കോളേജിലെ ഗുണ്ടയായിരുന്ന വനിത…
കിളി എന്ന് സ്നേഹത്തോടെ വിളിച്ച പ്രിയപ്പെട്ട ഗുണ്ടയും, തടിച്ചിയും നവ്യയും ഒക്കെ മാർഗം കളിയുടെ തിരക്കിൽ അകപ്പെട്ടിരുന്നു. പലക കൊണ്ട് തീർത്ത സ്റ്റേജ് പൊളിഞ്ഞു വീഴാൻ ഇവരൊക്കെ തന്നെ ധാരാളമായിരുന്നു.ഇങ്ങനെ കാര്യങ്ങൾ പലതും പറഞ്ഞുകൊണ്ട് വേദിയുടെ പിന്നിൽ നിന്നും കിളിയുടെ ഫോട്ടോ ഒരെണ്ണം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈയുള്ളവൻ. കാരണം അര കിലോയോളം വരുന്ന പെയിന്റ് അടിച്ചാണ് സുന്ദരി ഒരുങ്ങി നിന്നത് !!!(നവ്യയുടെയും തടിച്ചിയുടേയുമൊക്കെ മണിക്കൂറുകൾ കിടന്നുള്ള പരിശ്രമമാണ്!! ).
അങ്ങനെ എല്ലാ സുന്ദരിമാരും ചേർന്ന് വേദിയിലേക്ക് കയറി. നിറഞ്ഞ കയ്യടിയോടെ ഞങ്ങൾ വേദിയുടെ തൊട്ടു മുൻപിലിരുന്ന് അവറ്റകളെ ആകെ മുഴുവനങ്ങു പ്രോത്സാഹിപ്പിച്ചു . അങ്ങനെ കളി ആരംഭിച്ചു, ഞാൻ ഇതെല്ലാം ഒരു ഫോണിൽ പകർത്തുന്നതിനുള്ള ശ്രമമായിരുന്നു. ചെയർമാൻ പ്രവീൺ ഏട്ടൻ ഒരു മരക്കുറ്റി കണക്കെ ഇതെല്ലാം നോക്കി ഒരേ ഇരുപ്പായിരുന്നു. പരിപാടി തുടങ്ങി അൽപ്പം മുന്നിട്ടു.
മാർഗംകളി അൽപ്പം ശരീര ഭംഗി ആവശ്യമായ ഒരു സംഗതി ആയതിനാൽ, അതില്ലാത്ത സുന്ദരിമാർ കയ്യിൽ കിട്ടുന്ന തുണികളൊക്കെ കെട്ടിവെച്ചു കളിയ്ക്കുന്നത് സർവ്വ സാധാരണമാണ്!!! എന്നാൽ ഇവിടെ അത് ഒരൽപ്പം വഷളായി !!!എല്ലാവരും ഒരേ താളത്തിൽ കളിച്ചപ്പോൾ കിളി മാത്രം കർട്ടൻ വലിക്കാൻ നിന്നവനെ നോക്കി തലയിട്ടാട്ടി കളി തുടങ്ങി. കഴിഞ്ഞു എല്ലാം കഴിഞ്ഞു…!!! പതിയെ ഒരു ചിരി കത്തി പടർന്നു !! വേഗത കൂടിയപ്പോൾ മറ്റൊരു സംഭവം കൂടി നടന്നു. അൽപ്പം തടിയൊക്കെ തുണിവെച്ചു പൊരുതി നേടിയ ഗീതുമോൾ ചതിക്കപ്പെട്ടു !!! ചട്ടയും മുണ്ടും കൂടാതെ ഒരു ഷർട്ടിന്റെ കൈ കൂടി പ്രത്യക്ഷപ്പെട്ടു. പാട്ടിന്റെ താളത്തിനൊത്ത് ആ തുണികക്ഷണവും ആടി തൂങ്ങി. സദസ്സിൽ ആകെയൊരു ചിരി പടർന്നു. ചട്ടയും മുണ്ടും പിന്നെ ഞാന്നു കിടന്ന ഒരു തുണികക്ഷണവും, പോരാത്തതിന് കിളിയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങളും ചെറിയ ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി. മാർഗ്ഗംകളി മുറുകിയപ്പോൾ മുണ്ടിന് താഴെ നീണ്ടു കിടന്ന തുണിയും അതേ താളത്തിലായി. പിന്നെ ചിരി നിർത്താനായില്ല, ഇതു പകർത്തിക്കൊണ്ടിരുന്ന ഫോണും കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ വേദിയുടെ പുറത്തേയ്ക്ക് ഓടി. അവിടെ മണ്ണിൽ ഇരുന്നു പോയി, ശ്വാസം മുട്ടി തുടങ്ങിയിട്ടും ചിരി നിന്നതേയില്ല. ഇവിടെ ചിരി നിർത്താൻ കഷ്ട്ടപ്പെടുമ്പോൾ അവിടെ ആ തുണി അപ്പോഴും വല്ലാത്ത ഓട്ടത്തിലായിരുന്നു !!!
ഇങ്ങനെ ചിരിച്ചു കഴിഞ്ഞ് തിരികെ വന്നപ്പോഴും പ്രവീൺ ഏട്ടൻ മാത്രം പഴയതു പോലെ ഒരേ ഇരിപ്പാണ് !!! ഒരുപക്ഷെ ഇതെല്ലാം കണ്ട് മനസ്സ് മരവിച്ചു പോയതുകൊണ്ടാവാം. അങ്ങനെ അവിടുത്തെ അരങ്ങെല്ലാം തീർന്നു കഴിഞ്ഞ് അന്നേ ദിവസം രാത്രി ആയിട്ടും ആ തുണിയുടെ പോക്രിത്തരം മനസ്സിൽ നിന്നും വിട്ടു മാറിയതേയില്ല. പരിചയപ്പെടാൻ ഒരുപാട് ഒരുപാട് വൈകിപ്പോയ പ്രിയപ്പെട്ടവൻ ആദർശിനെയും ഇപ്പോൾ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു…
അങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരേയൊരു ഇന്റർപോളി ഓർമ്മകൾ…ഒരുപാട് ചിരിയും സന്തോഷവുമൊക്കെയായി കടന്നുപോയൊരു കാസർഗോഡൻ ഇന്റർപോളി !!! തൽക്കാലം ഈ എളിയ ഓർമ്മകുറിപ്പ് ഇവിടെ നിർത്തുന്നു, ഇതിനിയും തീർന്നിട്ടില്ല. വിശേഷങ്ങൾ ഒരുപാടുണ്ട്….
എന്ന്,
ഒരുപാട് സ്നേഹത്തോടെ
മഹാപാപി