രണ്ടു യാത്രകൾ

രാവിലെ തന്നെ കൃത്യ സമയത്ത് കുളിച്ചുരുങ്ങി വഴിയിൽ വണ്ടിയ്ക്കായി കാത്തു നിൽപ്പാണ്. പുത്തൻ പാലത്തുള്ള ഗവൺമെന്റ് സ്കൂളിലെയ്ക്കും കുറച്ചു മാറിയുള്ള എൽ പി സ്കൂളിലേയ്ക്കുമുള്ള കുട്ടികളാണ് ഓട്ടോയിൽ. അങ്ങനെ ഓട്ടോ അടുത്തെത്തുമ്പോൾ ബാഗ് ഊരി സീറ്റിനു പിന്നിലിട്ട് ഏറ്റവും മുൻപിൽ തന്നെ തൂങ്ങി പിടിച്ചുകൊണ്ട് ഇരിക്കും. പഴയ ഓട്ടോയാണ്, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധവും വഴിയോട് ചേർന്നുള്ള ഓട്ടോയുടെ താഴ്ഭാഗവും ആ യാത്രകളെ കൂടുതൽ മനോഹരമാക്കി !!! ഇതൊക്കെ ആസ്വദിച്ചു മുൻപിലിരുന്ന് പോകുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു, ചിലപ്പോഴൊക്കെ ഈ രഥം ഉരുട്ടി സ്കൂളിൽ എത്തിക്കുന്നത് ഞാനാണെന്ന് വരെ തോന്നിയിട്ടുണ്ട്.

വൈകുന്നേരമായാൽ പിന്നെ ഓട്ടോയുടെ വരവും കാത്ത് ഒരേ നിൽപ്പാണ് !! ആദ്യമെത്തുന്ന ഓട്ടോറിക്ഷ എന്നത് അഭിമാന നേട്ടം തന്നെയാണ്. അതുമല്ല രണ്ട് ഓട്ടോറിക്ഷകൾ ഒരുമിച്ചെത്തിയാൽ പിന്നെ ഒരു വലിയ മത്സരം തന്നെയാണ്. “വേഗം വിട്ടോ…വെട്ടിച്ചു പൊയ്ക്കോ…മുൻപേ കേറിക്കോ ” ഇങ്ങനെ മുറവിളികളുമായി വണ്ടിയിൽ വല്ലാത്ത ബഹളമായിരിക്കും. പിന്നെ യാത്രയിൽ സംഭവിച്ച കാര്യങ്ങളൊക്കെ അൽപ്പം എരിവൊക്കെ ചേർത്ത് തൊട്ടടുത്ത ദിവസം തട്ടി വിടാനും ഞാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ വണ്ടി അകലെ നിന്നും വരുന്നത് കാണുമ്പോഴേ ഗേറ്റിന്റെ അടുത്തു നിന്നും അലറി വിളിക്കും “ചേന്തറ” വന്നേ… സംഭവം ഓട്ടോറിക്ഷയുടെ പേരാണ് !!! ഇരിക്കാനുള്ള സ്ഥാനത്തെപറ്റിയുള്ള ചർച്ചകളൊക്കെ ഇതിനിടയിൽ കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ കുറച്ചു കുഞ്ഞു മനസ്സുകളെയും പേറി ഓട്ടോ സ്കൂളിൽ നിന്നും യാത്രയാകും.

മാസാവസാനം കൊടുക്കാൻ കാശില്ലാതെ വന്നപ്പോഴൊക്കെ ഈ രണ്ടു കിലോമീറ്ററുകൾ പാട്ടും പാടി നടന്നു പോയ സമയങ്ങൾ ആയിരുന്നു കൂടുതൽ. എന്തെങ്കിലും കാര്യങ്ങളൊക്കെ സ്വയം പറഞ്ഞുകൊണ്ട് സ്കൂളും ലക്ഷ്യമാക്കി ഒരേ നടപ്പ്. ചിലപ്പോഴൊക്കെ പ്രിയപ്പെട്ട സുഹൃത്ത് സേതുവിനെ പറ്റിക്കാൻ നട്ടാൽ പൊട്ടാത്ത ചില നുണകൾ മെനഞ്ഞുകൊണ്ട് ആയിരിക്കും നടപ്പ്. എന്തായാലും തോടിന് കുറുകെയുള്ള ദ്രവിച്ച കൊട്ടാരം പാലം ഈ യാത്രകളെ സാഹസികന്റെ യാത്രകളാക്കി മറ്റുമായിരുന്നു. മഴക്കാലമായാൽ കുത്തിയൊഴുകുന്ന നാട്ടുതോടും ദ്രവിച്ച തടിപ്പാലവും വല്ലാത്തൊരു അനുഭവമായിരുന്നു !!!! പാലത്തിനു അടുത്തുള്ള സുഹൃത്തിന്റെ അമ്മ ആയിരുന്നു ചിലപ്പോഴൊക്കെ അപ്പുറം കടത്തിയിരുന്നത്. അങ്ങനെ നാലാം ക്ലാസ്സു വരെയുള്ള രണ്ടു തരം സ്കൂൾ യാത്രകളും മനസ്സിൽ ഇന്നും പ്രിയപ്പെട്ടതായി നിലകൊള്ളുന്നു.

ഇടയ്ക്ക് ഇത് ഓർമിപ്പിക്കാനെന്നവണ്ണം കൊട്ടാരം പാലവും, ചേന്തറ ഓട്ടോയും ഇന്നും നിലകൊള്ളുന്നു. ഓട്ടോറിക്ഷ ഇപ്പോൾ പുതിയതാണെങ്കിലും പാലം ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ. ബാക്കിയെല്ലാം ഒരുപാട് മാറിയിരിക്കുന്നു !!! സ്കൂളും പരിസരവും, അധ്യാപകരും അങ്ങനെ എല്ലാം… എല്ലാം മാറിയിരിക്കുന്നു.

അതെ എല്ലാം മാറിമറിയുമ്പോൾ ചിലതെല്ലാം എരിവും മധുരവുമൊക്കെ കലർന്ന് ഇപ്പോഴും മനസ്സിന്റെ ഒരു ഭാഗത്ത് നിലകൊള്ളുന്നു.കാലങ്ങൾ കഴിഞ്ഞ് അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോഴും അത് യാതൊരു മാറ്റവുമില്ലാത്തങ്ങനെ നിലനിൽക്കും…

ഓർമ്മകളുടെ മടങ്ങി വരവാണ് ഇതൊക്കെ, ഒരുപാട് കുത്തി നോവിക്കാനും അതിലേറെ ചിരി പകരാനും അവ ശ്രമിക്കാറുണ്ട്.പ്രിയപ്പെട്ട ഓർമ്മകളെ ഇവിടെ രോഗവും വ്യാധിയുമൊക്കെയാണ് അതുകൊണ്ട് തന്നെ മനസ്സിൽ സുരക്ഷിതമായി ഇരിക്കുക,കാരണം നിങ്ങൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…

Published by KR

ഒരു സാധാരണക്കാരൻ... 😊

8 thoughts on “രണ്ടു യാത്രകൾ

Leave a reply to AR Cancel reply

Design a site like this with WordPress.com
Get started