തിന്നു കൊഴുക്കട്ടെ !!

കൃഷി

കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ വല്ലാത്ത അനുഭവമാണ് പാട ശേഖരങ്ങൾ. നെൽകൃഷി മാത്രമല്ല പലതരം കൃഷികളും കൃഷിക്കാരും ഇന്നീ നാട്ടിലുണ്ട്. എന്നാൽ കാലാവസ്ഥയുടെ കോരിചൊരിഞ്ഞുള്ള സ്നേഹം കാരണം വല്ലാതെ വഴിമുട്ടിയ അവസ്ഥയിലാണ് അവരെല്ലാം.

രാവിലെ നെൽവയലുകൾ കാണുമ്പോൾ വല്ലാത്തൊരു ഭംഗിയാണ്. ഇളം പച്ച നിറത്തിൽ നിറഞ്ഞു നിൽക്കുന്ന ഞാറിൽ വെയിൽ തട്ടുമ്പോൾ മഞ്ഞു തുള്ളികൾ കുണുങ്ങി ചിരിക്കാറുണ്ട്, അതെ ഒരോ കർഷകരുടെയും കഠിനാദ്ധ്വാനമാണ് അവിടെ മുളച്ചു പൊന്തുന്ന പച്ചപ്പ് മുഴുവൻ. കുറെ അടുത്തറിഞ്ഞുള്ള നോട്ടത്തിൽ ആ വയലുകൾ മുഴുവൻ ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷകളെയും കാണുവാൻ കഴിയും. ഉഴുതു മറിച്ച വയലിൽ ഓരോ പിടി വിത്തും ഒരേ താളത്തിലെറിഞ്ഞു തുടങ്ങുന്ന കൃഷി കൊയ്ത്തു കാലം ആകുന്നതു വരെ ഞെഞ്ചിൽ തീയോടെയാണ് ഓരോ കർഷകനും ഇക്കാലത്ത് നോക്കി നിൽക്കുന്നത്.

കാലങ്ങൾ മുൻപുണ്ടായ പ്രളയത്തിൽ എല്ലാ കൃഷികളും നശിച്ച ഒരാളുടെ അവസ്ഥ ഞാൻ അടുത്തറിഞ്ഞതാണ്, പ്രിയപ്പെട്ട സഖാവ് മനോജ്‌ ഏട്ടൻ. ഒരുപാട് അലഞ്ഞിട്ടും ഒരു സഹായവും കിട്ടിയില്ല, എന്തിനാണ് കൂടുതൽ പറയുന്നത് ഒരു ആശ്വാസ വാക്ക് പറയുവാൻ പോലും ആരെയും കണ്ടില്ല !!! ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായിട്ടും ഇന്നും അദ്ദേഹം കൃഷിയുമായി മുന്നോട്ട് പോകുകയാണ്. പ്രകൃതി ദുരന്തങ്ങൾ ഓരോന്നായി വരുമ്പോഴും ഇങ്ങനെ നഷ്ട്ടപ്പെടുന്ന കൃഷിയുടെ മുതൽ മുടക്കിന്റെ നാലിലൊന്ന് കിട്ടാൻ കുറഞ്ഞത് അഞ്ചു ചെരുപ്പെങ്കിലും തേഞ്ഞു തീരേണ്ട അവസ്ഥയിലാണ് കർഷകർ. ഇന്ന് വൈകിട്ട് മനോജ്‌ ഏട്ടൻ അയച്ചു തന്ന വെള്ളം കയറിക്കൊണ്ടിരിക്കുന്ന കൃഷിയിടത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഒരുപാട് വിഷമം തോന്നിയത്. ഇതുപോലെ എത്ര കർഷകർ ഇന്ന് കേരളത്തിലുണ്ടാകും !!!??? എന്തൊക്കെ വന്നാലും കരുത്തോടെ ഈ മേഖലയെ കൈ വിടാതെ കൊണ്ടു നടക്കുന്ന ഇവരെ പോലുള്ള കർഷകരുടെ വിഷമമൊന്നും അത്യുന്നതങ്ങളിൽ നിലകൊള്ളുന്നവർക്ക് മനസിലാകില്ല !! കൈ കഴുകി പാത്രത്തിനു മുൻപിൽ ഇരുന്ന് വയറു നിറയെ കഴിക്കുമ്പോഴും ആ വിയർപ്പിന്റെ രുചി അവർക്ക് കിട്ടില്ല. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ഇനിയും താഴേയ്ക്ക് ഇറങ്ങി വരണം. അവിടെ ഇതുപോലെ ഒരുപാട് സാധു ജീവികൾ ഇന്നും ജീവനോടെയുണ്ട് എല്ലാറ്റിനെയും തീറ്റി പോറ്റാൻ !!!

പുന്നപ്പുഴി എന്ന എന്റെ കൊച്ചു ഗ്രാമത്തിൽ ഇനിയുമുണ്ട് ഇതുപോലെ ഒരുപാട് കർഷകർ. കടവും നഷ്ട്ടങ്ങളുമൊക്കെ തലയ്ക്കു മുകളിൽ വന്നു നിന്നപ്പോൾ കൃഷി ഉപേക്ഷിക്കേണ്ടി വന്ന അച്ഛന്റെ മകനാണ് ഞാൻ, ഈ മഹാപാപി.

പ്രിയപ്പെട്ട കർഷകരെ ഇനിയും കൃഷി ചെയ്യുക, കാരണം ഒരുപാട് നെറികെട്ടവരെ നമുക്ക് ഇനിയും തീറ്റി പോറ്റാനുണ്ട്. തിന്നു കൊഴുക്കട്ടെ എല്ലാ കഴുവേറികളും…

Published by KR

ഒരു സാധാരണക്കാരൻ... 😊

6 thoughts on “തിന്നു കൊഴുക്കട്ടെ !!

Leave a reply to KR Cancel reply

Design a site like this with WordPress.com
Get started