വായു

വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ, ഏകദേശം 40 km വേഗതതെയെങ്കിലും ഉണ്ടാകും !!!

ലോകത്ത് ഏറ്റവും സന്തോഷവും സമാധാനവും കിട്ടുന്നത് ചെടികളെ പരിപാലിക്കുമ്പോഴാണ് (എന്റെ കാര്യമാണ് ). ചിലതൊക്കെ നിറമുള്ള പൂക്കൾ കാട്ടി നമ്മെ പുഞ്ചിരിച്ചു കാണിക്കും. നനച്ചു തുടങ്ങുമ്പോൾ ഇനിയും ഒഴിച്ചോ എന്ന കണക്കിന് തലകുനിച്ചു നിന്ന് കുണുങ്ങി ചിരിക്കും, അന്നത്തെ വിശേഷങ്ങൾ പലതും പറയുകയും ചെയ്യും. ഇവറ്റകളെ കണ്ണുമടച്ചു സ്നേഹിക്കാം, ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കില്ല.പൂക്കൾ ഒക്കെ വിരിച്ചു എല്ലായ്പോഴും സ്നേഹം ചൊരിഞ്ഞു നിൽക്കും, ഈ കാഴ്ച്ച കാണുമ്പോഴേ വല്ലാത്തൊരു സന്തോഷം തന്നെയാണ്. അൽപ്പം കഷ്ട്ടപ്പെട്ടു നോക്കിയാൽ ഇത്രയും സന്തോഷം തരുന്ന, അതു മാത്രം തരുന്ന ചെടികളെയും പൂക്കളെയും തന്നെയല്ലേ ഈ ഭൂമിയിൽ കണ്ണുമടച്ചു സ്നേഹിക്കാൻ കഴിയുന്നത്.അതുകൊണ്ട് തന്നെ ഇവറ്റകളെ പരിപാലിക്കുന്നത് ഏറ്റവും സന്തോഷവും സമാധാനവും തരുന്ന കാര്യമായി മാറുന്നു.

ചെടികൾ നനച്ചുകൊണ്ടിരുന്നപ്പോൾ കുറച്ചു കീടനാശിനി അടിക്കാമെന്ന് കരുതി. ഇലകളൊക്കെ കേടുവന്നിരിക്കുന്നു, നിന്റെയൊക്കെ അവസാനം എന്റെ കൈകൊണ്ടാണെടാ കീടങ്ങളെ !!! ഞാൻ മരുന്നെടുക്കാനായി പുറത്തേയ്ക്ക് വന്നപ്പോഴാണ് അതു സംഭവിച്ചത്.

വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ, ഏകദേശം 40 km വേഗതതെയെങ്കിലും ഉണ്ടാകും !!! വളവിൽ വെച്ച് എന്റെ വണ്ടിയുടെ തൊട്ടു മുൻപിൽ വന്ന് ഒരൊറ്റ നിൽപ്പ്. ഇതെവിടുന്നു വന്നു ഇനി വല്ല പൊട്ടിമുളച്ചു വന്നതാണോ എന്ന് അതിശയിച്ചു പോയി. എതിരെ വന്നതല്ല കേട്ടോ, എന്റെ പിറകിൽ നിന്നു വന്ന് മുൻപിൽ വട്ടം വെച്ചതാണ് കക്ഷി !!! എന്തായാലും ഞാൻ വന്ന വഴിയിൽ ഒന്നും ഇയാളെ കണ്ടില്ല, അതുകൊണ്ട് തന്നെ വല്ലാത്ത അത്ഭുതം തോന്നി. ഇത്ര വേഗത്തിൽ എന്റെ മുൻപിൽ കയറിയ സൈക്കിൾ എങ്ങനെ നിന്നെന്നും ചുരുളഴിയാത്ത ഒരു രഹസ്യമാണ്. അത്യാവശ്യം പ്രായമുള്ള ഡ്രൈവർ ആയതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല.

“നോക്കി പോകണ്ടേ ” ഉപദേശം എന്നോടായിരുന്നു !!! പതിയെ ഒന്ന് തലയാട്ടിക്കൊടുത്തു. പൊടുന്നനെ ബെല്ലു മുഴക്കി പുള്ളി റോക്കറ്റ് കണക്കെ പാറി പറന്നു !! എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല, ഇനിയെങ്ങാനും എന്റെ ഭാഗത്താണോ തെറ്റ്????

നാട്ടിലുമുണ്ട് ഇതുപോലൊരു സൈക്കിൾ വാലാ !!. സൈക്കിളിൽ മിന്നലു പോലെ മിന്നിമറയുന്ന മാന്ത്രികൻ. കയ്യിൽ കാശുണ്ടെങ്കിലും ജില്ല വിടാൻ കക്ഷിക്ക് സൈക്കിൾ തന്നെ ധാരാളം. ഒരേ സമയം എറണാകുളത്ത് തിരക്കിനിടയിലും, ആലപ്പുഴ ബീച്ചിലും കണ്ടവരുണ്ട്. പയ്യെ പോകുന്നത് കക്ഷിയുടെ നിഘണ്ടുവിൽ പോലുമില്ല !!! ഇതൊന്നുമല്ല യഥാർത്ഥ പ്രത്യേകത. പിള്ളേർ ആരെങ്കിലും സൈക്കിളിൽ പോകുന്നത് കണ്ടാൽ ഇയാൾ വേഗം മുൻപിൽ കയറിയിട്ട് ബസർ ശബ്ദം കേൾപ്പിച്ചു വണ്ടിയങ്ങു നിർത്തും !! ഇതുകാണുന്ന പിള്ളേരാകട്ടെ പേടിച്ചു വട്ടം കറങ്ങും. വെറുതെ നിർത്തുക മാത്രമല്ല രൂക്ഷമായി തിരിഞ്ഞു നോക്കുകയും ചെയ്യും. പാവം മാനസികമായി ഒരുപാട് ചെറുപ്പമാണ് ഇപ്പോഴും. ഈ പിള്ളേരെയൊക്കെ പേടിപ്പിക്കുന്നത് വർഷങ്ങൾ മുൻപുള്ള കാര്യമാണ് കേട്ടോ !! ഇപ്പോൾ കക്ഷിക്ക് പഴയ പ്രതാപമൊന്നും ഇല്ല. ഇപ്പോൾ ഇങ്ങനെ കാണിക്കുമ്പോഴൊക്കെ പിള്ളേരെല്ലാം തെറിയും ബഹളവുമാണ്, കഷ്ട്ടം ചിലപ്പോഴൊക്കെ രക്ഷപ്പെടാൻ സൈക്കിളു നിർത്തി നെഞ്ചു വേദന അഭിനയിക്കുക പതിവാണ്. ഞങ്ങൾ സുഹൃത്തുക്കളുമായി വഴിയിൽ നിൽക്കുമ്പോൾ ഇയാളാണ് സ്ഥിരം വേട്ടമൃഗം. സൈക്കിളിൽ വേഗത്തിലെങ്ങാനും പോയാൽ പിന്നെ തെറിയുടെ ബഹളമാണ്, അൽപ്പം മുപിലേക്ക് മാറ്റി വണ്ടി നിർത്തി തിരിഞ്ഞോന്നു നോക്കി ആയാളും തുടങ്ങും. പിന്നെയൊരു അരങ്ങാണ് അവിടെ, ഒടുവിൽ അടുത്തുള്ള വീട്ടിൽ കയറി ഞങ്ങളെപ്പറ്റി പരാതിയും പറഞ്ഞിട്ട് കക്ഷി സ്ഥലം കാലിയാക്കും. കാലം മാറിയ കാര്യം അറിയാതെ ജീവിക്കുന്ന പാവം വായു !!!

ആളെ നാട്ടിൽ ചിലയിടങ്ങളിൽ വായു എന്നാണ് അറിയപ്പെടുന്നത്. എന്തൊക്കെയായാലും വായു ഇപ്പോഴും പൂർണ ആരോഗ്യവാനായി, സൈക്കിളിൽ പാഞ്ഞു നടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് കുഞ്ഞു പിള്ളേരുടെ വരെ ചീത്ത കേൾക്കലും പതിവാണ്. അതെ അധികമാരും അറിയപ്പെടാതെ പോയ സൈകിളിങ് ചാമ്പ്യൻ.

അങ്ങനെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ചെടികൾക്ക് കീടനാശിനിയും അടിച്ചിട്ട് ഞാൻ തിരികെ പോന്നു !! വരുന്ന വഴിയിൽ വീണ്ടും ആ സൈക്കിളുകാരനെ കാണാൻ പറ്റുമെന്ന് കരുതിയെങ്കിലും നടന്നില്ല. അല്ല ഇപ്പോൾ കണ്ട കക്ഷിയും അധികമാരും അറിയപ്പെടാതെ പോയ സൈകിളിങ് ചാമ്പ്യൻ തന്നെയാണ് !!!

അതെ സൈക്കിൾ അങ്ങനൊരു അത്ഭുതമായി മാറുന്നു.

Published by KR

ഒരു സാധാരണക്കാരൻ... 😊

5 thoughts on “വായു

Leave a reply to Veena Cancel reply

Design a site like this with WordPress.com
Get started