സമാധാനം

എന്റെ അറിവിൽ അന്നും ഇന്നും ഏറ്റവും സമാധാനം ലഭിക്കുന്ന അവസ്ഥ ദാരിദ്ര്യം തന്നെയാണ്.

സംഗതി ഒരൽപ്പം പഴകി ദ്രവിച്ച ഓർമ്മകളിൽ ഒന്നാണ്. അവിടെയിവിടെയായി ചിലതൊക്കെ ഓർക്കുന്നു എന്നുമാത്രം. അച്ഛൻ അന്ന് IIWT കോട്ടയം സ്ഥാപനത്തിൽ ഗ്യാസ് വെൽഡിങ് പഠിപ്പിക്കുന്ന ജോലിയിൽ ആയിരുന്നു. പൊടുന്നനെ ആ സ്ഥാപനം അങ്ങ് പൂട്ടി. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ, മസാവസാനം തീർക്കാൻ വച്ചിരുന്ന ചില കടങ്ങൾ ഒക്കെയും മുഖാമുഖം വന്ന് പല്ലിളിച്ചു കാട്ടി നിന്നു. അവസ്ഥ!!!

കുത്തരിയിൽ നിന്നും നല്ല വെളുത്ത അൽപ്പം സുഗന്ധമുള്ള റേഷനരിയിലേയ്ക്ക് പതിയെ ചുവടു മാറ്റി, മീൻകറി വച്ചിരുന്ന ചട്ടിയിൽ ചുക്കിലി കയറി. പച്ചക്കറി ഇട്ടിരുന്ന പാത്രമൊക്കെ വളരെ സങ്കടത്തോടെ തലയും കുനിച്ചു ഒരേ ഇരുപ്പായി.മറ്റൊരു ജോലി നോക്കുവാനുള്ള ചെറിയ ബുദ്ധിമുട്ട് വീട്ടിൽ ആകെ ബാധിച്ചു. നല്ല ഉണക്ക മുളകും വാളൻ പുളിയും ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ ചാലിച്ച മുളകിടിച്ചത് കൂട്ടി റേഷനരി ചോറ് കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. ഇന്നും അതിനോട് വല്ലാത്തൊരു ആർത്തിയാണ്. അങ്ങനെ കുറേ നാളുകൾ സ്ഥിരമായി മുളകിടിച്ചത് തന്നെ ആയിരുന്നു, ഇടയ്ക്ക് അഭിമാനമൊന്നും നോക്കാതെ ഞാൻ മാതുലന്റെ കടയിൽ ചെന്ന് കടം പറഞ്ഞു വാങ്ങി വന്ന ഉണക്കച്ചെമ്മീനും, ഉണക്കമീനുമൊക്കെ പകരം വയ്ക്കാനാകാത്ത രുചിയായി മാറി. ഉള്ളതെല്ലാം അരിഞ്ഞു കൂട്ടി വേവിച്ചിട്ട് അൽപ്പം വെള്ളവും സാമ്പാർ പൊടിയുമൊക്കെയിട്ട് വെയ്ക്കുന്ന കിടിലൻ സാമ്പാറും ഇടയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒന്ന് രണ്ട് മാസം തള്ളിനീക്കി.

അങ്ങനെ കട്ടൻ കാപ്പി വല്ലാതെ ഇഷ്ട്ടമുള്ള ഒരു സംഗതിയായി മാറി. ചോറ് കഴിക്കുവാൻ കറികൾക്കായി പ്രത്യകിച്ചു ഒരു നിർബന്ധവും ഇല്ലാതായി.പിന്നെ ഒരു രൂപ പോലും കയ്യിലില്ലെങ്കിലും ജീവിക്കാമെന്നും പഠിച്ചു. പഠിച്ചതല്ല കാലം പഠിപ്പിച്ചു തന്നതാണ്.അത്ര ദാരിദ്ര്യമില്ലെങ്കിലും ഇന്നും ഈ മഹാപാപി അൽപ്പം ദാരിദ്ര്യമൊക്കെ അനുഭവിച്ചു തന്നെയാണ് ജീവിക്കുന്നത്.

ഈ ജീവിതത്തിന് ഒരു പ്രത്യേകതയുണ്ട്, ഒന്നും നഷ്ടപ്പെട്ടു പോകാനില്ല മറിച്ച് എന്തെങ്കിലും നേടിയാൽ ഇരട്ടി മധുരവും. അതെ സമാധാനം എന്നൊരു മൈരുണ്ടെങ്കിൽ അത് ദാരിദ്ര്യത്തിൽ തന്നെയാണ്.

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “സമാധാനം

Leave a comment

Design a site like this with WordPress.com
Get started