മുൻപിലുള്ള കസേരയിൽ അലസമായി ഇരുന്നുകൊണ്ട് കുറച്ചു കളർ പെൻസിലുകളുമായി അവൻ കളികളിൽ ആയിരുന്നു. തൊട്ടു മുൻപിലെ കൊച്ചു സ്ക്രീനിൽ കോമാളി വേഷവുമായി ഒരു സ്ത്രീ സംസാരിക്കുന്നു !!! പഞ്ചാബി വേഷമാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് വല്യ ഉപകാരമായി,കാരണം അതെന്താണെന്ന് തിരിച്ചറിയാൻ പറ്റിയല്ലോ. കുറച്ചു കുട്ടികളെയും കൂട്ടത്തിൽ കണ്ടു. കഷ്ട്ടം തോന്നി പോയി, എല്ലാവരും മനസ്സില്ലാ മനസ്സോടെയാണ് ഇരുപ്പ്. ഇടയ്ക്ക് ഇടയ്ക്ക് മറ്റു ചിലർ കൂടി പഠിപ്പിക്കാൻ വരും, അതെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓൺലൈൻ ക്ലാസ്സ് ആണ്.
എന്തായാലും കാര്യമായ പഠനമൊന്നും അവിടെ നടക്കുന്നില്ല. ഓരോ കോമാളിത്തരവും കാട്ടി, ദിവസവും വന്ന് വാ തോരാതെ സംസാരിച്ചിട്ട് മാസം തീരുമ്പോൾ ലക്ഷങ്ങൾ എണ്ണി വാങ്ങുന്നു !! ഇന്നത്തെ അവസ്ഥകളെ ഇങ്ങനെ മുതലെടുത്തു വിദ്യാഭ്യാസം ശരിക്കുമൊരു കച്ചവടമാക്കി മാറ്റിയിരിക്കുന്നു. എന്ത് അറിവാണ് ഇതിലൂടെ പകർന്നു നൽകുന്നത്??? “അ- അമ്മ എന്നൊക്കെ പറഞ്ഞു പഠിച്ച സാഹചര്യത്തിൽ നിന്നും, അ -അമോ എൽ ഇ ഡി എന്നൊക്കെ പറഞ്ഞു പഠിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു “. പണ്ട് ആശാൻ കളരിയിൽ മണ്ണിലെഴുതി പഠിക്കുന്ന കാര്യം ഓർമ്മയിൽ വന്നു. അവിടെ ആശാനും ആശാന്റെ ഭാര്യ ആശാട്ടിയും പഠിപ്പിക്കുവാൻ ഉണ്ടായിരുന്നു. റോഡരുകിൽ തന്നെയുള്ള കൊച്ചു കളരിയിൽ എല്ലാവർക്കും എഴുതി രസിക്കാനുള്ള മണലും, കുടിക്കുവാൻ നല്ല മൺകലത്തിലെ തണുത്ത വെള്ളവുമുണ്ട്. ഏതെങ്കിലും അക്ഷരമൊന്ന് തെറ്റിയാൽ പിന്നെ നല്ല അടിയും പിച്ചുമാണ് !!! അന്നൊക്കെ ആശാനെ മനസ്സിൽ പറഞ്ഞ തെറിയ്ക്കും പ്രാക്കിനുമൊക്കെ ഒരു കയ്യും കണക്കുമില്ല.
ഇപ്പോഴും അങ്ങനെ മറക്കാതെ കിടക്കുന്നുണ്ട് പഴയ ചില കാര്യങ്ങൾ, ഇന്നൊക്കെ പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ കാശിന്റെ മുകളിൽ കയറിയുള്ള അഭ്യാസങ്ങൾ ആയതുകൊണ്ട് തന്നെ അതൊക്കെ ഇതുപോലെ ഓർത്തിരിക്കാൻ പോലും കഴിയാത്തവ ആയിരിക്കുന്നു. പണ്ടൊക്കെ പഠിക്കുന്നത് കുട്ടികളായിരുന്നു എന്നാൽ ഇന്ന് പഠിക്കേണ്ടി വരുന്നത് മാതാ പിതാക്കളാണ്, ഇന്നത്തെ പഠന രീതികളെപ്പറ്റി ഇതിലും നന്നായി എങ്ങനെ വിശേഷിപ്പിക്കാനാകും !!??
ഇക്കാലത്ത് കാശിനു മീതെ ഉയർന്നു പൊങ്ങാൻ പോയിട്ട് നിവർന്നു നിൽക്കാൻ പോലും വിദ്യാഭ്യാസത്തിനു കഴിയുന്നില്ല. വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും പഴയതിനേക്കാൾ ഒരുപാട് മാറിയിരിക്കുന്നു.
ചെറുപ്പത്തിൽ പിഞ്ചി തുടങ്ങിയ യൂണിഫോം ഇട്ടു സ്കൂളിൽ പോയിട്ടുണ്ട്, എന്തിനു പറയാൻ അച്ഛന്റെ കോട്ടയത്തെ ജോലി പോയപ്പോൾ കുറച്ചു കാലങ്ങൾ വല്ലാത്ത ബുദ്ധിമുട്ട് തന്നെയായിരുന്നു അന്നൊക്കെ മുളകിടിച്ചതു മാത്രം കൂട്ടി ചോറ് തിന്ന ഒരുപാട് ദിവസങ്ങൾ ഉണ്ടായിരുന്നു… കടയിൽ നിന്നും കടം വാങ്ങുമ്പോൾ കിട്ടാറുണ്ടായിരുന്ന പരിഹാസങ്ങൾ വീട്ടിൽ അമ്മയുടെ മുൻപിൽ വന്ന് പറഞ്ഞു കരയാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അമ്മയും എന്റെ കൂടെ കൂടിയിട്ടുണ്ട് !! സ്കൂളിലെ വിനോദയാത്ര പോകുന്ന സമയം അമ്മാവന്മാരുടെ മുൻപിൽ കാശിനായി ഇരന്നു നിന്നിട്ടുണ്ട്. കിട്ടിയിട്ടില്ല, അന്ന് പോകുവാൻ കഴിഞ്ഞിട്ടുമില്ല. ഇതൊക്കെ അന്ന് ഒരുപാട് സങ്കടം മാത്രമേ തന്നിട്ടുള്ളൂ, അന്നൊക്കെ രഹസ്യമായി ഒരുപാട് കരഞ്ഞിട്ടുമുണ്ട്. ചില അവസ്ഥകൾ അങ്ങനെയായിരുന്നു അതൊക്കെ ഇന്ന് പറയുമ്പോൾ വല്ലാത്തൊരു ചിരിയാണ് മുഖത്ത്. കാരണം ഞാൻ പഠിച്ചു വളർന്നത് ഇതുപോലെ ഉണ്ടായിരുന്ന അവസ്ഥകളിലും ദാരിദ്രത്തിലും ചവുട്ടി നിന്നാണ്. ഇപ്പോൾ നിവർന്നു നിൽക്കാനും ചിരിക്കാനുമൊക്കെ പഠിപ്പിച്ചതും ഈ അവസ്ഥകളാണെന്ന് പായുവാനാണ് എനിക്ക് ഏറെ ഇഷ്ട്ടം. മറച്ചു വെയ്ക്കുവാൻ താല്പര്യമില്ലാത്ത ഇനിയും ഒരായിരം കയ്പ്പുള്ള അനുഭവങ്ങൾ ഈ മഹാപാപിയുടെ കൂടെയുണ്ട്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പഠിച്ചു വളർന്നിട്ട് ഇന്നത്തെ തലമുറയുടെ ഓൺലൈൻ പഠനരീതികൾ കാണുമ്പോൾ ഒരായിരം പുച്ഛത്തിന്റെ നറു പുഞ്ചിരികൾ വാരി വിതറാം, കുട്ടികളെയോ മാതാപിതാക്കളെയോ കുറ്റം പറയാൻ ഞാനില്ല. ഇത് ശരിക്കുമൊരു കച്ചവടമാക്കി മാറ്റിയ സ്വകാര്യ വ്യക്തികളോട് ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? എന്തായാലും പഠിച്ചു പഠിച്ചു വളരട്ടെ എല്ലാ കുട്ടികളും…😊
Pwoliiiiii
LikeLiked by 1 person
❤️😍
LikeLike
😔👌😌
LikeLiked by 1 person
❤️😍😘
LikeLike
😂👍
LikeLiked by 1 person
😊😊🙏
LikeLike