വീടിനുള്ളിൽത്തന്നെ ഇരുന്നത് കൊണ്ട് പ്രത്യേകിച്ചു ഒന്നും എഴുതണ്ട എന്ന് കരുതിയതാണ്. വൈകുന്നേരം ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചത്.
ബലിഷ്ടമായ കരങ്ങൾ, മസിലുകൾ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു. കണ്ണുകൾ വല്ലാതെ തിളങ്ങി നിന്നു, എന്തിനോ വേണ്ടി തിരയുന്നത് പോലെ തോന്നിച്ചു !! ശ്വാസമെടുക്കുന്നത് പോലും സൂക്ഷിച്ചായിരുന്നു. വീടിനു മുൻപിൽ ഉള്ള കുളത്തിൽ നിന്നും ചാടി കരയിൽ വന്നു നിന്ന നിൽപ്പാണ്, അതുകൊണ്ട് തന്നെ ആകെ നനഞ്ഞിരുന്നു. പാറ പോലെ അദ്ദേഹം ഉറച്ചു നിന്നു.
വീടിന്റെ ജനലിനു സമീപം നിന്ന കൊതുകുകളും മറ്റു പ്രാണികളും ഈ ഭീമൻ തവളയെകണ്ടു പേടിച്ചു പോയിരിക്കാം. കാരണം കൂട്ടത്തിൽ കൊതുകുകളെല്ലാം അദ്ദേഹത്തെ പേടിച്ചു എന്റെ കാലുകളിൽ വന്നു അഭയം പ്രാപിച്ചു.പേടി കാരണം ആയിരിക്കണം ചിലർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. ഇത്തിരി പോന്ന കുഞ്ഞു കൊതുകുകൾ അല്ലെ, വേദനിപ്പിച്ച എല്ലാറ്റിനും ഞാൻ നല്ല അടി വെച്ചു കൊടുത്തു. ഒരുപക്ഷെ എന്റെ ഒരു തല്ലു കൊണ്ടിട്ടു അവറ്റകൾ നന്നാവുന്നെങ്കിൽ നന്നാവട്ടെ.
പൂമ്പാറ്റയെ പോലെ തോന്നിക്കുന്ന ഒരു പ്രാണി ധൈര്യം മുഴുവൻ സംഭരിച്ചു വീടിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് പറന്നു. കഷ്ട്ടം എന്ന് തന്നെ പറഞ്ഞാൽ മതിയല്ലോ, ടേക്ക് ഓഫ് അൽപ്പം പാളി കക്ഷി ജനലിന്റെ താഴേയ്ക്ക് വീണു. ഭാഗ്യം!! പെട്ടന്ന് തന്നെ ആ പ്രാണി ജീവനും കൊണ്ട് പൊങ്ങി വന്നു. എന്നാൽ ഒരിക്കൽ കൂടി ആള് താഴേയ്ക്ക് വീണു.
അധികം സമയം കളയാതെ ആ ഭീമൻ തവള ജനലിന്റെ താഴേയ്ക്ക് ചാടി അടുത്തു. എന്താണ് പിന്നീട് സംഭവിച്ചതെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം മാത്രമറിയാം ആ പ്രാണി പിന്നീട് പൊങ്ങി വന്നില്ല, കൂടാതെ തവള സന്തോഷത്തോടെ ഒരു കരച്ചിലും പാസ്സാക്കി.
ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി ജനലിന്റെ ഇപ്പുറത്തു നിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നെ ഒന്നും നോക്കിയില്ല കാലിൽ അഭയം പ്രാപിച്ച ഓരോന്നിനെയും തല്ലി നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇര തേടിയിറങ്ങിയ തവളയുടെ കാര്യമായതിനാൽ ഇതിന് ഇര എന്ന് പേരിടുന്നു.
അല്ലെങ്കിൽ വേണ്ട !!!!!കേരളത്തിലെ മാധ്യമ വേശ്യകൾ ചില പ്രധാന വാർത്തകളിൽ സ്ത്രീ സമൂഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ വാക്ക് ഞാൻ എന്തായാലും തലക്കെട്ടിനായി ഉപയോഗിക്കുന്നില്ല.
അധികം പ്രത്ത്യേകതകൾ ഇല്ലാതെ തന്നെ ഈ ദിവസവും കടന്നു പോകുന്നു.വല്യ വിശേഷങ്ങളൊന്നുമില്ലാത്ത ഈ മഹാപാപിയുടെ എഴുത്ത് വായിക്കുവാൻ കാണിക്കുന്ന നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി 🙏
Addict 🥰
LikeLiked by 1 person
🙏
LikeLike
👌👌
LikeLiked by 1 person
😍
LikeLike