അടി ഇടി വെട്ട് കുത്ത്

എടുത്തു പറയുവാൻ വല്യ പ്രത്യേകതയൊന്നും ഇല്ലാത്ത വരണ്ട ദിവസം. കൂടെയുള്ള പത്തനംതിട്ടക്കാരൻ സുഹൃത്തിന് സ്വപ്നങ്ങളെപ്പറ്റി ഉച്ചകഴിഞ്ഞു തുടങ്ങിയ സംശയങ്ങളാണ്, ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിനു ഇത്ര മാത്രം സംശയമെന്താണെന്ന് ആലോചിച്ചു പോകും!!!

എന്തായാലും അവന്റെ സംശയം കേൾക്കാൻ ഞാൻ തയ്യാറായി

“അണ്ണാ, നമ്മളു കാണുന്ന സ്വപ്നം മറ്റാർക്കെങ്കിലും സംഭവിക്കുവോ? “

മൂർഖൻ പാമ്പിനെ ചവുട്ടിയ പോലെ ആയല്ലോ !! ഇതിനിപ്പോൾ എന്ത് മറുപടി കൊടുക്കാനാ !!! എന്തായാലും അങ്ങനെ ഒന്നില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നിട്ടും മുഖത്തെ സംശയം വിട്ടു മാറുന്ന ലക്ഷണമില്ല. ഉറങ്ങി കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ വിളിച്ചു കൂവുന്ന ഇവൻ ഒരു സ്വപ്ന ജീവി ആകുന്നു. സ്വപ്‌നങ്ങൾ കണ്ടു കണ്ട് ആസ്വദിച്ചു ഉറങ്ങുന്ന പ്രിയപ്പെട്ടൊരു സ്വപ്നജീവി, ആയതിനാൽ അവന്റെ ജീവിതത്തെ തൽക്കാലം സ്വപ്ന ജീവിതമെന്നും വിളിക്കാം. അല്ലാതെ വേറൊരു മാർഗമില്ല !!!

ഒരുപാട് മഞ്ഞു പെയ്തു കിടക്കുന്ന പ്രദേശം, അവിടെ കണ്ണെത്താ ദൂരം വരെ വിരിഞ്ഞു നിൽക്കുന്ന ചുവന്ന പുഷ്പ്പങ്ങൾ. അടുത്തുള്ള വയലറ്റ് പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്ന് രണ്ടു സുന്ദരികൾ ഹൃദയം കവരുന്ന ഗാനങ്ങൾ ആലപിക്കുന്നു.ചുവന്നു തുടുത്ത കവിളുകളും അവരുടെ മനോഹരമായ പുഞ്ചിരിയും വല്ലാതെ ആകർഷിച്ചു !!! മുൻപിലേക്ക് നീങ്ങുമ്പോൾ അകലെ ഒരു വെളിച്ചം കാണപ്പെട്ടു, പതിയെ അതും ലക്ഷ്യമാക്കി നടന്നു…

കാണുമ്പോൾ ഇങ്ങനെയൊക്കെ സ്വപ്നം കാണണം, അതങ്ങനെ ആസ്വദിച്ചു കിടക്കണം. എന്നാൽ ഇവിടെ എന്റെ അവസ്ഥ മറിച്ചാണ് !!!

ചിലപ്പോൾ വണ്ടിയിൽ ചീറി പാഞ്ഞു പോകും. അങ്ങനെ ഒരു അപകടവും കൂടാതെ മുൻപിലേക്ക് പോകുമ്പോൾ പെട്ടന്ന് വഴി അവസാനിക്കുന്നു !! ഞാനും വണ്ടിയും താഴേയ്ക്ക് വീഴുന്നു. ഈ സമയമായിരിക്കും കട്ടിലിൽ തിരിഞ്ഞൊന്ന് കിടക്കുന്നത്, ഉള്ള ജീവനും പോയി വിയർത്തു കുളിച്ചു ഞെട്ടി എഴുന്നേൽക്കും. ഭാഗ്യം ഒന്നും പറ്റിയിട്ടില്ല എന്ന ആശ്വാസത്തിൽ വീണ്ടും കിടക്കും.

ഈ സന്ദർഭം അങ്ങോട്ടുമിങ്ങോട്ടും മാറി മാറിയാണ് വരുന്നത്. മരത്തിൽ വലിഞ്ഞു കയറി അങ്ങ് മാനംമുട്ടെ ചെല്ലുമ്പോൾ കൈ വിട്ടു പോകുക, ആകാശത്തിലൂടെ ഒരു കയറിൽ കൂടെ നടന്നു നീങ്ങുമ്പോൾ കാലു വഴുതി പോകുക, കെട്ടിടത്തിന്റെ മുകളിൽ നിന്നും വീഴുക…ഇതിനെല്ലാത്തിനും പുറമെ കിടക്കുന്ന കട്ടിലിൽ നിന്ന് വീഴുന്നതായി വരെ കണ്ടിട്ടുണ്ട്. ഇനി നല്ല സ്വപ്നം കാണാൻ വല്ല മരുന്നുമുണ്ടെങ്കിൽ വാങ്ങി കഴിയ്‌ക്കാമായിരുന്നു !!!അല്ല അമ്മയുടെ കയ്യിൽ ഒരു പൊടിക്കൈ ഉണ്ട്. കിടക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് കിടന്നാൽ മതിയത്രെ !!! അങ്ങനെ ചെയ്‌താൽ ചീത്ത സ്വപ്‌നങ്ങൾ പേടിച്ചിട്ട് വരില്ല പോലും. ഇനി വെളുപ്പാൻകാലത്താണ് സ്വപ്നം കാണുന്നതെങ്കിൽ ഇത്തിരി പ്രശ്നം തന്നെയാ, അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും !!! ഇനിയെങ്ങാനും വല്ല അപകടമോ മറ്റോ സ്വപ്നം കണ്ടുകൊണ്ട് എഴുന്നേൽക്കുന്ന ഒരു സ്വപ്ന വിശ്വാസിയുടെ പിന്നീടുള്ള ദിവസങ്ങളുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല… എന്തായാലും ഏതാനും സെക്കൻഡ് സമയം ആയുസുള്ള സ്വപ്നങ്ങൾക്ക് മനുഷ്യ ജീവിതത്തെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്നുണ്ടല്ലോ, അതിശയം തന്നെ.

അല്ലയോ പ്രിയപ്പെട്ട സ്വപ്നങ്ങളെ, ഇനി വരുമ്പോൾ ഇതുപോലെ ഒരേ അൽക്കുരുത്തു സാധങ്ങളുമായി വരാതെ പുതിയ പുതിയ കാഴ്ചകളുമായി വരിക. ഇനി പണമാണ് പ്രശ്നമെങ്കിൽ ഈ ധനികൻ അതിനും തയ്യാറാണ് !!!

ഒരുപാട് പ്രതീക്ഷകളോടെ ഈ മഹാപാപി ഇന്നും കിടന്നുറങ്ങാം…

“സ്വപ്നങ്ങള്‍… സ്വപ്നങ്ങളേ
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ
 

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 
നിശ്ചലം ശൂന്യമീ ലോകം 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ.

ദൈവങ്ങളില്ല മനുഷ്യരില്ല – പിന്നെ
ജീവിത ചൈതന്യമില്ലാ
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ
സൗന്ദര്യ സങ്കല്‍പ ശില്‍പ്പങ്ങളില്ലാ
സൗഗന്ധിക പൂക്കളില്ല 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ….”

Published by KR

ഒരു സാധാരണക്കാരൻ... 😊

6 thoughts on “അടി ഇടി വെട്ട് കുത്ത്

Leave a reply to Aadilshah Cancel reply

Design a site like this with WordPress.com
Get started