വൈകുന്നേരം പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേ വരവേറ്റത് നല്ലൊരിളം കാറ്റാണ്. അടുത്തിടെയായി ഇങ്ങനെ വല്ലപ്പോഴുമുള്ള കൊച്ചു യാത്രകളാണ് ആകെയുള്ള ഒരേയൊരു ആശ്വാസം. പുറത്തിറങ്ങിയാലും പതിവുപോലെ തന്നെ ആരെയും കാണാറില്ല. പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഒരുപാട് കിളികൾ ചിലച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ പറക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഒരുപക്ഷെ ഇവിടുത്തെ ദയനീയ അവസ്ഥ കണ്ട് ആകാശത്തുകൂടി വിലാപ യാത്ര നടത്തുന്നതായിരിക്കും. ഇനിയെങ്ങാനും അങ്ങനെയാണ് സംഭവമെങ്കിൽ പേരറിയാത്ത കിളികളെ നിങ്ങൾ എത്ര വലിയ മനസ്സുള്ളവരാണ് !!!!
വഴിയിൽ ബേക്കറിയുടെ അടുത്താണ് ആ മുഖം മുഖം ആദ്യമായിട്ടു കാണുന്നത്. കവിളൊക്കെ ചാടി നല്ല വട്ട മുഖം, ഉണ്ട കണ്ണിൽ വല്ലാത്ത തിളക്കമുണ്ട്. കവിളിന്റെ ഒത്ത നടുവിലും നെറ്റിയിലും കണ്മഷി കൊണ്ട് വൃത്തിയില്ലാത്ത ഒരു വട്ടപ്പൊട്ട് തൊട്ടിട്ടുണ്ട്. കണ്ണെഴുതിയെന്നു മനസ്സിലാക്കാനോ അവിടെ നല്ലൊരു കണ്ണുണ്ടെന്നു മനസ്സിലാക്കാനോ കഴിയാത്ത വിധം അതി ഭീകരമായിരുന്നു അവിടുത്തെ കണ്മഷി പ്രയോഗം. എന്തായാലും കക്ഷി ബേക്കറിയിൽ ചില്ലുകൂട്ടിൽ ഇരുന്ന് ക്ഷീണിച്ച കേക്കുകളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തുള്ള മനുഷ്യനെ അച്ഛൻ എന്നു വിളിക്കുന്നതൊഴിച്ചാൽ ബാക്കിയൊക്കെ മനസിലാക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു ചില്ലു പാളിയ്ക്ക് അപ്പുറമുള്ള കേക്കിനോടുള്ള കൊതി മനസിലാക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു ഭാഷയുടെ ആവശ്യമൊന്നും ഇല്ലല്ലോ. അതെ ഈ നാട്ടിൽ കൊതിയ്ക്ക് വയസില്ലാത്തതു കൊണ്ട് തന്നെ കൊതിയ്ക്ക് ഭാഷയുമില്ല, ആകെയുള്ളത് വല്ലാത്തൊരു സൗന്ദര്യമാണ്. ഇതൊക്കെ കണ്ടുകൊണ്ട് നിന്നപ്പോൾ അവൻ പതിയെ അപേക്ഷയുടെ ഭാഷയൊക്കെ നിർത്തി കരച്ചിലും തുടങ്ങിയിരുന്നു. അതെ കൊച്ചു കുട്ടികളുടെ കരച്ചിലിന് മുൻപിൽ തോൽവി സമ്മതിക്കാത്ത മാതാ പിതാക്കളുണ്ടോ ഇവിടെ. അങ്ങനെ കയ്യിൽ ഒരു കൊച്ചു കേക്കുമായി അവൻ അച്ഛന്റെ തോളിൽ കയറി.കാറിന്റെ ഉള്ളിലേയ്ക്ക് കയറുമ്പോഴും വല്ലാത്ത സന്തോഷമായിരുന്നു ആ കൊച്ചു മുഖത്ത്.
കുട്ടിക്കാലത്ത് അച്ഛനും അമ്മയുമായിട്ട് വൈക്കത്തഷ്ടമി കൂടാൻ പോകുമ്പോൾ ആകെയുള്ളൊരു കൊതി കളിപ്പാട്ടങ്ങളോടായിരുന്നു. ആകെയുള്ള ഒരേയൊരു ലക്ഷ്യം അതുമാത്രമായിരുന്നു എന്നു വേണം പറയാൻ. വൈക്കം എത്തും വരെ വളരെ അടങ്ങിയൊതുങ്ങി ഞാനും അനിയനും അവരുടെ കൂടെയങ്ങനെ നിൽക്കും. എന്നാൽ അമ്പലത്തിലേക്ക് പോകുന്ന വഴി തന്നെ പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങും. വഴിയോര കടകളിൽ തൂങ്ങിയാടുന്ന കളിപ്പാട്ടങ്ങൾ വാങ്ങിച്ചു തരാൻ പറഞ്ഞുകൊണ്ടുള്ള വഴക്കിൽ ഞാൻ ഇടയ്ക്ക് അമ്മയുടെ കയ്യിൽ നുള്ളാനും മറക്കില്ലായിരുന്നു. അനിയനാകട്ടെ ചെരുപ്പെല്ലാം നിലത്തുരച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തും !!! അങ്ങനെ കടയിൽ എത്തുമ്പോൾ ഗതികേടിനു ചൂണ്ടുന്നതെല്ലാം അച്ഛന്റെ കീശയെ തകിടം മറിയ്ക്കുന്നവയായിരുന്നു. ഒടുവിൽ ആകെയുള്ള കാശിനു ഞങ്ങൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങി തന്ന് തിരികെ മടങ്ങുന്നതാണ് പതിവ്. കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടു ഞങ്ങളും വീട്ടിലേയ്ക്ക്. ഇങ്ങനെയുള്ള കുട്ടിക്കാല കൊതികളിൽ പലതും സാധിച്ചു തരാൻ ആ പാവങ്ങൾക്ക് കഴിഞ്ഞിട്ടില്ല, കാശിന്റെ അമിതമായ കുത്തൊഴുക്കാണ് തന്നെയാണ് ഇതിന്റെ മൂല കാരണവും !!! അന്നൊക്കെ ഇത്തിരി കാശ് കുറവായിരുന്നു, വീടിനു മുൻപിൽ ആകെ രണ്ടു കുഞ്ഞു കാശു മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് പറമ്പ് മുഴുവൻ മരങ്ങൾ !!!!
ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങളും കൊതികളും ഉള്ളതുകൊണ്ട് തന്നെയാണ് ഒരോ ദിവസവും മനുഷ്യൻ ആവേശത്തോടെ ജീവിച്ചു തീർക്കുന്നത്. ഒന്നു തീർന്നാൽ മറ്റൊരു കൊതി മനസ്സിൽ കേറുന്നത് കൊണ്ട് തന്നെ മരണം വരെ അവനൊരു കൊതിയനാണ്. അവസാന നിമിഷവും അവൻ ജീവിക്കാൻ കൊതിയ്ക്കും, പ്രിയപ്പെട്ടവരെ കാണുവാൻ കൊതിയ്ക്കും !!!
അതെ ഞാനും ഒരു കൊതിയനാണ്…
അഷ്ടമി 😍
LikeLiked by 1 person
😍
LikeLike
Sprb👏👏 Nostu 🥰
LikeLiked by 1 person
💓
LikeLike
😍
LikeLiked by 1 person
😊😊🤝
LikeLike