രാത്രിയാണ് നല്ല നിലാവുള്ള കറുത്തിരുണ്ട രാത്രി !!!
ഈ പറയുന്ന കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികമാണ്….ദയവു ചെയ്തു അങ്ങനെ വിശ്വസിക്കുക, അല്ലാത്ത പക്ഷം ഇതൊരു ഏറ്റു പറച്ചിലോ ചുരുളഴിയുന്ന ഒരു രഹസ്യമോ ആയിപ്പോകും !!!
നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഒട്ടുമിക്കവർക്കും വൈകുന്നേര സമയത്തെ ആശ്വാസമായ കളിസ്ഥലങ്ങൾ ആയിരിക്കും, ഈ കഥയിൽ അത് ആക്കാംപാടം ആകുന്നു. വിഷുവിന്റെ തലേദിവസം രാത്രിയിൽ ഒട്ടുമിക്ക സുഹൃത്തുക്കളും അവിടെ ഒത്തുകൂടും. അതിരാവിലെ പ്രിയപ്പെട്ട നാട്ടുകാരെ കാട്ടി കൂട്ടുവാനുള്ള തട്ടിക്കൂട്ട് കണിയൊക്കെ ഒരുക്കിയെടുക്കും
സർവ്വ നാശത്തിലെത്തിയ കൃഷ്ണന്റെ പ്രതിമ പുതിയ പെയിന്റൊക്കെ അടിച്ചു കുട്ടപ്പനായി നടുക്ക് വെയ്ക്കും, ഈ കൃഷ്ണന്റെ പ്രതിമ കിട്ടിയതും ചെറിയൊരു കഥയാണ് എന്തായാലും ചുരുക്കി പറയാം. ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വാസമില്ലാതെ വന്ന ത്യാഗൻ എന്ന മഹദ് വ്യക്തി, കക്ഷി നാട്ടിലെ പഴയ തേങ്ങുകയറ്റക്കാരനാണ് ഇപ്പോൾ ബ്രഹ്മകുമാരിസിൽ ചേർന്നിരിക്കുന്നു അതാണത്രേ ജാതിയും മതവും !!! ലോകാവസാനം വന്നെത്തുമ്പോൾ നമ്മളെല്ലാം ജീവനും കയ്യിൽ പിടിച്ചു നെട്ടോട്ടമൊടുമ്പോൾ ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർ മാത്രം രക്ഷപ്പെടുമെന്നാണ് വെപ്പ്. അതുമാത്രമല്ല തെങ്ങുകയാറാൻ ഏതെങ്കിലും വീട്ടിൽ എത്തിയാൽ ആദ്യത്തെ അരമണിക്കൂർ ആത്മാവിനെ പറ്റിയുള്ള പ്രസംഗത്തിലും കക്ഷി ഏർപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ അയാളുടെ വീട്ടിൽ പണ്ടെങ്ങാണ്ട് വാങ്ങി വച്ചിരുന്ന കൃഷ്ണന്റെ താമസം വീടിന്റെ ഒരുമൂലയ്ക്ക് നിന്ന വാഴയുടെ ചുവട്ടിലായിരുന്നു !!! അങ്ങനെ അവിടെ നിന്നും ഞങ്ങൾ കണ്ടെടുത്ത് അദ്ദേഹത്തെ നല്ലൊരു ഉരുളിയുടെ നടുവിലെത്തിച്ചു. എന്തായാലും കൃഷ്ണൻ ഇപ്പോൾ ഹാപ്പിയാണ് കേട്ടോ. ഇനി വേണ്ടത് കുറച്ച് പച്ചക്കറികളും പഴവർഗങ്ങളുമാണല്ലോ അതിനായി കാശു മുടക്കുന്നത് മോശമായതു കൊണ്ട് തന്നെ അടുത്തുള്ള പറമ്പിൽ നിന്നുമൊക്കെ കട്ടു പറിച്ചു കൃഷ്ണന്റെ ചുറ്റിനും ഭംഗിയിൽ അടുക്കി വെയ്ക്കും, അല്ല ഈ ഉരുളിയുടെ നടുക്കിരിക്കുന്ന നീല മനുഷ്യന് കള്ളത്തരം കാണിക്കാമെങ്കിൽ പിന്നെ ഞങ്ങൾക്കെന്താണ് കുഴപ്പം???
അങ്ങനെ കണിയൊക്കെ ശരിയാക്കി പറമ്പിൽ കൊണ്ട് സുരക്ഷിതമായി വെയ്ക്കും. ഇനിയാണ് ശരിയ്ക്കുള്ള വിഷു തുടങ്ങുന്നത്, രാവിലെ വാങ്ങിയ കുപ്പി പൊട്ടിയ്ക്കുന്ന ചടങ്ങാണ് അടുത്തത്. കുപ്പി കാലിയായി വരുമ്പോൾ പതുക്കെ തമാശയും സംസാരവും ചിരിയുമൊക്കെയാകും. ആദ്യം കള്ളനെപ്പോലെ പതുങ്ങി പാടത്തു കൂടെ നടന്നതൊക്കെ പഴംകഥ മാത്രമായി തീരുന്ന നിമിഷമാണ് പിന്നീട്. തലകീഴായി കിടക്കുന്ന ഭൂമിയിലൂടെയാണ് പിന്നീട് കൃഷ്ണനുമായി നടക്കുന്നത്. കണി വീടിനു മുൻപിൽ വെച്ചിട്ട് പോക്കറ്റിൽ കരുതിയ ഒരു ഓലപ്പടക്കമെടുത്ത് കത്തി നിൽക്കുന്ന ചന്ദനത്തിരിയ്ക്ക് നല്ലൊരു ചുംബനം കൊടുത്തിട്ട് വീട്ടു മുറ്റത്തേയ്ക്ക് ഏറിയും. ചിലപ്പോഴൊക്കെ വീടിന്റെ അകത്തും ഇടാറുണ്ട്, വിഷുവൊക്കെ അല്ലെ അടിച്ചു പൊളിക്കണ്ടേ… ഉദ്ദേശം അത്ര മാത്രം !!
വീട്ടുകാർ കതകു തുറക്കുമെന്ന് കണ്ടാൽ ഉടനെ തന്നെ ഫോണിൽ നല്ലൊരു പാട്ടുമിട്ട് കണിയുടെ ചുവട്ടിൽ വെച്ചിട്ട് ഇരുട്ടിൽ പതുങ്ങിയിരിക്കും. കണിയൊക്കെ കണ്ടു കഴിഞ്ഞാൽ ഇരുട്ടിൽ നിന്നും ഒരു മുന്നറിയിപ്പ് കൊടുക്കും
“കാശ് അതിനകത്തു തന്നെ ഇട്ടാൽ മതി “
അവർ കാശുമിട്ട് അകത്തു കയറുമ്പോൾ എല്ലാവരും വെളിച്ചെത്തെത്തി കണിയുമെടുത്ത് അടുത്ത വീട്ടിലെത്തും. അൽപ്പം കാശു കൂടുതലുള്ള ഒരു വീട്ടിൽ നല്ലൊരു മാലപ്പടക്കം തന്നെ ഞങ്ങൾ പൊട്ടിച്ചിരുന്നു, എന്നിട്ടോ കതകും തുറന്നു വന്നിട്ട് കിഴവൻ ജീർണിച്ച അഞ്ചു രൂപ അതിൽ നിക്ഷേപിച്ചിട്ട് അകത്ത്തേയ്ക്ക് വലിയും. പൊട്ടിച്ച പടക്കത്തിന്റെ കാശ്പോലും തരാത്ത കാശുകാരൻ !!! വായിൽ വന്ന തെറിയൊക്കെ പറഞ്ഞുകൊണ്ട് അടുത്ത വീടുകളിലേയ്ക്ക് നടത്തമാണ് പിന്നീട്. എത്ര വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ഒരുമനുഷ്യന്റെ വീടിനു ചുറ്റും സിനിമ പാട്ടും പാടി കറങ്ങി നടന്നിട്ട് ഒടുവിൽ വീട്ടുമുറ്റത്തു നിന്ന് കളിയാക്കിയിട്ട് അടുത്ത മേച്ചിൽപുറം തേടി എല്ലാവരും അലഞ്ഞു. ഇതിനിടയിൽ വിയർപ്പു മുട്ടി പാവം നീല മനുഷ്യൻ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാവും !!!
ഈ കൃഷ്ണനെ കളഞ്ഞു കിട്ടിയ ത്യാഗഭഗവാന്റെ വീട്ടിൽ എത്തിയപ്പോഴാണ് അതിലും വലിയൊരു രസം. കണി വീടിനു മുൻപിൽ വെച്ചിട്ടും, വിളിച്ചിട്ടും ആരും എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല !! ആഹാ… അങ്ങനെവിട്ടാൽ പറ്റില്ലല്ലോ. തൊട്ടു മുൻപിലെ വലിയ മാവിൽ നിന്നും (ത്യാഗന്റെ തന്നെ മാവാണ്)ഒരുപാട് മാങ്ങ വീക്കി താഴെയിട്ടു. വാതിൽ തുറക്കാത്ത സങ്കടം ഞങ്ങൾ മാങ്ങ തിന്നു തീർത്തുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങി. കൂട്ടത്തിൽ ഒരുത്തനു അപ്പോഴും ദേഷ്യം തീർന്നില്ലല്ലോ, ഇന്നാടാ ഇത് പിടിച്ചോ എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന മാങ്ങയുടെ തലഭാഗം കടിച്ചു തുപ്പിയിട്ട് അയാളുടെ വീട്ടിലേയ്ക്ക് വലിച്ചൊരേറു കൊടുത്തു. “ബോംബ് ആണെടാ…”
പണി പാളിയല്ലോ നീലമനുഷ്യാ !!!
മാങ്ങ ശരിക്കുമൊരു ബോംബ് പോലെ കതകിൽ ചെന്നിടിച്ചു ചിതറി തെറിച്ചു. നിശബ്ദമായ രാത്രിയിൽ വലിയൊരു ബോംബ് പൊട്ടിയ ശബ്ദത്തിന് ഞങ്ങൾ സാക്ഷികളായി !!!
എല്ലാ മക്കളും ചിതറിയോടി, കൃഷ്ണനും കണിയുമൊക്കെ ഞങ്ങളുടെ മുൻപിൽ ഓടിക്കാണും. കാരണം പഴയ മുതലാളിയുടെ വീട്ടിലാണ് ബോംബ് വീണിരിക്കുന്നത് !!! അങ്ങനെ ഓടുന്ന സമയം കൂട്ടത്തിൽ പ്രിയപ്പെട്ടവന്റെ ചെരുപ്പ് പൊട്ടിയിട്ടു അതെടുക്കാൻ തിരിച്ച് ഓടി വരുമ്പോഴാണ് ബോംബെറിഞ്ഞ പ്രിയപ്പെട്ടവന്റെ പല്ലിലെ തിളങ്ങുന്ന കമ്പി അവന്റെ തലയിൽ മുട്ടിയൊരുമുന്നത്. നല്ലൊരു കൂട്ടിയിടി, തലയിൽ നിന്നും ചോരയൊലിച്ചു തുടങ്ങി. അവനെ പതുക്കെ പാടത്തു കൊണ്ടുപോയി കിടത്തി, വെള്ളമടിച്ചാൽ ആവശ്യത്തിന് കുടിക്കണം എന്നൊക്കെ പറഞ്ഞു പ്രഭാഷണം നടത്തിയ മറ്റൊരുവൻ വാള് വീശി ചുരുണ്ടതും ഇതേ പാടത്ത് തന്നെയായിരുന്നു. ആ കൊടും തണുപ്പത്ത് ആകാശവും നോക്കി ഞങ്ങളും പാവപ്പെട്ട കൃഷ്ണനും വിഷു പുലരി ആഘോഷമാക്കി. കൊള്ളാം മറക്കാനാവാത്ത ഒരു വിഷുക്കണി !!!
ഇതിൽ ഈ മഹാപാപിയും സുഹൃത്തുക്കളും ഉണ്ടെന്ന് തോന്നിയാൽ അത് യാഥർശ്ചികം മാത്രം.
ഓർമ്മകൾ എല്ലാം മധുരം നിറഞ്ഞതാണ്…
പ്രിയപ്പെട്ട നീലമനുഷ്യാ ഞങ്ങളോട് ക്ഷമിക്കുക…
😆😆
LikeLiked by 1 person
❤️🤝
LikeLike
😍😍😍👍
LikeLiked by 1 person
😍😍😍
LikeLike