ചിരി അങ്ങനെയാണല്ലോ…
നാളുകൾക്ക് മുൻപ് എഴുതിയതിൽ നിറഞ്ഞു നിന്ന അയൽ പക്കത്തുള്ള ഒരു അമ്മുമ്മയെ പറ്റിയാണ് ഇത്. മാറ്റാരുമല്ല “തെറി താങ്ങി പുള്ള്” എന്ന അനുഭവ കഥയിൽ പറഞ്ഞ ചന്ദ്രാമ്മയുടെ കാര്യമാണ് !!!
പാടത്തെ കളിയെല്ലാം കഴിഞ്ഞ് വീട്ടിൽ ചേക്കേറിയപ്പോഴാണ് അമ്മ കാര്യം പറഞ്ഞത് “ചന്ദ്രാമ്മയ്ക്ക് തീർത്തും വയ്യ “. കഷ്ട്ടം ഇടയ്ക്ക് ഇടയ്ക്ക് തെറിയും പറഞ്ഞു പരിചയം പുതുക്കിയിരുന്ന ആളിപ്പോൾ അവസാന സമയവും കാത്ത് കിടക്കുന്നു. അമ്മയും അച്ഛനും അങ്ങോട്ടേക്ക് പോയി,മരണം ഉറപ്പായപ്പോഴേയ്ക്കും ഞാൻ സുഹൃത്തുക്കളെ അറിയിച്ചു. ആകെ കരച്ചിലും ബഹളവും അവിടെ തളം കെട്ടി കിടന്നു. കൂട്ടുകാർ എല്ലാവരും ആ വീട്ടിലേയ്ക്ക് നടന്നു കൂടെ ഞാനും !!! വീടിന്റെ അടുത്ത് എത്തിയതും അമ്മയ്ക്ക് ഒരേ നിർബന്ധം
“അനന്ദു കുട്ടാ ദേ ഇവരുമായിട്ട് കേറി കണ്ടിട്ട് വാ “
ഇല്ലെന്ന് പല തവണ പറഞ്ഞിട്ടും നിർബന്ധിച്ചു അകത്തു കയറ്റി. ആ കിടപ്പിൽ തന്നെ ശരിയായ വാർദ്ധക്യം തെളിഞ്ഞു കാണാമായിരുന്നു. ചുറ്റിനുമിരുന്ന സ്ത്രീകൾ എല്ലാം കരച്ചിലാണ് !! പക്ഷെ ചന്ദ്രാമ്മയുടെ മുഖം മാത്രം പല്ലുകാട്ടി ചിരിച്ചു നിന്നു. ഇതു കണ്ടപ്പോഴേയ്ക്കും എല്ലാവരുടെയും മുഖത്തെ സങ്കട ഭാവമെല്ലാം മാറി മറിഞ്ഞു അതു പിന്നെ ചിരിയിലേയ്ക്ക് മാറി. പുറത്തേയ്ക്ക് വരാതിരിക്കാൻ വാ പൊത്തി പിടിച്ചു. “പ്രിയപ്പെട്ട ചിരിയെ,ഈ സമയത്ത് എന്തിനാണ് കടന്നു വരുന്നത്. ഇത്രയും ജനങ്ങൾ മുൻപിലിരുന്ന് കരയുമ്പോൾ പുറത്തേയ്ക്ക് വരുന്നത് മര്യാദയാണോ? “. എവിടെ കേൾക്കാൻ, ചിരി എല്ലാവരും പോത്തിപ്പിടിച്ചു നിൽക്കുന്ന സമയത്താണ് കൂട്ടത്തിൽ നിന്ന ഉണ്ണി കൃഷ്ണന് ഫോട്ടോയെടുക്കാൻ തോന്നിയത്. ചന്ദ്രാമ്മയുടെ ഫോട്ടോ ഒന്നും കയ്യിലില്ലാത്തത് കൊണ്ടാവാം പാവം ഫോണെടുത്ത് ഒരു ഫോട്ടോയങ്ങു കാച്ചി !!! ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ കേട്ടിട്ടെയുള്ളൂ ഇപ്പോൾ അതാണ് സംഭവിച്ചത്. ആ മഹദ് വ്യക്തിയുടെ ഫോണിന്റെ ഫ്ലാഷ് മിന്നി തെളിഞ്ഞു, പല്ലി ചിലയ്ക്കുന്നത് പോലെ ഒരു നേർത്ത ശബ്ദവും. കരഞ്ഞുകൊണ്ടിരുന്ന ചിലർ തിരിഞ്ഞോന്നു നോക്കി. കഴിഞ്ഞു എല്ലാം കഴിഞ്ഞു !!! ചിരി പൊട്ടി പുറപ്പെട്ടു, അതടക്കാൻ പാടുപെട്ടുകൊണ്ട് ഞാനും കൂട്ടുകാരും പുറത്തേയ്ക്ക് ഓടി. അമ്മ പുറകെ ഓടി വന്ന് വഴക്ക് പറഞ്ഞു കൊണ്ട് കയ്യിൽ അടിക്കുന്നുണ്ട്. എവിടെ നിൽക്കാൻ, ചിരിച്ചു തന്നെ തീർത്തു. പരസ്പരം മുഖത്ത് നോക്കുമ്പോൾ അതു പിന്നെയും വന്നുകൊണ്ടിരിക്കുന്നു. വളരെ മോശമാണെന്ന് മനസ്സിലുണ്ടെങ്കിലും ചിരി എങ്ങനെ നിർത്താനാണ് !!
അല്ലേലും തെറ്റ് പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഞങ്ങൾ പരമാവധി പറഞ്ഞതാണ് കേറി കാണുന്നില്ല എന്ന്. എന്നിട്ടും നിർബന്ധിച്ചു ആ മുറിയ്ക്കുള്ളിൽ കയറ്റിയ അമ്മ വല്യ ചതിയാണ് ചെയ്തത്.
ഈ പ്രശ്നങ്ങളെല്ലാം തീർത്തു വീടിന്റെ പുറകിലിരുന്നപ്പോഴാണ് സീരിയൽ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മറ്റൊരു കാര്യം നടന്നത്. അവിടുത്തെ ഇളയ പുത്രൻ കണ്ണൻ മുറ്റത്തു കൂടി നടക്കുന്നു. അവിടെ കിടന്ന ഇലയൊക്കെ ഫുട്ബോൾ തട്ടുന്നത് പോലെ തട്ടി തെറിപ്പിക്കുന്നു ! ഷാരൂഖാൻ പ്രണയ രംഗങ്ങളിൽ മുടി ചീകി ഒതുക്കുന്നത് പോലെ മുടിയൊക്കെ പിന്നിലേക്ക് ചീകി ഇരുട്ടിൽ നോക്കി നിന്നു. ഈ സംഭവങ്ങൾ ഒന്നുരണ്ടു വട്ടം തുടർന്നപ്പോൾ കാര്യം മനസിലായി, സംഭവം സങ്കടമാണ്. അവനെ അടുത്തേയ്ക്ക് വിളിച്ചു ഞങ്ങളുടെ നടുക്ക് ഇരുത്തി.
“എന്തു പറ്റിയെടാ സങ്കടമാണോ “
മറുപടിയ്ക്ക് പകരം അവൻ പൊട്ടി കരഞ്ഞു. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ നാശം പിടിച്ച ചിരി അപ്പോഴും വന്നു. ഒരുപക്ഷെ അൽപ്പം മുൻപ് നടന്ന സംഭവങ്ങളും ഇവന്റെ നടപ്പും ഭാവവുമൊക്കെ കണ്ടിട്ടാവാം. എന്നാൽ അവന്റെ സങ്കടം തീരുന്നതു വരെ കരയുവാൻ ഞങ്ങൾ അനുവദിച്ചു. തിരികെ വീട്ടിലേയ്ക്ക് പോരുമ്പോഴും ആ സംഭവങ്ങളൊക്കെ പറഞ്ഞു ഒരേ ചിരിയായിരുന്നു. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കടന്നു വരുന്ന ചിരി ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം തന്നെയാണ്, അല്ലേലും ഈ മഹാപാപിയ്ക്ക് ഇതെങ്ങനെ മറക്കുവാൻ സാധിക്കും.
എത്ര കുറ്റം പറഞ്ഞാലും മരിക്കുന്ന സമയം അവർക്കായി ഒരിറ്റു കണ്ണുനീർ പൊഴിച്ചുകൊണ്ട് മനുഷ്യൻ ഇങ്ങനെ പറയും.
“പാവം, എത്ര നല്ല മനുഷ്യനായിരുന്നു “
ഇവിടെ ഞങ്ങൾ അതീവ സങ്കടത്തോടെ ചിരിച്ചുകൊണ്ട് യാത്രയാക്കി, അതെ ഈ മഹാപാപിയും കൂട്ടുകാരും മേൽ പറഞ്ഞ മനുഷ്യഗണത്തിൽ പെടുന്നില്ല. ഇത് സത്യം…സത്യം…സത്യം !!!!