“ചിത്തിര തോണിയിൽ അക്കരെ പോകാം… “
പഴയൊരു പാട്ടിന്റെ വരിയാണ്, പാട്ടുപോലെ തന്നെ വർഷങ്ങൾ പഴക്കമുള്ള ഒരു സംഭവമാണ് ഇന്ന് പങ്കു വെയ്ക്കാമെന്നു കരുതുന്നതും !!
തൊട്ടടുത്ത് കല്യാണം നടക്കുകയാണ്. എല്ലാവരും തിരക്കും കാര്യങ്ങളുമൊക്കെയായി ഓടി നടപ്പാണ്. ആരും തന്നെ വെറുതെ നിൽക്കുന്നില്ലായിരുന്നു.
പണ്ടത്തെ കല്യാണമൊക്കെ അങ്ങനെയല്ലേ?? പാചകം ചെയ്യുവാൻ തന്നെ ബന്ധുക്കളും മറ്റുള്ളവരുമൊക്കെ നന്നേ വിയർക്കേണ്ടി വന്നിരുന്നു, അന്നൊക്കെ പന്തലിടുന്നതും, പാചകം ചെയ്യുന്നതും, വീടിനെ മോഡി(മോദി അല്ല !!!) പിടിപ്പിക്കുന്നതും എല്ലാവരും കൂടിയായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അന്നൊക്കെ ഏറ്റവും വലിയ ആഘോഷങ്ങൾ തന്നെ ആയിരുന്നു. ഒരുപാട് പേരുടെ വിയർപ്പും കഷ്ടപ്പാടും കൂടിച്ചേർന്നു സന്തോഷം വാരിക്കോരി തരുന്ന സുവർണ്ണ ദിനം. ഇന്നതൊക്കെ മാറിയില്ലേ, എല്ലാം ചെയ്യുവാൻ ആർക്കാണ് സമയം?? ഇപ്പോഴൊക്കെ കല്യാണമെന്ന് പറയുമ്പോഴേ ഒരുപെട്ടി പണവും കുറച്ചു സമയവും ഉണ്ടെങ്കിൽ പുഷ്പ്പം പോലെ നടന്നു പോകും !!!
ഇങ്ങനെയൊക്കെ പറഞ്ഞാലും ഇപ്പോഴും ഈ മഹാപാപിയുടെ നാട്ടിലെ കല്യാണങ്ങൾ എല്ലാം തന്നെ പഴയതു പോലെ തന്നാണ്. ചില കാര്യങ്ങൾ മാറിയിട്ടുണ്ടെങ്കിലും ഈ ഒത്തു കൂടലിനും കഷ്ടപ്പാടിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല. അങ്ങനെ കല്യാണങ്ങൾ ഇപ്പോഴും വല്ലാതങ്ങു ആസ്വദിച്ചു പോരുന്നു !!!
ഇങ്ങനെ ആസ്വദിച്ചു വന്ന കല്യാണ അരങ്ങിൽ നിന്നും കുറച്ചു സുഹൃത്തുക്കൾ മാത്രം രണ്ടു പറമ്പ് അപ്പുറത്തുള്ള വെള്ളക്കെട്ടിന്റെ അടുത്താണ്. എന്താണ് കാര്യമെന്നല്ലേ, അവിടെ ചെറിയൊരു വള്ളം കിടപ്പുണ്ട് സംഗതി ഒന്ന് തുഴഞ്ഞു നോക്കാനാണ് പരിപാടി !!! എല്ലാവരും വള്ളത്തിൽ കയറി. കല്യാണവീട്ടിലെ വെളിച്ചവും അക്കരെയുള്ള വീടുകളിലെ പ്രകാശത്തിന്റെ നേർത്ത ഒരു അംശം മാത്രം വെള്ളത്തിൽ ആകെ പടർന്നു കിടന്നിരുന്നു. എല്ലാവരും ആകെ സന്തോഷത്തിലായി, കാരണം ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത് ഇതുപോലെ വള്ളത്തിൽ കേറുക എന്നത് സ്വപ്നം കാണാൻ പോലും കഴിയാത്ത കാലഘട്ടമാണ്. വള്ളം മുൻപോട്ട് നീങ്ങാൻ തുടങ്ങിയതും അമരക്കാരൻ അൽപ്പം തലക്കനം കാട്ടി തുടങ്ങി. വള്ളത്തിന്റെ വേഗതയൊക്കെ കൂട്ടിയും പാട്ട് പാടിയുമൊക്കെ അയാൾ മുളയൂന്നിക്കൊണ്ട് എഴുന്നേറ്റ് നിന്നു !!! ബാക്കിയുള്ളവരൊക്കെ അൽപ്പം ഭയത്തോടെ വള്ളത്തിൽ മുറുകെ പിടിച്ചിരുന്നു.
“ചിത്തിര തോണിയിൽ അക്കരെ പോകാം… ”
അമരക്കാരൻ നല്ലൊരു തോണിപ്പാട്ട് പാടി തുടങ്ങി, എല്ലാവരും ഏറ്റു പാടി തുടങ്ങിയപ്പോഴേയ്ക്കും അപ്രതീക്ഷിതമായി പാട്ട് നിലച്ചു. തിരിഞ്ഞു നോക്കുമ്പോൾ വെള്ളക്കെട്ടിലെ ചെളിയിൽ ഉറച്ചു പോയ മുളം കമ്പിൽ അമരക്കാരൻ അള്ളിപ്പിടിച്ചു കിടക്കുകയാണ്. കൂട്ടത്തിൽ രക്ഷിക്കാനും പറയുന്നുണ്ട് !!! എന്തായാലും വള്ളം അൽപ്പം മുൻപിലാണ്, വള്ളത്തെ സ്പീഡ് ബോട്ടു പോലെ പറത്തിയ കപ്പിത്താൻ വെള്ളക്കെട്ടിനു ഒത്ത നടുവിൽ മുളയിൽ തൂങ്ങിക്കിടന്ന് കരയുന്നു. എന്താണ് ചെയ്യണ്ടതെന്ന് ഒരു ബുദ്ധിയും ഉദിക്കുന്നില്ല. ആകെ ഇരുട്ടും പോരാത്തതിന് പരിസരത്തു ഒരു വീട് പോലുമില്ല. സംഭവം പ്രശ്നമാണ്, ചങ്ങാതി കൈവിട്ടാൽ ചത്തു പോകുമെന്ന് ഉറപ്പാണ്. എന്തായാലും വീട്ടിൽ നിന്നുമുള്ള വഴക്കും തല്ലുമെല്ലാം വെള്ളത്തിന്റെ മുകളിലൂടെ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടി നടന്നത് എല്ലാവരും ഒരുപോലെ കണ്ടു. വള്ളത്തിന്റെ ധീരനായ ഡ്രൈവർ അൽപ്പം ഒച്ച കൂട്ടുവാൻ തുടങ്ങി, സംഭവം മറ്റൊന്നുമല്ല കൈ വേദനയെടുത്ത് തുടങ്ങി. എന്നാൽ അധികം വൈകാതെ കക്ഷി കൈവിട്ടു വെള്ളത്തിൽ വീണു. ജീവൻ പോകുന്ന വെപ്രാളത്തിൽ കയ്യും കാലുമിട്ട് അടിച്ചുകൊണ്ട് ഒരു വിധത്തിൽ വള്ളത്തിന്റെ ഒരു വശത്ത് പിടിച്ചു…
ഭാഗ്യം എന്നായിരിക്കും എല്ലാരും കരുതിയത് !!! അല്ല, എത്ര ശ്രമിച്ചിട്ടും അവനെ മുകളിൽ കേറ്റുവാൻ കഴിഞ്ഞില്ല. കൊച്ചു വള്ളത്തിൽ അങ്ങനെ കയറിയാൽ വള്ളം മറിഞ്ഞു മറ്റുള്ളവരും വെള്ളം കുടിക്കുമെന്ന യാഥാർഥ്യം മനസിലാക്കിയ അവൻ പതിയെ ശ്രമങ്ങൾ ഉപേക്ഷിച്ചു.
“സംഭവിച്ചതെല്ലാം അമ്മയോട് പറയണം… ” ഇങ്ങനെ എന്തൊക്കെയോ കുറേ കാര്യങ്ങൾ ഉറ്റ സുഹൃത്തുക്കളോട് അവൻ വള്ളത്തിൽ തൂങ്ങി കിടന്ന് ഏങ്ങലടിച്ചു പറഞ്ഞൊപ്പിച്ചു. സംഭവം മരണ മൊഴിയോ മറ്റോ ആണ്. മരണ മൊഴിയെന്നാണോ അതോ അവസാനത്തെ വാക്കുകളെന്നാണോ ഇവിടെ ചേർക്കാൻ ഉചിതം !! എന്തു കുന്തമായാലും മനസിലായല്ലോ അതു മതി!!!
അവൻ പതിയെ കൈ വിട്ടു. എല്ലാവരുടെയും കണ്ണിൽ ഇരുട്ട് കയറി, ആകെ മരവിച്ച ഒരു അവസ്ഥ !! എല്ലാവരും സങ്കടക്കടലിൽ ആഴ്ന്നു തുടങ്ങി. പ്രിയപ്പെട്ടവൻ കണ്മുന്നിൽ മരണപ്പെടുന്നു. ഒന്ന് രക്ഷിക്കാൻ പോലുമാകാതെ നിസ്സഹായരായി സുഹൃത്തുക്കൾ. ഇതാണ് മനസ്സിനെ നുറുക്കി മസാലയൊക്കെ പുരട്ടി വറുത്തു കോരുന്ന സുഖം, അൽപ്പം നേരം കൊണ്ട് തന്നെ എല്ലാവരും അതനുഭവിച്ചു തുടങ്ങി. അധികം താമസിക്കാതെ തന്നെ നമ്മുടെ കപ്പിത്താൻ വെള്ളത്തിൽ നിന്നും പൊന്തി വന്നു, മരിച്ചിട്ടല്ല. ജീവനോടെ !!! ഒരാൾ പോലും പോക്കമില്ലാത്ത പാടത്തെ വെള്ളക്കെട്ടിൽ മുങ്ങി ചാകുവാനുള്ളതല്ല കേട്ടോ ഈ കപ്പിത്താന്റെ ജീവൻ. സംഭവം ആഴമില്ലാത്ത വെള്ളക്കെട്ടിന്റെ മുകളിൽ കിടന്നു കാണിച്ചു കൂട്ടിയ ഈ പ്രഹസനങ്ങളൊക്കെ ഇപ്പോഴും ചേട്ടൻ സജീഷ് പറയാറുണ്ട്. ഇപ്പോൾ അങ്ങനെ ഈ കഥ കേൾക്കാറില്ല, വർഷങ്ങൾക്ക് മുൻപ് കേട്ടതാണ്…
വൈകുന്നേരം പുറത്തിറങ്ങിയപ്പോൾ കടയിൽ കണ്ട ഒരു ഓണപരസ്യത്തിൽ മാവേലിയോടൊപ്പം കണ്ട ഭീമൻ ചുണ്ടൻ വള്ളമാണ് ഇക്കാര്യം ഓർമ്മയിൽ കൊണ്ടുവന്നത്, ഇന്നൊക്കെയാണെങ്കിൽ ഇതൊന്നും അറിയാതെ സംഭവിക്കില്ലല്ലോ !! കുഞ്ഞ് കുട്ടികൾ വരെ വൈരാഗ്യവും വെച്ചുകൊണ്ട് സ്വന്തം കൂടപ്പിറപ്പിനെ കൊല്ലുന്ന കാലമാണ്. ഇവിടെ സ്നേഹവും കടപ്പാടുമുള്ളത് ജീവനില്ലാത്ത പണത്തിനോടാണ് !! ഈയലുകളെപ്പോലെ ആ പണം മുഴുവൻ ചിറകുകളാക്കി, ചുട്ടു പൊള്ളുന്ന തീയിലേയ്ക്ക് പറന്നുകൊണ്ടിരിക്കും.
ചരിത്രം ഇങ്ങനെയാണ് :
“പറന്നു പോകുന്ന ഈയലുകൾ പിന്നീട് ഓർമ്മയായി മാറുന്നു , എന്നാൽ ഇതുകണ്ടിട്ടും മറ്റുള്ള ഈയലുകൾ ഇപ്പോഴും ഈ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു… “
“പറക്കുക തീയിലേയ്ക്കല്ല, യുക്തിപൂർവ്വം ജീവിതത്തിലേക്ക് “
Super 👌👌👌
LikeLiked by 1 person
😍❤️
LikeLike