ഒന്നു ചിരിച്ചു പോലും കാണിക്കാതെ മുടന്തി മുടന്തി നടന്നു പോയി.
നല്ലൊരു ദിവസം എന്നു പറയുന്നതിനേക്കാൾ കുറച്ചു സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്ന ദിവസമാണെന്ന് പറയാനാണ് എനിക്ക് താല്പര്യം. വൈകുന്നേരം ആയപ്പോഴാണ് പുറത്തേയ്ക്ക് ഒന്നിറങ്ങിയത്, ഒരു കൂട്ടിനായിട്ട് സ്കൂട്ടറിനെ കൂടെ കൂട്ടി !! ആളിപ്പോൾ പഴയതു പോലെയല്ല, അസുഖങ്ങളെല്ലാം മാറി പുതിയൊരു ജീവിതത്തിൽ ആണ് . വർക്ക്ഷോപ്പിൽ കുറച്ചു പൈസ മുടക്കിയാലെന്ത്, ഇവനൊന്നു പഴയതു പോലെ ആയല്ലോ !!
വഴിയിലേക്ക് എത്തിയതും പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വഴിയുടെ ഇരുവശങ്ങളിലും ആളുകൾ നിൽപ്പുണ്ട്, ചിലരാകട്ടെ വഴിയുടെ ഒത്ത നടുക്ക് നിന്ന് കാര്യമായ സംസാരത്തിലുമാണ്. അൽപ്പം കൂടി മുൻപിലേക്ക് ചെന്നതും അവിടെ ഒരു വീട്ടിൽ പന്തല് കണ്ടു, കൊള്ളാം അപ്പോൾ ഇവിടെ വന്ന നന്മമരങ്ങളാണല്ലേ റോഡിൽ തടസമായി നിന്നത് !!! എന്തായാലും ഇങ്ങനൊരു സമയത്ത് ഇതുപോലൊരു പരിപാടി സംഘടിപ്പിച്ചവർക്ക് ഒരായിരം സ്നേഹത്തിന്റെ, കരുതലിന്റെ പൂച്ചെണ്ടുകൾ.
പിന്നീടങ്ങോട്ട് വല്യ തിരക്കൊന്നുമില്ല. വഴിയരുകിൽ ഇളം വെയിലും കൊണ്ട് പരസ്പരം കുശലം പറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളും, അതെല്ലാം കേൾക്കാണെന്നവണ്ണം മരങ്ങളിൽ ചേക്കേറുന്ന പേരറിയാത്ത പക്ഷികൾ. എന്തു മനോഹരമാണ് ഇവിടം. മനോഹരമാക്കിയത് ഈ സായാഹ്നവും !! പതിയെ ഇതെല്ലാം ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. അധിക ദൂരം പിന്നിടുന്നതിനു മുൻപേ ഒരാൾ അകലെ നിന്നും കൈ വീശി കാണിച്ചുകൊണ്ട് നിൽക്കുന്നു. മുഷിഞ്ഞ ഷർട്ടും പാന്റും, മുടിയൊക്കെ അലസമായി പാറി നടക്കുന്നു. കയ്യിൽ ഒരു സഞ്ചി കാണപ്പെട്ടു, കാലിൽ വലിയൊരു വെച്ചുകെട്ടുമുണ്ട് !! ഞാൻ അൽപ്പം മാറ്റി വണ്ടി നിർത്തി. ദയനീയമായ കണ്ണുകൾ പാതിയടച്ചുകൊണ്ട് വയറിൽ തട്ടി മറുകൈ എന്റെ നേരെ നീട്ടിക്കൊണ്ട് അയാൾ മുടന്തി മുടന്തി വന്നു. അതെ കുറച്ചു നാളുകൾ മുൻപ് കണ്ട ഡാൻസർ ആണല്ലോ ഇത് !!!! കാലിന് എന്താണ് സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. ഞാൻ പോക്കറ്റ് മുഴുവൻ പരതി, ഭാഗ്യം നേരത്തെ എടുത്തിട്ട ഒരു പത്തു രൂപ കിട്ടി. ഞാൻ അത് അയാൾക്ക് കൊടുത്തു. ഒരു ചിരിയോ നന്ദിപറച്ചിലോ അവിടെയുണ്ടായില്ല. കിട്ടിയ പൈസ മുഷിഞ്ഞ പോക്കറ്റിൽ ഇട്ടുകൊണ്ട് മുടന്തി മുടന്തി അയാൾ തിരിച്ചു നടന്നു.
എന്തു ജീവിതമാണ്, അന്ന് കണ്ട ആളല്ല ഇപ്പോൾ! ഒരുപാട് ക്ഷീണിച്ചു അവശനായിട്ടുണ്ട്, കാലിലെ മുറിവിന്റെ ഗൗരവം ആ നടപ്പിൽ പ്രതിഫലിക്കുന്നുണ്ട്. എന്തിനായിരിക്കും ആ കാശ്?? കാശും വാങ്ങി മുഖത്ത് ഒരു ഭാവമാറ്റം പോലുമില്ലാതെ തിരിച്ചു പോയത് എന്തുകൊണ്ടായിരിക്കും?? ആ കാലിലെ മുറിവ് എന്തു സംഭവിച്ചതായിരിക്കും?? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കിയാണ് അയാൾ നടന്നകന്നത് !!!
ഇതുപോലെ എത്രയെത്ര മനുഷ്യർ ഇന്ന് തെരുവിലുണ്ട്, ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ഓരോ ദിവസവും നരകിച്ചു തീർക്കുന്നവർ !!! ആ അവസ്ഥയൊക്കെ വച്ചു നോക്കിയാൽ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്. കഴിക്കുവാൻ ഭക്ഷണവും, ചൂണ്ടി കാട്ടുവാൻ ഒരുപാട് ബന്ധങ്ങളും.അത്ഭുതം എന്തെന്നാൽ ഇന്ന് എല്ലാം നഷ്ടമായെന്ന് ചിന്തിച്ചു വിലപിക്കുന്ന മനുഷ്യൻ ഇക്കാര്യമൊക്കെ ചിന്തിക്കാതെ പോകുന്നു എന്നുള്ളതാണ് !!!!
അതെ ഞാനും നീയുമൊക്കെ ഭാഗ്യവാന്മാരാണ് !!!
ആരൊക്കെയോ ഉപേക്ഷിച്ച് തെരുവിൽ എത്തിപെട്ടവർ 😔
LikeLiked by 1 person
🙂
LikeLike
👍
LikeLiked by 1 person
❤️
LikeLike