കാറ്റത്തു പാറി പറക്കുന്ന നരച്ച തലമുടി കറുത്ത മുഖത്തിനു കൂടുതൽ ഭംഗി നൽകി. കണ്ണിൽ വല്ലാത്തൊരു ദേഷ്യം നിറഞ്ഞു നിന്നു മുഖത്തു ആകമാനം ഗൗരവം വരുത്തുവാൻ ശ്രമിക്കുന്നുണ്ട്. എന്താണ് കാര്യമെന്നും, ആരാണെന്നും മനസിലായത് നെറ്റിയിലെ വട്ട ചന്ദനവും (രണ്ടു നിറം ), കയ്യിലെ നിറം മങ്ങിയ ഓറഞ്ചു പൂടയിൽ വരിഞ്ഞു മുറുകിയ ഒരു ചരടും കണ്ടപ്പോഴാണ്. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ വണ്ടിയിൽ അഞ്ചു പടയാളികൾ പോസ്റ്ററുമായി എത്തി (ഇത് സിനിമയിലെ രംഗങ്ങളല്ല മറിച്ചു വൈക്കത്ത് ടോൾ ജംഗ്ഷനിൽ നടന്ന ചെറിയ രംഗങ്ങളാണ് ). കൂട്ടത്തിൽ അൽപ്പം പൊക്കമുള്ള സുഹൃത്ത് എവിടുന്നോ കീറിയെടുത്ത ഒരു വെള്ളപേപ്പറിൽ എന്തോ എഴുതിയിട്ട് ഉയർത്തി പിടിച്ചു. കാര്യം മനസിലാക്കുവാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു. എന്തിനു പറയാൻ നാട്ടകം പൊളി കോളേജിൽ പഠിക്കുന്ന കാലത്ത് ABVP സുഹൃത്തുക്കളുടെ നോട്ടീസ് ബോർഡിൽ അക്ഷര തെറ്റുകളുടെ കടലായിരുന്നു, എന്തായാലും ഇതിൽ അങ്ങനൊന്നില്ല. പൊക്കം കുറഞ്ഞ ജുബ്ബ ഇട്ട ഒരു വ്യക്തി ഫോൺ എടുത്ത് വീഡിയോ റെക്കോർഡ് ആരംഭിച്ചു, പ്രായമുള്ള കക്ഷി സംസാരിക്കുവാനും തുടങ്ങി. എന്തായാലും ഇവരെല്ലാവരും മുട്ടിയുരുമ്മി നിന്ന് വ്യക്തമായ സാമൂഹിക അകലം പാലിച്ചു നാട്ടുകാർക്ക് ഒരു മാതൃക കൂടി ആവുകയായിരുന്നു. എന്തായാലും ആദ്യം സംസാരിച്ച കാര്യങ്ങൾ വ്യക്തമായില്ല !!!
പരസ്പരം മുഖാമുഖം നോക്കി ഇടയ്ക്ക് എന്തോ പറഞ്ഞു. പൊടുന്നനെ കൂട്ടത്തിൽ ഒരുത്തൻ അലറി വിളിച്ചു “ഭാരത് മാതാ കി… “. കൊള്ളാം അതെന്തായാലും നന്നായി,വഴിയിൽ നിന്നവരെല്ലാം അപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി.
കൂട്ടത്തിൽ മറ്റൊരു വട്ടപ്പൊട്ടുകാരൻ തുടർന്നു “കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും, കാർഷിക മേഖലയും തകർന്നിരിക്കുന്നു… എന്തിനാണ് ഇങ്ങനൊരു മുഖ്യമന്ത്രി? കൊറോണ എന്ന മഹാമാരിക്ക് എതിരെ എന്ത് ചെയ്യുവാൻ കഴിഞ്ഞു… “
കൊള്ളാം മികച്ച റിസൾട്ടുകൾ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, സാമൂഹിക അകലം പാലിക്കുവാൻ പറഞ്ഞ ഈ കൊറോണ കാലഘട്ടത്തിൽ മുട്ടിയുരുമ്മി നിന്ന് ചോദിക്കാൻ പറ്റിയ നല്ല ചോദ്യങ്ങൾ, എന്തായാലും മുഖ്യമന്ത്രി എന്നും കൊറോണ എന്നും പറയുന്നത് വളരെ ഉച്ചത്തിലാണ് !!!!ഒരുപക്ഷെ ഇതൊരു പ്രതിക്ഷേധ സമരമാണെന്ന് മനസിലാക്കാൻ വേണ്ടി ആയിരിക്കും.
ഒരു രണ്ട് മിനുട്ട് കൂടി കഴിഞ്ഞപ്പോഴേക്കും പെട്ടന്ന് ഒരുത്തൻ അലറി വിളിച്ചു “ഭാരത് മാതാ കി…. ” സംഭവം കഴിഞ്ഞിരിക്കുന്നു, എല്ലാവർക്കും കാര്യങ്ങൾ ഒരുപാട് മനസിലാക്കിക്കൊണ്ട് അവർ കളം വിടുകയാണ്… എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബസ് സ്റ്റോപ്പിൽ നിന്നവരും, ഓട്ടോറിക്ഷ ഡ്രൈവർമാരും മുഖത്തോട് മുഖം നോക്കി അതിശയപ്പെട്ടു നിന്നു.
പക്ഷെ ഇതെന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയാമായിരുന്നു, കാരണം നാട്ടകം പൊളിടെക്‌നിക് കോളേജിൽ ഇതിലും വകതിരിവില്ലാത്ത കുറേ വട്ടപ്പൊട്ടു പിള്ളേരെ കണ്ടിട്ടുണ്ട്. ഒരു സഹതാപ ചിരി കൊടുത്തുകൊണ്ട് ഞാൻ പതിയെ വീട്ടിലേക്ക് തിരിച്ചു
(ഇന്ന് ഉച്ചയ്ക്ക് വൈക്കം ടോൾ ജംഗ്ഷനിൽ നടന്ന ഒരു ചെറിയ സംഭവം മാത്രം )