മര്യാദക്കാർ

നന്മയുള്ള ലോകമേ…

നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് പുറത്തേയ്ക്ക് ഇറങ്ങിയത്.ഇരു കാലുകളും നിലത്തുരച്ചു നിർത്തേണ്ട ഗതികേടിലായ സ്കൂട്ടറിനെയും ഒപ്പം കൂട്ടി.അതുകൊണ്ട് തന്നെ പതിവിലും വളരെ പതുക്കെയായിരുന്നു യാത്ര, ഇരുട്ട് വീണ വഴിയിൽ വഴിവിളക്കുകൾ ഒന്നും തെളിഞ്ഞു കണ്ടില്ല.ആകെയുള്ളത് യാത്രക്കാരുടെ കണ്ണിൽ ഇടിച്ചു കയറാൻ നിൽക്കുന്ന കള്ള പ്രാണികളുടെ കൂട്ടവും വഴിയോരങ്ങളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന നായ്ക്കളുടെ കൂട്ടവുമായിരുന്നു.ഇവര് രണ്ടുപേരും പ്രശ്നക്കാരായിരുന്നു, ആദ്യ വളവു തിരിയുമ്പോഴേയ്ക്കും പ്രാണികളിൽ ഒരുവൻ കണ്ണിനുള്ളിൽ കയറി കൂടി. പെട്ടന്ന് തന്നെ എടുത്തു കളഞ്ഞത് കൊണ്ട് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പട്ടികളുടെ അടുത്തുകൂടി പോയപ്പോൾ പ്രശ്നമൊന്നും ഉണ്ടായില്ല, എന്നാൽ അവറ്റകളെ കടന്ന് അൽപ്പം മുൻപിലെത്തിയപ്പോഴേയ്ക്കും എല്ലാം കൂടി വലിയ ശബ്ദത്തിൽ കുര തുടങ്ങി. വല്ലാതെ വിയർത്തു പോയി, “പ്രിയപ്പെട്ടവരെ ഈ ജീർണിച്ച ശകടവുമായി സാഹസികതയോടെ സഞ്ചരിക്കുന്ന മഹാപാപിയോട് എന്താണ് ഇത്ര അരിശം !! ഇനി നിങ്ങളെല്ലാം കൂടിയിരുന്നു പറഞ്ഞ രഹസ്യങ്ങളൊക്കെയും ചോർത്തുവാൻ വന്ന ചാരനാണെന്ന് കരുതിയോ “. വണ്ടി ഒരുപാട് പിന്നിട്ടിട്ടും അവറ്റകൾ കുര മാത്രം നിർത്തിയില്ല !!!

ഇതൊന്നുമല്ലായിരുന്നു യഥാർത്ഥ പ്രശ്നം, അതു നടക്കുന്നത് മടക്ക യാത്രയിലാണ്. തിരികെ വന്നപ്പോൾ ചന്ദ്രനിൽ എത്തിയ പ്രതീതി തരുന്ന റോഡിൽ ആകെ ഇരുട്ട് വീണിരുന്നു. കുഴിയും കുളവുമെല്ലാം തുടങ്ങുന്നതിനു മുൻപിലായി ഒരാൾ സൈക്കിളിൽ പിടിച്ചുകൊണ്ട് ആടിയുലയുകയാണ്, പോരാത്തതിന് റോഡിന്റെ കാര്യം പറഞ്ഞുകൊണ്ട് നല്ല ചീത്തയും പറയുന്നുണ്ട്. ഞാൻ പതിയെ വണ്ടി നിർത്തി, വണ്ടിയുടെ വെളിച്ചം അടിച്ചത് കണ്ടപ്പോൾ കക്ഷി സൈക്കിൾ ചവുട്ടി തുടങ്ങി. പാവം, വെളിച്ചമില്ലാതെ വിഷമിച്ചു നിന്ന മനുഷ്യന് വെളിച്ചമായി മാറിയ സ്കൂട്ടർ അങ്ങനെ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചിരിക്കുന്നു. ഞാൻ പതുക്കെ സൈക്കിളിനു പിന്നാലെ വച്ചു പിടിച്ചു. അകലെ ഒരു കടയുടെ മുൻപിൽ നല്ല വെളിച്ചമുണ്ട്. അവിടെ വരെ റോഡ് ഏറെക്കുറെ ഇങ്ങനെ തന്നെയാണ് !! സംഭവം നല്ല റോഡ് എത്തിയപ്പോഴേയ്ക്കും സൈക്കിൾ വാല അതിവേഗം ചവുട്ടി കടയുടെ മുൻപിൽ നിർത്തി.

പിന്നാലെ ചെന്ന എന്നെ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു.

“എടാ കൊച്ചേ, എന്നെ തല്ലാൻ നീ ഒന്നും വളർന്നിട്ടില്ല. അവനോട് ചെന്ന് പറഞ്ഞേക്ക് “

ഇതുകേട്ട കടയുടെ മുൻപിൽ നിന്നവരെല്ലാം ഓടി വന്നു കാര്യം തിരക്കി. ഇരുട്ടിൽ തപ്പി തടഞ്ഞു നിന്നപ്പോൾ വെളിച്ചം കാണിച്ചു പുറകെ വന്നതാണെന്ന് ഞാൻ അവരോട് പറഞ്ഞു. സൈക്കിൾ വാല ഇതൊന്നും കേൾക്കാതെ ഏതോ പ്രശ്നത്തെ പറ്റി കണ്ടമാനം സംസാരിച്ചുകൊണ്ട് നിൽക്കുന്നു. പരിചയമുള്ള കടക്കാരൻ പുറത്തേയ്ക്ക് വന്നിട്ട് പറഞ്ഞു.

“നീ പൊയ്ക്കോടാ, പുള്ളി വെള്ളാ “

ഇതിനിടയ്ക്ക് കയറിയ മറ്റു ചില ചെറുപ്പക്കാർക്ക്, ഞാൻ ആരാണെന്നും അച്ഛന്റെ പേര് എന്താണെന്നുമൊക്കെ അറിയാൻ വല്യ തിടുക്കമായിരുന്നു. എന്തായാലും അവർക്ക് മാന്യമായ മറുപടിയും കൊടുത്ത് ഞാൻ വീട്ടിലേയ്ക്ക് പോന്നു.

ഇതിലും എത്രയോ മര്യാദക്കാരാണ് വഴിയിലെ കള്ള പ്രാണികളും എന്നെ കുറച്ചു ഭീഷണിപ്പെടുത്തിയ നായകളും. പ്രിയപ്പെട്ട സ്കൂട്ടർ അറിയാൻ ഒരുകാര്യം, പാവം മനുഷ്യന് വെളിച്ചമേകി ചരിത്രത്തിൽ ഇടം പിടിച്ചെന്ന് ഞാൻ പറ്റിക്കാൻ പറഞ്ഞതാണ്. ഈ മഹാപാപിയോട് ക്ഷമിക്കുക !!! ഇതൊക്കെ കണ്ടും കെട്ടും വണ്ടിയുടെ ഉള്ളിലിരുന്ന ചൂട്‌ ഭക്ഷണ സാധനങ്ങൾ ഒക്കെയും തണുത്തുപോയിട്ടുണ്ടാകും.

സ്കൂട്ടറിനെ സമാധാനിപ്പിക്കാൻ “നന്മയുള്ള ലോകമേ…” എന്ന് ഉറച്ച സ്വരത്തിൽ പാടിക്കൊണ്ട് യാത്ര തുടർന്നു…

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “മര്യാദക്കാർ

Leave a comment

Design a site like this with WordPress.com
Get started