അവസാനം

“അയ്യോ കൊല്ലരുതേ…”

മനസ്സിനെ വല്ലാതെ വിഷമത്തിലാഴ്ത്തുന്ന ഈ നിലവിളിയ്ക്ക് പിന്നിലൊരു സംഭവമുണ്ട് !!!

ദയവു ചെയ്തു മനസ്സിന് കട്ടിയില്ലാത്ത കുഞ്ഞ് പുള്ളേരും ഗർഭിണികളും ഇത് വായിക്കരുത്, നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പാണ് !!

വളരെ ശാന്തമായ ഒരു ദിവസമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഫാനിന്റെ കാറ്റിൽ മതിമറന്ന് ഇരിക്കുമ്പോഴാണ് അകലെ വല്ലാത്ത ബഹളം അവരുടെ ശ്രദ്ധയിൽ പെട്ടത്. അകലെ സുഹൃത്തുക്കളുടെ നിലവിളിയും, ജീവനും കയ്യിലെന്തിയുള്ള ഓട്ടവും മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഒന്നായിരുന്നു. തലമൂത്ത കാരണവർ ഇതൊക്കെ കണ്ടുകൊണ്ട് സ്തംഭിച്ചു നിന്നു. കൂടെയുള്ള കുടുംബവും ഇതേ അവസ്ഥയിൽ ആയിരുന്നു. കൂട്ടത്തിൽ ഒന്നുരണ്ടു പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്, അകലെ നിന്നും ഓടിയ ചിലർ കാരനവരുടെ അടുത്തെത്തി അഭയം പ്രാപിച്ചു. ശെരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടത്തിലല്ലേ യഥാർത്ഥ നായകന്മാർ പിറവിയെടുക്കുന്നത് !!! ചിലരൊക്കെ ഈ നായകന്റെ അടുത്തെത്തുന്നതിന് മുൻപേ മരണപ്പെട്ടു. ഒരുപാട് കുടുംബങ്ങൾ നിശ്ശേഷം ഇല്ലാതായിരിക്കുന്നു, ജീവൻ ബാക്കിയുള്ളവരുടെ വീടുകളും സ്വന്തബന്ധങ്ങളും നഷ്ട്ടപ്പെട്ട അവസ്ഥ. എന്തു ചെയ്യാനാണ് പാവങ്ങൾ.

അന്തരീക്ഷത്തിൽ നിന്നും അവരുടെ വീടുകൾക്ക് മുകളിലായി വന്ന ശക്തിയേറിയ ഒരു വസ്തു എല്ലാറ്റിനെയും കറക്കിയെടുത്തുകൊണ്ടിരുന്നു, അതിനിടയിൽ പെട്ട ഒട്ടുമിക്കവരും മരണപ്പെട്ടു, ചിലരാകട്ടെ വീടിന്റെ അവശിഷ്ട്ടങ്ങൾക്കിടയിൽ കിടന്ന് കയ്യും കാലുമിട്ടടിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി യാതൊരു അറിവും ഇല്ലായിരുന്നു, ഇങ്ങനെ ഒരവസ്ഥയിൽ പെട്ടുപോയാൽ എന്തു ചെയ്യാനാണ്. ആകെ നിലവിളികളും കരച്ചിലുകളും മാത്രം. അങ്ങനെ ഒരുപാട് ജീവനുകളെ കൊന്നു തീർത്തുകൊണ്ട് കാരണവരുടെ വീടും കുടുംബവുമൊക്കെ ലക്ഷ്യമാക്കി അത് പതിയെ അടുത്തടുത്ത് വന്നു !!!

അഭയം പ്രാപിച്ചെത്തിയ ബുദ്ധിയുള്ള ചിലർ ഇതുകണ്ട് അവിടെ നിന്നും തടിതപ്പി, എന്നാൽ കാരണവർ ഇതൊക്കെ കണ്ടിട്ടും നെഞ്ചും വിരിച്ചങ്ങു നിന്നു. വീടിന്റെ ഒരാറ്റം തകരാൻ തുടങ്ങിയപ്പോഴും കാരണവർ അനങ്ങിയില്ല !!! ഇതേ സമയം സ്ത്രീ ജനങ്ങളും കുട്ടികളും ഉള്ള ജീവനും കൊണ്ട് പരക്കം പാഞ്ഞു. വീട് മുഴുവൻ തരിപ്പണമാക്കിയ ശേഷം അത് പതിയെ കാരണവരുടെ നേർക്ക് പാഞ്ഞടുത്തു !!!തൊട്ടടുത്ത് എത്തിയതും കക്ഷിയുടെ പിടിവിട്ടു, കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വലിയൊരു സാമ്രാജ്യത്തിന്റെ അധിപൻ അഥവാ കാരണവർ ഒടുവിൽ തന്റെ സാമ്രാജ്യത്തിന്റെയും പ്രജകളുടെയും ഇടയിൽ കിടന്ന് മരണപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. തന്റെ പ്രജകൾ കൂടെ കിടന്ന് അലമുറയിട്ടിട്ടും ഒന്നും ചെയ്യാനാകാതെ മറ്റുള്ളവരുടെ നിലവിളികൾ കേട്ടുകൊണ്ട് അങ്ങനെ കിടന്നു, തന്റെ അവസാനവും കാത്ത്…

“അയ്യോ കൊല്ലരുതേ… “

നിലവിളികൾ വീണ്ടും കേട്ടു, കൈകാലുകൾക്ക് അനക്കമില്ല. മരിച്ചിരിക്കുന്നു, കാരണവർ കൊല്ലപ്പെട്ടിരിക്കുന്നു അതും ഈ മഹാപാപിയുടെ കൈകൊണ്ട്. എന്തു ചെയ്യാനാണ് വല്ലാത്ത ശല്യമാണ് ഈ ഭിത്തിയുടെ മൂലകളിൽ പറ്റിയിരിക്കുന്ന ചുക്കിലിയും അതിലെ പ്രത്യേകതരം എട്ടുകാലികളും. ഇന്നെന്തായാലും അതു തീർന്നു…

ചോറുണ്ണുമ്പോൾ മാത്രം ടിവിയിൽ കാണിക്കുന്ന കൊഴുത്ത ഡോമെക്സിന്റെ പരസ്യം മുഴുവൻ കണ്ടു തീർക്കുന്നവരല്ലേ നമ്മൾ,അപ്പോൾ ഈ എഴുത്ത് വായിക്കുന്നതിൽ വല്യ തെറ്റൊന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു…

ഒരുപാട് സ്നേഹത്തോടെ

മഹാപാപി

@writeranandu

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “അവസാനം

Leave a comment

Design a site like this with WordPress.com
Get started