നല്ലത് മാത്രം
പുറത്തൊക്കെ ഇപ്പോൾ നല്ല തിരക്കാണ് !! എന്തിനാണ് ഈ ജാഗ്രത നിർദ്ദേശങ്ങൾ എന്നൊക്കെ തോന്നിപ്പോകും വിധമുള്ള ആൾക്കൂട്ടങ്ങളും, കടകളിലെ തിരക്കുകളും. ഇതെല്ലാം കാണുമ്പോൾ ദേഷ്യം വരാൻ കാരണം മറ്റു ചിലരാണ്.
രണ്ടു ചെവികളിലും കൂടി തല താങ്ങി നിർത്തും വിധം താടിയിൽ മാസ്ക് അണിഞ്ഞു നിൽക്കുന്നവർ. പോലീസിനെ പേടിച്ചു മാത്രം മാസ്ക് ധരിക്കുന്ന ഇവറ്റകളെ കാണുമ്പോൾ വല്ലാത്ത ദേഷ്യമാണ് വരുന്നത്. ഇങ്ങനെ ഒന്നുരണ്ടെണ്ണത്തിനെ കണ്ടുകൊണ്ടാണ് വഴിയിലേക്ക് ഇറങ്ങിയത്, നേരത്തെ കണ്ടു ശീലിച്ചതുപോലെ തിരക്കൊഴിഞ്ഞ റോഡ് അല്ലായിരുന്നു. ഒരുപാട് വാഹനങ്ങൾ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ആക്കൂട്ടത്തിൽ ഞാനും.
അൽപ്പം മാറിയപ്പോഴാണ് വഴിയരുകിൽ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് താഴെ നോക്കി നടക്കുന്ന കക്ഷിയെ കണ്ടുമുട്ടിയത്. ആകെ കറുത്ത നിറം നന്നേ ചെറുതാണ്, നല്ല കറുപ്പായതു കൊണ്ടാവാം ആരോ അറിഞ്ഞു നൽകിയത് പോലെ ആ കുഞ്ഞ് വാലിൽ ഒരു വെളുത്ത പുള്ളിയുമുണ്ട് !!! അധികം വണ്ണവും പോക്കവുമൊന്നുമില്ലാത്ത ഒരു നാടൻ പട്ടി കുഞ്ഞ്. അൽപ്പം മാറ്റി വണ്ടി നിർത്തിയപ്പോൾ രണ്ടു ചെവികളും പിറകിലേയ്ക്ക് വെച്ച് വാലുമാട്ടിക്കൊണ്ട് എന്നെ ലക്ഷ്യമാക്കി ഓടി വന്നു. അടുത്ത് എത്തുന്നതിന് മുൻപ് തന്നെ പുള്ളി ഒന്ന് നിന്നു, വന്ന വഴിയ്ക്ക് എന്തോ കളഞ്ഞു പോയതുപോലെ തിരികെ നടന്നു. എന്താണ് സംഭവമെന്ന് പിടികിട്ടിയില്ല, കാര്യമെന്തായാലും സംഗതി സ്വർണ്ണ മോതിരമോ മറ്റോ ആണ് അല്ലെങ്കിൽ ഇതുപോലെ തിരിഞ്ഞോടേണ്ട കാര്യമില്ലല്ലോ !!! വഴിയരുകിൽ കാണുന്ന ഭക്ഷണ സാധനങ്ങളുടെ തരികളും മറ്റും തിന്നു ജീവിച്ച തെരുവ് നായ്ക്കൾ ഈ നാട് മുഴുവൻ വീട്ടിലിരിക്കുന്ന സമയം എങ്ങനെ ജീവിച്ചു എന്ന് ആരെങ്കിലും ആലോചിച്ചു കൂട്ടിയിട്ടുണ്ടോ??? ഭക്ഷണ ശാലകൾ ഒക്കെ അടച്ചു പൂട്ടിയപ്പോൾ മുതൽ പട്ടിണിയിൽ ആയി പോയ ഒരുപാട് ജീവനുകൾ അക്കൂട്ടത്തിൽ ഇല്ലേ??? ഇതൊക്കെ ആലോചിക്കാൻ ആർക്കാണ് സമയം, ആലോചിച്ചാൽ തന്നെ എന്തു ചെയ്യാൻ !! അതും ഒരു ജീവനാണ് എന്നൊരു വിചാരം ഉണ്ടായാൽ മാത്രം മതിയാകും, മിട്ടായി വാങ്ങി കളയുന്ന പത്തു രൂപ ഉണ്ടെങ്കിൽ പോലും അവറ്റകൾക്ക് എന്തെങ്കിലുമൊരു ഭക്ഷണ സാധനം വാങ്ങി കൊടുക്കാമല്ലോ. ഭ്രാന്ത് പറയുന്നതല്ല, കുട്ടിക്കാലത്ത് പട്ടിയെ കണ്ടാൽ കല്ലെടുത്തു പേടിപ്പിക്കുന്ന കാലമല്ലല്ലോ ഇത് മറിച്ചു മറ്റു ജീവചലങ്ങൾക്ക് വേണ്ടിയും സംസാരിക്കുവാൻ മനുഷ്യരുള്ള കാലമല്ലേ. അപ്പോൾ ഇക്കാര്യവും ഈ മഹാപാപിയ്ക്ക് സംസാരിക്കാം അല്ലേ…
ഇനിയും നന്മ വറ്റിപോകാത്ത ഒരു പ്രിയ സഖാവ് അർജുൻ ഗോപിയെ എനിക്കറിയാം. ഈ മനുഷ്യരെല്ലാം പുറത്തിറങ്ങാതെ പേടിച്ചു അകത്തിരുന്ന കാലത്ത്, ഒരു ബാഗ് നിറയെ ബിസ്ക്കറ്റ്കളുമായി കോട്ടയത്തു പല തെരുവുകളിലും ഇതുപോലെ വിശന്നു നടന്ന ഒരുപാട് വയറുകൾക്ക് അൽപ്പം ആശ്വാസം നൽകി. ഒന്നും രണ്ടുമല്ല അന്നത്തെ സ്ഥിതി വിശേഷങ്ങൾക്ക് ഒരു മാറ്റം വരുന്നത് വരെ ഇത് തുടർന്നു പോന്നു, ഇപ്പോഴും…
ഇനി ഭക്ഷണം കൊടുക്കാൻ മടിയുള്ളവർ ഇവറ്റകളെ ഉപദ്രവിക്കാതിരുന്നാലും മതി
സ്നേഹപൂർവ്വം,
മഹാപാപി
Kollallo kr
LikeLiked by 1 person
ഒരുപാട് നന്ദി ❤️
LikeLike
😍
LikeLiked by 1 person
😍
LikeLike