മാലാഖയും സൂചിയും

തലയ്ക്കുള്ളിൽ വല്ലാത്ത വഴക്കും ബഹളവുമായി തുടങ്ങി, എന്തിനാണ് കൂടുതൽ പറയുന്നത് കഴിക്കുന്ന ഭക്ഷണം പോലും ഈ പ്രശ്നങ്ങൾ കാരണം വയറിനോട് പിണങ്ങി തിരികെ പോന്നു !!! ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കിടയിൽ കുടുങ്ങി ഞാൻ വല്ലാത്തൊരു പരുവമായി. അവസ്ഥ ഇന്ന് ഉച്ചയോടു കൂടി മോശമായപ്പോൾ സുഹൃത്തുമായി അടുത്തുള്ള ആശുപത്രിയിൽ പോകുവാൻ തീരുമാനമായി. ഈ പ്രശ്നങ്ങൾ തുടങ്ങിയത് ഒരു ബൈക്ക് യാത്രയിൽ നിന്നായതു കൊണ്ട് ഞങ്ങൾ ഈ യാത്രയിൽ പ്രിയപ്പെട്ട സ്കൂട്ടറിനെ ഒപ്പം കൂട്ടി. “മാമനോട് ഒന്നും തോന്നല്ലേ ബൈക്കേ…”

അങ്ങോട്ടുള്ള യാത്രയിൽ തലയ്ക്കുള്ളിലെ ഈ വഴക്കും പ്രശ്നവുമൊക്ക കൊണ്ട് കണ്ണു പോലും തുറക്കാനായില്ല. തിരക്കൊഴിഞ്ഞ വഴിയിൽ ഞങ്ങളെങ്ങനെ ചീറി പാഞ്ഞു. തലവേദനയുടെ കൂടുതലുകൊണ്ട് ഞാൻ ഹെൽമെറ്റ് ഉപേക്ഷിച്ചിരുന്നു. ഇടി വെട്ടിയവനെ പാമ്പ് കടിക്കും എന്നൊരു അവസ്ഥ എത്ര മനോഹരമായാണ് സംഭവിക്കാൻ പോകുന്നത്, അകലെ ഒരു പോലീസ് വണ്ടി !!! അവർ കൈ കാണിച്ചെങ്കിലും പിണക്കം കാരണം ഞങ്ങൾ എതിർ വശത്തേയ്ക്ക് തലയും ചരിച്ചു സങ്കടത്തോടെ യാത്ര തുടർന്നു. സത്യം പറഞ്ഞാൽ ആശുപത്രിയിൽ കൊടുക്കാനുള്ള പണം മാത്രമേ കയ്യിലുള്ളു അതാണ് നിർത്താതിരുന്നത് !!! നിർത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ആശുപത്രിയിൽ പോകാതെ തിരികെ പോരേണ്ടി വന്നേനെ. എന്നാലും കൈ നീട്ടുവാൻ ഈ പാവങ്ങളുടെ വണ്ടി മാത്രമേ കിട്ടിയുള്ളോ പ്രിയപ്പെട്ട പോലീസ് ഏമാന്മാർക്ക് !!!

അങ്ങനെ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ മുഴുവൻ സ്ത്രീ ജനങ്ങൾ. പേരിന് ഒരു സെക്യൂരിറ്റി പോലുമില്ല അവിടെ പുരുഷ ജീവനക്കാരനായിട്ട്. എന്തായാലും ഡോക്ടറെ കണ്ടു കാര്യമൊക്കെ വിശദീകരിച്ചപ്പോൾ ഒരു കുറിപ്പടിയിൽ നല്ല മൂന്നു ഇൻജെക്ഷനും ഒരു രക്ത പരിശോധനയും എഴുതി നിറച്ചു, അതു പോരാഞ്ഞിട്ട് ഒരു ചാക്ക് മരുന്നും. എന്നാലും എന്റെ ഡോക്ടറെ ഈ മൂന്ന് ഇൻജെക്ഷനും ഒരൊറ്റ കുത്തിൽ ഒതുക്കാനുള്ള മാർഗമൊന്നുമില്ലല്ലോ അല്ലെ !!! ഈ മെഡിക്കൽ രംഗം ഇനിയും വളരാനുണ്ട്. സൂചി പേടിയായിട്ടൊന്നുമല്ല കേട്ടോ.

നല്ല സുന്ദരിയായ മാലാഖ മൂന്നു സിറിഞ്ചിൽ മരുന്നും ഒരെണ്ണം കാലിയുമാക്കി ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നു. ഇത്രയും കണ്ടപ്പോൾ വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. പിന്നെ കൈകളിൽ മൂന്ന് സൂചിയുടെ പ്രയോഗം കഴിഞ്ഞപ്പോൾ പിന്നീട് കിടക്കാനും ആവശ്യപ്പെട്ടു. കിട്ടി… പുറകിലും കിട്ടി ഉഗ്രൻ കുത്ത് !!! ഒടുവിൽ ആ കാലും മുടന്തി മരുന്ന് വാങ്ങി ഇറങ്ങുമ്പോൾ എന്റെ ധൈര്യത്തെ അവർ വാനോളം പുകഴ്ത്തി. സുന്ദരിമാരായ മാലാഖകൾക്കും ചീട്ടിൽ ഇത്രയും സ്നേഹം ചൊരിഞ്ഞ ഡോക്ടർക്കും ഒരായിരം നന്ദി.

തിരികെ പോരുമ്പോൾ ഇളം വെയിൽ വീണ പുഴയുടെ അരുകിൽ തോണിയിൽ നിന്ന് ഒരു സ്ത്രീ മീൻ പിടിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്നവൻ അത്ഭുതപ്പെട്ടു. ഇന്ന് പുരുഷ വർഗ്ഗത്തിന്റെ കുത്തക ജോലികളെന്ന് കരുതപ്പെട്ട പലതും സ്ത്രീകളും ചെയ്തുവരുന്നു, ഇന്നവർ അടുക്കളപ്പുറത്തു ഒതുങ്ങുന്നില്ല എവിടെയും ഒരു സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്നു. സ്ത്രീകൾ ശക്തരാണ്, ഇവിടെ എല്ലാത്തിനും തുല്യ അവകാശങ്ങളും അവർക്കുണ്ട്. അതുകൊണ്ട് തന്നെ ആ കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയില്ല !!!

ഇതുപോലെ സൂചിയുമായി വരുന്ന സുന്ദരികളായ മാലാഖകളെയും ചീട്ടിൽ കണ്ണിൽ ചോരയില്ലാതെ ഇൻജെക്ഷൻ എഴുത്തിവിടുന്ന സ്ത്രീ ജനങ്ങളെയും ഒന്ന് പേടിക്കുന്നതും നല്ലതാണ്. പ്രിയപ്പെട്ട സുന്ദരി മാലാഖേ നിങ്ങൾ പുറകിൽ കുത്തിയ സൂചിയുടെ ഒരു കക്ഷണം ഇപ്പോഴും അവിടെയുണ്ടോ എന്നൊരു സംശയം ഈ മഹാപാപിക്കുണ്ട്.

എന്തൊരു പരീക്ഷണം ഇപ്പോൾ ഉറപ്പിച്ചൊന്ന് ഇരിക്കാൻ പോലും പറ്റണില്ലല്ലോ !!!

Published by KR

ഒരു സാധാരണക്കാരൻ... 😊

6 thoughts on “മാലാഖയും സൂചിയും

Leave a reply to KR Cancel reply

Design a site like this with WordPress.com
Get started