അവസ്ഥ

വൈകുന്നേരത്തെ കാറ്റിനും ഇളം വെയിലിനും പകരം വെയ്ക്കുവാൻ മറ്റെന്തുണ്ട് !!!

പുറത്തേയ്ക്കുള്ള യാത്രയിൽ പ്രിയപ്പെട്ട വണ്ടിയും കൂടെ കൂടി. ആള് മറ്റേ കക്ഷിയാണ്,സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന പ്രകൃതം. മുൻപ് സൂചിപ്പിച്ചത് പോലെ പുള്ളിയുടെ ബ്രേക്കിന്റെ കാര്യം ഇപ്പോഴും കഷ്ട്ടത്തിലാണ് !!! വണ്ടിയ്ക്ക് നിൽക്കാൻ തോന്നണം അല്ലെങ്കിൽ ചെറുതായിട്ട് കാലുകൾ നിലത്ത് ഉരച്ചു വേണം നിർത്താൻ. ഒറ്റ നോട്ടത്തിൽ വിമാനം തന്നെയാണ് ഇവിടെ ലാൻഡിംഗ് ഗിയർ കാലുകളാണ് എന്നു മാത്രം.

കഴിഞ്ഞ ദിവസം സംഭവിച്ച ദുരനുഭവം ആവർത്തിക്കാതിരിക്കാൻ വളരെ പതുക്കെയായിരുന്നു യാത്ര. കുറച്ചു മുൻപിലായി റോഡിന്റെ ഒരുവശത്ത് കുട്ടികൾ നിക്കുന്നത് കണ്ടപ്പോൾ ഞാൻ വെറുതെയൊന്ന് നിർത്തി. എന്നെ കണ്ടതും അവറ്റകൾ കല്ലും വടിയുമൊക്കെ താഴെയിട്ടു തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടി കയറി. എന്താണ് കാര്യമെന്നറിയാൻ നോക്കിയപ്പോഴാണ് അത് കണ്ടത്, ദേഹം മുഴുവൻ ചോരയുമായി ഒരു കിളിക്കുഞ്ഞു നിൽക്കുന്നു. അത് ഏതു പക്ഷിയുടെ കുഞ്ഞാണെന്നോ എന്താണ് സംഭവിച്ചതെന്നോ മനസിലായില്ല,അതിന്റെ നിറം തന്നെ ചുവപ്പാണെന്ന് തോന്നിപ്പോകും വിധമായിരുന്നു അവസ്ഥ !!! പതുക്കെ അടുത്തോട്ടു ചെല്ലുവാൻ തുനിഞ്ഞപ്പോൾ തന്നെ പാവം ഏന്തി വലിഞ്ഞു പൊന്തക്കാടിന്റെ ഉള്ളിലേയ്ക്ക് കയറി. ഒന്നുറപ്പാണ് ആ കുട്ടികളാണ് ഇതിന്റെ ഉത്തരവാദികൾ. വല്ലാതെ സങ്കടം തോന്നി തുടങ്ങി, ദയനീയമായ ആ നിൽപ്പ് കണ്ടാൽ തന്നെ കണ്ണു നിറയും !!! എന്തായാലും കുട്ടികൾ ഒന്നിനെയും പുറത്തു കണ്ടില്ല. ഇനി അവറ്റകൾ വരില്ല എന്ന പ്രതീക്ഷയോടെ ഞാൻ വഴിയിലേക്ക് പോയി. പോകുന്ന വഴിയിലെ കാഴ്ചകളിലോ ഇളം വെയിലിൽ കുളിച്ചു തുടങ്ങിയ ഈ ചുറ്റുപാടിലോ വലിയ പ്രത്യേകത ഒന്നും തോന്നിയില്ല.മനസ്സ് മുഴുവൻ ആ കിളിക്കുഞ്ഞിന്റെ നിൽപ്പാണ് !!

തിരികെ വന്നപ്പോൾ ആ കുട്ടികൾ എല്ലാം വഴിയിൽ തന്നെയുണ്ട്. ആ പാവം മറഞ്ഞിരുന്ന പൊന്തക്കാട് മുഴുവൻ ചവുട്ടിയരച്ചു കളഞ്ഞിരിക്കുന്നു. അവിടെ നിർത്തിയിട്ടോ നോക്കി നിന്നിട്ടോ ഇനിയൊരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ടു തന്നെ തിരികെ പോന്നു.ആ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വളർത്തു ദോഷം തന്നെയാണ്. മറ്റൊരു ജീവനെ നരകിപ്പിച്ചു രസിച്ച ഈ പുലയാടി മക്കളെയൊക്കെ തല്ലി വളർത്തണമായിരുന്നു.

ഇന്ന് വൈകിട്ടാണ് കലാലയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട ഏട്ടൻ സഖാവ് അർജുൻ ഗോപിയുടെ ഒരു എഴുത്ത് കണ്ടത്. ഒരു പാവം തെരുവ് നായയെ മുപ്പല്ലി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരിക്കുന്നു !! അവർ അതിനെ പിടിച്ചു വേണ്ട ചികിത്സകൾ നൽകുകയും ചെയ്തു, ഭാഗ്യം കൊണ്ട് കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. ഈ പ്രവർത്തി ചെയ്ത പിതൃശൂന്യനെ കണ്ടെത്തി കൊടുക്കുന്നവർക്ക് 10000 രൂപയും പ്രഖ്യാപിച്ചു.

ഇതൊക്കെ ഈ നാട്ടിൽ ഇനിയും നടക്കും, സ്വന്തം കാര്യവും നോക്കി ആർത്തിയോടെ പണം തിന്നു ജീവിക്കുന്ന മനുഷ്യരാണിവിടെ മുഴുവൻ. സ്വന്തം ജീവനു മാത്രം വില കൽപ്പിക്കുന്ന മനുഷ്യൻ ഇപ്പോൾ തിരക്കിലാണെന്ന് ഓർക്കുക , ഒരുനാൾ പുഴുക്കൾക്ക് ആസ്വദിച്ചു തിന്നുവാനുള്ള ശരീരം പുഷ്ടിപെടുത്തുന്ന തിരക്കിൽ !!! അതുകൊണ്ട് തന്നെ എത്രയും പ്രിയപ്പെട്ട മറ്റു ജീവികൾ അവനോട് പൊറുക്കുക…

ഇനി ഞാനും…

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “അവസ്ഥ

Leave a reply to Veena Cancel reply

Design a site like this with WordPress.com
Get started