മഴയും മഴക്കാറുമെല്ലാം എങ്ങോട്ട് പോയതാണെന്ന് ഒരു നിശ്ചയമില്ലല്ലോ, നല്ല തെളിഞ്ഞൊരു അന്തരീക്ഷം കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി.കാരണം മറ്റു ദിവസങ്ങളിൽ കാണാതിരുന്ന പലരും ഇന്ന് പുറത്ത് ചുറ്റി തിരിയുന്നുണ്ടായിരുന്നു !!മുറ്റത്തെ പൂക്കളെല്ലാം ഒരുപാട് സന്തോഷത്തോടെ ചാഞ്ഞും ചരിഞ്ഞും മറ്റു സുഹൃത്തുക്കളോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നിന്നു.എല്ലാ ദിവസവും മുടങ്ങാതെ നോക്കുന്ന എന്നോട് ഒരക്ഷരവും മിണ്ടിയില്ല എന്നു മാത്രമല്ല തിരിഞ്ഞു നോക്കിയത് പോലുമില്ല !!! ഇങ്ങനെ വിടർന്നു നിന്ന് ഭംഗിയും സുഗന്ധവുമൊക്കെ തന്നു സന്തോഷിപ്പിക്കുന്നില്ലേ, അതു തന്നെ ധാരാളം.
സമീപമുള്ള കൊച്ചു കുളത്തിലെ കാര്യം വല്യ കഷ്ടമാണ്, രാവിലെ നോക്കുമ്പോൾ മുതൽ കുഞ്ഞു മീനുകളെല്ലാം കുളത്തിനു വട്ടമിടുന്നുണ്ട്. ഇങ്ങനെ പുറകെ പുറകെ ഓടി നടന്നത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി അവിടെ ദേശ താലപ്പൊലിയോ മറ്റോ നടക്കുന്നതായിരിക്കാം. തരുണീമണികളായ സുന്ദരി മീനുകൾ സാരിയൊക്കെ ഉടുത്തു കയ്യിൽ താലവുമായി നിര നിരയായി നടക്കട്ടെ. ഇതെല്ലാം ഇടം കണ്ണിട്ട് നോക്കി സുന്ദരൻ മീനുകൾ കൂടെ നീന്തി നടന്നോട്ടെ. അവിടെ ഇതൊന്നും വക വയ്ക്കാതെ തടിയൻ തവള കുളത്തിനു നടുവിൽ അതീവ സങ്കടത്തോടെ കിടക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ താലപ്പൊലിയ്ക്ക് പങ്കെടുക്കാൻ പുതിയ സാരി ഇല്ലാഞ്ഞിട്ടായിരിക്കാം. കിടക്കട്ടെ അങ്ങനെ തന്നെ കിടന്നോട്ടെ, ഇതെല്ലാം ഒരു സ്വാതന്ത്ര്യമല്ലേ…
ഇതിനിടയ്ക്ക് മറ്റു രണ്ടുപേരുടെ മഹനീയ സാന്നിധ്യം പൂക്കളെ ഒരുപാട് സന്തോഷിപ്പിച്ചു. നല്ല നിറമുള്ള വലിയ ചിറകുകൾ വീശി അവരങ്ങനെ പൂവിൽ വന്നിരിക്കും, ഒരുപാട് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഒരുപാട് അടുക്കും. അവിടെ ഭൂമിയിലെ ഏറ്റവും സുന്ദരമായ പ്രണയത്തിനു ഞാൻ സാക്ഷിയായി. തീവ്ര പ്രണയത്തിൽ അകപ്പെട്ട ശലഭം പതിയെ പൂവിനെ ചുംബിച്ചു. വല്ലാത്തൊരു പ്രണയം തന്നെ!!! സംസാരിച്ചതിനേക്കാൾ ഒരുപാട് മനസ്സു തുറന്നത് ചുംബനത്തിൽ ആയിരിക്കണം, കാരണം അവരങ്ങനെ അൽപ്പ സമയം കൂടുതൽ നിന്നു. ഇങ്ങനെ പൂക്കളെ പ്രണയിച്ചും ചുംബനങ്ങൾ നൽകിയും വളരെ കുറച്ചു ദിവസങ്ങൾ മാത്രം ആയുസുള്ള ജീവിതം ശലഭങ്ങൾ എത്ര സന്തോഷത്തോടെയാണ് തീർക്കുന്നത് !!! ഇവിടെ തമ്മിൽ തല്ലിയും, കൊന്നും കൊലവിളിച്ചും വർഷങ്ങൾ ജീവിച്ചു തീർക്കുന്നു.പറയുവാനായിട്ട് എന്തു ഭംഗിയാണ് നമ്മുടെ ഈ ജീവിതത്തിനുള്ളത് ??
ഇവിടെ ആ പ്രണയ നിമിഷങ്ങൾ തീർത്തുകൊണ്ട് കാമുകിമാരോട് വിടചൊല്ലി അവരിരുവരും വട്ടം ചുറ്റി പറന്നു പൊങ്ങി.എത്രയും പ്രിയപ്പെട്ട കാമുകി കാമുകന്മാർ…
🙌
LikeLiked by 1 person
😍💓
LikeLike
🥰
LikeLiked by 1 person
😊😊
LikeLike
Kollada
LikeLiked by 1 person
😍😍😍😍😍😍😍😍😍😘
LikeLike
😍😍
LikeLiked by 1 person
🤝🤝
LikeLike
😍
LikeLiked by 1 person
😍
LikeLike