ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു !!!
രാവിലെ അത്യാവശ്യം വലിയൊരു ലിസ്റ്റുമായി കടയിലേയ്ക്ക് ഇറങ്ങിയതാണ് . മനുഷ്യരുള്ള സ്ഥലമാണോ ഇതെന്ന് അതിശയപ്പെട്ടു പോയി, വഴിയിലെങ്ങും ഒരാളെ പോലും കാണാനില്ല !! വളരെ ശാന്തമായ അന്തരീക്ഷം. കുറച്ചു മുൻപിലേക്ക് ചെന്നപ്പോഴാണ് അവിടെ കുറച്ചധികം പട്ടികൾ കൂട്ടത്തോടെ നിൽപ്പാണ്. ഒരെണ്ണം കിടക്കുന്നുണ്ട് നല്ല തടിച്ചുരുണ്ട വെളുത്ത പട്ടി, അതെ അവനായിരിക്കും ഇവറ്റകളുടെ നേതാവ് !! എന്റെ മുൻപേ ചിന്നം വിളിച്ചു ചീറി പാഞ്ഞു കയറിയ ഹതഭാഗ്യനായ ഫ്രീക്കൻ അവരുടെ അടുത്തെത്തിയപ്പോൾ വല്ലാതെ കഷ്ട്ടപ്പെട്ടു. കാരണം കൂട്ടത്തിൽ ഒരുവൻ അവന്റെ നേരെ കുരച്ചുകൊണ്ട് ചാടി, അതുമാത്രമല്ല ബാക്കിയുള്ള പരിവാരങ്ങളും അവന്റെ പിന്നാലെ അൽപ്പം ഓടി. സാധാരണ ഗതിയിൽ മനുഷ്യരു പറയാറുള്ളത് പോലെ “പതിയെ പോടാ #*@*%മോനെ ” എന്നായിരിക്കും അവറ്റകൾ എല്ലാംകൂടി അവനോട് പറഞ്ഞത്. എന്നാൽ എന്റെ അവസ്ഥയും സമാനമായിരുന്നു !!! പതിയെ പോയ എന്റെ നേരെ വന്നത് ആ തടിച്ചുരുണ്ട നേതാവായിരുന്നു, എന്തായാലും ജീവനും കൊണ്ട് പാഞ്ഞു. ഇത്തവണ അവര് പറഞ്ഞത് ചിലപ്പോൾ “വേഗത്തിൽ പോടാ #*@*%മോനെ ” എന്നായിരിക്കും. കഷ്ട്ടം ഇതെന്തൊരു ഗുണ്ടായിസം !! വന്നു വന്ന് ഈ റോഡിൽ ഇവറ്റകൾ ഒരു സ്വാതന്ത്ര്യവും തരുന്നില്ലല്ലോ ☹️. ഇക്കാലത്ത് എന്ത് ചെയ്താലും കുറ്റം പറയുന്ന മനുഷ്യരെ പോലെയായിട്ടുണ്ട് ഇവറ്റകളുടെ സ്വഭാവവും !!തിരിച്ചു പോകുമ്പോഴെങ്കിലും ഈ മഹാപാപിയെ ചീത്ത പറയരുതേ, ഇതൊരു അപേക്ഷയാണ് പട്ടി നേതാവേ.
ഇതെല്ലാം കഴിഞ്ഞ് കടയിൽ എത്തിയപ്പോൾ അവിടെ ഒരു വൃദ്ധയായ സ്ത്രീയെ കണ്ടു, പാവം കൈയൊക്കെ ആകെ വിറച്ചുകൊണ്ടിരുന്നു. നല്ല വസ്ത്രങ്ങളൊക്കെ അണിഞ്ഞു ഭംഗിയിലാണ് നിൽപ്പ്, തൊലിയൊക്കെ ചുക്കി ചുളിഞ്ഞു കണ്ണൊക്കെ കുഴിഞ്ഞിരുന്നു എങ്കിലും കാണുവാൻ ഒരു ഐശ്വര്യമൊക്കെ നിറഞ്ഞ സ്ത്രീ. ചെന്നപാടെ എന്നെ നോക്കി, നല്ലപോലെ ഒന്ന് തലകുലുക്കി കാണിച്ചു. കൊള്ളാല്ലോ, ഞാനും തലയാട്ടി കാണിച്ചു. പിന്നെ ഒരു അപേക്ഷയും “മോനെ ഒരു പത്ത് കോഴിമുട്ട എടുത്ത് തരുവോ “. കേട്ടപാടെ ഞാൻ അടുത്തിരുന്ന കവറിൽ പറഞ്ഞത്രയും എടുത്ത് കയ്യിൽ കൊടുത്തു. വീണ്ടും കനത്തിലൊരു തലയാട്ടു കിട്ടി, ഞാനും മറുപടി കൊടുത്തു. എന്നാൽ ബില്ലിന്റെ സെക്ഷനിൽ എത്തിയതും തിരിഞ്ഞ് നിന്ന് അവർ ഒരൊറ്റ ചോദ്യം “താറാം മുട്ട തന്നെയല്ലേ കൊച്ചേ? ” പിന്നെയുണ്ടായ പുകിലൊന്നും പറയണ്ടല്ലോ. എന്നെ പറയാത്ത വഴക്കൊന്നുമില്ല, ആ ശരീരത്തിൽ നിന്നും ഇതുമാതിരി ശബ്ദം ഞാൻ പ്രതീക്ഷിച്ചില്ല. ഐശ്വര്യത്തിന്റെ നിറകുടമേ നിങ്ങൾ ഒരുപാട് ഉയരത്തിലാണ് !!!! ഇക്കാലത്ത് ആർക്കും അറിഞ്ഞുകൊണ്ട് ഒരു ഉപകാരവും ചെയ്തുകൂടാ, പ്രത്യേകിച്ച് ഇതുപോലെ തലയാട്ടി കാട്ടുന്നവർക്ക് !!!
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്… 🙏
😂😂
LikeLiked by 1 person
😍
LikeLike
🤣🤣🤣
LikeLike
😊😊
LikeLike
💖
LikeLiked by 1 person
❤️❤️❤️❤️❤️❤️💗❤️❤️❤️❤️❤️❤️💗❤️❤️❤️❤️❤️❤️💗❤️❤️❤️❤️💗❤️❤️❤️❤️💗❤️❤️❤️😘😘😘😘😘😘😘
LikeLike
🤣🤣🤣👌
LikeLiked by 1 person
😊🤝
LikeLike