എന്തു സ്നേഹമാണ് അവറ്റകൾക്ക്
വൈകുന്നേരമായപ്പോഴേയ്ക്കും കളിയെല്ലാം നിർത്തി വീട്ടിൽ വന്ന് കുളിച്ചൊരുങ്ങി, നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ചടങ്ങിന് പങ്കെടുക്കാനുള്ള തിരക്കിലാണ് !!! ആൽത്തറയിൽ നിന്നും സുന്ദരിമാർ നിരനിരയായി താലവും കയ്യിലേന്തി അമ്പലത്തിലേക്കുള്ള പോക്കാണ്. ഞങ്ങളാകട്ടെ ഇതെല്ലാം നോക്കിക്കണ്ടു കൂടെയങ്ങു നടക്കും. ഓട്ടോറിക്ഷയിൽ ഭയങ്കരനൊരു ലൈറ്റ് വച്ചുകെട്ടിയാണ് നടപ്പാതയിൽ സുന്ദരിമാർക്ക് വെളിച്ചം കാട്ടുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് താളത്തിൽ നടക്കുവാൻ അതിമനോഹരമായ വാദ്യ മേളങ്ങളും മുൻപിലുണ്ടാകും, എന്നാൽ ഇതിനെല്ലാം പുറമെ ആടിയുലഞ്ഞുകൊണ്ട് ചില കക്ഷികളെയും ഇതിനിടയിൽ കാണാൻ കഴിയും. രണ്ടുനിര സുന്ദരികളുടെ ഇടയിൽ മിന്നിത്തെളിയുന്ന മുത്തുകുടകളും കൂടി ആകുമ്പോൾ സംഭവം കളറാകും !!!ഇതെല്ലാം ആസ്വദിച്ചു കാണുവാനും മനസ്സു നിറയ്ക്കാനുമാണ് ഈയുള്ളവനും സുഹൃത്തുക്കളും കൂടി വീടുവിട്ടിറങ്ങുന്നത്.
ദൈവങ്ങൾ ക്ഷേത്രത്തിൽ ഉറങ്ങുമെന്ന് പറയുന്നതിനോടും നടയടയ്ക്കുന്നത് ഇതിനു വേണ്ടിയാണെന്നും പറയുന്നതിനോട് എനിക്ക് വല്യ യോജിപ്പില്ല. കാരണം രാത്രിയിൽ നടക്കുന്ന ഇതുപോലെയുള്ള പരിപാടികളിൽ ഇത്രയും സുന്ദരിമാർ ഒരുപോലെ നാമം ജപിച്ചു മുന്നേറുമ്പോൾ അതൊന്നും കേൾക്കാതെയും കാണാതെയും ദൈവം എങ്ങനെ കിടന്നുറങ്ങും !!! ഇനി അങ്ങനെ ഒരു കാര്യം സത്യമാണെങ്കിൽ രാത്രി കാലങ്ങളിൽ ദൈവത്തെ മനം നൊന്ത് വിളിക്കുന്ന ഭക്തരെല്ലാം അറിഞ്ഞുകൊണ്ട് വിഡ്ഢികളാകുകയാണോ??? അത് എന്ത് കുന്തമെങ്കിലും ആയിക്കോട്ടെ, ഇവിടെ നടക്കുന്ന പരിപാടിയിൽ അതിമനോഹരമായ വെടിക്കെട്ട് നടക്കുകയാണ് സുഹൃത്തുക്കളെ.
ഞാനും സൗരവും ഉണ്ണിയും അങ്ങനെ നാട്ടിലെ കൊറമെല്ലാം തികഞ്ഞു തൊട്ടടുത്ത പറമ്പിൽ മതിയായൊരു കാത്തിരിപ്പിലാണ്. സമയം അൽപ്പം കടന്നു പോയപ്പോൾ ഏതോ വിരുതൻ തീ കൊളുത്തി. പതിയെ ഓരോന്നും പൊട്ടി തുടങ്ങി. ആകാശത്ത് പച്ചയും നീലയും ചുവപ്പുമൊക്കെ കത്തി തെളിഞ്ഞു. ഞങ്ങളെല്ലാം ആകാശത്ത് നോക്കി ആസ്വദിച്ചു നിന്നു, കുറേ നേരം ആകാശത്തു പോയി പൊട്ടിയ ചൈനീസ് പടക്കങ്ങൾ മനസ്സ് മടുത്തിട്ടാണ് അൽപ്പം ചരിഞ്ഞു കിടന്നത്. തെറ്റ് പറയാൻ പറ്റില്ല അതിനും മടുപ്പൊക്കെയില്ലേ !!! സംഭവം ആദ്യത്തെ വെടി ഞങ്ങളുടെ നെഞ്ചത്തായിരുന്നു. ഒന്ന് ഓടി മാറാൻ പോലും സമയം തന്നില്ല, കൂടപ്പിറപ്പ് സൗരവിന്റെ തലയുടെ ഒത്ത മുകളിൽ വന്നിട്ട് ഒരൊറ്റ പൊട്ട് !!! അയ്യോ….എല്ലാവരും ചിതറിയോടി, ഏത് നിറമാണ് പൊട്ടി വിരിഞ്ഞതെന്ന് വ്യക്തമായില്ല, ആകെ ഒരു വെളുത്ത നിറമായിരുന്നു ചുറ്റിനും. ബാക്കിയുള്ളതെല്ലാം പരിസര പ്രദേശങ്ങളിലേയ്ക്ക് ചീറിപ്പാഞ്ഞു ചെന്ന് പൊട്ടിക്കൊണ്ടിരുന്നു.
ഒടുവിൽ സംഗതി ഒന്ന് ശമിച്ചു. സൗരവിന്റെ തല മുഴുവൻ കരിഞ്ഞ മണവും,ഉണ്ണിയുടെ ചെവിയിൽ നിന്ന് വെള്ളവും വന്നുകൊണ്ടിരുന്നു. ഇങ്ങനൊരു അപകടം നടന്നിട്ടും ചിരിയാണ് വന്നത്. അല്ലേലും ഈ ചൈനീസ് സാധങ്ങൾ ഇങ്ങനാണ് !!!
ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം പടക്കം പൊട്ടി അത്ര മാത്രം, ആകാശത്ത് പൊട്ടി വിരിഞ്ഞു രസിക്കേണ്ട കൊച്ചു കഴുവേറി വന്നു പൊട്ടിയത് ഈയുള്ളവന്റെയും സുഹൃത്തുക്കളുടെയും ഇടയിൽ. എന്തു സ്നേഹമാണ് അവറ്റകൾക്ക്.
😂😂
LikeLiked by 1 person