അച്ചാറും തണുത്ത വെള്ളവും
പത്തനംതിട്ട കളികൾ പറഞ്ഞു തന്ന സുഹൃത്തിന്റെ വെള്ളമടി കഥ അതിലും നന്നായി തോന്നി !!!
വെറുതെ ഇരുന്ന സമയത്താണ് കക്ഷി കാട് കയറി തുടങ്ങിയത്, പഴയ കാര്യങ്ങളൊക്കെ ഓരോന്നായി എന്നോട് പറഞ്ഞു തുടങ്ങി. നല്ലൊരു അനുഭവ കഥ പ്രതീക്ഷിച്ച എനിക്ക് അങ്ങോനൊന്ന് കിട്ടി…
യു. പി സ്കൂളിൽ പഠിക്കുന്ന സമയം അവരുടെ അവസാനത്തെ ക്രിസ്തുമസ് ആഘോഷം വന്നെത്തി. അവസാനത്തേത് എന്ന് പറഞ്ഞാൽ അവരെല്ലാം ഏഴാം ക്ലാസ്സിലാണ് അന്ന്. സൈക്കിൾ നല്ലതുപോലെ വഴങ്ങുന്ന എന്റെ സുഹൃത്തിന് അന്ന് ഒന്നും രണ്ടുമല്ല നാല് വീലുകളുള്ള ഒരു ഹിമാലയൻ സൈക്കിൾ ആണ് ഉള്ളത്. അന്ന് ക്ലാസ്സിൽ ആകട്ടെ നാല് ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ്, കൂട്ടത്തിൽ ഒരുത്തൻ ഒരു ജാതി പഠിപ്പിസ്റ്റും !!! അവനാകട്ടെ ഇവന്മാർ മൂന്നു പേരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചും ബാക്കി വരുന്ന പെൺകുട്ടികളുടെ കൂടെ സ്കൂൾ മുഴുവൻ കറങ്ങി നടന്നും ജീവിച്ചു പോന്നു. അതുകൊണ്ട് തന്നെ ഇവനെ ശല്യപ്പെടുത്താതെ ബാക്കി മൂന്നു പേരും കൂടി അടുത്തുള്ള കടകളിൽ നിന്നും അലങ്കാരത്തിനുള്ള സാധനങ്ങൾ വാങ്ങി സ്കൂളിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് അത് സംഭവിച്ചത്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവരുടെ സൈക്കിളിനു വട്ടം നിന്നുകൊണ്ട് ചെറിയ കുപ്പിയിലെ അൽപ്പം മദ്യം കാട്ടി ഒരു ചോദ്യം
അണ്ണാ അടിക്കുന്നുണ്ടോ…?
സംഭവം ഇവർ സീനിയർസ് അല്ലെ, ഒരെണ്ണമൊക്കെ അടിച്ചില്ലെങ്കിൽ എന്ത് ആഘോഷമാണ്. അങ്ങനെ മൂന്ന് സീനിയർ ചേട്ടന്മാരും ഈ പയ്യനും കൂടി മൂത്രപ്പുരയുടെ ഒരു മൂലയ്ക്ക് നിന്ന് വെള്ളമടി തുടങ്ങി. സംഭവം തനതു ശൈലിയിൽ തന്നെ അച്ചാറും, തണുത്ത വെള്ളവും !!! കുപ്പിയുടെ മൂട്ടിൽ കിടന്ന അര ഗ്ലാസ് മദ്യം കുടിച്ചു കുഞ്ഞ് പയ്യൻ നല്ലൊരു ഭ്രാന്തനായി മാറി, ബാക്കിയുള്ള മൂന്ന് സീനിയർ ചേട്ടന്മാർ ആടിയുലഞ്ഞു. ഇങ്ങനെ സംഗതി ആകെ കുളമായ അവസ്ഥയിൽ മൂത്രപ്പുരയിൽ നിന്നും പഠിപ്പിസ്റ്റ് സുഹൃത്ത് രംഗപ്രവേശം നടത്തി സുഹൃത്തുക്കളെ!!! ഇവരെ നാലുപേരെയും കണ്ടിട്ട് പന്തികേട് തോന്നിയ കക്ഷി കാര്യമെന്തെന്ന് തിരക്കിയതും എന്റെ സുഹൃത്ത് താഴെ കിടന്ന കുപ്പി എടുത്തു കാട്ടിയിട്ട് ധൈര്യത്തോടെ പറഞ്ഞു
“ദേ ഈ കുപ്പി മുഴുവൻ അടിച്ചു തീർത്തിട്ട് നിക്കുവാ… “
ഒരു തരി മദ്യം അകത്തു ചെന്നപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വലിയ ധീരനായി മാറിയിരുന്നു എന്റെ പ്രിയപ്പെട്ട സുഹൃത്ത്. എന്നാൽ ഈ മറുപടി കേട്ടതും സന്തോഷത്തോടെ തലയാട്ടി അവൻ ക്ലാസ്സിലേയ്ക്ക് നടന്നു. അധിക നേരം കഴിഞ്ഞില്ല കലിതുള്ളി ഒന്നു രണ്ട് അധ്യാപകർ സംഭവ സ്ഥലത്തെത്തി നാല് പാമ്പിൻ കുഞ്ഞുങ്ങളെയും പ്രധാനഅധ്യാപകന്റെ അടുത്തെത്തിച്ചു !!!! പിന്നത്തെ പുകില് പറയണ്ടല്ലോ അടിയും ചീത്ത പറച്ചിലിനും പുറമെ വീട്ടിൽ വിളിച്ചു പറയുന്ന ചടങ്ങിനും അവർ നാലുപേർ സാക്ഷ്യം വഹിച്ചു. തുടർന്നുള്ള കുറച്ചു ദിവസങ്ങൾ (അവധി ദിവസങ്ങൾ ) വല്ലാത്ത അവസ്ഥയിലായിരുന്നു എന്റെ സുഹൃത്ത്, വീട്ടു തടങ്കലും തെറിവിളിയും !!!
കഥ പറഞ്ഞു നിർത്തുമ്പോൾ നല്ല ചിരിയിലാണ് കക്ഷി. പണി കൊടുത്ത പഠിപ്പിസ്റ്റ് കൂട്ടുകാരനെ മാനസികമായി പിന്നീട് പീഡിപ്പിച്ച കാര്യവും വാ തോരാതെ പറഞ്ഞു തന്നു. കൂടാതെ അവൻ പിന്നീട് മദ്യ_പ്രദേശിൽ പോയെന്നും പിന്നീട് ഈയിടയ്ക്ക് തിരിച്ചു വന്നെന്നും കഥയുടെ അവസാനം പരാമർശിക്കുകയുണ്ടായി.
ചില കാര്യങ്ങൾ ഇങ്ങനെയാണ് ഇന്ന് നമ്മളെ വേദനിപ്പിക്കുന്ന പലതും നാളുകൾ കടന്നു ചെല്ലുമ്പോൾ പറഞ്ഞു ചിരിക്കുന്ന കേവലം തമാശകളിൽ ഒന്നായിരിക്കും…തീർച്ച!!!
👌👌👌
LikeLiked by 1 person
😍😍😍😍😍😍😘
LikeLike