കാഴ്ച്ച

രാവിലെ ഉറക്കം മാറി കണ്ണു തുറന്നപ്പോൾ കണ്ടത് ഒരുകൂട്ടം ഉറുമ്പുകളെയാണ്. കട്ടിലിന്റെ ഒരു മൂലയ്ക്ക് നിന്നും വൻ ജാഥയാണ്. ഞാൻ സൂക്ഷിച്ചൊന്നു നോക്കി, കുറച്ചു കക്ഷികൾ പറ്റിപ്പിടിച്ചിരിക്കുന്ന എന്തിന്റെയൊ ചുറ്റിനും നിന്നുകൊണ്ട് വല്യ ചർച്ചയിലാണ്. ഒരുപക്ഷെ പ്രാർത്ഥിക്കുന്നതുമാകാം. എന്റെ സംശയം അതൊന്നുമല്ല ഇതൊക്കെ എവിടുന്നാണ് വരുന്നത്, വരുന്ന കാര്യമൊക്കെ മാറ്റി നിർത്തിയാലും ഇങ്ങനൊരു തരി സാധനം ഇവിടെ പറ്റി ഇരുപ്പുണ്ടെന്ന് ഇവറ്റകൾ എങ്ങനെ കണ്ടുപിടിക്കുന്നു !!! അപ്പോഴാണ് അത് ശ്രദ്ധിച്ചത്, കുറെയെണ്ണം എന്റെ കയ്യിലും പുതപ്പിന്റെ വശങ്ങളിലുമൊക്കെ കയറിയിറങ്ങി നടക്കുന്നു. കയ്യിൽ ഒന്നു രണ്ടു സ്ഥലത്ത് ഇവറ്റകൾ കടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാലും എന്റെ പ്രിയപ്പെട്ട ഉറുമ്പുകളെ, ഈ പാപി നിങ്ങളോട് എന്ത് മഹാപാപമാണ് ചെയ്തത്?? എന്നാൽ ഒരു കൂസലുമില്ലാതെ അവറ്റകൾ നടപ്പ് തുടർന്നു. അഹങ്കാരികളായ എല്ലാത്തിയെയും തട്ടി തെറിപ്പിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് മുഴുവനൊന്ന് നോക്കി. ഭാഗ്യം അധികം അംഗബലം ഇല്ല !!! എല്ലാത്തിനെയും അധികം വൈകാതെ തന്നെ കട്ടിലിൽ നിന്നും ആട്ടിയോടിച്ചു.

അവറ്റകൾക്ക് ഇഷ്ടമുള്ളത് എവിടെ ഒളിപ്പിച്ചു വച്ചാലും എത്ര പെട്ടന്നാണ് കണ്ടുപിടിക്കുന്നത് !!! ഈ കഴിവൊക്കെ എനിക്കു കിട്ടിയിരുന്നെങ്കിൽ ചെറുപ്പത്തിലെ ഇട്ടൂലി കളിയുടെയും ഒളിച്ചു കളിയുടെയും തലത്തോട്ടപ്പൻ ആകാമായിരുന്നു. എന്തായാലും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. വീട്ടിലെങ്ങാനുമാണ് ഈ കൊച്ചു കഴുവേറികൾ കൂടുണ്ടാക്കി ജീവിച്ചിരുന്നെങ്കിൽ വെന്തു മരിച്ചേനെ. എന്താണെന്നല്ലേ ഇന്ന് നടക്കുന്ന തീയിടലും കത്തിക്കലും പോലെ എന്റെ വീട്ടിലും നടക്കും. ഒരു കക്ഷണം പത്ര പേപ്പറിൽ അടുപ്പിൽ നിന്നും തീ പിടിപ്പിച്ചിട്ട് അമ്മ ഇവറ്റകളെ കൊന്നു കളയുകയാണ് പതിവ്… !! ഉറുമ്പ് പൊടിയിട്ട് സമയം കളയാൻ താല്പര്യമില്ലാത്ത വ്യക്തി ആയതു കൊണ്ടൊന്നുമല്ല, അങ്ങനൊരു സാധനം വീട്ടിൽ സാധാരണ ഉണ്ടാകാറില്ലാത്തത് കൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നത്. അവിടെ മരണ വെപ്രാളത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പോലും അമ്മ വെറുതെ വിടാറില്ലായിരുന്നു. ഇങ്ങനെയൊക്കെ ചെയ്താലും തോൽക്കാൻ മനസ്സില്ലാത്ത ഉറുമ്പുകൾ വീണ്ടും വീണ്ടും കൂടുകൾ ഉണ്ടാക്കുകയും അമ്മയെ തന്നെ കടിക്കുകയും ചെയ്തിരുന്നു, ചിലപ്പോഴൊക്കെ എന്നെയും !!!

ഇതുപോലെ തന്നെ വീട്ടിൽ സ്ഥിരം വരുന്ന ഒരു മിമിക്രിക്കാരൻ വാലാട്ടി പക്ഷിയുണ്ട്, നല്ല കറുത്ത നിറമാണെങ്കിലും അസാധ്യ പ്രതിഭയാണ്. കോഴി, പൂച്ച അങ്ങനെ പല നമ്പറുകളും പുള്ളിയുടെ കയ്യിലുണ്ട്. പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ അമ്മയെ മാത്രം ഇഷ്ട്ടമല്ല. വീടിന്റെ അടുക്കളയുടെ മുൻപിലൂടെ പോകുന്ന സർവ്വീസ് വയറിൽ അമ്മയെ കാത്ത് ഇരിപ്പാണ്. പാവം ഒന്ന് പുറത്തിറങ്ങിയാൽ തലയിൽ കൊത്താനായി പറന്നു വരും. കുറച്ചു നാളുകൾ ഇതുപോലെ തുടർന്നു, അതിനെ പുറത്തു കണ്ടാൽ അമ്മ പുറത്തിറങ്ങാത്ത അവസ്ഥയുമായി !!!! എന്താണ് ഇതിന്റെ കാരണമെന്ന് ഇതുവരെ ഒരു അറിവുമില്ല…

കാര്യങ്ങൾ എന്തൊക്കെയായാലും ഉറുമ്പുകൾ ഇനിയും കൂടു കൂട്ടും, ആഹാരത്തിന്റെ തരികൾ വന്ന് കഴിക്കുകയും ഇടയ്ക്ക് മനുഷ്യരെ കടിച്ചു പറിക്കുകയും ചെയ്യും…പക്ഷികളിൽ ചിലത് ഇതുപോലെ വികൃതികൾ കാട്ടിക്കൊണ്ടുമിരിക്കും !!! അവരെ അവരുടെ വഴിക്കു വിടുക.ഭേപ്പൂർ സുൽത്താൻ പറഞ്ഞു വച്ചതു പോലെ “ഭൂമിയുടെ അവകാശികൾ “…

Published by KR

ഒരു സാധാരണക്കാരൻ... 😊

4 thoughts on “കാഴ്ച്ച

Leave a comment

Design a site like this with WordPress.com
Get started