ഒരുപാട് പ്രിയപ്പെട്ടതാണ്…
“ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.”
കലാലയ ജീവിതത്തിൽ മറക്കാനാവാത്ത ഒരു കാര്യമാണ് രാത്രിയിലെ കോളേജ് ജീവിതം. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ രാത്രിയിലുള്ള നിൽപ്പ്. പരിപാടികൾ നടത്തിവരുന്നത് sfi ആയതുകൊണ്ട് തന്നെ മറ്റു വിദ്യാർത്ഥികളുടെ പ്രതീക്ഷകളും അത്രത്തോളം ഉണ്ടായിരിക്കും, അതിന് ഇതുവരെ ഒരു കോട്ടവും ഉണ്ടായിട്ടില്ല കേട്ടോ. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കോളേജിന് കൂട്ടായി അപ്പോഴും ഞങ്ങളവിടെത്തന്നെ ഉണ്ടാകും.
ഇരുട്ട് വീണു തുടങ്ങുമ്പോൾ തന്നെ പെയിന്റും കൊണ്ട് ഒരുമൂലയ്ക്ക് ഞാനും കൂടെ കുറച്ചു പ്രിയപ്പെട്ടവരും. ബാക്കിയുള്ളവർ കോളേജിനെ ആകമാനം അലങ്കരിക്കുവാനുള്ള കഠിന പ്രയത്നത്തിൽ ആയിരിക്കും. ഇതിനിടയ്ക്ക് രാത്രിയിലെ ഭക്ഷണം എത്തും(എല്ലായ്പോഴും പൊറോട്ടയും ചാറുമാണ് ), അന്നൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതിന്റെ സന്തോഷമൊന്നും പിന്നീട് ഇക്കാലമത്രയും എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങനെ കളിയും ചിരിയുമൊക്കെയായി സമയം ഒരുപാട് കടന്നു പോകും, അവിടെ ഉറക്കമെന്നൊരു വിചാരം പോലും മനസ്സിൽ തോന്നാറില്ലായിരുന്നു. ഇടയ്ക്ക് ഒരുമിച്ചിരുന്നു പാടുന്ന നാടൻ പാട്ടുകൾ, നാട്ടകം പോളിയിലെ ഒരുപാട് പ്രിയപ്പെട്ട മെക്സിക്കോയിൽ ഇരുന്നു പറയുന്ന കഥകളും അതീവ രഹസ്യങ്ങളും…
ഇതെല്ലാം കഴിഞ്ഞു ചിലപ്പോൾ കിടക്കുന്നത് കോളേജിന്റെ മുൻപിലെ ചവിട്ടിയിൽ ആയിരിക്കും, അതും വെളുപ്പാൻ കാലത്തു നാലു മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും!!! കോളേജ് വരാന്തകളിൽ യൂണിഫോമിൽ ഒരു ചിരിയോടെ മാത്രം കണ്ട വിദ്യാർത്ഥികളിൽ പലരും അന്നേ ദിവസം ഞങ്ങളെ കാണുന്നത് മുഷിഞ്ഞ വസ്ത്രങ്ങളിൽ ഉറക്കക്ഷീണത്തോടെയാണ്. കോളേജിൽ ചെയ്തു വച്ചിരിക്കുന്നവയൊക്കെ സന്തോഷത്തോടെ കണ്ടു കയറുന്ന വിദ്യാർത്ഥികളെ അതിലും വലിയ സന്തോഷത്തോടെ നോക്കി, അൽപ്പ നേരത്തെ ഉറക്കം സമ്മാനിച്ച കണ്ണിനുള്ളിലെ നീറ്റലും കൂടെ നല്ലൊരു തലവേദനയുടെയും അകമ്പടിയോടെ കോളേജ് ക്യാന്റീനിലേയ്ക്ക്. അവിടെ ചൂട് പാറുന്ന ഒരു സ്ട്രോങ്ങ് കട്ടനും കുടിച്ചുകൊണ്ട് ആ ദിവസം അങ്ങനെയങ്ങ് തുടങ്ങിക്കളയും. ക്ലാസ്സ് മുറികളെക്കാൾ കൂടുതൽ ഇരുന്നത് ഈ ക്യാന്റീനിൽ തന്നെയായതുകൊണ്ട് അവിടം ഒരു വീട് തന്നെയായിരുന്നു. അതെ ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.
ഇനിയും ഒരുപാടുണ്ട്, എഴുതിയാലും തീരാത്ത വിശേഷങ്ങൾ. ഒരുപാട് കൂടപ്പിറപ്പുകളുണ്ട് അവിടെ, അവരെല്ലാം ഇപ്പോഴും മനസ്സു നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. എന്നെ ഒരുപാട് വെറുത്തവരും അക്കൂട്ടത്തിൽ ഉണ്ട് . ഒരുപാട് സ്നേഹിച്ചു കൂടെ നിന്നിട്ടും ഒന്ന് ചിരിച്ചുകൊണ്ട് വിടപറയാൻ കഴിയാതെ പോയ ചില പ്രിയപ്പെട്ടവർ!!!
അതെ, ഇനിയും തിരികെ ലഭിക്കാത്ത അനുഭവങ്ങൾ സമ്മാനിച്ച കലാലയം, ആ മധുരിക്കുന്ന ഓർമ്മകൾ ചിലപ്പോഴൊക്കെ എന്നെ കുത്തി നോവിക്കാറുണ്ട്. ജീവിത യാത്രയിൽ പുറകിൽ നിന്നും പിടിച്ചു വലിക്കുകയാണ് ഈ ഓർമ്മകൾ, എന്റെ പ്രിയപ്പെട്ട ഓർമ്മകൾ !!!
എത്രയും പ്രിയപ്പെട്ട നാട്ടകം പോളി, നിന്നെ എങ്ങനെ മറക്കുവാൻ കഴിയും ഈ മഹാപാപിയ്ക്ക്… !!!
😔🥰😘💪
LikeLike
😍
LikeLike
💝
LikeLike
😍😍😍
LikeLike
🥰🥰🥰
LikeLiked by 1 person
😍😍
LikeLike
😍🤝
LikeLike
Pinnalathe
LikeLiked by 1 person
😍
LikeLike
😍🤗
LikeLiked by 1 person
😍🤝😍😍
LikeLike