പവർ…..അതൊരു സംഗതിയാണ് അങ്ങനെയിങ്ങനെയൊന്നും ആർക്കും കിട്ടില്ല !!!
പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ ഒരു ചെറിയ വല്യ കഥയാണ്, അന്ന് കയ്യിൽ കുറെയധികം ചരടുകൾ ഉണ്ടാകും. അമ്മയുടെ അതിരു കവിഞ്ഞ ഭക്തിയും സ്നേഹവും കരുതലുമെല്ലാം കയ്യിലെ ചരടുകളുടെ എണ്ണത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും അതിന് കുറവൊന്നുമില്ല കേട്ടോ…

അന്ന് കയ്യിൽ ചരട് കെട്ടി തരുമ്പോൾ ശക്തി കിട്ടാനാണെന്ന് അമ്മ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാനും അതൊക്കെ അതിരുകടന്ന് വിശ്വസിച്ചു പോയി…കുഞ്ഞല്ലേ അത്രേം ബുദ്ധിയെ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കയ്യിൽ ചരടില്ലാതെ വന്നപ്പോൾ അമ്മാവന്റെ കടയിൽ നിന്നും ഇരന്നു വാങ്ങിയ ചുവന്ന ചരട് കയ്യിൽ മുറുക്കി കെട്ടിക്കൊണ്ട് പുള്ളിയുടെ മകളുടെ കൂടെ സ്കൂളിലേയ്ക്ക് വച്ചു പിടിച്ചു. നല്ല മഴക്കാലമായിരുന്നു, അന്നൊക്കെ നീലയും വെളുപ്പും കലർന്ന റബ്ബർ ചെരുപ്പുകൾ മാത്രമേ ഈ മഹാപാപിയുടെ കാലുകൾ കണ്ടിട്ടുള്ളു. അങ്ങനെയുള്ള ചെരുപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട് വെള്ളത്തിലൂടെ നടന്നാൽ താഴെ കിടക്കുന്ന ചെളിയും വെള്ളവും തലയുടെ പിന്നാംപുറത്ത് ഉമ്മ വയ്ക്കും !!! കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്, അങ്ങനെ കുറച്ചു ചെളി തെറിച്ചു കൂടെയുണ്ടായിരുന്ന മഹതിയുടെ പാവാടയിൽ തെറിച്ചു. പക്ഷെ അത് ചെരുപ്പിന്റെയല്ല മറിച്ചു കയ്യിൽ കെട്ടിയ ചരടിന്റെ ശക്തിയാണെന്ന് ഞാൻ വിശ്വസിച്ചു പോയി. സ്കൂളിൽ ചെന്നപ്പോൾ മുതൽ തിരിച്ചു വരുന്നതു വരെ ആ ശക്തിയുടെ കാര്യമായിരുന്നു സംസാരത്തിൽ ഉടനീളം !!!
അങ്ങനെ തിരിച്ചു പോരുന്ന വഴിയിൽ വെച്ച് അമ്മാവൻ കടയ്ക്ക് ഉള്ളിലിരുന്ന് കഷണ്ടി തലയുമായി കണ്ണാടിയ്ക്ക് ഇടയിലൂടെ കുഞ്ഞു കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി എന്നെ അടുത്തേയ്ക്ക് വിളിച്ചു. കാര്യം അടുത്തെത്തിയപ്പോഴാണ് മനസിലായത് പുള്ളിയുടെ മകളുടെ ദേഹത്ത് ഞാൻ ചെളി തെറിപ്പിച്ചത്രേ !!! ഞാനല്ലല്ലോ ഇയാള് രാവിലെ തന്ന ചരടല്ലേ പണി പറ്റിച്ചത്, മനസിൽ ഇതൊക്കെ പറഞ്ഞെങ്കിലും ഒന്നും പുറത്തേയ്ക്ക് വന്നില്ല. സ്നേഹം നിറഞ്ഞ മാതുലൻ പുറത്തേയ്ക്ക് ഒരു ചുവന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടിട്ട് അതിൽ കയറി നിൽക്കാൻ പറഞ്ഞു. തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല, പേടിയായിരുന്നു അന്നൊക്കെ. ഞാൻ പതിയെ അതിൽ കയറി നിന്നു. വഴിയിലൂടെ പോയ ചിലരൊക്കെ അത്ഭുതത്തോടെ നോക്കി, കടയിൽ വന്ന ചില നല്ല മനുഷ്യർ കളിയാക്കി ചിരിച്ചു. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി, നല്ല പോലെ വിശന്നു തുടങ്ങിയിരുന്നു. അമ്മാവനെ കാണുന്നേയില്ല, ദേഷ്യം കൊണ്ട് കയ്യിലെ ചരട് വലിച്ചു പൊട്ടിച്ചു നിലത്തെയ്‌ക്കേറിഞ്ഞു. ആകെ വിങ്ങി പൊട്ടി നിന്നപ്പോൾ അയാൾ കടന്നു വന്നു, വീട്ടിലേയ്ക്ക് പൊയ്ക്കോളാൻ പറഞ്ഞു. എന്നിട്ട് സ്നേഹപൂർവ്വം അയാൾ എന്നോട് ചോദിച്ചു,
“സോഡാ കുടിക്കണോ “
നിന്റെ അപ്പന് കൊടുക്കാൻ മനസ്സിൽ പറഞ്ഞെങ്കിലും അതും പുറത്തേയ്ക്ക് വന്നില്ല, വല്ലാത്ത വിഷമത്തോടെ മുഖം കുനിച്ചു വീട്ടിലേയ്ക്ക് നടന്നു. താമസിച്ചു ചെന്നതിന് അമ്മ വഴക്ക് പറഞ്ഞു തല്ലിയെങ്കിലും പേടിച്ചിട്ട് ഈ കാര്യം മാത്രം പറഞ്ഞില്ല.
എന്നാലും ഈ ചരടിന്റെയൊക്കെ ഒരു പവർ ഒന്നു വേറെ തന്നെയാണ്.

എന്റെ പ്രിയപ്പെട്ട അമ്മാവൻ ഇന്നും പൂർണ ആരോഗ്യവാനായി ടാക്സി ഹൗസ് ഒക്കെ നടത്തി, നാട്ടിലെ ഭൂരിഭാഗം മനുഷ്യരുടെയും വെറുപ്പ് സമ്പാദിച്ചു അന്തസോടെ ജീവിക്കുന്നു. ഇന്നും ആ കടയുടെ പരിസരത്തു നിൽക്കാൻ വെറുപ്പും അറപ്പുമാണ്… ഇപ്പോഴും ആ ദേഷ്യവും വെറുപ്പുമൊക്കെ മനസ്സിൽ നീറി നീറി കിടന്നിട്ടും “അമ്മാവോ ” എന്ന് ഞാൻ തികച്ചു വിളിക്കാറുണ്ട് !!! മനസിൽ പറയുന്നതൊക്കെ നമ്മുടെ ഇഷ്ടമല്ലേ, പുറമെ പറയുന്നത് മാത്രം അദ്ദേഹം കേട്ടാൽ മതിയെന്ന് ഈ മഹാപാപി കരുതും.അത്ര മാത്രം!!!!
കുട്ടിക്കാലത്ത് ചെരുപ്പിൽ നിന്നും തെറിച്ച അൽപ്പം ചെളി ഇത്ര മാത്രം വിഷയമാകാൻ കാരണം ഇനി ആ ചരടാണോ എന്നൊരു സംശയം ബാക്കി.
ഇനി നിങ്ങൾക്കും ഇതേ മാതിരി ശക്തിയുള്ള ചരട് വല്ലതും വേണമെങ്കിൽ എന്നോട് ധൈര്യമായി പറയാം, നേരത്തെ പറഞ്ഞത് പോലെ ഇന്നും എന്റെ പ്രിയപ്പെട്ട അമ്മാവൻ പൂർണ്ണ ആരോഗ്യവനായി നാട്ടിലുണ്ട് !!!!
😇🙃
LikeLiked by 1 person
❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘
LikeLiked by 2 people