സൂക്ഷിക്കുക

പുല്ലിനുള്ളിലെ ഒരു ദേഷ്യക്കാരൻ !!

കുളത്തിന്റെ അരികുകളിലുള്ള പുല്ലുകൾ മുഴുവൻ വെട്ടി നിരപ്പാക്കേണ്ട സമയമൊക്കെ അതിക്രമിച്ചിരുന്നു. കാരണം വീഴുന്ന കുടംപുളികൾ എല്ലാം തന്നെ അവറ്റകളുടെ വളമായിരുന്നു, കാരണം ഇങ്ങനൊരു സാധനം അതിനുള്ളിൽ വീണുകിടക്കുന്നത് അത്ര പെട്ടന്ന് ശ്രദ്ധിക്കില്ലായിരുന്നു.പോരാത്തതിന് പുളിമരത്തിന്റെ താഴത്തെ ചില്ലകളിൽ ഒരുപാട് പുഴുക്കളും കുടുംബവും ചേക്കേറിയിരുന്നു, അവറ്റകൾക്ക് അത്യാവശ്യം മധുരവും പുളിയുമൊക്കെയുള്ള കുടംപുളിയെക്കാൾ താൽപ്പര്യം ഇലകളായിരുന്നു. കൂട്ടത്തിലെ കലാകാരന്മാരായ പുഴുക്കൾ ഒരുപാട് ഭംഗിയിൽ ഇലകൾ തിന്നു വച്ചിരുന്നു. പുളി പെറുക്കനെന്നു പറഞ്ഞുകൊണ്ട് ഒരു തെണ്ടികളും ഇങ്ങോട്ട് കേറി വന്നേക്കരുത്, അഥവാ വന്നാൽ ഞങ്ങൾ ആട്ടി വിടുമെന്ന ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു അത്… ഈ മുന്നറിയിപ്പ് കണ്ടാൽ പിന്നീട് അങ്ങോട്ട് പോകാൻ എനിക്ക് വല്ലാത്ത ഭയമാണ് എന്താണന്നല്ലേ !!

വർഷങ്ങൾ മുൻപ് നടന്നതാണ്, അമ്മാവന്റെ കടയോട് ചേർന്നുള്ള വീടിന്റെ മുകളിലാണ് മാവിന്റെ ചില്ലകളിൽ ഭൂരിഭാഗം ചിലകളും വിശ്രമിക്കുന്നത്. അതിൽ നിറയെ പച്ച മാങ്ങകൾ പല്ലിറുമ്മി ചിരിച്ചു കിടക്കുന്ന സമയത്താണ് മാങ്ങ തിന്നുവാനുള്ള അതിയായ മോഹം ഉണ്ടായത്. പിന്നൊന്നും ആലോചിക്കാതെ വീടിന്റെ മുകളിൽ നിന്നുകൊണ്ട് ഒന്നുരണ്ടെണ്ണത്തെ പറിച്ചെടുത്തു, ഉപ്പും മുളകുമെല്ലാം തേച്ചു പുരട്ടി തിന്നുന്നത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ… ഇലകളിലൊക്കെ നിറഞ്ഞു നിന്ന മുന്നറിയിപ്പ് (ചിത്രപ്പണി ) ഞാൻ അവഗണിച്ചു. താഴെ ഇറങ്ങി മാങ്ങ ഒന്ന് കടിച്ചു നോക്കാൻ പോലും സമയം കിട്ടിയില്ല. ദേഹമൊക്കെ ആകമാനം ചൊറിയുവാൻ തുടങ്ങി. ഉപ്പും വെളിച്ചെണ്ണയും പോരാത്തതിന് മണ്ണെണ്ണയും ഇട്ടു നോക്കി, ഒരു രക്ഷയുമില്ല !! ഒടുവിൽ മണ്ണിട്ട് ഉരച്ചു നോക്കി എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നപ്പോൾ കൂട്ടത്തിൽ മുഴുത്തൊരു ചകിരിയുമെടുത്ത് നല്ലപോലെ തേച്ചുരച്ചു കുളിച്ചു, കൊള്ളാം ഇപ്പോൾ ശമനമുണ്ട് !!!തിരികെ വന്നപ്പോൾ ചേച്ചിയൊക്ക എന്നെ നോക്കി ചിരിച്ചപ്പോഴാണ് സംഗതി പ്രശ്നമായെന്ന് മനസിലായത്. കണ്ണാടിയിൽ നോക്കിയിട്ട് എന്നെ മാത്രം കണ്ടില്ല !! മുഖമൊക്കെ വികൃതമായ ഒരു അന്യഗ്രഹ ജീവി, തലമുടി പോലും ചെറു മുഴകളുടെ മുകളിലാണ് ഇരിക്കുന്നത്. ഒരു കണ്ണ് പൂർണമായും അടഞ്ഞിരിക്കുന്നു, മറ്റേതാകട്ടെ ചുവന്നു തുടുത്തും. ചുണ്ടൊക്കെ പണ്ട് മലയാളം പാഠ പുസ്തകത്തിലെ അപ്പുക്കിളിയുടേത് പോലെ വീർത്തു വലുതായി നിൽക്കുന്നു. ചെവിയാകട്ടെ കുമിളകൾ നിറഞ്ഞ പപ്പടം പോലെയും. കയ്യുടെയും കാലിന്റെയും അവസ്ഥ ചെറിയൊരു മന്തിനു സമം. രണ്ടു മൂന്ന് ദിവസമെടുത്തു ഇതെല്ലാം മാറിക്കിട്ടാൻ. ആ മാവിലുണ്ടായിരുന്ന എല്ലാ പുഴുക്കളും ഒരേ ശ്വാസത്തിൽ ആട്ടി വിട്ടതായിരിക്കും ഈ പാവത്തിനെ. ഇതിലും നല്ലത് മനുഷ്യന്റെ ആട്ടു തന്നെയെന്ന് അന്നു ഞാൻ പഠിച്ചു !!!

ഇവിടെ സംഭവം അതുപോലെ തന്നെ ആകുമോ എന്ന് ഭയന്ന് ആ പുളിമരത്തിന്റെ ചുവട്ടിലേയ്ക്ക് അങ്ങനെ പോകാറില്ല. എങ്കിലും പരിസരത്തുള്ള പുല്ലൊക്കെ വെട്ടി നിരത്താതെ രക്ഷയില്ല എന്ന് മനസിലാക്കി അത് ചെയ്യുവാൻ തീരുമാനിച്ചു.

അങ്ങനെ കുറച്ചൊക്കെ വെട്ടി മാറ്റിയപ്പോഴാണ് ആ ദേഷ്യക്കാരനെ കണ്ടുമുട്ടിയത്. കൂട്ടമായിട്ട് അങ്ങനെയിങ്ങനെ കാണാറില്ലെങ്കിലും അപ്രതീക്ഷിതമായി വന്ന് കാലിലൊക്കെ നല്ലൊരു കാടിവെച്ചു തരും കക്ഷി. കറുത്തു പിടച്ച കട്ടുറുമ്പ് കടിച്ചാൽ ആകാശം നോക്കി കൊഞ്ഞനം കുത്തിയാൽ മതിയെന്ന് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് !!! ഇവിടെ കുറച്ചധികം ഉള്ളതു കൊണ്ട് അവറ്റകളെ ഉപദ്രവിക്കാതെ അൽപ്പം മാറി നിന്നു. എന്നിലെ പ്രകൃതി സ്നേഹി ഉണർന്നു, കൂട്ടത്തിൽ ആസ്ഥാന ഗായകനും.

“പണ്ടേ പറഞ്ഞതല്ലേ തീയാണ് നെഞ്ചിലെന്ന്… ” അങ്ങനെ കട്ടുറുമ്പിനെ പരാമർശിക്കുന്ന അതി മനോഹരമായൊരു ഗാനം ഈ മഹാപാപി ആലപിച്ചു തുടങ്ങി.

ഒരെണ്ണമല്ല !!! ആ കഴുവേറി കുഞ്ഞുങ്ങൾ എല്ലാം കൂടി കാലിൽ പിടഞ്ഞു കയറി ഒത്തൊരുമയോടെ കടി തുടങ്ങി. ഏറ്റവും കൂടുതൽ കട്ടുറുമ്പുകൾ ഒരുമിച്ചു കടിച്ചു പറിച്ച ഈ മഹാപാപിയുടെ കാലുകൾ അങ്ങനെ ഗിന്നസ് ബുക്കിലേക്ക്… ആഹ്ലാദിപ്പിൻ !!!

“പാട്ട് പാടിയത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറഞ്ഞു തീർക്കണം അല്ലാതെ ഇമ്മാതിരി പരിപാടി കാണിക്കുന്നത് എന്ത് മര്യാദയാണ് ഉറുമ്പുകളെ?? “

ഇപ്പോഴും കാലിലെ അടയാളങ്ങൾ മാഞ്ഞിട്ടില്ല. പുല്ലിനുള്ളിലെ കട്ടുറുമ്പുകളാണ് ഏറ്റവും ഭയങ്കരന്മാർ. എത്ര മനോഹരമായി പാടിയാലും അവറ്റകൾ നമ്മെ കടിച്ചു പറിക്കും !! ഇതുവെച്ചു നോക്കുമ്പോൾ പുഴുക്കളൊക്കെ എത്ര നിസാരക്കാരാണ്, പാവങ്ങൾ !!

ഒരുപാട് സങ്കടത്തോടെ,

മഹാപാപി

Published by KR

ഒരു സാധാരണക്കാരൻ... 😊

Leave a comment

Design a site like this with WordPress.com
Get started