നല്ലകാര്യം അത്രമാത്രം !!

മഹാപാപങ്ങൾക്ക് ഇടയിൽ…

ആകെ തണുത്ത അന്തരീക്ഷമായിരുന്നു. പണ്ടൊക്കെ സ്കൂൾ തുറക്കുന്ന സമയത്തുള്ള ജൂൺ ജൂലൈ മഴയൊക്കെ ഇപ്പോൾ തോന്നുന്ന സമയങ്ങളിൽ പെയ്തു തുടങ്ങിയിരിക്കുന്നു, മൂടികെട്ടിയ ആകാശവും ചാറ്റൽ മഴയും ഈയിടയായി രാവിലെ മുതൽ വൈകുന്നേരം വരെ കിറുകൃത്യമായി വരുന്നുണ്ട്.

പുറത്തെ കുളത്തിലെ തവള സന്തോഷം കൊണ്ടായിരിക്കും എല്ലായ്പോഴും ആകാശത്ത് നോക്കി ഭംഗിയായി കരയുന്നുണ്ട്.” പ്രിയപ്പെട്ട തവളേ നീയിങ്ങനെ ഉച്ചത്തിൽ കരഞ്ഞാൽ പരിസരത്തുള്ള നീർക്കോലി നിന്റെ കഥ കഴിക്കും, അവൻ പതിയെ വന്ന് നിന്നെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ആലോചിച്ചിട്ട് കാര്യമില്ല “. ഇതൊക്കെ ആരോട് പറയാനാണ്, ഇനിയെങ്ങാനും ഞാൻ പറയുന്നത് ആ തടിയൻ തവളയ്ക്ക് മനസ്സിലായാൽ പിന്നെ കഴിഞ്ഞു കഥ. “പ്രിയപ്പെട്ട മഹാപാപി താങ്കൾക്ക് ഇക്കാര്യത്തിൽ എന്താണ് ഇത്ര ഉറപ്പ്? ഇനി പറഞ്ഞത് സത്യമാണെങ്കിൽ ജലദേവതയുടെ വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാൻ ധൈര്യമുണ്ടോ?? ” ഇങ്ങനെ ആ തടിയൻ തവള ചോദിച്ചാൽ പിന്നെ ആ കുളത്തിലെ മീനുകളും വെള്ളത്തിൽ പാറ്റകളും, വാൽമാക്രി കുഞ്ഞുങ്ങളും മറ്റു ചെറു ജീവികളും ചേരി തിരിഞ്ഞു വൻ പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ?? ആ കൊച്ചു കുളത്തിലെ സന്തോഷവും സമാധാനവും അസ്‌തമിക്കില്ലേ !!! ആമ്പൽ പൂവുകൾ സങ്കടത്താൽ വിരിയാതിരിക്കില്ലേ !!!

ഇല്ല ഞാനായിട്ട് അങ്ങനൊന്നും ചെയ്യില്ല, ആ തടിയൻ തവള കേൾക്കെ ഈ വക വർത്തമാനങ്ങളും ഞാൻ പറയില്ല.

കുളം നിറഞ്ഞു കവിഞ്ഞപ്പോൾ നഷ്ട്ടമായ മീനുകൾക്ക് പകരം ഭംഗിയുള്ള ഗപ്പികളെയും മറ്റും ഈയിടെ ഇട്ടിരുന്നു. കാണുന്നില്ല ഒന്നിനെയും, ഇനി രാവിലെ ഇതിന്റെ പരിസരം വഴി കറങ്ങി നടക്കുന്ന കൊക്ക് തിന്നു തീർത്തോ എന്നറിയില്ല. വാലിലെ മനോഹരമായ നിറങ്ങൾ കണ്ട് ഒരുപക്ഷെ ആ കള്ള കൊക്ക് കോത്തിപ്പെറുക്കി തീർത്തു കാണുവായിരിക്കും !!!

തീറ്റ ഇട്ടുകൊടുത്തപ്പോൾ സ്ഥിരം കക്ഷികൾ വന്ന് വട്ടമിട്ടു തുടങ്ങിയപ്പോൾ ആമ്പലിന്റെ വലിയ ഇലകൾക്ക് ഇടയിൽ നിന്ന് വാലിലെ നിറങ്ങളെല്ലാം അഹങ്കാരത്തോടെ കാട്ടി അവറ്റകളും വന്നു. ഭാഗ്യം ജീവനോടെയുണ്ട് !! ഓരോ സമയവും ഇങ്ങനെ തീറ്റ കൊടുക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് മനസ്സ് മുഴുവൻ, ആർത്തിയോടെ മീനുകൾ വട്ടമിട്ടു നീന്തി കളിച്ചുകൊണ്ട് അത് പതിയെ കഴിച്ചു തീർക്കും. ചെയ്തു കൂട്ടിയ മഹാപാപങ്ങൾക്ക് ഇടയിൽ നല്ല മനസ്സോടെ ചെയ്തു തീർക്കുന്ന ഒരു നല്ലകാര്യം അത്ര മാത്രം.

പ്രതീക്ഷകളോടെ അവയിൽ ചിലത് സമയമാകുമ്പോൾ ഒരു സ്ഥലത്ത് ഒത്തുകൂടാറുണ്ട്, ഈ മഹാപാപിയുടെ വരവും കാത്ത്…

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “നല്ലകാര്യം അത്രമാത്രം !!

Leave a comment

Design a site like this with WordPress.com
Get started