ട്രാൻസ്ജെൻഡർ

തലയ്ക്കകത്ത് ആൾതാമസമില്ലെന്ന് കേൾക്കേണ്ടിവന്ന ഒരുപാട് പേരുണ്ടാകുമല്ലോ !! ഞാൻ അക്കൂട്ടത്തിൽ ഇല്ല, എന്താണെന്നല്ലേ?? എന്റെ തലയ്ക്കുള്ളിൽ ഒരു പറ്റം ശിൽപ്പികൾ താമസിക്കുന്നുണ്ട്. അതിശയം തോന്നേണ്ട അവർ വര്ഷങ്ങളായി എന്റെ തലയ്ക്കുള്ളിൽ താമസമാണ്. ഇടയ്ക്ക് ചില ദിവസങ്ങളിൽ ഉളിയും ചുറ്റികയുമൊക്കെയെയായി തലയ്ക്കുള്ളിൽ വല്ലാത്ത പണിയിലായിരിക്കും പഹയന്മാർ !!! നിർത്താൻ പറഞ്ഞാലും കേൾക്കില്ല, ഇനി കണ്ണു നിറഞ്ഞു തുളുമ്പിയാലും അവർക്ക് യാതൊരു പ്രശ്നവുമില്ല. ഇന്നലെ അവരുടെ പണി എന്തായാലും അപാരമായിരുന്നു. അല്ലയോ പ്രിയപ്പെട്ട മൈ@*#%ഗ്രെയ്ൻ മക്കളെ നിങ്ങളുടെ ഈ സേവനം ഇനിയും നിർത്താറായില്ലേ?

ഇന്നലെ വൈകിട്ട് വൈക്കം പോയതാണ്, രാത്രി ആയതു കൊണ്ട് സ്കൂട്ടറിനെ ഉപേക്ഷിച്ചു ബൈക്കുമായാണ് പോയത്. വൈക്കം എത്തിയപ്പോഴേയ്ക്കും തലവേദന അധികമായിരുന്നു, കണ്ണു പോലും തുറന്നു നോക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു !!! ആളനക്കമില്ലാത്ത വാഴമന വഴിയിൽ എത്തിയപ്പോഴേയ്ക്കും, ‘എനിയ്ക്ക് ഇനി വയ്യ ‘ എന്നു പറഞ്ഞുകൊണ്ട് ബൈക്ക് ഒരൊറ്റ നിൽപ്പ് !!! ചതി…കൊടും ചതി, പെട്രോളു മുഴുവൻ കുടിച്ചു തീർത്തിരിക്കുന്നു .എന്നാലും എന്റെ ബൈക്കേ നിനക്ക് ഇത്ര ആർത്തി എന്തിനായിരുന്നു, നാളെ എന്നൊരു ദിവസമുണ്ടായിരുന്നേൽ ഞാൻ നിനക്ക് ഒരു പെട്രോൾ പമ്പ് തന്നെ വാങ്ങി തരുമായിരുന്നല്ലോ !!!!!

തലവേദന കൂടി കൂടി വന്നു. പിന്നൊന്നും നോക്കിയില്ല എല്ലാവരെയും വിളിച്ചു. കൊറോണ കൊണ്ടായിരിക്കും പലരും ഇവിടില്ല എന്നു വരെ പറഞ്ഞു. വല്ലാത്ത സങ്കടം തോന്നി തുടങ്ങി. ആരു സഹായം ചോദിച്ചാലും ഇന്നുവരെ ചെയ്തു കൊടുത്തിട്ടേ ഉള്ളൂ, എന്നിട്ടും ഈ അവസ്ഥയിൽ ആരുമില്ലല്ലോ എന്ന് തോന്നി തുടങ്ങി. ഒടുവിൽ ആശ്വാസവാക്കുമായി പ്രിയപ്പെട്ടവൻ കായൽ എത്തി “ഒരു പതിനഞ്ചു മിനിട്ടിനുള്ളിൽ ഞാനെത്തും “. അങ്ങനെ ഒരു കാര്യത്തിൽ തീരുമാനമായി. ഇനി തലവേദന !! പതിയെ ഹെൽമെറ്റ് വച്ചു മുറുക്കി, കൊള്ളാം ഹെൽമെറ്റിന്റെ താഴെയുള്ള ബെൽറ്റ് ഇട്ടു വേണം യാത്ര ചെയ്യാൻ എന്ന് പോലീസ് പറയുന്നത് ഇതിനാണ് അല്ലെ !!! തലവേദന കുറവുള്ള പോലെ തോന്നി. എന്തായാലും ഈ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും പമ്പിൽ എത്താൻ ഏകദേശം രണ്ടു കിലോമീറ്റർ എങ്കിലും എടുക്കും, പട്ടികൾ ഓരോന്നായി വന്നു കൂടാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ വണ്ടി തള്ളുവാൻ തുടങ്ങി. അധികം പോയില്ല അപ്പോഴേയ്ക്കും സഹായ ഹസ്തങ്ങളുമായി ഒരു അപരിചിതൻ ബൈക്കിൽ എത്തി. “പെട്രോളു തീർന്നോ, ബൈക്കിൽ കേറി ഇരുന്നോ ” ഇത്രയും പറഞ്ഞിട്ട് വണ്ടിയും വളച്ചു എന്റെ അടുത്തു വന്നു കക്ഷി. പാവം എന്നെയും ഈ കൊതിയൻ ബൈക്കിനെയും ചവുട്ടി തള്ളി പമ്പിന്റെ മുൻപിൽ എത്തിച്ചു. ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു. “ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ, എന്താണ് പേര്? “

“ജിത്തു, ആമ്പൽ എന്ന് വിളിക്കും. ഇവിടെ ചെമ്മനാകരി ആണ് വീട് !!അപ്പൊ ശെരി പിന്നെ കാണാം “

അയാൾ വണ്ടിയും ഓടിച്ചു ഒരു ചിരിയും സമ്മാനിച്ചു സ്ഥലം വിട്ടു. അൽപ്പ നേരം ഞാൻ ബൈക്കിനെ നോക്കി. കള്ള കഴുവേറി എന്നെ പെടുത്തിയല്ലോ നീയ് !!!തലവേദന പിന്നെയും കൂടിയപ്പോൾ ഹെൽമെറ്റ് മടിയിൽ വെച്ച് അതിൽ തലയും വെച്ച് കണ്ണ് മുറുക്കി അടച്ചുകൊണ്ട് കിടന്നു. അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് അത് കേട്ടത്

“അത് കണ്ടോ മറ്റതാ “

ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ എന്റെ അടുത്തേയ്ക്ക് വരുന്നു. അവരിൽ ഒരാൾ എന്നോട് ചോദിച്ചു “കൊച്ചേ ഇപ്പോൾ ഏതെങ്കിലും കട തുറന്നു കാണുവോ? “

“ഈ സമയം ആയതു കൊണ്ട് അറിയില്ല ചേച്ചി, അല്ലെങ്കിൽ ട്രാൻസ്‌പോർട് സ്റ്റാൻഡിൽ കട ഉണ്ടാകും “

അവർ ട്രാൻസ്‌പോർട് സ്റ്റാൻഡിലേയ്ക്ക് ഉള്ള വഴിയും ചോദിച്ചിട്ട് നടന്നു പോയി. അപ്പോഴും അവരെ കളിയാക്കിക്കൊണ്ടു ഒരു ഓട്ടോ ഡ്രൈവറും അവന്റെ കൂടെയുള്ളവനും നിൽക്കുന്നു. അതെ പോയവർ ട്രാൻസ് ജെൻഡർ ആണ് മനുഷ്യരാണ്. ഇവന്മാരെ പോലുള്ള നാറിയ മലയാള സമൂഹത്തിനു അവർ മറ്റേതാണ്.

രണ്ടുപേരും പോയപ്പോൾ ഡ്രൈവർ എന്നോട് ഉറക്കെ വിളിച്ചു ചോദിച്ചു “എന്താടാ അവന്മാർ ചോദിച്ചത് ” ഞാൻ ഒന്നും മിണ്ടാതെ കുറച്ചു സമയം അവരെ നോക്കി. എന്താടാ നോക്കുന്നത് എന്നും പറഞ്ഞുകൊണ്ട് വന്ന് എനിക്കിട്ടൊരു തല്ലും തന്നിട്ട് പോയാലും തിരിച്ചൊന്നും മിണ്ടാൻ പോലും വയ്യാത്ത അവസ്ഥയിലാരുന്നു ഞാൻ. എന്നാൽ പിനീടൊന്നും ചോദിക്കാതെ അവറ്റകൾ വണ്ടിയുമായിട്ട് സ്ഥലം കാലിയാക്കി. ശരിക്കും ഒന്നാലിച്ചിച്ചു നോക്ക് മലയാള ഭാഷയിൽ അവരെ വിളിക്കാൻ ഒരു നല്ല പേരുണ്ടോ??? എന്നാൽ അതുകൊണ്ട് മലയാളി മലരുകൾ അവരെ വിളിക്കാതിരിക്കുവോ, അതില്ല !!! പെട്ടി, ഒൻപത്, മറ്റേത്, ശിഖണ്ഡി…അങ്ങനെ നല്ല തന്തയ്ക്കു പിറക്കാത്ത ചില മലയാളികൾ ഇപ്പോഴും അവരെ ഇങ്ങനെയൊക്കെ അഭിസംബോധന ചെയ്തു വരുന്നു. എന്തു തെറ്റാണ് അവർ ചെയ്യുന്നത്??? ഇന്ന് എന്റെയല്ലെങ്കിൽ നിന്റെ വീട്ടിലും ഇങ്ങനെ ഒരാൾ ജനിച്ചേക്കാം, അപ്പോൾ എന്തു ചെയ്യും?? കൊന്നു കളയുമോ ഈ പാവങ്ങളെ… അതെ അവരുടെ തെറ്റല്ല ജനിക്കുമ്പോൾ മുതൽ കൂടെയുണ്ടാകും ഇതെല്ലാം, ഒരു പ്രായമാകുമ്പോൾ ഇതൊക്കെ പുറത്തുവന്നു തുടങ്ങും. അതിലെന്താണ് തെറ്റ്. ഇന്നീ ഭൂലോകത്ത് മറ്റൊരാൾക്ക്‌ ഉപദ്രവം ഏൽപ്പിക്കാതെ എങ്ങനെ വേണമെങ്കിലും ജീവിക്കാൻ സ്വതന്ത്രമില്ലേ??? ഒന്നോർക്കുക അവരെ തരം താഴ്ത്തുന്ന നമ്മളൊക്കെ അത്ര കേമന്മാർ ആണോ??? ജീവിക്കുവാൻ വേണ്ടി അലയുമ്പോൾ ഒരായിരം കുത്തുവാക്കും നാറിയ നോട്ടവുമായി മലയാളി സമൂഹം അവരെ വേട്ടയാടുന്നു. ഒരു മലയാളി ആയതിൽ അഭിമാനിക്കാതെ ഇവരെ ഇത്രയും വൃത്തിഹീനമായ വാക്കുകളാൽ മാത്രം അഭിസംബോധന ചെയ്യുന്ന മലയാള സമൂഹത്തിൽ ജീവിക്കേണ്ടി വന്നതിൽ ഞാൻ ലജ്ജിച്ചു തല താഴ്ത്തി പോകുന്നു !!

ഇനി എന്നാണ് നല്ലൊരു പേര് കണ്ടെത്തി അവർക്കായി നൽകുന്നത്? ഇനി അങ്ങനെ കൊടുത്താൽ തന്നെ ആരൊക്കെ വിളിക്കും !!! ഇല്ല ഈ മലയാള ഭാഷയ്ക്ക് അതിനെക്കൊണ്ടൊന്നും ആവില്ല. നാറിയ മലയാളമേ നിന്റെ കോടാനു കോടി വാക്കുകളിൽ ഒന്നുപോലും നല്ലതില്ലലോ ഇവർക്ക് നൽകാൻ, നിനക്കും ദാരിദ്രമോ?? ദയവു ചെയ്തു വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ലെങ്കിൽ അവരെ ട്രാൻസ്ജെൻഡർ എന്ന് അഭിസംബോധന ചെയ്തുകൂടെ??

അൽപ്പം കഴിഞ്ഞപ്പോൾ കൂട്ടുകാർ രണ്ടുപേർ വന്ന് പെട്രോൾ അടിക്കാനുള്ള കാശും തന്ന് എന്നെ ആ നരകത്തിൽ നിന്നും രക്ഷപ്പെടുത്തി. വന്നു കിടന്നത് മാത്രമേ ഓർമ്മയുള്ളു. തലയ്ക്കുള്ളിൽ അത്രത്തോളമുണ്ടായിരുന്നു കൊത്തു പണികൾ !!! ഇന്ന് രാവിലെ തൊട്ട് ഒരേ കിടപ്പായിരുന്നത് കൊണ്ട് തന്നെ വല്യ വിശേഷങ്ങളൊന്നും ഇല്ലായിരുന്നു. ഇതെല്ലാം എഴുതി തീരാറാകുമ്പോഴും തലയ്ക്കുള്ളിൽ ഒരുത്തൻ ഒറ്റയ്ക്ക് കുത്തിയിരുന്ന് എന്തിന്റെയൊക്കെയോ മിനുക്ക് പണിയിലാണ്. നടക്കട്ടെ മരുന്ന് കഴിച്ചിട്ടും ഒരു രക്ഷയുമില്ല, അതുകൊണ്ട് തന്നെ അവരെ അവരുടെ വഴിയ്ക്ക് വിട്ടേക്കാം.

@writeranandu

Published by KR

ഒരു സാധാരണക്കാരൻ... 😊

11 thoughts on “ട്രാൻസ്ജെൻഡർ

Leave a comment

Design a site like this with WordPress.com
Get started