ഓർമ്മകൾക്ക് ആകെ മൊത്തം മധുരമേറുന്നുണ്ടെങ്കിലും ചിലത് വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരിക്കും. ഇനി അതെല്ലാം മറന്നു കളയാമെന്ന് വെച്ചാലോ വീണ്ടും വീണ്ടും അതിങ്ങനെ നീറിക്കൊണ്ടിരിക്കും. ഈ ഓർമ്മകൾ എല്ലാം മനസ്സിനെ വല്ലാതെ കനമുള്ളതാക്കി മാറ്റിയിരിക്കുന്നു, ഇനിയിപ്പോൾ പ്രിയപ്പെട്ടതെന്ന് വിശ്വസിച്ചു വച്ച ചിലതു കൂടി മറന്നു കളയാമെന്ന ആലോചനയിലാണ്…എല്ലാം മറന്നു പോകുന്നതിനു മുൻപേ തന്നെ പറഞ്ഞു തീർക്കാമെന്നും വിശ്വസിക്കുന്നു.
ഉണ്ണിക്കുട്ടൻ
അങ്ങനെ കൂട്ടുകാരുമൊക്കെയായി പറമ്പിലൊക്കെ തേരാപാര കളിച്ചു നടക്കുന്ന സമയമാണ്. ഉച്ച സമയം വിശ്രമ സമയമായതുകൊണ്ട് തന്നെ അന്ന് വല്ലാത്ത വിശ്രമമൊക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു സംഭവം അങ്ങോട്ട് ഉണ്ടാക്കി, ഷാമ്പേയ്ൻ.
നല്ല തേയില വെള്ളത്തിൽ ഷാമ്പു, സോപ്പു പോടി എന്നിവ തോന്നിയൊരു അനുപാതത്തിൽ കലക്കി പറമ്പിൽ കിടന്ന കുപ്പിയിൽ നിറച്ചു. കുലുക്കി കുലുക്കി കുറച്ചു പത വരുത്തുവാനും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ കണ്ടാൽ ഒന്ന് കുടിക്കാനൊക്കെ തോന്നിപോകും. എന്തായാലും സംഗതി ശരിയാക്കിയിട്ട് പതുക്കെ പറമ്പിന്റെ താഴ്ഭാഗത്തുള്ള കൈതക്കാട്ടിൽ കൊണ്ടേ ഒളിപ്പിച്ചുവച്ചു. പൊടുന്നനെ എല്ലാവരും പുതിയൊരു പദ്ധതിയിലേയ്ക്ക് കടന്നു. കൂട്ടത്തിൽ ഒരുത്തൻ, പേരുമായി പൊരുത്തക്കേടുള്ള ശരീരവുമായി ഒരുപാട് സ്നേഹത്തോടെ കൂടെയുള്ളവൻ ;ഉണ്ണിക്കുട്ടൻ !!ഇങ്ങനെ കുപ്പിയിൽ എന്തു കലക്കി വച്ചാലും കുടിച്ചു തീർക്കാനുള്ള കഴിവ് അവനുണ്ട് !! അതു തന്നെ പദ്ധതി. എല്ലാവരും അടിച്ചു ഓഫ് ആയതുപോലെ അഭിനയിക്കാം, അതുകണ്ട് അവൻ വിശ്വസിച്ചു പോണം. എന്നിട്ട് ആ കുപ്പിമുഴുവൻ കുടിച്ചു തീർക്കണം. സംഭവം ഇത്ര മാത്രം.
പറമ്പിലേയ്ക്ക് അവൻ കാലെടുത്ത് വച്ചതും അഭിനയം തുടങ്ങി. ഈ അഭിനയത്തിന് അംഗീകാരം തരുവാൻ ആളില്ല, ഒരുപക്ഷെ സിനിമാ ലോകത്ത് പോലും കാണാൻ ഇടയില്ലാത്ത വിധം അഭിനയം.
“ജോബി വന്നപ്പോൾ കൊണ്ടുവന്ന സാധനമാണ്, കറങ്ങി പോകും “
പാവം ഇതു കേട്ടപാടെ കൈതക്കാടിന് അടുത്തെത്തി പതിയെ കുപ്പിയെടുത്ത് സംശയത്തോടെ നോക്കി.
“പിന്നെ ഷാമ്പേയ്ൻ എങ്ങനെയാ ഇരിക്കുന്നത് “
തീർന്നു സംശയം തീർന്നു അവൻ പതിയെ ഒന്ന് മൊത്തി, പിന്നീട് അതു മുഴുവൻ അകത്താക്കി. ആടിയുലഞ്ഞും കൊഴഞ്ഞു സംസാരിച്ചും രംഗം ഞങ്ങൾ ഭംഗിയാക്കിയത് കൊണ്ടുതന്നെ സംഭവം മുഴുവൻ കുടിച്ചു വറ്റിച്ചിരുന്നു .
പിന്നത്തെ കാര്യം പറയണ്ടല്ലോ, വീട്ടിൽ ചെന്നിട്ട് കുളത്തിലെ വെള്ളം പകുതി കോരി വറ്റിക്കേണ്ടി വന്നു ഷാമ്പേയ്ൻ പാർട്ടിയുടെ കെട്ടിറങ്ങാൻ. ഇത്രയും അനുഭവിച്ചവൻ അടുത്ത ദിവസം പറഞ്ഞത് ഇങ്ങനെ.
“കുടിച്ചപ്പോൾ നല്ല സോപ്പുപൊടിയുടെ മണമുണ്ടായിരുന്നു, അപ്പോഴേ സംശയം തോന്നിയതാ… “
(എല്ലാവരും നല്ല ചിരി പാസാക്കി )
ഇങ്ങനെ സംശയിച്ചിട്ടും ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി അതു മുഴുവൻ കുടിച്ചു വറ്റിച്ച ഉണ്ണിക്കുട്ടന് ഒരായിരം അഭിവാദ്യങ്ങൾ !!!! കൂടെയുണ്ടായിരുന്ന അഭിനയ കുലപതികൾ സൗരവ്, ജോബി എന്നിവർക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു.
ഇങ്ങനെ ഒരായിരം പാപങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട് ഈ മഹാപാപി… 😊
എഴുതിയാലും തീരാത്ത പാപ കഥകൾ.. 🙏
😂😂😂
LikeLiked by 1 person
😊😊😊
LikeLike