കഴിഞ്ഞ ദിവസം പറയാൻ ബാക്കി വച്ചത് !!!
ഒന്നു രണ്ടു മുഖങ്ങൾ പുറത്തേയ്ക്ക് നോക്കി നിൽപ്പാണ്, ബാക്കിയുള്ളവയെല്ലാം ഉള്ളിലാണ്. എത്ര നേരമായെന്നോ എവിടെ നിന്ന് വരുന്നതാണെന്നോ അറിയില്ല.മുഖത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ട് കാണാനുണ്ട് !!! സംസാരിക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപക്ഷെ ഈ നാൽക്കാലികൾക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു. കൊതുമ്പു വള്ളം പോലെ ഒരു കൊതുമ്പ് ഓട്ടോയുടെ പിറകിലാണ് അവറ്റകളുടെ നിൽപ്പ്. ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്ന ഈ നാൽക്കാലികൾ എന്തു പാപം ചെയ്തിട്ടാണെന്ന് മാത്രം മനസിലാകുന്നില്ല.
വൈകുന്നേരത്തെ യാത്രയിൽ കണ്ടൊരു കാഴ്ചയാണ്. ഇതൊക്കെ കാണുവാനും എതിർക്കുവാനും കൂടി മനുഷ്യർ സമയം കണ്ടെത്തിയിരുന്നെങ്കിൽ ഒരുപാട് നന്നായിരിക്കും എന്ന് തോന്നുന്നു. ഇതെങ്ങനെ ഇത്രയും സാധുക്കളെ ഇതിൽ കുത്തി നിറച്ചെന്ന് അത്ഭുതം തോന്നിപ്പോകും. ആ ഓട്ടോയുടെ പുറകെ പോയിരുന്ന മറ്റൊരു യാത്രക്കാരനും ഒന്ന് നോക്കുന്നു പോലുമില്ല, എല്ലാവർക്കും ഒരുപാട് തിരക്കുകളല്ലേ. ഇതുപോലെയുള്ള കാഴ്ചകളും കാര്യങ്ങളുമൊന്നും കണ്ണു തുറന്നു കാണുവാനുള്ള കഴിവൊന്നും ഇന്ന് മനുഷ്യനില്ലാതെ പോയിരിക്കുന്നു. ഇവിടെ ചീഞ്ഞു നാറിയ സമൂഹത്തിനു വേണ്ടത് അതിലും ദുർഗന്ധം വമിക്കുന്ന വാർത്തകളും കാഴ്ചകളുമാണ്. മാധ്യമങ്ങളും മനുഷ്യരുമൊക്കെ അതിന്റെ പിന്നാലെ തന്നെയാണ്.
ആ സാധു മൃഗങ്ങളെയും കൊണ്ട് ഓട്ടോ ചീറി പാഞ്ഞു. ഞാൻ തിരികെ വീട്ടിലേയ്ക്കും, വരുന്ന വഴിയിലൊക്കെ അവറ്റകളുടെ ദയനീയമായ നിൽപ്പും ആ നോട്ടവുമൊക്കെയാണ് മനസ്സ് മുഴുവൻ. ഇതുപോലെ ചെയ്യുന്ന നന്മമരങ്ങളെയെല്ലാം വായു പോലും കടന്നു ചെല്ലാത്ത മുറിയിൽ കുത്തി നിറച്ച് പൂട്ടിയിടണം. ഇതുപോലൊരു കേരളാ ട്രാജടിയും നടത്തി അതിനു തൊട്ടു മുൻപിലിരുന്ന് ചീട്ടു കളിക്കാൻ ഈ മഹാപാപി തയ്യാറാണ്. മുൻപേ പറഞ്ഞത് പോലെയുള്ള എല്ലാ നന്മമരങ്ങളെയും ഞാൻ ഒരുപാട് സ്നേഹത്തോടെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചുകൊള്ളുന്നു…
ഇവിടെ പാപം ചെയ്യുന്ന മഹാപാപിയും കല്ലെറിയും !!!
സ്നേഹപൂർവ്വം,
മഹാപാപി