രഹസ്യം
അച്ഛൻ എടുത്തു കൂട്ടിയ ലോട്ടറി ടിക്കറ്റുകൾ നല്ലൊരു ശതമാനം വരുമാനം കാർന്നു തിന്നുകൊണ്ടിരുന്നു!! ചിലപ്പോഴൊക്കെ എനിക്ക് വല്ലാതെ ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിട്ടുണ്ട് ഇതു കണ്ടിട്ട്. ഇത്രയും നാളുകൾ ലോട്ടറി ടിക്കറ്റ് എടുത്തു കളഞ്ഞ കാശുണ്ടായിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു, ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ കുറ്റപ്പെടുത്തിയിട്ടുമുണ്ട്!!!
ഇതെല്ലാം ഇന്ന് എന്നെ വല്ലാതെ കുത്തി നോവിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറിയത്, ഒരുപാട് നല്ലൊരു ആലോചന പ്രിയപ്പെട്ടവൾക്ക് വന്നപ്പോഴാണ് വീട്ടിൽ നിന്നും ഒന്ന് വിളിപ്പിക്കുന്ന കാര്യം ഓർമ്മയിൽ തെളിഞ്ഞു വന്നത്. ആദ്യം സംസാരിച്ചു തുടങ്ങിയത് അച്ഛനായിരുന്നു, എന്നാൽ അമ്മയാണ് കാര്യങ്ങളൊക്കെ സംസാരിച്ചു തീർത്തത്!!! വല്യ താല്പര്യമില്ലാത്ത മറുപടി കിട്ടിയിട്ടാവാം പാവം എന്നോടൊന്നും പറഞ്ഞില്ല. അച്ഛൻ അതൊരൽപ്പം തമാശ കലർത്തി പറഞ്ഞു തന്നു. അതിനിടയ്ക്ക് എപ്പോഴോ പറഞ്ഞു കേട്ടൊരു കാര്യം വല്ലാതങ്ങു തറച്ചു കയറി.
“നമ്മുടെ കയ്യിൽ കുറച്ചു കാശൊക്കെ ഉണ്ടായിരുന്നേൽ…”
ശരിയാണല്ലോ, അങ്ങനൊരു സാധനം ആവശ്യത്തിന് കയ്യിലില്ലാത്ത കുറച്ചു മനുഷ്യർ ചേർന്ന് എന്ത് ആലോചനയാണ് നടത്തിയത്. അതും ആലോചിച്ചു കിടന്നുറങ്ങിയിട്ട് ഒരു സമാധാനവും കിട്ടുന്നില്ലായിരുന്നു !!!! പിന്നീട് ഏതോ നല്ല സമയത്ത് ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് വല്ലാത്തൊരു വിങ്ങലായിരുന്നു, ഇതെന്ത് ജീവിതമെന്ന് പലപ്പോഴായി ആലോചിച്ചു കൂട്ടി .
“ആ കൊച്ചു വിളിച്ചോ ” എന്നൊക്കെ അമ്മ ഇടയ്ക്ക് ഇടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നു. മറുപടി ഒന്നും കൊടുത്തില്ല. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് പോകുന്നത് വരെ ഒന്നും മിണ്ടിയില്ല. വരുന്ന വഴി മുഴുവൻ ആലോചന പരാജയപ്പെട്ടു മുഖത്തോട് മുഖം നോക്കി നിൽക്കുന്ന നശിച്ച ജീവിതത്തെപ്പറ്റി ആയിരുന്നു. ഇതെല്ലാം ആലോചിച്ചു കൂട്ടി പോകുമ്പോഴാണ് വഴിയരുകിലൂടെ സൈക്കിളിൽ ലോട്ടറിയുമായി പോകുന്ന പ്രയം ചെന്നൊരാളെ കണ്ടത്, വണ്ടി അൽപ്പം മുൻപിൽ കയറ്റി നിർത്തിയിട്ട് ഞാനും ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. പോക്കറ്റിൽ ആകെ കരുതിയ അൻപത് രൂപ അയാൾക്ക് വച്ചു നീട്ടി. കണ്ണിലൊക്കെ ആകെ ചൂട് നിറഞ്ഞു. വല്ലാതെ നിറഞ്ഞു വന്നപ്പോൾ ഞാൻ പതിയെ വണ്ടി മുന്നിലേയ്ക്ക് ഓടിച്ചു. മിച്ചം പത്തുരൂപ വാങ്ങുവാൻ മറന്നു പോയി. വീണ്ടും ആലോചനകളിലേക്ക് എടുത്തു ചാടിയപ്പോഴാണ് അച്ഛൻ ഇപ്പോഴും എടുത്തു കൂട്ടുന്ന ലോട്ടറി ടിക്കറ്റിന്റെ രഹസ്യം പിടികിട്ടിയത്.
കണ്ണിൽ നിന്നും നിറഞ്ഞു പുറത്തേയ്ക്ക് വന്ന കണ്ണുനീർ ഒരുപക്ഷെ സ്കൂട്ടറിന്റെ അമിത വേഗത കൊണ്ടായിരിക്കാം 😊
ശെരിയാകും എല്ലാം😊
LikeLike
👍
LikeLiked by 1 person