ഇനിയൊരു കൂടോത്രം ആയാലോ??
“അച്ഛനു പണിയൊക്കെ ഉണ്ടോടാ? “
ഇല്ല ചുറ്റിനും വേറെ ആരുമില്ല അപ്പോൾ ചോദ്യം എന്നോട് തന്നെ
ഒന്ന് മൂളിക്കൊണ്ട് തലയാട്ടി !!!
“അവളെ ഞാൻ രാവിലെ കണ്ടാരുന്നു”
ആ പറച്ചിലിൽ അമ്മയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് പെട്ടന്ന് കണ്ടെത്തി വീണ്ടുമൊന്ന് മൂളിക്കൊടുത്തു !!!
സംഭവം ആളുമാറി ചോദിച്ചതാണ്, എന്നാലും അധികം സംസാരിച്ചു കൂട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും പാറ പോലെ ഉറച്ചു നിന്ന് മൂളി കൊടുത്തു.
“അമ്മ പറഞ്ഞാ, ആ സിന്ദൂന്റെ വീടിന്റെ വീടിന്റെ കിഴക്കൊറത്തു നിന്ന് ഒരു കുടം കിട്ടി “
സംശയത്തോടെയുള്ള എന്റെയും കടക്കാരന്റെയും നോട്ടത്തിന് മറുപടി എന്ന കണക്കിന് ആ അമ്മ കഥ മുഴുവൻ വിശദീകരിച്ചു. രാവിലെ കാട് വെട്ടി തെളിച്ചപ്പോൾ ഒരു കുഞ്ഞു മൺകുടവും അതിനുള്ളിൽ നിന്ന് കുറച്ചു ചില്ലറ പൈസയും കൂടെ കരിഞ്ഞ പൂക്കളും കിട്ടിയത്രേ !!! അയൽവക്കത്തെ (പേര് ഞാൻ ഓർക്കുന്നില്ല ) മനുഷ്യ ജീവികളുടെ കടുത്ത കൂടൊത്രമാണ്. എന്തായാലും സംഗതി കിട്ടിയ ഉടനെ ആളുകളെ വിളിച്ചു കൂട്ടി, കൂട്ടത്തിൽ തലമൂത്ത കിഴവൻ പുഴയിൽ ഒഴുക്കി കളയണമെന്ന അഭിപ്രായം ഉന്നയിച്ചപ്പോൾ യാതൊരു എതിർപ്പുമില്ലാതെ ഒട്ടും സമയം കളയാതെ പുഴയിൽ ഉപേക്ഷിക്കുകയുണ്ടായി.
കഥ പറഞ്ഞു കഴിഞ്ഞതും ഇടറിയ ശബ്ദത്തോടെ കക്ഷി പറഞ്ഞു.
“അവളും പിള്ളേരും എന്തോരം കഷ്ടപ്പെട്ട് ജീവിക്കുവാ, ഇത് ചെയ്തവനൊക്കെ നരകിച്ചു ചാവും “
കടക്കാരനും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു. അവർ തുടർന്നു
“ഇതൊക്കെ ഇക്കാലത്ത് ആരെങ്കിലും ചെയ്യണ കാര്യമാണോ, അല്ലേലും എന്ത് തെറ്റ് ചെയ്തിട്ടാണ്… ഇതിനൊക്കെ അനുഭവിക്കും. “
സാധനം വാങ്ങി കഴിഞ്ഞിട്ടും ഈ കഥ പറഞ്ഞു തീർത്ത അമ്മയുടെ മനസ്സ് ആരും കാണാതെ പോകരുത്. വളരെ ബുദ്ധിമുട്ടി വിതുമ്പിക്കൊണ്ട് പാവം പുറത്തേയ്ക്ക് നടന്നു. പിന്നീട് കടക്കാരൻ പോലും ഇതിന്റെ ബാക്കി പറയാൻ നിന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
കൂടോത്രം !!! ഒരുപാട് കേട്ടിട്ടുണ്ട്. അരൂപികളായ മൂർത്തികളെ വീടിന്റെ ഒരു മുറിയിൽ ആവാഹിച്ചു വെച്ചിരിക്കും. കഴിക്കുവാൻ മാംസവും കുടിക്കുവാൻ മദ്യവും (കൂടിയതൊന്നും വേണമെന്നില്ല കളറ് കലക്കിയ വിനാഗിരി ആയാലും മതി, ഇനി പെട്ടന്ന് കാര്യം സാധിക്കണമെങ്കിൽ മദ്യത്തിന് അൽപ്പം പണം മുടക്കം കേട്ടോ ). ഇനി മദ്യമില്ലെങ്കിൽ പൂവൻ കോഴിയുടെ തലയറുത്ത് ചൂട് ചോര കൊടുത്താലും മതി, അതാകുമ്പോൾ ആ കോഴിയെ തന്നെ കറിവെച്ചു അൽപ്പം കൊടുത്തിട്ടു ബാക്കി ചോറിനു കൂട്ടാം. അങ്ങനെയാകുമ്പോൾ മദ്യത്തിന്റെ കാശ് ലാഭം !!! ഇനി എല്ലാവരും ഉറങ്ങിയ ശേഷം കർമ്മങ്ങൾ ആരംഭിക്കുകയായി. കടുത്ത പ്രയോഗങ്ങളാണ് (ഗർഭിണികളും കുഞ്ഞു കുട്ടികളും ഇതൊന്നും വായിക്കരുത്, നിയമപ്രകാരമുള്ള മുന്നറിയിപ്പാണ് ). വായിൽ കൊള്ളാത്ത മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ദുഷ്ട്ട ശക്തിയെ പ്രീതിപ്പെടുത്തുന്നു, ശേഷം ഭക്തന്റെ ആവശ്യങ്ങൾ (അങ്ങനെ വല്യ മാറ്റമൊന്നുമുള്ള ആവശ്യങ്ങളല്ല!! അടുത്ത വീട്ടിലെ താമസക്കാരന്റെ നാശം, കുറേ കാശുണ്ടാവണം, ശത്രുവിന്റെ സർവ്വ നാശം…)എല്ലാം സാധിച്ചു കൊടുക്കണം. അതിനായി ചിത്രപ്പണികൾ ചെയ്ത കോഴിമുട്ടയിൽ (ഇനി താറാവിന്റെ ആയാലും കാക്കയുടെ ആയാലും പരാതിയൊന്നുമില്ല )എല്ലാ ആവശ്യങ്ങളും ആവാഹിക്കും എന്നിട്ട് ചെറിയൊരു കുടത്തിൽ അൽപ്പം പൂക്കളും നാണയവുമൊക്കെയായി ചുവന്ന പട്ടുകൊണ്ട് മൂടും. പ്രിയപ്പെട്ടവരേ സംഭവം ശരിയായിരിക്കുന്നു. ചുവന്ന പട്ടു മൂടിയ കുടം അതിൽ മുട്ട, അങ്ങനെ ശത്രുവിന്റെ വേരു മുതൽ പിഴുതെറിയാനുള്ള ആയുധം തയ്യാറായി കഴിഞ്ഞിരിക്കുന്നു !!! ഏതോ വീട്ടിലെ പാവം കോഴി ആശ്വാസത്തോടെ ഇട്ട വെളുത്ത മുട്ടയ്ക്ക് ഇപ്പോൾ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വില. കോഴിയുടെ ശ്വാസം മുട്ടി പോകുന്ന പണം കൊടുത്തു അതു വാങ്ങാൻ മനുഷ്യരും.!!!
ദയവു ചെയ്തു ഈ മുട്ടക്കഥ കോഴികളോട് പറയരുത്, ഇനിയൊരുപക്ഷെ അവറ്റകൾ ഹോർലിക്സും ബിരിയാണിയും കൊടുത്താലേ മുട്ടയിടു എന്നൊരു അവസ്ഥയിൽ എത്തിയാലോ !!!!
ശത്രുവിന്റെ പേരിലുള്ള ഭൂമിയിലൊന്നിൽ ഈ കൂടോത്രം നിക്ഷേപിക്കുമ്പോൾ ചടങ്ങ് പൂർത്തിയാകുന്നു. പിന്നീട് സംഭവിക്കുന്നതെല്ലാം ഈ കൂടോത്രത്തിന്റെ കളിയാണെന്ന് വിശ്വസിച്ചു പോരുന്നു !!!
എന്തൊക്കെ വിശ്വാസങ്ങളാണ് ഈ നാട്ടിൽ, കൊലുമിട്ടായി വാങ്ങാൻ തികയാത്ത ചില്ലറ പൈസയ്ക്കും അഞ്ചു രൂപ വിലയുള്ള കോഴി മുട്ടയ്ക്കും പറമ്പിലെ പൂക്കൾക്കും ലക്ഷങ്ങൾ വില, കൂടാതെ ഒരുപാട് പേരുടെ സമാധാനവും….
എന്തായാലും ഞാൻ സംഭവം തുടങ്ങിയാലോ എന്നൊരു ആലോചനയിൽ ആണ്. അതാകുമ്പോൾ വെറുതെ കുറച്ചു കാശു കിട്ടുമല്ലോ, കുറച്ചു മുട്ടയുടെ കാര്യമല്ലേ അതൊക്കെ ശരിയാക്കാം !! എന്തായാലും കൂടോത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട് ആവശ്യമുള്ളവർ ഈ മഹാപാപിയെ ബന്ധപ്പെടുക.
ഓം ഹ്രീം….
😆😆
LikeLiked by 1 person
😍😍
LikeLike
🤭😆👌
LikeLiked by 1 person
🤩🤩🤩🤩
LikeLike
ഒരു തകിടും ഏലസ്സും കൂടി ആയാൽ കച്ചോടം പൊടിപൊടിക്കാം……
LikeLiked by 1 person
പിന്നല്ലാതെ… 😍😘
LikeLike