ചോദ്യങ്ങൾ?

“അവസാനിക്കും ഈ മൈ*%ല്ലാം തീർന്നു പോകും”

പതിവുപോലെ മഴ ഇന്നും വന്നിരുന്നു, എല്ലാവരുടെയും സുഖദുഃഖങ്ങൾ ഒക്കെയും അറിഞ്ഞ ശേഷം സ്ഥലം കാലിയാക്കുകയും ചെയ്തു !!! ഒരുപക്ഷെ പിണക്കത്തോടെ പോയതുകൊണ്ടാവും ആകാശമെല്ലാം മൂടിക്കെട്ടി നിന്നത്. ഇത്രയും മഴയൊക്കെ പെയ്തിട്ടും കുളത്തിലെ തവളയും മീനും തിരിച്ചു വരാത്തത്തിൽ അതിയായ ദുഃഖം അനുഭവപ്പെട്ടു തുടങ്ങി. ആ ദുഃഖത്തിൽ എന്നെ സമാധാനിപ്പിക്കാൻ ഒരുപാട് കൊതുകുകൾ കൂടെയുണ്ടായിരുന്നു. അവറ്റകളുടെ സ്നേഹവും കരുതലും വല്ലാതെ കൂടിയപ്പോൾ ഞാനാകെ വിഷമത്തിലായെന്നു വേണം പറയാൻ.ഇതിനെല്ലാം പുറമെ മാറ്റൊരു കാര്യവുമുണ്ട്, വീടിനു തൊട്ടു മുൻപിൽ നിന്നും പടുകൂറ്റൻ കൊട്ടാരവുമായി മഴയത്ത് ഒലിച്ചു പോയ ഉറുമ്പുകൾ പറമ്പിലെ ജാതി മരത്തിന്റെ ചുവട്ടിൽ തടമെടുത്ത കണക്കിന് മറ്റൊരു സാമ്രാജ്യം പടുത്തുയർത്തുന്നു !!! അധികം പെട്ടന്ന് മഴയ്ക്ക് എത്തിപ്പെടാൻ കഴിയാത്ത ഉചിതമായൊരു സ്ഥലം കണ്ടെത്തിയ അവറ്റകളെ സമ്മതിച്ചു കൊടുക്കണം. ഇപ്പോൾ ജാതിയുടെ ചുവട്ടിൽ അങ്ങനൊരു ജാതിയുമില്ലെന്ന കണക്കിൽ ഉറുമ്പുകൾ സുഖമായി ജീവിക്കുന്നു.രാവിലെ മുതൽ എന്നത്തെയും പോലെ സമയം വയ്യാത്ത ക്ലോക്കിൽ കിടന്ന് വല്ലാത്തൊരു ഓട്ടമായിരുന്നു !!!

കുറച്ചു മുൻപേ വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് ഇന്നത്തെ പ്രധാന സംഭവം അരങ്ങേറുന്നത്, വണ്ടി നിർത്തി ഒന്നു രണ്ടു സുഹൃത്തുക്കൾക്കായി കാത്തു നിൽക്കുമ്പോഴാണ് തൊട്ടടുത്ത തട്ടുകടയിൽ ചെറിയൊരു ബഹളം കേൾക്കുന്നത് !!!

“ഇത്രേം സങ്കടം എനിക്ക് വന്നിട്ടില്ല”

ഇതും പറഞ്ഞുകൊണ്ട് അയാൾ കടയ്ക്ക് മുൻപിൽ നിൽക്കുവാണ്

കടക്കാരൻ ദോശ ചുടുന്ന തിരക്കിൽ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അയാൾ തുടർന്നു

“അവസാനിക്കും ഈ മൈ*%ല്ലാം തീർന്നു പോകും “

“ഇവിടെ ആവശ്യത്തിന് സാധനമുണ്ട് “

കടക്കാരന്റെ മറുപടി ഇപ്പോഴാണ് വന്നത്.

എന്തായാലും മറുപടി കേട്ടപ്പോൾ മുതൽ നല്ലൊരു തെറിപ്പാട്ട് കേൾക്കുവാൻ ഇടയായി. കാരണം വെള്ളമടിച്ചു നിലതെറ്റിയപ്പോഴാണ് അയാൾ നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ചിന്തിച്ചത് !!! ആദ്യം കേട്ടപ്പോൾ എനിക്കും കാര്യമൊന്നും മനസിലായില്ല. എന്നാൽ കൊറോണയെന്ന് പറഞ്ഞത് കേട്ടപ്പോഴാണ് കാര്യം കത്തിയത്. ഇത്രയും സങ്കടം കൊണ്ടാവും പാവം മാസ്ക് പോലും ധരിക്കാതെ ദുഃഖിതനായി ആ കടയുടെ മുൻപിൽ നിലകൊണ്ടത് !!! എന്തായാലും അകത്തു നിന്ന കക്ഷി ഇതൊന്നും വകവെയ്ക്കാതെ തന്റെ പണിയിൽ മുഴുകി നിന്നു. സങ്കടം മുഴുവൻ പറഞ്ഞു തീർത്തിട്ടും മാറാത്ത വിഷമം, പോക്കറ്റിൽ ഇരുന്ന ഒരു ബീഡി കത്തിച്ചു തീർത്തുകൊണ്ട് തീർക്കാൻ അയാൾ ശ്രമിച്ചു. കലങ്ങി ചുവന്ന ഉപ്പന്റെ കണ്ണുകളുമായി ആടിയുലഞ്ഞുകൊണ്ട് വഴിയോരത്തു കൂടെ അയാൾ പതിയെ നടന്നു, ഇടയ്ക്ക് എന്തൊക്കെയോ പറയുന്നുണ്ട്. വ്യക്തമല്ല !!!

എന്നാലും ചില കാഴ്ചകളൊക്കെ ഇങ്ങനെയാണ്. കുറച്ചു ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കിയിട്ടാണ് കടന്നു പോകുന്നത്. ഇവിടെ അയാൾ ആരാണെന്നോ, എന്തിനാണ് ഇത്ര സങ്കടപ്പെടുന്നതെന്നോ അറിയില്ല. ഇതുപോലെ കാക്കത്തൊള്ളായിരം സംശയങ്ങൾ ഇന്നും ഈ മഹാപാപിയുടെ മനസ്സിൽ അടിഞ്ഞു കൂടി കിടപ്പുണ്ട് !!! ഇനി സമയം കിട്ടുമ്പോൾ വേണം അതെല്ലാം വിറ്റ് കാശാക്കാൻ…

അങ്ങനെ ഞാനൊരു കോടീശ്വരനായി മാറും !!!

സ്നേഹപൂർവ്വം

മഹാപാപി (കോടീശ്വരൻ )

Published by KR

ഒരു സാധാരണക്കാരൻ... 😊

Leave a comment

Design a site like this with WordPress.com
Get started