അത്ത_ഉപ്പുകളം

ഇനിയും മാറ്റങ്ങളോ !!!

തലേദിവസം തന്നെ അനിയനുമായി പോയി തൊട്ടടുത്ത തോട്ടിൽ നിന്നും നല്ല വെളുത്ത മണ്ണ് തന്നെ വാരിയെടുക്കും. വല്യ അഭിമാനത്തോടെ തൊട്ടപ്പുറത്ത് വീടിന്റെ മുൻപിലൂടെ അവനോടും സംസാരിച്ചു നടക്കും. ഈ സംസാരത്തിന്റെ ഇടയിൽ ഇടയ്ക്ക് അടുത്ത വീട്ടിലോട്ടും ഒന്ന് നോക്കികളയും, എന്താണെന്നല്ലേ അവിടെ ആരെങ്കിലുമുണ്ടെങ്കിൽ ഈ മണ്ണ് എന്തിനാണെന്ന് ചോദിക്കണം അത്ര തന്നെ. അങ്ങനെ ചോദിച്ചാലല്ലേ അത്തപൂക്കളം ഇടുന്ന കാര്യം നാലാള് അറിയണത് !!!!ചെറുപ്പത്തിൽ ആയതുകൊണ്ട് തന്നെ ഇതൊക്കെ ഒരുപാട് സന്തോഷവും അഭിമാനവും തരുന്ന പ്രധാന കാര്യങ്ങളായിരുന്നു.

അങ്ങനെ വൈകുന്നേരം തന്നെ അത്തപൂക്കളത്തിനുള്ള ആദ്യ ഘട്ട പരുപാടി പൂർത്തിയാക്കി വെയ്ക്കും. മുറ്റത്ത് ഒത്ത വട്ടത്തിൽ ഒരു മൺകൂന. ആഹാ… എന്താ അഴക് !!!അന്നത്തെ പ്രധാന പ്രശ്നം എന്തെന്നാൽ ഉറക്കമില്ലായ്മ ആണ്. അതിരാവിലെ ഇടാനുള്ള അത്തപൂക്കളത്തിന്റെ ഡിസൈൻ വിരലുകൊണ്ട് വായുവിൽ പല ആവർത്തി വരച്ചു നോക്കിക്കൊണ്ട് കിടക്കും, എപ്പോഴോ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്യും. അമ്മ തട്ടി വിളിക്കുമ്പോൾ എഴുന്നേറ്റ് അത്തമിടാനുള്ള ഡിസൈൻ ഒരു ഈർക്കിൽ കക്ഷണം കൊണ്ട് നമ്മുടെ മൺ കൂനയിൽ വരച്ചു തുടങ്ങും !!! പൂക്കളുടെ കാര്യത്തിലാണ് യഥാർത്ഥ കഥ തുടങ്ങുന്നത്.

തലേ ദിവസം അമ്മാവന്റെ കടയിൽ നിന്നും വാങ്ങുന്ന പൂക്കളുടെ നിറത്തെ വെല്ലുന്ന കളർ പൊടിയാണ് കഥാപാത്രം !!!അതു മാത്രമല്ല കരിങ്കല്ല് കണ്ടാൽ നാണിച്ചു പോകുന്ന പ്രത്ത്യേകതരം കല്ലുപ്പും. ഓരോ നിറത്തിനും ഒരുകൂട് കല്ലുപ്പ് എന്ന കണക്കിന് പത്തു പതിനൊന്നു കൂട് കല്ലുപ്പ് ഉണ്ടാകും. ഡിസൈൻ എല്ലാം വരയ്ക്കുന്ന സമയം തന്നെ ഈ കല്ലുപ്പിന്റെ വെളുത്ത നിറം മാറി പല നിറങ്ങളിൽ നിറഞ്ഞു നിൽക്കും. അന്നൊക്കെ കാശിന്റെ കളിയാണ് വീടുമുഴുവൻ, അതുകൊണ്ട് തന്നെയാണ് കേട്ടോ വിലകുറഞ്ഞ പൂക്കൾക്ക് പകരം തീപിടിച്ച വിലയുള്ള കളർപൊടിയും കല്ലുപ്പും വാങ്ങി അത്തപൂക്കളം ഇടുന്നത്. പിള്ളേരുടെ ഒരു സന്തോഷം കാണാൻ ഈ അച്ഛനും അമ്മയുമൊക്കെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്. ഇപ്പോൾ ആ കാലമൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷം മനസിൽ നിറയും.

അത്തപൂക്കളത്തിന്റെ പണിയെല്ലാം കഴിഞ്ഞിട്ട് പതിയെ ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് മറച്ചു വെയ്ക്കും, ഇനിയെങ്ങാനും വലിയൊരു മഴ പെയ്താൽ എല്ലാം ഒലിച്ചു പോകില്ലേ !!! രാവിലെ എഴുന്നേറ്റ് പുതിയ ഉടുപ്പ് എല്ലാം ഇട്ടുകൊണ്ട് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കറങ്ങിയിട്ട് തിരികെ വന്നിട്ട് അഹങ്കാരത്തോടെ അത്തപൂക്കളം നോക്കി ഒന്ന് നിൽക്കും. ആ നാട്ടിലെ ഏറ്റവും മനോഹരമായ അത്തപൂക്കളം ഇതാ എന്റെ ഈ കൊച്ചു വീടിന്റെ മുറ്റത്ത്‌ ഞെളിഞ്ഞു കിടക്കുന്നു, എത്ര കളറുകളാണ് !! എന്താ ഭംഗി !!! ഇതെല്ലാം പോരാഞ്ഞിട്ട് എല്ലാ കളറുകളും കൂട്ടിക്കുഴച്ചു അത്തപൂക്കളത്തിന് ഒരു കവചവും തീർത്തിട്ടുണ്ട് അതായിരുന്നു പുതുമ !!!!

ഇങ്ങനെയുള്ള കൊച്ചു കൊച്ചു അഹങ്കാരങ്ങളുമായി ഓണം ആഘോഷിക്കാൻ ആരംഭിക്കും. അടുത്ത ക്ലബ്ബുകളിൽ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും ചെറിയ പ്രായത്തിൽ അങ്ങോട്ടൊന്നും വിടില്ലായിരുന്നു. എല്ലാകൂട്ടം കറികളും അമ്മ തട്ടിക്കൂട്ടി ഒരു കിടുക്കാച്ചി സദ്യയും ഒരുക്കുന്നതിനാൽ അന്നത്തെ ദിവസം പൂർണമായും വീട്ടിൽ തന്നെ… എന്റെ ഓർമ്മയിൽ ഇന്നും മായാതെ കിടക്കുന്ന ഒരു പോന്നോണം… 😍

അതെ ആഘോഷങ്ങളിൽ പലതും പഴയ കാലത്തെ പ്രതാപം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് എല്ലാം മാറിക്കൊണ്ടിരിക്കുന്നു, മാറട്ടെ എല്ലാം മാറട്ടെ… ഈ മാറ്റങ്ങളൊക്കെ പഴയ തനിമ നിലനിർത്തി ആയാൽ അതിലും മനോഹരമാവില്ലേ?ഇത് ഈയുള്ളവന്റെ ഒരു എളിയ സംശയം മാത്രമാണ്.

ഈ മഹാപാപിക്ക് ഒരു ആഗ്രഹമുണ്ട്, പഴയതുപോലെ മൺകൂനയ്ക്ക് മുകളിൽ കളർപൊടിയും ഉപ്പുമൊക്കെ നിറച്ച് ഒരു അത്തമിടണം. പഴയതുപോലെ അഹങ്കാരത്തിൽ വാതിൽ പടിയിൽ നിന്നും നോക്കി കാണണം “ആ നാട്ടിലെ ഏറ്റവും മനോഹരമായ അത്തപൂക്കളം”. ക്ഷമിക്കണം “അത്തഉപ്പുകളം”

Published by KR

ഒരു സാധാരണക്കാരൻ... 😊

8 thoughts on “അത്ത_ഉപ്പുകളം

Leave a reply to Veena Cancel reply

Design a site like this with WordPress.com
Get started