അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു.
നല്ല മഴക്കാറുണ്ട്, കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി വല്ലാത്ത മഴയാണ്. നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. ഒന്ന് പുറത്തിറങ്ങിയാൽ കൊള്ളാമെന്നു തോന്നി . അകത്തു തന്നെ ചടഞ്ഞു കൂടി ഒരേ ഇരുപ്പല്ലേ ആകെ മടുത്തു, തൊട്ടു മുൻപിലുള്ള കുളത്തിൽ അത്ഭുതത്തോടെയാണ് നോക്കിയത് കാരണം അവിടുത്തെ പ്രധാന താമസക്കാരനായ ആന തവളയെ കാണാനില്ല. അതുമാത്രമല്ല അതിനുള്ളിൽ കിടന്ന് കുത്തി മറിഞ്ഞിരുന്ന ഗപ്പി കുഞ്ഞുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു !!!! ഇനി തവളയും മീനുകളും ഇതുപോലെ മടുത്തിട്ട് വേറെങ്ങോട്ടെങ്കിലും പോയാതാവാം. “അല്ലയോ തവളേ എവിടെ പോയതാണെങ്കിലും മടങ്ങി വരൂ,നീയില്ലാത്ത കുളം തേങ്ങാ പീരയില്ലാത്ത ഉണക്ക പുട്ടുപോലെയാണ്.”
ഇനി ആ കള്ള തവള പാവം മീനുകളെ വലയിലാക്കി ഒളിച്ചോടിയതാകുമോ????
എന്തായാലും നാന്നായി വരട്ടെ !!! പതിയെ നടന്നു ബൈക്കിന്റെ അടുത്തെത്തിയതും പതിവില്ലാത്തൊരു കക്ഷി മുൻപിലങ്ങനെ ഞെളിഞ്ഞിരിക്കുന്നു. ചുറ്റിനും എന്തൊക്കെയോ പരതുന്നുണ്ട്, എന്താണെന്ന് മാത്രം മനസിലായില്ല. തല മാത്രം ഇടയ്ക്ക് ഇടയ്ക്ക് അനക്കിക്കൊണ്ടിരുന്നു, ഒരുപക്ഷെ കക്ഷി യാത്രയ്ക്കുള്ള തയ്യാറെടുപ്പിൽ ആയിരിക്കും. ബൈക്ക് എടുത്തുകൊണ്ട് മുൻപോട്ട് നീങ്ങിയിട്ട് പോലും അവൻ ഒരു കുലുക്കവുമില്ലാതെ പാറ പോലെ ഉറച്ചു നിന്നു, ധീരൻ! വഴിയിലേക്ക് കടന്നതും പുള്ളി അൽപ്പം ഇടുങ്ങിയ ഭാഗത്തേയ്ക്ക് മാറിയിരുന്നു. ഒരുപക്ഷെ ഈ തണുത്ത കാറ്റടിച്ചു വല്ല പനിയും പിടിക്കുമെന്ന് ഭയന്നിട്ടാവാം. വഴിയിലെ തിരക്കിൽ പെട്ടതും അൽപ്പം വേഗത കുറഞ്ഞു, ഇക്കാര്യം അറിഞ്ഞതും ആ കൊച്ചു കഴുവേറി വീണ്ടും വലിഞ്ഞു കയറി മുൻപിൽ വന്നു. അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു.ആദ്യമായിട്ടാണ് ഇത്രയും ധീരനായ ഒരു പല്ലിയെ കണ്ടുമുട്ടുന്നത് !!!
പക്ഷെ തിരികെ വരുന്ന വഴിയിൽ കക്ഷി മറ്റെവിടെയോ ആയിരുന്നു. എത്ര നോക്കിയിട്ടും കാണുവാനില്ല. ചെറിയൊരു ചാറ്റൽ മഴ വീണു തുടങ്ങിയത് കൊണ്ടാവും പുള്ളി അകത്തേയ്ക്ക് വലിഞ്ഞത്. എന്തായാലും വണ്ടിയിൽ തന്നെ ഉണ്ടാകും, യാത്രകളെ ഇഷ്ട്ടപ്പെടുന്ന നീളൻ വാലുള്ള ധീരനായ പല്ലി !!!
വണ്ടി തിരികെ കൊണ്ടേ വെച്ചിട്ട് ഞാൻ ആകമാനം ഒരു തിരച്ചിൽ നടത്തി, കയ്യിൽ കിട്ടിയ ചെറിയ ഈർക്കിൽ കക്ഷണമെടുത്ത് തലങ്ങും വിലങ്ങും അന്യോക്ഷിച്ചു. കാണുന്നില്ല… ആ ധീരൻ ഇനി വഴിയിൽ വീണു മരിച്ചിട്ടുണ്ടാകുമോ. കഷ്ട്ടം !!! സങ്കടത്തോടെ തിരികെ നടക്കുവാൻ ഒരുങ്ങിയതും താഴെ മണ്ണിൽ കിടന്ന് പിടയ്ക്കുകയാണ് കക്ഷിയുടെ നീളൻ വാല് !!!
അയ്യോ !!!
ഞാൻ നോക്കുമ്പോൾ തൊട്ടടുത്ത ഭിത്തിയിൽ വാലില്ലാതെ നിൽക്കുകയാണ് നമ്മുടെ ധീരനായ പല്ലി. പ്രിയപ്പെട്ട സഹയാത്രികാ എന്തിനായിരുന്നു ഈ എടുത്തു ചാടിയുള്ള തീരുമാനം, ഇത്ര മനോഹരമായ വാലു മുറിച്ചു കളയുവാൻ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്.
ഒന്നും മിണ്ടാതെ കക്ഷി മുകളിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി. താഴെ പിടച്ചുകൊണ്ടിരുന്ന വാല് ഞാൻ പതിയെ മണ്ണിട്ട് മൂടി. ഇനി മറ്റൊരു യാത്രയിൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ തിരികെ നടന്നു. ഇനി മുൻപേ പറഞ്ഞ കാര്യത്തിൽ ചെറിയൊരു തിരുത്തുണ്ട്.
യാത്രകളെ ഇഷ്ട്ടപ്പെടുന്ന വാലില്ലാത്ത ധീരനായ പല്ലി !!!
എടുത്തു ചാടിയുള്ള മനുഷ്യരുടെ ചില കൊടും ക്രൂരതകൾക്കു മുൻപിൽ നിന്റെ കാര്യം വളരെ നിസ്സാരമാണ് പ്രിയപ്പെട്ട പല്ലി…
ഇനിയും നീളൻ വാലും വളർത്തി മറ്റൊരു യാത്രയിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ,
മഹാപാപി
👌👌👌👌👌👌😍
LikeLiked by 2 people
❤️❤️❤️❤️❤️❤️❤️
LikeLike