കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി.
വെറുതെ വഴിയേ പോയവന്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയ അവസ്ഥയായി. കയ്യിൽ എന്തൊക്കെയോ സാധനങ്ങളുമായി നടന്നു പോകുകയായിരുന്നു അവരെല്ലാം. പെട്ടന്ന് എതിരെ വന്ന കുറച്ചു കക്ഷികൾ കയ്യിലിരുന്ന അമൂല്യമായ വസ്തുവിന് വേണ്ടിയൊരു വൻ പിടിവലി നടന്നു. ഇതൊക്കെ കണ്ട് ഞാൻ അതിശയപ്പെട്ടുപോയി. സിനിമയിലായിരുന്നേൽ പിന്നേം വിശ്വസിക്കാം. അല്ലേൽ അവിടെ എന്തെങ്കിലും ബഹളമോ മറ്റോ ഉണ്ടാകണമല്ലോ എങ്കിലല്ലേ അതൊന്ന് ഉൾക്കൊള്ളാൻ കഴിയൂ !!!സാധനങ്ങളുമായി പോയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒന്നു രണ്ട് മല്ലന്മാർ കൂടി രംഗ പ്രവേശനം നടത്തിയപ്പോൾ സംഗതി ഉഷാറായി. പിടിച്ചു പറിക്കാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചില വിരുതന്മാർ ജീവനുംകൊണ്ട് പാഞ്ഞു !!! ഒരുപക്ഷെ അവരായിരിക്കും ഇങ്ങനൊരു ആശയം കൊണ്ടുവന്നത്, പ്രശ്നം ഗുരുതരമാകുമ്പോൾ അതുണ്ടാക്കിയവർ വലിയുന്നത് സർവ്വ സാധാരണമാണല്ലോ. ഇവിടെയും അതു തന്നെ സംഭവിച്ചു.
അതൊരു യുദ്ധം പോലെയായി, ആകെ വഴക്കും ബഹളവും. കുറച്ചുപേർ മാത്രമുണ്ടായിരുന്ന സദസ്സിൽ ഇപ്പോൾ നിറഞ്ഞു കവിഞ്ഞു ആളുകൾ…
അത്ര വിലമതിപ്പുള്ള എന്തിനു വേണ്ടിയാണ് ഈ പിടിവലിയും തല്ലുമൊക്കെ നടക്കുന്നത്?? വല്ലാതെ കുഴഞ്ഞു പോകുമല്ലോ !!!പതിയെ അടുത്തേയ്ക്ക് ചെന്ന് നോക്കി, ചിലർ സാധനങ്ങൾ ഈ പ്രശനത്തിന്റെ ഇടയിൽ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇനിയൊരു ലോക മഹായുദ്ധം വരുമെങ്കിൽ അത് കുടിവെള്ളത്തിനു വേണ്ടിയായിരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്, ഇവിടെ യുദ്ധം ഉണ്ടായിരിക്കുന്നതാണ് പഞ്ചസാരയ്ക്ക് വേണ്ടിയാണ്. ഒന്നുമില്ലേലും ശരീരത്തിന് ദോഷം ചെയ്യുന്ന ഈ സാധനത്തിനു വേണ്ടിയാണ് ഇതെല്ലാം നടന്നതെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്.
അല്ലയോ കറുത്ത ഉറുമ്പുകളെ എന്തിനാണ് ഇത്ര ആർത്തി, മറ്റുള്ളവരുടെ കയ്യിലുള്ളത് കണ്ടിട്ട് ഇത്രയും വലിയൊരു പ്രശ്നം ഇവിടുണ്ടാക്കിയത് മര്യാദയായില്ല !ഒരു വാക്ക് പറഞ്ഞിരുന്നേൽ ആയുഷ്ക്കാലം തിന്നാനുള്ള പഞ്ചസാര ഞാൻ തരുമായിരുന്നല്ലോ !!!
ആ പ്രശ്നം അവസാനിപ്പിക്കാൻ അവറ്റകൾ തയ്യാറായിരുന്നില്ല. കൂടാതെ പിടിവലികൾ തുടർന്നുകൊണ്ടിരുന്നു. പഞ്ചസാര തരിയുമായി പോയ ഒരു കറുമ്പനെ ഞാൻ ജനൽ പടിയിൽ നിന്നും താഴേയ്ക്ക് തള്ളിയിട്ട് കൊന്നു.പെട്ടന്ന് എല്ലാം ചിതറിയോടി !!!ബാക്കിയായി കിടന്ന രണ്ടു മൂന്ന് പഞ്ചസാര തരികൾ ഞാൻ തട്ടി പുറത്തേയ്ക്ക് ഇട്ടു. അതിശയമെന്ന് പറഞ്ഞാൽ മതിയല്ലോ പഞ്ചസാര ചുമന്നുകൊണ്ട് വന്നവർ ഇപ്പോൾ അംഗവൈകല്യം സംഭവിച്ച ഒന്നുരണ്ട് ഉറുമ്പുകളെ ചുമലിലേന്തി നടന്നു പോകുന്നു. കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു, ഈ യുദ്ധത്തിൽ അപകടങ്ങളൊന്നും സംഭവിച്ചിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കാം. കാരണം അതിനു മുൻപേ ഈ മഹാപാപിയുടെ കൈകൾ തടസം നിന്നല്ലോ !! ഇതൊന്നും അറിയാതെ മറ്റൊരുത്തൻ അൽപ്പം ദൂരെ നിന്നും കയ്യിൽ ഒരു മുഴുത്ത പഞ്ചസാര തരിയും പേറി നടന്നു വരുന്നുണ്ടായിരുന്നു. അൽപ്പം മുൻപായിരുന്നേൽ അതിനെയും ഞാൻ കൊന്നേനെ !! ഭാഗ്യവാൻ…
പോയ വഴിയേ തന്നെ പൊയ്ക്കോണം എല്ലാവരും, ഇനി ഇമ്മാതിരി വഴക്കും ബഹളവുമായി ഈ വഴിക്ക് വന്നേക്കരുത്, ഇങ്ങനെ അന്തസായൊരു താക്കീതും കൊടുത്തുകളയാം അല്ലെ…
🤩
LikeLiked by 2 people
❤️❤️
LikeLiked by 1 person
Adipoli
Ithoke ngne pattunnnu
LikeLiked by 1 person
ഇതെല്ലാം ഒരു തട്ടിക്കൂട്ടല്ലേ 🤣☺️🙏
LikeLike