കിനിരിക്കുന്ന പെട്ടിയ്ക്കുള്ളിൽ തടിച്ച ശരീരം കുത്തി നിറച്ചുകൊണ്ട് ഇതുവരെ കാണാത്ത ചിരിയും ഒപ്പിച്ചു നാട്ടിൽ ഇടയ്ക്ക് മുഖം കാണിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ഇവറ്റകളെയൊക്കെ ഇങ്ങനൊന്നു കാണണമെങ്കിൽ ഒരു തിരഞ്ഞെടുപ്പ് കാലം തന്നെ വേണ്ടി വരും. നാട്ടിലെ പ്രമുഖ നേതാക്കളെ തന്നെ ഒരു കാര്യം വന്നാൽ കാണാൻ കിട്ടാറില്ല, ഇതിനെല്ലാം പുറമെ സ്വന്തം വീട്ടുകാർ പോലും ഒരിക്കലും തിരിച്ചിരിയാത്ത ചില കക്ഷികളെ സ്ഥാനാർഥിയായും കൊണ്ടുവരും. എങ്ങാനും നാലാളു കൂടുന്ന കവലയിൽ അവസരം കിട്ടിയാൽ പിന്നെ ആ കവലയിൽ ഒരു വിമാനത്താവളം തന്നെ പണിയുമെന്ന് പറഞ്ഞു കളയും. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന വിരലിലെണ്ണാവുന്ന ആളുകളോട് അവസാനം ഒരു സംഭവവും പറഞ്ഞു കളയും “വോട്ട് ചെയ്തു വിജയിപ്പിക്കണം”എന്ന്!!!

ഇനിയിപ്പോൾ ഇതുപോലെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്.ഇനിയിപ്പോൾ എന്തൊക്കെ കരച്ചിൽ കേട്ടാലും സാക്ഷര കേരളം അനിവാര്യമായ ഒന്നിനെ മാത്രം വിജയിപ്പിച്ചു കര കയറ്റും.പാട്ടും മേളവും കള്ള കഥകളും കേട്ട് വോട്ട് ചെയ്യാൻ ഇത് തലയിൽ തലച്ചോറിന് പകരം ചാണകം നിറച്ചവരുടെയോ,പണവും അധികാര മോഹവും കുത്തി നിറച്ചവരുടെയോ നാടല്ല. ചിന്തിക്കാൻ കഴിവുള്ള ജീവികൾ മാത്രം താമസിക്കുന്ന ഇന്ത്യ മഹാരാജ്യത്തിലെ ഒരേയൊരിടമാണ്… “കേരളം”

ഇനിയിപ്പോൾ ഇവിടെ ഒരായിരം തിരഞ്ഞെടുപ്പുകൾ കടന്നുപോയാലും ഈയുള്ളവൻ പണിയെടുക്കും, കാശ് വാങ്ങും… അന്തസായി ജീവിക്കും!!!

“സ്വാതന്ത്ര്യത്തോടെ ജീവിക്കും “

പ്രണയത്തിന്റെ തറക്കല്ല്

കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു. ബസ്സിൽ കേറുമ്പോൾ തുടങ്ങുന്ന സംസാരം അങ്ങ് കോളേജിൽ എത്തുന്നവരെ തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അന്നത്തെ യാത്രയിലും ഇതുപോലെ ഒരുപാട് സംസാരങ്ങൾ ഉണ്ടായി.

എന്നാൽ ഒരൽപ്പം കഴിഞ്ഞതും അനിയൻ ഒരു പെൺകുട്ടിയോട് കാര്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കാര്യം തിരക്കിയപ്പോഴാണ് അതൊരു ദിവ്യ പ്രണയത്തിന്റെ തറക്കല്ല് നാട്ടലാണെന്ന് മനസിലായത്. എന്തായാലും ഇടയ്ക്ക് കയറാനോ അങ്ങോട്ട് ശ്രദ്ധിക്കാനോ നിന്നില്ല. കക്ഷി വളരെ കാര്യമായിത്തന്നെ പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു, കൂടെ നിന്ന ബാക്കി സുഹൃത്തുക്കൾ ഇതെല്ലാം ഒരു സിനിമ കാണുന്നത് പോലെ ആകാംക്ഷയിൽ നോക്കി നിന്നു.

ഒടുവിൽ ആ രംഗങ്ങളിൽ നിന്ന് രക്ഷ നേടുവാനായി വീട്ടുകാരും കൂടി അറിയണം എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് മാറുവാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവന്റെ കൂടപ്പിറപ്പാണെന്ന കാര്യം ഓർമ്മയിൽ വന്നത്.

“അതെ കൊച്ചേ, ഞാൻ ഇവന്റെ സ്വന്തം ചേട്ടനാണ്.ഇവന് ചീത്ത ശീലങ്ങളൊന്നുമില്ല ആള് പാവമാണ്. നിങ്ങളുടെ കാര്യത്തിൽ എനിക്ക് എതിർപ്പൊന്നുമില്ല.”

അവൾ എന്റെ മുഖത്തേയ്ക്ക് ദയനീയമായി ഒന്ന് നോക്കി. ഒരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലല്ലേ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. കൂടെ നിന്നവരും അനിയനുമൊക്കെ ഇതുകേട്ട് അൽപ്പ നേരം എന്നെ നോക്കി നിന്നു. എന്തിരുന്നാലും എന്റെ അനിയനായി പോയില്ലേ കൈവിടാൻ പറ്റുമോ!!!

അവരുടെ കോളേജിന്റെ അടുത്ത് ബസ് നിർത്തിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ തിടുക്കത്തിൽ ഇറങ്ങി പോയി. ഞങ്ങൾ വീണ്ടും പഴയതുപോലെ നാട്ടുകാര്യങ്ങളും പറഞ്ഞു യാത്ര തുടർന്നു…

എന്തായാലും ഇത്രയുമൊക്കെ ആയിട്ടും ഒടുവിൽ ക്ലാസ്സ്‌ എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും സഹോദരന്റെ ആദ്യ പ്രണയം കേരളത്തിന്റെ ഏതോ ഒരറ്റത്തേയ്ക്ക് വണ്ടി കയറി….

അതെ ഒരു കൊച്ചു പ്രണയകഥയുടെ അവസാനം, അത്ര മാത്രം!!!

മാജിക്

അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം.

കടയിൽ വല്ലാത്ത തിരക്കായതുകൊണ്ട് അൽപ്പം ക്ഷമയോടെ മാറി നിന്നു. അൽപ്പ നേരം ഫോൺ കയ്യിലെടുത്തു നോക്കിയെങ്കിലും കാര്യമായിട്ട് അതിലൊന്നും കാണാത്തതുകൊണ്ട് തന്നെ ഞാൻ പതിയെ ചുറ്റുപാടും നോക്കി അങ്ങനെ നിന്നു. ജീവിതം പഴയതുപോലെ ആയിതുടങ്ങി എന്ന് സൂചിപ്പിക്കും വിധം നന്നേ തിരക്ക് ചുറ്റുപാടും അനുഭവപ്പെട്ടു. ഇതിനെല്ലാത്തിനും പുറമെ അതി കഠിനമായ ചൂടും!!! അതുകൊണ്ട് തന്നെ പുറത്തു നിന്നും കടയുടെ വരാന്തയിലേയ്ക്ക് കയറി നിന്നു.

എന്റെ തൊട്ടടുത്ത് മറ്റൊരു കക്ഷി കൂടിയുണ്ടായിരുന്നു, നല്ല കറുത്ത നിറം തലയിൽ ഒരൽപ്പം വെളുത്ത മുടി പാറി പറന്നു കളിച്ചു. ഒരു പഴയ തോർത്തു തോളിൽ അഹങ്കാരത്തോടെ കിടക്കുന്നുണ്ടായിരുന്നു, ഉടുത്തിരുന്ന ലുങ്കിയുടെ മടിക്കുത്തിൽ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് നുറുക്കിയ പാക്കെടുത്തു വായിലിട്ടു ചവച്ചുകൊണ്ടിരുന്നു, നെഞ്ചിൽ അസ്ഥികളെല്ലാം തെളിഞ്ഞു നിന്നിരുന്നതുകൊണ്ട് തന്നെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കുന്ന പാകത്തിലാണ് ശരീരമെന്ന് പറയുന്നതായിരിക്കും ഉചിതം.

ഇനിയാണ് അത്ഭുതം!!! വഴിയേ പോകുന്ന ബസ്സുകളിലെ കണ്ടക്ടർമാരോട് കുശലം പറയുന്നതിന് ഇടയ്ക്ക് നല്ല നാലഞ്ചു തെറിയും പറയും!!!ഇതെല്ലാം പതിവെന്ന മട്ടിൽ അവർ ചിരിച്ചുകൊണ്ട് യാത്രയാകും. എന്നാൽ അവർ പോയി കഴിഞ്ഞാലും ഈ ഹാങ്ങോവർ വിട്ടുമാറാതെ വീണ്ടും പിറുപിറുക്കും, തൊട്ടടുത്തു നിന്നതു കൊണ്ടായിരിക്കാം ഇടയ്ക്ക് വെയിലിനെപ്പറ്റി പറഞ്ഞിട്ട് കൊടുത്തു വെയിലിനും നാലഞ്ചു തെറി. ഇതുകേട്ടാൽ സൂര്യൻ ആകെ സങ്കടത്തിലാകും തീർച്ച. തെറി ഒരൽപ്പം ഉച്ചത്തിൽ ആയതുകൊണ്ട് തന്നെ ഞാൻ പിന്നീട് ആ ഭാഗത്തേയ്ക്ക് നോക്കിയില്ല. തെറിയെല്ലാം നിർത്തിയപ്പോൾ മുറുക്കിക്കൊണ്ടിരുന്ന വായിലേയ്ക്ക് തൊട്ടടുത്തു ഞാന്നു കിടന്ന പൂവൻ പഴത്തിന്റെ പഴുത്ത കുലയിൽ നിന്നും ഒരെണ്ണം ഉരിഞ്ഞെടുത്തിട്ടു. എന്നിട്ട് എന്നെയൊന്ന് പാളി നോക്കിയിട്ട് കണ്ണടച്ച് കാണിച്ചു.

“ദേടാ ഈ മൈര് പഴം തിന്നാൻ തുടങ്ങി “

മറ്റൊരു പ്രായമുള്ള കക്ഷി കടക്കാരനെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് അടുത്തേയ്ക്ക് വന്നു. പിന്നീട് പരസ്പരം പറഞ്ഞു കൂട്ടിയ തെറികളിൽ നിന്ന് ഒരു കാര്യം വ്യക്തമായി ഇവർ പിരിയാത്ത സുഹൃത്തുക്കളാണ്. ബഹളമെല്ലാം കഴിഞ്ഞു ഇരുവരും അതേ കുലയിൽ നിന്ന് വീണ്ടും പഴമുരിഞ്ഞു തീറ്റ തുടങ്ങി. ഇപ്പോൾ രണ്ടാമത് വന്ന കക്ഷി എന്നെയൊന്നു പാളി നോക്കിയിട്ട് ചിരിച്ചു കാണിച്ചു. കടയിലെ തിരക്ക് പതിയെ കുറഞ്ഞു, കൂടാതെ താഴത്തെ പടലയിലെ പഴം പൂർണ്ണമായും തീർന്നിരിക്കുന്നു.

അവർ ഇരുവരും പതിയെ വർത്തമാനം പറഞ്ഞുകൊണ്ട് റോഡിന്റെ തിരക്കൊഴിഞ്ഞ വശത്തുകൂടെ നടന്നകന്നു. പഴത്തിന്റെ കാര്യത്തെപ്പറ്റി കടക്കാരനോട് തിരക്കിയപ്പോൾ അയാൾ എന്നെ നോക്കിയൊന്ന് ചിരിച്ചു, അത്ര മാത്രം.

മുറുക്കാൻ വായിലുള്ളപ്പോൾ പൂവൻ പഴം തിന്ന ആ മനുഷ്യൻ ശരിക്കും അത്ഭുതമാണ്, എന്നാൽ പഴം പറിച്ചു തിന്നുന്ന കാര്യം കടക്കാരനോട് പറഞ്ഞുകൊണ്ട് വന്നിട്ട് അതേ കുലയിൽ നിന്നും പഴമുരിഞ്ഞു തിന്ന രണ്ടാമത്തെ കക്ഷി ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. കടക്കാരനും കാഴ്ച്ചക്കാരനും നോക്കി നിൽക്കെ ഒരു പടല പഴം അപ്രത്യക്ഷമാക്കിയതു കണ്ടാൽ മജീഷ്യൻ മുതുകാട് പോലും കറങ്ങി പോകും തീർച്ച!!!

ഇനിയും വളരട്ടെ ആ സൗഹൃദം, തീരട്ടെ കടക്കാരന്റെ പഴുത്ത പഴകുലകളൊക്കെയും… ആശംസകളോടെ,

ഒരു മഹാപാപി.

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.

നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ ഈയുള്ളവന്റെ അവസ്ഥ അതല്ല…

തീ പിടിപ്പിക്കാനായി പേരയുടെ തണലിൽ അമ്മ കൂട്ടിയിട്ട ഓലകളിൽ മുഴുത്ത ഒരെണ്ണം തപ്പിയെടുത്തു ബാറ്റുണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. കളി മറ്റെങ്ങും ആയിരുന്നില്ല വീടിന്റെ അടുക്കളഭാഗത്ത്!!!കളിക്കാൻ അൽപ്പം പഴകിയ ഒരു കനമുള്ള പന്ത് ആയതുകൊണ്ട് തന്നെ നല്ല ഉണങ്ങിയ മടൽ ബാറ്റ് തന്നെ ഉണ്ടാക്കികളഞ്ഞു, കാരണം പച്ച മടലുകൊണ്ട് ഉണ്ടാക്കിയാൽ കൈ തരിക്കുമായിരുന്നു, അത്ര കനമുണ്ടായിരുന്നു ആ ഭീമൻ പന്തിന്!!!

തൊട്ടടുത്തുള്ള ഭിത്തിയിൽ ഇഷ്ട്ടിക കൊണ്ട് ഒരു വരയിട്ടിരുന്നു, അതിന്റെ മുകളിലേയ്ക്ക് പന്ത് കൊണ്ടാൽ ഔട്ടാകും പോരാത്തതിന് അടുത്തുള്ള തോടുകളിലും തൊട്ടു മുൻപിലെ കിണറ്റിലും ഉയർത്തി അടിച്ചാൽ സംഗതി ഔട്ടാണ് ☺️

അങ്ങനെ കളിയൊക്കെ തുടങ്ങി, പതിവുപോലെ അച്ഛൻ എതിർ ടീമിലാണ്. അങ്ങനെ എതിര് വരുമ്പോൾ വല്ലാത്ത വാശിയാണ് ഓരോ കളികൾക്കും. ഓരോ മിനിറ്റിലും തർക്കവും ബഹളങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. ഇങ്ങനെ അതി ഭയങ്കരമായ വാശിയിൽ നിൽക്കുന്ന സമയത്താണ് പാങ്ങിനു കിട്ടിയൊരു പന്ത് ഞാൻ ഉയർത്തി അടിക്കുന്നത്. എല്ലാവരെയും മറികടന്നു മൂളിപ്പാട്ടും പാടി പന്ത് ബൗണ്ടറിയിലേയ്ക്ക് പാഞ്ഞപ്പോൾ അവിടെ പെട്ടന്നൊരാൾ പ്രത്യക്ഷപ്പെട്ടു, മാറ്റാരുമല്ല “അമ്മ “. ആ പന്ത് അമ്മ കാലുകൊണ്ട് തടുത്തിട്ടു. ഇജ്ജാതി ഫീൽഡിങ് ആ പന്തിന്റെ മുൻപിൽ ഞങ്ങള് പോലും ചെയ്തിട്ടില്ല.

“അയ്യോ… എന്റെ കാല്, ഒരു കോപ്പ് കളി 😡”

കാലും പോത്തിപ്പിടിച്ചു അമ്മ ദേഷ്യത്തോടെ ബഹളമുണ്ടക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളെയും അനിയനെയും കാണാതായി!!! മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.അച്ഛൻ ചരിച്ചുകൊണ്ട് അടുക്കളവഴി വാതുക്കലേയ്ക്ക് പോയി.ഭാഗ്യത്തിന് അമ്മയുടെ കാലിനൊന്നും പറ്റിയില്ല, അതോടെ ആ പന്ത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ജീവിതം വെടിഞ്ഞു മച്ചിന്റെ മുകളിൽ സഹവാസം തുടങ്ങി. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഡിയം അടച്ചുപൂട്ടിയിടാനും തീരുമാനമുണ്ടായി.

അങ്ങനെയും ഒരു ക്രിക്കറ്റ്‌…

രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും…

ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ ചെന്ന് തിരിച്ചു മടങ്ങുന്ന വഴിയാണ് സംഭവം!!

നടന്നു വന്ന വഴിയുടെ എതിരെ അയാൾ ഒരു പുസ്തകവും കയ്യിലേന്തി നടന്നു വന്നു. ഒരു മുണ്ടും ഷർട്ടുമായിരുന്നു വേഷം. എന്റെ അടുത്ത് എത്തിയതും വളരെ സൗമ്യതയോടെ അയാൾ ചിരിച്ചു കാട്ടി. എന്നിട്ട് തുടർന്നു,

പഠിക്കുവാണല്ലേ, മുഖം കണ്ടാൽ അറിയാം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെന്ന്. ശരിയല്ലേ?

വെയിലും കൊണ്ട് നടന്നു വന്ന എന്റെ കറുത്തു കരിവാളിച്ച മോന്ത നോക്കിയിട്ടാണ് കക്ഷി കാര്യങ്ങൾ ഗ്രഹിച്ചറിഞ്ഞത്. ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

പ്രാർത്ഥിക്കണം, പരീക്ഷയല്ലേ…പഠിച്ചതെല്ലാം ഓർക്കുവാൻ കർത്താവ് സഹായിക്കും.

ഇത്രയും പറഞ്ഞുകൊണ്ട് ഒരു ചെറിയ നീല പുസ്തകവും ഒരു മൊബൈൽ നമ്പർ എഴുതിയ കാർഡും കയ്യിൽ തന്നു.കണ്ടിട്ട് ബൈബിൾ പോലെ തോന്നി.

വീട്ടിൽ ചെന്നിട്ട് ഇത് ചേർത്ത് പിടിച്ചിട്ട് “കർത്താവേ അങ്ങയെ ഞാനെന്റെ രക്ഷകനായി സ്വീകരിക്കുന്നു എന്ന് മനസ്സിൽ തൊട്ട് പറയണം. എന്നിട്ട് പഠിക്കണം…”

അയാൾ ചിരിച്ചു കാണിച്ചിട്ട് വേഗം നടന്നു പോയി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ ഞാൻ ഇതുമായി വീട്ടിലേയ്ക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു, കാരണം പരീക്ഷയ്ക്ക് ജയിക്കാനുള്ള സാധനമാണ് എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ആരെയും കാണാതെ പുസ്തകങ്ങൾ വെച്ചിരുന്ന മുറിയിൽ എത്തിയിട്ട് പുള്ളി പറഞ്ഞതുപോലെ പറഞ്ഞിട്ട് ബൈബിൾ എന്റെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു.

പിന്നീട് അടുത്ത് വന്ന മോഡൽ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ എന്റെ രക്ഷയ്ക്ക് കൂടെയുണ്ടായിരുന്ന രക്ഷകൻ പതിയെ ഉൾവലിഞ്ഞു. ഒരുപക്ഷെ ചോദ്യങ്ങൾ കണ്ടിട്ട് തലകറങ്ങി വീണതുമാകാം!!! വീട്ടിൽ ചെന്നിട്ട് ആ പുസ്തകം എന്ത് ചെയ്യണമെന്നായിരുന്നു അവസാന അര മണിക്കൂറുകൾ ആലോചിച്ചു കൂട്ടിയത്. വീട്ടിൽ എത്തിയ ഉടനെ തന്നെ അതെടുത്തു മച്ചിന്റെ മുകളിലേയ്ക്കിട്ട് അടുത്ത ദിവസത്തെ പരീക്ഷയ്ക്കുള്ളത് പതിയെ നോക്കുവാനും തുടങ്ങി.

ഇതുപോലെ ശ്വാസം മുട്ടി മരിക്കാറായവനെ നടുവിൽ ഇട്ടിട്ട് കൊട്ടും മേളവുമായി പാട്ട് പാടുന്നവരും എന്റെ നാട്ടിലുണ്ട്. ഇമ്മാതിരി പാട്ട് കേട്ട് രോഗം ചമ്മി പോവുകയും തുടർന്ന് അതീവ ദുഖത്തോടെ രോഗം ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് നടക്കുകയാണ് പതിവ്.

ഇങ്ങനെ രോഗ ശാന്തി കൊടുക്കുവാനായി ഈ ദൈവ പുത്രന്മാർ പലയിടങ്ങളിലായി ഒരുപാട് പരിപാടികൾ നടത്തി അത്ഭുതങ്ങൾ കാണിച്ചുകൊണ്ട് ഇപ്പോഴും ജീവിക്കുന്നു.

ഈയുള്ളവന്റെ കയ്യിൽ ബൈബിൾ തന്ന ആ കുഞ്ഞാടിനെ പിന്നീട് കണ്ടില്ല, ഒരുപക്ഷെ അത്ഭുതങ്ങൾ കാട്ടി കാട്ടി മറ്റെവിടെയെങ്കിലും ചേക്കേറിയിട്ടുണ്ടാവും

ചില കാര്യങ്ങൾ – 2

അത്യാവശ്യം അഹങ്കാരിയാണ്, അല്ല നല്ല അഹങ്കാരം നിറഞ്ഞ ഒരു വനിത. കാണാൻ വല്യ ഭംഗി ഒന്നുമില്ലെങ്കിലും ആളൊരു വായാടിയാണ്. നാളുകളായി വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കക്ഷി. ഒരുപാട് നാളുകളായി വീട്ടിൽ വളർത്തുന്നതുകൊണ്ട് തന്നെ എല്ലാവരുടെയും പേരുകളും അവരുടെ സ്വഭാവങ്ങളുമെല്ലാം ആ കുഞ്ഞു മൈനയ്ക്ക് സുപരിചിതമായിരുന്നു.

കുഞ്ഞുങ്ങൾക്ക് കൊടുക്കാറുള്ള മധുരമുള്ള പൊടി ആ വീട്ടിൽ അമ്മയ്ക്കു കൊടുക്കാനായി വാങ്ങി വച്ചിട്ടുണ്ടാകും. എന്നാൽ ഇതങ്ങനെ വെറുതെയിരുന്നാൽ ചീത്തയാകില്ലേ എന്ന് കരുതിയിട്ടാവാം അമ്മാവൻ അതൊരൽപ്പം അകത്താക്കാൻ തീരുമാനിച്ചു. ആരും അവിടില്ലെന്ന് കണ്ടപ്പോൾ പതിയെ പൊടി വാരി തിന്നുവാൻ തുടങ്ങി. എന്നാൽ ഇതുകണ്ട മറ്റൊരു കക്ഷി കൂട്ടിനകത്തു കിടന്ന് അലമുറയിടാൻ തുടങ്ങി “മാച്ചരൻ കൊച്ചിന്റെ പൊടി തിന്നണേ “. പണി പാളി!!!! സംഗതി കൂടുതൽ ആളുകൾ അറിയും എന്ന് മനസിലാക്കിയ മാതുലൻ ശ്രമം ഉപേക്ഷിച്ചു മടങ്ങി.

ഇങ്ങനെ കൂട്ടിൽ കിടന്നു മാത്രമായിരുന്നില്ല കക്ഷിയുടെ ബഹളം, അൽപ്പം വെള്ളത്തിൽ കുളിയൊക്കെ കഴിഞ്ഞിട്ട് കൂടിന്റെ പുറത്തേയ്ക്ക് ഇറങ്ങും. ചിറകുണ്ടെങ്കിലും നടന്നു പോകുന്നതായിരുന്നു ശീലം. മുറ്റത്തുകൂടെ നടന്ന് അപ്പുറത്തെ വീട്ടിലെ കമലാക്ഷി അമ്മയുടെ അടുത്തേയ്ക്കാണ് ആളുടെ പോക്ക്. അവിടെ ചെന്ന് അൽപ്പം നേരമൊക്കെ ചിലവിട്ടിട്ട് ആള് തിരിച്ചു പോരും. ഒരുപാട് ആളുകളുടെ ഇടയിലെ സഹവാസവും അവരുടെ പല പെരുമാറ്റങ്ങളും, സംസാര രീതികളും ഈ കൊച്ചു ജീവിയുടെ സ്വഭാവത്തെയും കാര്യമായി ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്തുള്ളവർക്ക് ഈ കക്ഷിയെ വല്ലാത്ത ഇഷ്ട്ടമായിരുന്നു.

നിർഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ ഒരു ദിവസം കുളിയും കഴിഞ്ഞ് പറമ്പിലൂടെ ഉലാത്തുമ്പോൾ അപ്പുറത്തെ വീട്ടിലെ ചക്കി പൂച്ചയുടെ കണ്ണ് ഈ പാവത്തിന്റെ മേൽ ഉടക്കി. അധികം വൈകാതെ തന്നെ പൂച്ച ചാടി വീഴുകയും ചെയ്തു. ശീലങ്ങളൊക്കെ ഒരു പക്ഷിയുടേതിൽ നിന്ന് വിപരീതമായതുകൊണ്ട് തന്നെ പറക്കുവാനൊന്നും ശ്രമിച്ചില്ല.

ഒരുപാട് നാളുകൾ ഏവരെയും സന്തോഷിപ്പിച്ചു ജീവിച്ച ആ കൊച്ചു ജീവിതം അവിടെ തീർന്നു.

ഇതുപോലെ തന്നെയാണല്ലോ നമ്മൾ മനുഷ്യരുടെ കാര്യവും. കാശിന്റെയും മണ്ണിന്റെയും പുറകെ ഓടികൊണ്ടിരിക്കുമ്പോഴായിരിക്കും ഇങ്ങനൊരു അവസാനം. ജീവിതം അവസാന ഘട്ടത്തിലെത്തുമ്പോൾ വെട്ടിപ്പിടിച്ചതൊന്നും സഹായിച്ചെന്നു വരില്ല… ജീവിക്കുന്ന കാലമത്രയും സഹജീവികളെ സ്നേഹിച്ചു ജീവിച്ചാൽ അവിടെ കിട്ടുന്ന നല്ല ഓർമ്മകളും ആ ബന്ധങ്ങളും മരണം വരെയും കൂടെയുണ്ടാകുമല്ലോ…

ഓർക്കുന്നത് നല്ലതാണ്…ഇത് കുത്തിക്കുറിച്ച ഞാനും വായിക്കുന്ന നീയുമുൾപ്പടെ മണ്ണിനു വളമാകുവാൻ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ശരീരങ്ങൾ മാത്രമാണ്.

സ്നേഹപൂർവ്വം,

മഹാപാപി

ശുഭം

ചില കാര്യങ്ങൾ – 1

നശിച്ചു പോകത്തെയുള്ളു… ഇതെല്ലാം കണ്ടോണ്ടാണല്ലോ ദൈവമിരിക്കുന്നത്!!!!

നല്ല മഴക്കാലത്താണ് ഇതുപോലുള്ള നല്ല നല്ല വാക്കുകൾ ഈയുള്ളവന്റെ ചെവിയിൽ തറച്ചു കയറിയിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല ശക്തമായ മഴ പെയ്യുമ്പോൾ വീടിനുള്ളിൽ അതിലും കനത്ത മഴയാണ് പെയ്യുന്നത്. കാലാവസ്ഥ നിരീക്ഷകർക്കു പോലും പ്രവചിക്കാൻ കഴിയാതെ അതിങ്ങനെ തുടരും. ഇനി മഴയെങ്ങാനും തീർന്നാൽ ഇത് നിൽക്കുമെന്ന് കരുതരുത്, മച്ചിന്റെ മുകളിൽ കെട്ടി കിടക്കുന്ന ശുദ്ധ ജലം മുഴുവനായി വറ്റി തീർന്നാലേ ഇതിനൊരു ശമനമുണ്ടാകുകയുള്ളു.

മച്ചില്ലാത്ത ഭാഗങ്ങളിൽ ഇങ്ങനെയുണ്ടാകുന്ന ചോർച്ച നിർത്താൻ അൽപ്പം നീളമുള്ള ഒരു പട്ടിക കക്ഷണം ധാരാളം. ചോർച്ചയുള്ള ഓടിന്റെ മൂടിന് ഒന്ന് കുത്തി അൽപ്പം പൊക്കുക. അത്ഭുതം സംഭവിക്കും, ആ ഭാഗത്തെ മഴയ്ക്ക് അൽപ്പം ശമനമുണ്ടാകും!!!! ഇതെല്ലാം കണ്ടുകൊണ്ട് തൊട്ടടുത്തു നിൽക്കുമ്പോഴും തരക്കേടില്ലാത്ത പഴയ തമാശയൊക്കെ പറഞ്ഞുകൊണ്ട് രംഗം അൽപ്പം ശാന്തമാക്കാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. വല്ലാത്ത ബുദ്ധിമുട്ട് ആകെ മനസ്സ് മുഴുവൻ നിറഞ്ഞു കിടക്കുമെങ്കിലും ഇതെല്ലാം ചിരിച്ചു തള്ളി കളയുക പതിവായിരുന്നു. ഈ സമയങ്ങളിൽ അമ്മ പതിയെ ഓരോ പഴയ കാര്യങ്ങൾ പറയുവാൻ തുടങ്ങും.

“നിന്റെ അച്ഛനെ എല്ലാരും ചേർന്ന് പറ്റിച്ചതാണ്, കാശുണ്ടായിരുന്നപ്പോഴുള്ള കൂട്ടുകാരും ബന്ധുക്കളുമൊന്നും ഇപ്പോഴില്ലല്ലോ… “

ശരിയാണെന്ന് എനിക്ക് നേരത്തെ തോന്നി തുടങ്ങിയതാണ്, കാരണം ഞാനും ഇതൊക്കെ അറിവ് വച്ചപ്പോൾ തൊട്ട് കാണുന്നതല്ലേ!! ഈ പറയുന്ന സ്വന്തവും ബന്ധവുമെല്ലാം കറ നിറഞ്ഞ ചിരിയിൽ മാത്രമായിരുന്നു. എല്ലാ സ്വന്ത ബന്ധങ്ങളും അങ്ങനെ ആയിരുന്നെന്നല്ല, പ്രിയപ്പെട്ട ചിലരെ ഇപ്പോഴും ചേർത്ത് തന്നെ നിർത്തിയിട്ടുണ്ട്… അമ്മ പറഞ്ഞ അറിവ് വെച്ച് അച്ഛന്റെ ഏറ്റവും നല്ല സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ നല്ല കാലത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. കയ്യിലുള്ളത് എല്ലാം തീർന്നപ്പോൾ കൂടെ ഉണ്ടാകുമെന്ന് കരുതിയവരും, കൂടെയുണ്ടായിരുന്നവരെയും കാന്മാനില്ലാതെയായി. ചുരുക്കി പറഞ്ഞാൽ ഒറ്റപ്പെട്ടൊരു അവസ്ഥയിൽ വന്നെത്തി.

ഇത്ര ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വീടിന്റെ പൊളിഞ്ഞ വാതിൽ പടിയിൽ വന്നു പല്ലിളിച്ചു ചിരിക്കുവാൻ തുടങ്ങുമ്പോൾ അമ്മ വിങ്ങി പൊട്ടിക്കൊണ്ട് ഇതെല്ലാം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് അടുക്കളയുടെ ഒരുഭാഗത്തുള്ള പഴയ ബഞ്ചിൽ വന്നിരിക്കും. “നശിച്ചു പോകത്തെയുള്ളു, ഇതെല്ലാം കണ്ടോണ്ടാണല്ലോ ദൈവമിരിക്കുന്നത്!!!!” ഇതിങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കും…വീടിന്റെ ചോർച്ചയൊക്കെ നിൽക്കുമ്പോൾ അമ്മ വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചെത്തും. ഇതെല്ലാം കാണുമ്പോൾ ഞാൻ ഇടയ്ക്ക് സമാധാനിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ല എന്ന് മാത്രമല്ല ഒടുവിൽ അതൊരു വലിയ ബഹളമായി മാറും. അതുകൊണ്ട് തന്നെ ഇങ്ങനെ സംഭവിക്കുമ്പോൾ ഞാൻ അവിടുന്ന് ഒഴിഞ്ഞു മാറുകയാണ് പതിവ്.

എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റമുണ്ടായി, ഇങ്ങനെ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സങ്കടപ്പെടുന്നത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതമൊക്കെ അൽപ്പം മെച്ചപ്പെട്ടു തുടങ്ങിയത് കൊണ്ടായിരിക്കാം, അതുമല്ലെങ്കിൽ പഴയ അനുഭവങ്ങളെയും ജീവിതത്തേയും ഓർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകും.

ദുരന്ത അനുഭവങ്ങൾ മാത്രമല്ല നല്ല രസമുള്ള പഴയ ഓർമ്മകളും അമ്മ പങ്കുവെയ്ക്കുമായിരുന്നു. അല്ലേലും കുട്ടിക്കാലമാണല്ലോ മികച്ച അനുഭവങ്ങളുടെ കലവറ!!!

അമ്മയെ പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ അമ്മ മരിച്ചു പോയി, അതുകൊണ്ട് തന്നെ അമ്മയുടെ ചേച്ചിയാണ് ആ സ്ഥാനത്തു നിന്ന് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇതൊന്നുമല്ലായിരുന്നു ആ വീട്ടിലെ പ്രധാന കാര്യം!!! അവിടെ മറ്റൊരു വ്യക്തിയുണ്ടായിരുന്നു ആരെയും പേടിയില്ലാത്ത, എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു കക്ഷി…

ഭാഗം -1

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു നടത്തും.

വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ കുറെയുണ്ട് ഗുണങ്ങൾ. വീട്ടിലെ സമാധാനം, നല്ല സമ്പാദ്യം ബുദ്ധിയും ശക്തിയും ചുരുക്കി പറഞ്ഞാൽ പ്രാർത്ഥന നമ്മുക്ക് തരാത്തതായി മറ്റൊന്നില്ല. അമ്മ ചെറുപ്പത്തിൽ പറഞ്ഞു തന്നതാണ്. ഇതെല്ലാം കൊണ്ട് തന്നെ ഈ സന്ധ്യനാമം ചെല്ലുന്നത് ഒരു പതിവായിരുന്നു.

കുറെ ദ്രവിച്ച നാമ പുസ്തകങ്ങളിൽ നോക്കി ചൊല്ലി ഒടുവിൽ അതെല്ലാം മനഃപാഠമാക്കി ചൊല്ലി തുടങ്ങി. ശരിക്കും പറഞ്ഞാൽ വീട്ടിൽ വാതുക്കലായി ഒരു നിലവിളക്കും കൊളുത്തി ഞാനും അനിയനും വലിയൊരു കച്ചേരി തന്നെ തീർക്കും. ഏറ്റവും അവസാന നാമങ്ങളിലേയ്ക്ക് എത്തുമ്പോൾ വല്ലാതെ വേഗത കൂടും!!! കാരണം ഇത് കഴിഞ്ഞു വിളക്കെടുത്തു വച്ചിട്ട് വേണം ടി വി ഓണാക്കാൻ.

ഈ സമയങ്ങളിൽ അമ്മയുടെ ഒപ്പം അമ്പലത്തിൽ പോക്കും പതിവായിരുന്നു,വീട്ടിലിരുന്നു നാമം ചൊല്ലിയാൽ ചിലപ്പോഴൊക്കെ ദൈവം അതൊന്നും കേട്ടെന്ന് വരില്ല അതുകൊണ്ട് തന്നെ നേരിട്ട് പോയി പറയണം. കയ്യിലുള്ള ഒരു രൂപ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കും, ഈ നേർച്ച വീഴുന്ന ശബ്ദം കേട്ട് ദൈവം നമ്മളെ നോക്കുന്ന സമയം വേണം കാര്യങ്ങളൊക്കെ പറയാൻ. ഇനിയും അതൊന്നും കെട്ടില്ലെന്ന് വന്നാൽ ഒരു അറ്റകൈ പ്രയോഗമുണ്ട്, രസീത് എഴുതുന്ന ഒരു പ്രായമായ കക്ഷിയുണ്ട് പേരും നാളും പറഞ്ഞു അൽപ്പം കൈക്കൂലി കൊടുത്തു കഴിഞ്ഞാൽ ഈ ചീട്ട് പ്രധാനപ്പെട്ട പോറ്റിയുടെ കയ്യിലേയ്ക്ക് എത്തും. മഹാനായ അദ്ദേഹം ഇതുമായി ക്ഷേത്രത്തിനുള്ളിലെ ദൈവത്തിന്റെ തൊട്ടടുത്തെത്തി കാര്യങ്ങളൊക്കെ വിശദീകരിക്കും.

പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, ഈ മനുഷ്യനെ നമ്മുക്കൊന്നും തൊടാൻ പറ്റില്ല, കൂടാതെ നമ്മൾ കൊണ്ടിടുന്ന നേർച്ചകളും ദക്ഷിണകളും ശമ്പളമായിട്ടും കിമ്പളമായിട്ടും കൈകൊണ്ട് തൊടാൻ മാത്രം ഐത്തമില്ലാത്ത ഒരു പ്രത്യേകയിനം സിദ്ധിയും ഇവർക്കുണ്ട് . ഇനിയെങ്ങാനും അറിയാതെ തട്ടി പോയാലോ എന്ന് കരുതി മണിക്കൂറിൽ 50km സ്പീഡിലാണ് ചന്ദനം നമ്മുടെ കൈകളിലേയ്ക്ക് എറിഞ്ഞു പിടിപ്പിക്കുന്നത്.കൂടാതെ ഒരാൾക്ക് മാത്രം തൊട്ടടുത്തേയ്ക്ക് പ്രവേശനം കൊടുക്കുന്ന ദൈവത്തിന്റെ ഈ വേർതിരിവും, പൂജാരിമാരുടെ ഇമ്മാതിരി കലാ പരിപാടികളും അമ്പലത്തെ വേറിട്ടതാക്കി നിർത്തുന്നു. എന്തൊക്കെയായാലും വല്ലാത്തൊരു സമാധാന അന്തരീക്ഷമാണ് അവിടെ മുഴുവൻ.

ഇപ്പോഴാകട്ടെ അൽപ്പം വളർന്നു വലുതായപ്പോൾ ഇതെല്ലാം വല്ലാത്ത കൗതുകം തരുന്ന കാര്യങ്ങളായി മാറി. സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വെച്ച് ശബ്ദ മലിനീകരണം, അമ്പലത്തിലാകട്ടെ കാശില്ലാത്ത പരിപാടികൾ ഇല്ലാതായിരിക്കുന്നു, ഇതിനു പുറമെ ലോകത്തു നിന്നും മണ്മറഞ്ഞു പോയൊരു ഐത്തവും!!!!!

മതവും ജാതിയും വിശ്വാസങ്ങളും അന്തവിശ്വാസങ്ങളുമില്ലാത്ത ഭൂമിയിൽ ജീവിക്കാൻ ഇപ്പോളൊരു കൊതി തോന്നി തുടങ്ങിരിക്കുന്നു. പറ്റില്ലെന്നറിയാം, എങ്കിലും ഒരു കൊതി!!!!!

അക്കങ്ങൾ

രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു…

പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പഴയതുപോലെയൊന്നുമല്ല ആളുകൾ മുഖം മറച്ചിരിക്കുന്നത് ഒരു ചടങ്ങിന് മാത്രമായിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഒരുപാട് ആളുകൾ!! പലയിടങ്ങളിലായി കൂട്ടം കൂടി നിൽപ്പും, തിങ്ങി നിറഞ്ഞു വരുന്ന ബസ്സുകളും, ചന്നം പിന്നം ചീറി പായുന്ന മറ്റു വാഹനങ്ങളും അൽപ്പം അത്ഭുതപ്പെടുത്തി. പേടിയെല്ലാം മണ്മറഞ്ഞു പോയിരിക്കുന്നു. വേണമെങ്കിൽ കൊറോണ ജാഗ്രത പാലിക്കട്ടെ എന്നൊരു ഭാവത്തിലാണ് മനുഷ്യരിപ്പോൾ.

ഉച്ചയ്ക്ക് കടകളിൽ ചിലതെല്ലാം പൂട്ടി കിടന്നപ്പോൾ അതിൽ ഒന്നിന്റെ മുൻപിൽ മാത്രം ഒരു പ്രായമായ വ്യക്തി തന്റെ കയ്യിലുള്ള പേപ്പറിൽ നോക്കി വെയിലും കൊണ്ടിരുപ്പാണ്. അൽപ്പം സിമെന്റ് കിട്ടുവാൻ ഒരു കടയുണ്ടാകുമോ എന്ന് തിരക്കിയപ്പോൾ അൽപ്പം തലപൊക്കി എന്നെ നോക്കിയിട്ട് കടയിലേയ്ക്ക് ഉള്ള വഴിയെന്ന പോലെ ചന്തയുടെ ഉള്ളിലേയ്ക്ക് വിരൽ ചൂണ്ടിയിട്ട് തുടർന്നു.

” രണ്ടക്കത്തിനാണ് അയ്യായിരം പോയത് “

തലയിൽ നല്ലൊരു തൊപ്പി വച്ചതിനാൽ മുഖം അത്ര വ്യക്തമായിരുന്നില്ല. എന്തായാലും ലോട്ടറി വിൽപ്പനക്കാരനാണ്, കാരണം മുഷിഞ്ഞ യൂണിഫോം അദ്ദേഹത്തിനുണ്ടായിരുന്നു. വണ്ടിയെടുത്ത് മുൻപോട്ട് പോകുവാൻ തുണിഞ്ഞപ്പോഴേയ്ക്കും അയാൾ പിന്നെയും പറഞ്ഞു.

“വൈകാണ്ട് ഒരടിയുണ്ട്… “

ഇത്രയും പ്രായമായിട്ടും ഭാഗ്യത്തിൽ പ്രതീക്ഷ വച്ചു ഇതുപോലെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന മനുഷ്യനാണ് കക്ഷി. ഈ പ്രായത്തിലും ഇതുപോലെ ഒറ്റപ്പെട്ടു കഴിയുന്ന ഒരുപാട് വൃദ്ധജനങ്ങൾ ഇന്നീ നാട്ടിലുണ്ട്. ചിലരൊക്കെ ഇതുപോലെ ജോലികളിൽ ഏർപ്പെട്ടും മറ്റു ചിലരാകട്ടെ തെരുവിൽ മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടി ഭിക്ഷ യാചിച്ചും ജീവിതം മുൻപോട്ട് തള്ളി നീക്കുന്നു .

സാധനവും വാങ്ങി തിരികെ മടങ്ങുമ്പോൾ അയാളെ കാണുവാൻ സാധിച്ചില്ല. ഒരുപക്ഷെ തന്റെ കണക്കുകൂട്ടലുകൾ അദ്ദേഹത്തെ മറ്റെങ്ങോട്ടെങ്കിലും നയിച്ചിട്ടുണ്ടാകാം.

എന്നാൽ തിരികെ വരുന്ന വഴിയിൽ വീണ്ടും കണ്ടു, അതൊരു വൃദ്ധയായ സ്ത്രീയാണ്, തന്റെ മീൻ പാത്രവുമായി ഒരു തെങ്ങിൻ ചുവട്ടിൽ ഇരുപ്പാണ്. പ്രായം ഒരൽപ്പം അതിക്രമിച്ചതായി തോന്നി.ഇങ്ങനെ പ്രായമായിട്ടും കഷ്ടപ്പെടുന്ന ഇവരുടെ ബുദ്ധിമുട്ടുകൾ എത്രത്തോളം വലുതായിരിക്കും. ഒരുപക്ഷെ ബന്ധങ്ങളും സ്വന്തങ്ങളും കൈവിട്ടു കളഞ്ഞവരും ആകാം.കൊച്ചു യാത്രയ്ക്കിടയിൽ കണ്ട രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു…

അല്ലേലും ബുദ്ധിമുട്ടുകൾ നിറഞ്ഞു കവിയുമ്പോൾ പ്രായം കേവലമൊരു അക്കമായി മാറുന്നു. കാഴ്ചക്കാർക്ക് ആ അക്കങ്ങളോട് സഹതാപം തോന്നുകയുമാകാം.

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു…

നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന് കയ്യിൽ കാശൊന്നും ഇല്ലായിരുന്നു. കയ്യിൽ ഇടയ്ക്ക് വല്ലപ്പോഴും കടയിൽ പോകുമ്പോൾ ബാക്കി കിട്ടുന്ന ഒന്നോ രണ്ടോ രൂപയുണ്ടായിരിക്കും!!! അല്ല, അന്നൊക്കെ ഈ ബാക്കി പൈസ അങ്ങനെയിങ്ങനെയൊന്നും കിട്ടാറില്ലായിരുന്നു. സാധാരണയായി മാതുലന്റെ കടയിൽ നിന്നും അവശ്യ സാധനങ്ങൾ കടം വാങ്ങുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇങ്ങനെ പൂത്ത കാശ് എന്റെ പോക്കറ്റിൽ വന്നിരുന്നുള്ളു.

അങ്ങനെ എനിക്കും വല്ലാത്ത ആഗ്രഹം മനസ്സിൽ വന്നടിഞ്ഞു, മീൻ വളർത്തണം!!! വീട്ടിൽ വേലി കേട്ടുവാൻ വച്ച നീല പടുതയിൽ കണ്ണുടക്കിയെങ്കിലും അമ്മ നിസാരമായി ആ മോഹം തല്ലി കെടുത്തി. എന്തായാലും മീൻ വളർത്താൻ ഒരു ടാങ്ക് വേണം. കയ്യിൽ ഒരു പൈസ പോലും എടുക്കാനില്ലാത്ത സമയവും!!! അപ്പുറത്തെ വീട്ടിലെ ഉണ്ണിയുമായി കാര്യം സംസാരിച്ചു, സംഭവം അടുത്ത പറമ്പിൽ തന്നെ ചെറിയൊരു കുഴിയെടുത്തു പ്ലാസ്റ്റിക് കവർ വിരിക്കാൻ തീരുമാനിച്ചു.

അങ്ങനെ ടാങ്കിന്റെ പണിയൊക്കെ പൂർത്തിയായി, വെള്ളവും നിറച്ചു. ഇനി മീനാണ് പ്രശ്നം, കയ്യിൽ കാശില്ലാതെ എങ്ങനെ എങ്ങനെ മീൻ വാങ്ങും!!! അങ്ങനെ ആശയകുഴപ്പത്തിൽ കുരുങ്ങി കിടന്നപ്പോഴാണ് വീടിന്റെ തൊട്ടടുത്ത തോട്ടിൽ അതാ കളർ മീനുകൾ….

സത്യം തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ അവനെ വിളിച്ചു കാണിച്ചു കൊടുത്തു. സംഭവം സത്യമാണ്, വാലിൽ നിറമുണ്ട്. ചിലതിനാകട്ടെ ഉടലിലും നിറങ്ങളുണ്ട്. വല്ലാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പി. ഞാനും സുഹൃത്തും കൂടി വീട്ടിലെ പഴയൊരു തോർത്തും പിടിച്ചുകൊണ്ടു കളർ മീൻ വെട്ടയ്ക്ക് തൊട്ടിലേയ്ക്ക് ഇറങ്ങി. ആവേശത്തോടെ ഓരോ ഇനങ്ങളെയും പിടിച്ചു കൂട്ടി. ഇവറ്റകളെല്ലാം പെറ്റു പേരുകിയിട്ട് വേണം നല്ലൊരു ടാങ്ക് ഒക്കെ കെട്ടി സംഭവം ഒന്ന് വിപുലമാക്കാൻ. മനസ്സ് മുഴുവൻ പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ കൊണ്ട് കാട് കയറി തുടങ്ങി.

അങ്ങനെ ഞങ്ങളുടെ വ്യത്യസ്തയിനം മീനുകളെ ടാങ്കിൽ നിക്ഷേപിച്ചു. കൊള്ളാം എല്ലാത്തിനും കളറുണ്ട്!!!

അൽപ്പം താമസിച്ചാണ് മറ്റൊരു കാര്യം കണ്ടത്, അവറ്റകളുടെ എല്ലാം തലയിൽ ഒരു വെള്ളപൊട്ടുണ്ട്!!! എല്ലാം പല കളറാണെങ്കിലും ഒരിനം തന്നെയാകുമോ എന്നൊരു സംശയം വല്ലാതെ അലട്ടി.

“ഇതെല്ലാം പൂഞ്ഞാനുകളാണല്ലോ “

തലയിൽ പൊട്ടുള്ള മീനുകളെല്ലാം തോട്ടിലെ മാത്രം കളർ മീനുകളാണെന്ന നഗ്ന സത്യം ഞങ്ങൾ മനസിലാക്കി. കഷ്ട്ടം എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു!! എല്ലാം തകർന്നിടിഞ്ഞു. ആകെ സങ്കടം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.

നല്ല വെയിലുള്ള സ്ഥലത്തു കെട്ടിയ മീൻ ടാങ്കിൽ പതിയെ വെള്ളമെല്ലാം വറ്റി. ഒടുവിൽ അവറ്റകളെല്ലാം അവിടെ കിടന്ന് ചത്തു.

വേട്ടയാടി പിടികൂടിയ തോട്ടിലെ കളർ മീനുകൾ എല്ലാം പൊരി വെയിലത്തു വെന്തു മരിച്ചു, ഈയുള്ളവന്റെ മറ്റൊരു മഹാപാപം.

ഇനിയെങ്ങാനും അവറ്റകൾ യഥാർത്ഥ കളർ മീനുകളായിരുന്നെങ്കിൽ ഇപ്പോൾ കോടീശ്വരനായി മാറേണ്ടിയിരുന്ന ആളാണല്ലോ എന്നോർത്തു ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്. ചത്തുപോയ തോട്ടിലെ കളർ മീനുകൾ എന്നോട് ക്ഷമിക്കുക.

ഒരു MRF കഥ

ആ ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു…

വീടിനു തൊട്ടടുത്തുള്ള പറമ്പിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനു പോലും പിടികൊടുക്കാതെ സമാധാനപരമായ ജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈയുള്ളവനും സുഹൃത്തുക്കളും കളിച്ചു മറിഞ്ഞിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് അന്ന് സ്റ്റമ്പുകൾ ഒപ്പിച്ചിരുന്നത്, കാരണം വളവില്ലാത്ത പത്തലുകൾ വെട്ടാൻ ആരും സമ്മതിക്കാത്ത കാലമാണെന്ന് ഓർക്കണം!!! കൂടാതെ കൈതയുടെ വേരുകൾ വീട്ടിയെടുത്ത് അതിമനോഹരമായ ബൈയിലുകളും ഞങ്ങൾ നിർമ്മിച്ചിരുന്നു.ബാറ്റിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും പിന്നിലല്ലായിരുന്നു, ഒത്ത മരത്തിന്റെ ചെറിയ കമ്പുകളും വേരുകളും കൊണ്ട് ഞങ്ങൾ ബാറ്റുണ്ടാക്കി. ആർക്കും മനസിലാകാതിരിക്കാൻ അതിന്റെ പിറകിലായി വാട്ടർ പെയിന്റ് കൊണ്ട് അസ്സലായി MRF എന്നൊരു എഴുത്തും കൊടുക്കും. സത്യം പറയാല്ലോ സാക്ഷാൽ സച്ചിൻ പോലും മനസിലാക്കത്തില്ലായിരുന്നു ഞങ്ങളുടെ ഈ MRF.

അങ്ങനെ കളിയൊക്കെ തുടങ്ങുമ്പോൾ കമന്ററി പറയുവാനായി തൊട്ടടുത്തുള്ള ചാഞ്ഞു കിടക്കുന്ന മരത്തിൽ ഇടയ്ക്കൊക്കെ വലിഞ്ഞു കേറലും പതിവായിരുന്നു. ഇത്തിരി പോന്ന പറമ്പിൽ നിറയെ മരങ്ങളും, നാലു ചുറ്റിനും തോടും കുറ്റിക്കാടും പൊളിഞ്ഞു കിടക്കുന്നൊരു കെട്ടിടവും ടാങ്കും ഒഴിച്ചാൽ അതൊരു അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലമായിരുന്നു. തെങ്ങിന്റെ മറവിൽ നിന്നുകൊണ്ടായിരുന്നു തീയുണ്ടകളും മാന്ത്രിക സ്പിന്നുകളും ബാറ്റ്സ്മാനു നേരെ തൊടുത്തുകൊണ്ടിരുന്നത്.

“എടാ ബാറ്റിനും കാലിനും ഇടയ്ക്ക് കൂടെ എറിഞ്ഞാൽ സ്റ്റമ്പ് തെറിപ്പിക്കാം ” ഏറ്റവും പ്രധാന രഹസ്യങ്ങളിൽ ഒന്നായിരുന്നു ഇത്. കൂടാതെ ഇടയ്ക്കൊക്കെ തൊട്ടിലേയ്ക്ക് പൊക്കിയടിച്ചു പുറത്താകുമ്പോൾ വലിയ തർക്കമൊക്കെ ഉണ്ടാവുക പതിവായിരുന്നു. അതെ സുഹൃത്തുക്കൾ ഇരു ടീമുകളിലാകുമ്പോൾ വല്ലാത്തൊരു ശത്രുതയാണ്.

അങ്ങനെ വണ്ണമില്ലാത്ത ബാറ്റിൽ കണ്ണും പൂട്ടി ബൗണ്ടറി പായിച്ചു കളിക്കുന്ന സമയമാണ് പ്രിയപ്പെട്ടവൻ തങ്ക (ഉണ്ണിക്കുട്ടൻ ) വീതിയുള്ള പുതിയ ബാറ്റുമായി കടന്നു വരുന്നത്. തെങ്ങിൻ തടിയുടെ മുഴുത്ത MRF. അടിപൊളി!!! കളിയെല്ലാം മാറി, കാരണം പിന്നിട്ട് കുത്തി തുളച്ച സ്റ്റമ്പർ പന്ത് മൂന്നെണ്ണം നിരത്തി വെച്ച വീതിയാണ് അതിനു. എല്ലാവർക്കും സംഗതി ഇഷ്ട്ടമായി. തല്ലുകൊണ്ട് സ്റ്റമ്പർ പന്തൊരു പരുവമായി തുടങ്ങി, അങ്ങനെ ഒരു ദിവസം കളിയെല്ലാം കഴിഞ്ഞു ഈയുള്ളവൻ പുതിയ ബാറ്റുമായി വീട്ടിലേയ്ക്ക് കടന്നു ചെന്നു.

വീട്ടിൽ ഇരുന്ന് മടുത്തപ്പോൾ അനിയനുമായി പുതിയ ബാറ്റും ബോളുമെടുത്തു വീടിന്റെ അടുക്കള ഭാഗത്തു കളി തുടങ്ങി. ഇടയ്ക്ക് കയറി വന്ന അച്ഛൻ പതിയെ ഒരു യുദ്ധം പൊട്ടി പുറപ്പെടുവിച്ചു, ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതൊരു വല്ലാത്ത പ്രശ്നമായി മാറി. ബാറ്റും കൊണ്ട് അകത്തേയ്ക്ക് കടക്കാൻ ശ്രെമിച്ചെങ്കിലും അച്ഛൻ അത് കൈക്കലാക്കി!!!

“അവന്റെയൊക്കെയൊരു മൈര് കളി 😡”

അതാ പ്രിയപ്പെട്ട ബാറ്റെടുത്തു അച്ഛൻ തിണ്ണയിൽ വലിഞ്ഞടിച്ചു!!! MRF ന്റെ ഒരു കക്ഷണം പുറത്തേയ്ക്ക് തെറിച്ചു, ഒന്നും മിണ്ടാനാകാതെ ഉള്ളിൽ വിങ്ങിപ്പൊട്ടി ഞാനും അനിയനും ഇതെല്ലാം കണ്ടു നിന്നു… അങ്ങനെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട ബാറ്റിതാ വിറകു കക്ഷണമായി മാറിയിരിക്കുന്നു!!!

വൈകാതെ ഒരു കക്ഷണം അമ്മ അടുപ്പിൽ വെയ്ക്കാനെടുത്തു. മറു കക്ഷണം ഒന്നുരണ്ടു ദിവസം പാതി ജീവനോടെ ഈയുള്ളവന്റെ കയ്യിലുണ്ടായിരുന്നു. പ്രിയപ്പെട്ട സൗരവും, ബാറ്റിന്റെ നിർമ്മാതാവായ ഉണ്ണിക്കുട്ടനും ബാക്കി അന്താരാഷ്ട്ര കളിക്കാരും എന്നെ വല്ലാതെ സ്നേഹിച്ചു!!!!!!

ഇതെല്ലാം കൊണ്ട് തന്നെ അന്നേ ദിവസങ്ങളിൽ MRF ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം സങ്കടം മനസിൽ നിറഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ഇന്ന് വരെ ഇടയ്ക്കെങ്കിലും ഇവന്മാരെല്ലാം ഇക്കാര്യം പറഞ്ഞു എന്നെയൊരു തെറി വിളിക്കാത്ത വർഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ഇപ്പോഴൊക്കെ തെറിയില്ലെങ്കിലും ഇക്കാര്യം ഇടയ്ക്കെന്നെ ഓർമ്മിപ്പിക്കാറുണ്ട് ചിലരൊക്കെ. ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നായി ഇപ്പോഴും ഈ മഹാപാപിയുടെ മനസിൽ തെങ്ങിൻ തടിയുടെ MRF നിറഞ്ഞു നിൽക്കുന്നു!!!

രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം ☺️

പ്രണയ കഥകളൊക്കെ ഒരുപാടുണ്ടാകും അതുപോലെ ഒരെണ്ണം ഇന്ന് വീണുകിട്ടി, പാവപ്പെട്ട പത്തനംതിട്ട സുഹൃത്തിന്റെ വായിൽ നിന്നുമാണ് സംഭവം. ചോറു വാരി വാരി തിന്നുകൊണ്ടിരുന്ന സമയം അവൻ പറഞ്ഞു തുടങ്ങി, ഇത്രയും ആഹാരം വായിൽ വച്ചുകൊണ്ട് യാതൊരു തടസവുമില്ലാതെ അവനെങ്ങനെ സംസാരിക്കുന്നുവെന്ന സംശയം വല്ലാതെ അലട്ടി.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്താണ് സംഭവം, അത്യാവശ്യം കാണാൻ ഭംഗിയും അതിനുപരി നല്ലതുപോലെ പഠിക്കുന്ന അവന്റെ കഥയിലെ നായികയുമായി അടുപ്പത്തിലാകാൻ കേവലം ചുരുങ്ങിയ ദിവസങ്ങളെ വേണ്ടി വന്നുള്ളൂ.

“കച്ചാ മാങ്ങ യൊക്കെ വാങ്ങി കൊടുക്കുവാരുന്നു അണ്ണാ “

തന്റെ നല്ല പകുതിയ്ക്ക് അദ്ദേഹം ചോറ് പത്രത്തിൽ ആരും കാണാതെ സ്ഥിരം കൊടുത്തിരുന്ന പ്രണയ സമ്മാനമായിരുന്നു ആ മിട്ടായി. ഈ മധുരമൊക്കെ തിന്ന് വല്ല അസുഖവും വന്നാലോ എന്ന് കരുതിയിട്ടാവണം പ്രിയപ്പെട്ടവൾ അധികം വൈകാതെ അവനെ ഇട്ടേച്ചങ്ങു പോയി!!!!

“പണ്ട് അവളുടെ കൂടെ പോയിരുന്നു പരീക്ഷയൊക്കെ നോക്കി എഴുതി, പക്ഷെ ഞാൻ എല്ലാത്തിനും പൊട്ടി, ഇപ്പൊ അവൾക്ക് രണ്ട് പിള്ളേരുണ്ട് അണ്ണാ”

സങ്കടം കൊണ്ടാണോ എന്നറിയില്ല, ഇത്രയും പറഞ്ഞിട്ട് പാവം പാത്രത്തിലിരുന്ന മീൻ വറുത്തത് മുഴുവനും വായിലാക്കി. ശേഷം തലയും കുലുക്കി അൽപ്പം ചിരിച്ചു. അൽപ്പം ചോറ് കൂടി കഴിക്കാൻ പറയണമെന്ന് ഉണ്ടായിരുന്നു, പിന്നെ അവന്റെ ദുഃഖ കഥ കേട്ടതുകൊണ്ട് അതിനെന്റെ വലിയ മനസ്സ് അനുവദിച്ചില്ല.

അല്ലേലും പ്രണയമൊക്കെ വല്ലാത്തൊരു സംഗതിയാണ്. ഒരിക്കൽ പോലും പ്രണയം തോന്നാത്ത മനുഷ്യരുണ്ടാകുമോ… ഇനി അങ്ങനെ ഉണ്ടായാൽ അൽപ്പം വഷളമാണ് കാര്യങ്ങൾ, ഇഷ്ട്ടമാണെന്ന് പറയുവാൻ വല്ലാത്തൊരു ബുദ്ധിമുട്ടായിരിക്കും എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം…

പിന്നീട് കടന്നുപോകുന്ന രാത്രികളും പകലുകളും ആ ഒരു ചിന്ത മാത്രം, ഹോ എന്താ ഒരു അവസ്ഥ!!!

അത് മാത്രമല്ലല്ലോ പ്രണയം. മണ്ണിനെ പ്രണയിച്ച കർഷകർ ഇവിടെ രാവും പകലുമില്ലാതെ പെരുവഴിയിൽ സമരത്തിലാണ്, അധികാരത്തെ പ്രണയിച്ചു മതിമറന്ന പുലയാടികൾ അവരെ കണ്ടില്ലെന്ന് നടിക്കുന്നു. ശരീരത്തെ പ്രണയിച്ച കാമഭ്രാന്തന്മാർ ഇരുളിൽ അവളെ പിച്ചി ചീന്തുന്നു, നീതിയും ന്യായവുമൊക്കെ കണ്ണുകെട്ടി ഒരേ നിൽപ്പാണ്. അപ്പോഴും അധികാരത്തെ മാത്രം പ്രണയിച്ചു രാജ്യം കരണ്ടു തിന്നുകൊണ്ടിരിക്കുന്ന മൂഷികന്മാരുടെ ഇടയിൽ ഇവിടെ കിഴങ്ങു പോലെ ഞാന്നു കിടക്കുന്ന കൊച്ചു കേരളത്തിൽ പ്രണയത്തെ പറ്റി പുലമ്പിയ ഒരു മഹാപാപി ജീവിച്ചിരിപ്പുണ്ട്.

പ്രണയം പോലും!!! എന്ത് നെറികേടാണ് ഞാനീ പറഞ്ഞത്, മനസ്സുകൾ തമ്മിൽ തോന്നുന്ന കൊച്ചു പ്രണയത്തിനു എന്ത് കാര്യമാണ് ഇവിടുള്ളത്???

എന്ന്,

മാപ്പിരന്നുകൊണ്ട് ഒരു രാജ്യദ്രോഹി!!!

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം.

കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന ബുക്കും പേനയുമൊക്കെ ആകെ പൊടിപിടിച്ചു കിടക്കുന്നു.സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തിൽ കെട്ടിയിട്ടിരുന്ന കയറൊക്കെ പൊട്ടി താഴെ അലക്ഷ്യമായി കിടന്നു. കടയ്ക്കുള്ളിൽ മാസ്ക്ക് വയ്ക്കാതെ ചിലരും ഉണ്ടായിരുന്നു. ഇത്ര സുരക്ഷിതമായ സ്ഥലം ഇനി ഈ ഭൂമിയിൽ കിട്ടില്ല എന്ന് തോന്നി തുടങ്ങി.അതുകൊണ്ട് തന്നെ തിരക്കൊക്കെ കുറഞ്ഞിട്ടു കയറാമെന്ന് കരുതി പുറത്ത് നിന്നു.

ഒടുവിൽ ആളുകൾ ഒരു പരിധി വരെ കുറഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ സാധനങ്ങൾ വാങ്ങി തുടങ്ങി. പെട്ടന്ന് അവിടെ വളരെ പ്രായമുള്ള ഒരു സ്ത്രീ എത്തി.

അലക്ഷ്യമായി പാറി പറന്ന നരച്ച മുടിയിഴകൾ,വല്ലാതെ ക്ഷീണം തെളിഞ്ഞു കണ്ട പാതിയടഞ്ഞ കുഞ്ഞു കണ്ണുകൾ.മുഖത്തെ ചുക്കി ചുളിഞ്ഞ പാടുകളും അൽപ്പം കൂനിയുള്ള നടപ്പും. ഇതെല്ലാം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം തോന്നി തുടങ്ങി. എളിയിൽ തിരുകി വച്ചിരുന്ന പഴയ ഒരു പേഴ്സ് കയ്യിലെടുത്തിട്ട് കുറച്ചു സാധനങ്ങളുടെ വില തിരക്കി. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ, വിലയെല്ലാം കേട്ടു കഴിഞ്ഞപ്പോൾ യാതൊരു ഭാവ വ്യത്യാസവും കൂടാതെ അവർ പുറത്തേക്കിറങ്ങി എങ്ങോട്ടോ നടന്നു. ഒരുപക്ഷെ അൽപ്പം വില കുറവിൽ വാങ്ങുവാനായി അടുത്ത കടയിലേയ്ക്ക് പോയതാവാം. അതുമല്ലെങ്കിൽ കയ്യിൽ അത്രയും പണം ഉണ്ടായിരിക്കില്ല.

പണം… അതൊരു വല്ലാത്ത സംഭവമാണ്. ഇവിടെ ആ വൃദ്ധയായ സ്ത്രീയുടെ അവസ്ഥ കണ്ട് വല്ലാതെ ബുദ്ധിമുട്ടായി പോയെങ്കിൽ അതനുഭവിച്ച അവരുടെ അവസ്ഥയെ പറ്റി ഞാൻ ഒരുപാട് ആലോചിച്ചു. എവിടുന്നെങ്കിലും കുറെയധികം കാശ് കിട്ടി സ്വന്തമായി ഒരു പരിപാടിയൊക്കെ തുടങ്ങി സുഖമായി ജീവിക്കുന്നത് സ്വപ്നം കാണുന്നത് ഈ മഹാപാപിയ്ക്ക് പതിവാണ്. കാണുന്ന സ്വപ്‌നങ്ങളിൽ പല സാഹചര്യങ്ങൾ ഉണ്ടെങ്കിലും സംഭവത്തിന്റെ ഒടുക്കമെല്ലാം മുൻപേ പറഞ്ഞത് തന്നെയാണ്.

പെട്ടന്ന് ഒരു ദിവസം ഒരു ലോട്ടറി അടിക്കുന്നു. കിട്ടിയ പണത്തിന്റെ ഒരംശം ബാങ്കിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നു. സ്വന്തമായി ഒരു വീട് പണിയുന്നു. കുറച്ചു പണം ഉപയോഗിച്ച് തരക്കേടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നു. പതിയെ പടർന്നു പന്തലിച്ചു അതൊരു വൻ പ്രസ്ഥാനമാകുന്നു തുടർന്ന് ഈ മഹാപാപി ഒരു വേദനിക്കുന്ന കോടീശ്വരനായി മാറുന്നു. കാറ്… ഒരുപാട് സ്ഥലങ്ങൾ…. പലസ്ഥലങ്ങളിലായി അനുബന്ധ സ്ഥാപനങ്ങൾ… അങ്ങനെ തലയുയർത്തി പിടിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ആയിരിക്കും സഹപ്രവർത്തകൻ(കൊച്ചു ചെറുക്കൻ ദിനൂപ് )എന്നെ ഉറക്കത്തിൽ നിന്നും തട്ടി എഴുന്നേൽപ്പിക്കുന്നത്.വീണ്ടും നശിച്ചൊരു ദിവസത്തിലേയ്ക്ക് ഞാൻ ഉറക്കച്ചടവോടെ നടന്നിറങ്ങും.

ഒരുപക്ഷെ ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ എന്റെ മാത്രമല്ല, ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ്. ഒന്ന് മാത്രം!!!! ഇപ്പോൾ ഞാനൊരു യന്ത്ര മനുഷ്യനാണ്. എല്ലാ ദിവസങ്ങളും ഒരേപോലെ ജീവിക്കുവാൻ വേണ്ടി ഉറക്കമുണരുന്നു, അതങ്ങു ജീവിച്ചു തീർക്കുന്നു. സഹൃദവും സന്തോഷവും സങ്കടവുമെല്ലാം മാറ്റിവച്ചുകൊണ്ട് ഈ കാണുന്ന കോടാനുകോടി ജീവജാലങ്ങൾക്ക് നടുവിൽ നല്ലൊരു ജീവിതത്തോടുള്ള ആർത്തിപൂണ്ടു നെട്ടോട്ടമൊടുന്ന ഒരു സാധാരണക്കാരൻ.

പണം ഇങ്ങനൊരു വിലങ്ങു തടിയാണ്. ഇതൊന്നുമില്ലാതെ ജീവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ദിവസവും ആലോചിച്ചു കൂട്ടാറുണ്ട്. അതെ പണത്തിനു പിന്നാലെ അലയുന്ന ഒരു മനുഷ്യനാണ് ഞാനും പക്ഷെ അന്നും ഇന്നും അത് നിലനിൽപ്പിനു വേണ്ടിയാണ്. ഓരോ സാധാരണക്കാരനും അങ്ങനെ തന്നെയാണ്,അവൻ നിലനിൽപ്പിനായുള്ള യുദ്ധത്തിലാണ് ദിവസവും.

അതെ, ഈ തടിച്ചുരുണ്ട ഭൂമി ഉണ്ടായിരിക്കുന്ന കാലത്തോളം പണത്തിനോട് മാത്രം ആർത്തിപൂണ്ട് നടക്കുന്ന മനുഷ്യർക്കിടയിൽ ഇങ്ങനെ നിലനിൽപ്പിനായുള്ള യുദ്ധവുമായി ഒരുപറ്റം മനുഷ്യരുണ്ടാകും. അവിടെയും പൊതുവായ ഒന്ന് പണമാണ്.അല്ലയോ ഗാന്ധിജി പാവപ്പെട്ടവന്റെ മുഷിഞ്ഞ നോട്ടിലും അങ്ങ് കൈവിടാതെ കാത്തു വച്ച വട്ട കണ്ണടയ്ക്കും, പുഞ്ചിരിക്കും ഒരുപാട് നന്ദി,

സ്നേഹപൂർവ്വം,

നിലനിൽപ്പിനു വേണ്ടി ഇപ്പോഴും യുദ്ധം തുടരുന്ന ഒരു മഹാപാപി