മഴക്കാറ്

പോകുന്ന വഴിയിലെ ചിന്തകളിൽ ഒരുപാട് കാര്യങ്ങൾ തട്ടിത്തടഞ്ഞു . കാറിന്റെ മുൻപിലെ സീറ്റിലെ യാത്രയും, ദേഷ്യം പിടിച്ചതു പോലെ ഗ്ലാസ്സിൽ വന്നിടിച്ച് താഴേയ്ക്ക് ഒഴുകുന്ന മഴത്തുള്ളികളും യാത്രയെ ഒരുപാട് ഭംഗിയുള്ളതാക്കി.വഴിയരികിലെ കടകളിൽ പുതുമയുള്ളൊരു കട അത് മാസ്ക്കിന്റേതായിരുന്നു, പല നിറങ്ങളിൽ പല രൂപത്തിൽ അതങ്ങിനെ തൂങ്ങി കിടന്നു. പിറകിലെ സീറ്റിൽ ഇരുന്ന സുഹൃത്തിനായിരുന്നു മാസ്ക്കിന്റെ ആവശ്യം. വണ്ടി കടയുടെ പരിസരത്തു നിർത്തിയപ്പോഴേയ്ക്കും കടക്കാരൻ മാസ്ക്കിൽ ആകെയൊന്ന് പരതി, എന്തൊക്കെയായാലും 50 രൂപയുടെ ഒരു മാസ്ക്ക് വാങ്ങിയപ്പോഴേയ്ക്കും അയാളുടെ മുഖം വല്ലാതെ തെളിഞ്ഞു, തന്നെ പ്രതീക്ഷിച്ചു വീട്ടിലിരിക്കുന്ന പ്രിയപ്പെട്ടവരുടെ വയറു നിറയ്ക്കുവാൻ ജോലി ചെയ്തു നേടുന്ന ഓരോ രൂപയിലും ഇതുപോലൊരു തെളിച്ചം ഉണ്ടാകുമല്ലോ ! മഴ പെയ്തു തോർന്നെങ്കിലും വഴിയുടെ ഇരുവശവും നിന്ന വൻ മരങ്ങളിൽ പലതും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും, ഇതുപോലെ പെയ്തിറങ്ങുന്ന മഴയോട് വല്ലാത്തൊരു പ്രണയമാണ്. പോയ ജോലി തീർത്തു തിരിച്ചു മടങ്ങുമ്പോഴും വഴിയരുകിൽ ഒരുപാട് കച്ചവടക്കാരുണ്ട്. ഈ കൊറോണ കാലഘട്ടത്തിലും കുടുംബം നോക്കാൻ തെരുവിൽ വെയിലും മഴയും നോക്കാതെ നിൽക്കുന്നവരെ കാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നും… നമ്മളൊക്കെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇതിന്റെ പകുതി പോലുമില്ല എന്നതാണ് യാഥാർഥ്യം. നല്ല തണുത്ത കാറ്റ് വീശി മഴ നല്ലൊരു മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നപ്പോൾ നല്ലൊരു ചൂട്‌ ചായയും കുടിച്ചു ക്ഷീണം മാറ്റിയിട്ടാണ് ആലപ്പുഴ കടന്നത്. കാറിന്റെ ഒപ്പം ഒരുകൂട്ടം മഴക്കാറുകളും കൂടെ പോന്നു, ഈ യാത്രയിൽ പരിചയപ്പെട്ടതല്ലേ പോരട്ടെ എന്ന് ഞാനും കരുതി 😊

Published by KR

ഒരു സാധാരണക്കാരൻ... 😊

4 thoughts on “മഴക്കാറ്”

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free