90’s

പറഞ്ഞു കേട്ട കാര്യമാണ്, അതൊരു അനുഭവമാണ്…

പഴകാലത്തെ ജീപ്പുകൾക്ക് നല്ലൊരു ദൗത്യം തന്നെയുണ്ടായിരുന്നു. വെറുതെ അല്ലറ ചില്ലറ ഓട്ടമൊന്നുമല്ല, നല്ല കല്യാണ ഓട്ടങ്ങൾ. അന്നൊക്കെ കല്യാണത്തിനു വധൂവരന്മാർ യാത്ര ചെയ്തിരുന്നത് അംബാസിഡർ കാറിലും മറ്റുള്ളവർ ജീപ്പിലുമാണ് !! അധികം ദൂരമില്ലെങ്കിൽ കാൽനടയായിട്ടും പോകുന്നത് പതിവായിരുന്നു. അങ്ങനെ നടന്നു വന്നൊരു കല്യാണത്തിൽ സംഭവിച്ച ഒരു കൊച്ചു കാര്യമാണ് ഇത്.

അന്നൊക്കെ കല്യാണത്തിന് ചെറുപ്പക്കാരൊക്കെ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കുന്നത് ഒരു ഫാഷൻ ആയിരുന്നു. ആ വണ്ടി മുഴവാനായിട്ടങ്ങു കൊണ്ടുപോകുന്നത് അങ്ങനെ കിടക്കുന്നവരാണെന്നാണ് വിശ്വാസം. തരുണീമണികളായ യുവതികൾ ഇതൊക്കെ കണ്ട് അമ്പരപ്പോടെ നിൽക്കും,കൊച്ചു കുട്ടികൾ അതിശയത്തോടെ നോക്കി കാണും. വലുതാകുമ്പോൾ ഇതുപോലെ കല്യാണത്തിന് പോകുമ്പോൾ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കണം എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും അന്നത്തെ ചെറുപ്പമൊക്കെ !!!

ഇവിടെ കല്യാണ ദിവസം രാവിലെ തന്നെ എല്ലാവരും ഒത്തു കൂടിയപ്പോൾ ജീപ്പിന്റെ പിറകിൽ തൂങ്ങി കിടക്കുന്നവരും അതിലുണ്ടായിരുന്നു. അങ്ങനെ വണ്ടിയൊക്കെ പുറപ്പെടാൻ സമയമായപ്പോൾ മറ്റുള്ള യാത്രക്കാരെ ജീപ്പിനുള്ളിൽ കയറ്റി ഇരുത്തിയിട്ട് രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ അതിനു പിന്നിൽ തൂങ്ങി കിടന്നു. യാത്ര അൽപ്പം ദൂരമുള്ളതുകൊണ്ട് തന്നെ ഈ സാഹസത്തിന്റെ കടുപ്പം അൽപ്പം കൂടുതലായിരുന്നു. അങ്ങനെ തമാശകളൊക്കെ പറഞ്ഞുകൊണ്ട് അവർ ഇരുവരും ആ വാഹനത്തിന്റെ സകലമാന നിയന്ത്രണങ്ങളും ഏറ്റെടുത്തുകൊണ്ട് പുറകിൽ അള്ളിപ്പിടിച്ചു കിടന്നു. എന്നാൽ ഈ സന്തോഷം അധികനേരം നിലനിന്നില്ല !!!

അൽപ്പം കഴിഞ്ഞപ്പോഴാണ് കൂട്ടത്തിൽ ഒരു നായകന്റെ മുണ്ടഴിഞ്ഞു റോഡിൽ വീണത് !!! വണ്ടി നിർത്താതെ മുന്നോട്ട് പാഞ്ഞു. ചീറിപ്പായുന്ന ജീപ്പിന്റെ പിറകിൽ മുണ്ടില്ലാതെ ഒരു നായകനും അയാളുടെ ആത്മ മിത്രവും അള്ളിപ്പിടിച്ചു കിടക്കുകയാണ്, എന്താണ് ചെയ്യേണ്ടതെന്ന് മനസിൽ വരാത്ത ഒരു പ്രത്യേക തരം അവസ്ഥ !!! വണ്ടിയിൽ ഇരുന്ന മറ്റു മനുഷ്യ ജീവികൾക്ക് മുൻപിൽ അങ്ങനെ നായകന്റെ ഉടുമുണ്ട് വല്ലാത്തൊരു വല്ലാത്തൊരു സംഭവമായി മാറി.

പിന്നീട് എങ്ങനെയാണ് മുണ്ടുടുത്ത് കല്യാണത്തിനു പങ്കെടുത്തതെന്ന് ഓർക്കുന്നില്ല,എന്തായാലും സംഭവ ശേഷം മുണ്ടൊക്കെ ഉടുത്ത് ഭംഗിയായി കല്യാണമൊക്കെ കൂടി തിരിച്ചു പോന്നു. തിരിച്ചു പോന്നപ്പോൾ ജീപ്പിനുള്ളായിലായിരുന്നു യാത്രയെന്ന് അനുമാനിക്കാം. കാരണം ചൂടുവെള്ളത്തിൽ വീണ പൂച്ച…..

എന്തൊക്കെയായാലും ഈ കഥ പറഞ്ഞു തന്നിട്ട് അച്ഛൻ കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു, ഞാനും അമ്മയും അനിയനുമൊക്കെ കൂടെ ചിരിച്ചു കൊടുത്തു. അന്ന് വലിയൊരു പ്രശ്നമായിരുന്ന കാര്യം ഇന്ന് ഓർക്കുമ്പോൾ തമാശയാണല്ലോ !!! എല്ലാ കാര്യങ്ങളുമൊക്കെ ഇങ്ങനെ തന്നെയാണ്. മനുഷ്യരല്ലേ, എത്ര വല്യ കാര്യങ്ങളാണെങ്കിലും അതൊക്കെ കേവലം തമാശ പറയുന്ന ലാഘവത്തിൽ പറഞ്ഞു തീർക്കാൻ കഴിവുള്ളവർ…

എന്തായാലും ഇതൊരു ജീപ്പിന്റെ കഥയാണ്, പിന്നെ ഒരു ഉടുമുണ്ടിന്റെയും !!!!

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “90’s

Leave a reply to KR Cancel reply

Design a site like this with WordPress.com
Get started