തേങ്ങാ കള്ളന്മാർ

സംശയമാണ്….ഒരുപാട് നാളുകളായി ഇതിങ്ങനെ കിടക്കുന്നു.

അങ്ങനെ ഇന്നത്തെ സംഭവം വല്ലാതെ ആശയക്കുഴപ്പത്തിലാക്കി !!! രാവിലെ തന്നെ പറമ്പിൽ നാല് തേങ്ങുകയറ്റക്കാർ എത്തി. മുഴുവൻ അഞ്ചു കക്ഷികൾ ഉണ്ടായിരുന്നു, കൂട്ടത്തിൽ പ്രായം ചെന്ന അഞ്ചാമൻ താഴെ വീഴുന്ന തേങ്ങകൾ ഓരോന്നായി പെറുക്കി കുട്ടയിലിട്ട് ചുമന്നു ഒരു സ്ഥലത്ത് കൂട്ടിക്കൊണ്ടിരുന്നു !!! കൂടാതെ മറ്റു തെങ്ങു കയറ്റക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് അയാൾ വല്ലാത്ത തിരക്കിലായിരുന്നു. തിരക്കിട്ട പണികൾക്കിടയിൽ അദ്ദേഹം ഇടയ്ക്ക് കുട്ട പൊക്കി തലയിൽ വെയ്ക്കാൻ ഈ മഹാപാപിയുടെ അടുത്ത് അഭയം പ്രാപിച്ചിരുന്നു. അങ്ങനെ പണികൾ പുരോഗമിച്ചു.

തെങ്ങിന്റെ ഭംഗി കുറച്ചു നിന്ന പഴുത്ത ഓലകൾ ഓരോന്നായി അവർ നാലുപേരും മത്സരിച്ചു വെട്ടിക്കളഞ്ഞുകൊണ്ടിരുന്നു. അധിക ഭാരമായി കിടന്ന തേങ്ങകളും അക്കൂട്ടത്തിൽ നിലംപതിച്ചു.

പണ്ട് വീട്ടിലൊക്കെ ഇങ്ങനെ തേങ്ങയിടുന്ന സമയങ്ങളിൽ ഒരു കരിക്ക് വെട്ടിയിടാൻ വേണ്ടി ഇരന്നുകൊണ്ട് തെങ്ങു കയറുന്ന ത്യാഗന്റെ പുറകെ നടക്കുമായിരുന്നു !! അല്ല ഇതൊന്ന് ആലോചിച്ചു നോക്കണം, സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും ഒരു കരിക്ക് കിട്ടാൻ കുട്ടിക്കാലത്ത് ഈ മഹാപാപി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒടുവിൽ ഏറ്റവും അവസാനത്തെ തെങ്ങു കയറുമ്പോൾ എന്തിനോ വേണ്ടി ഒരു തേങ്ങ എടുത്ത് കാണിച്ചിട്ട് പറയും “ദേ ഇത് കരിക്കാണ് “

ഇതെല്ലാം കഴിയുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് ഒക്കെ പുറമെ കാട്ടിക്കൊണ്ട് തളപ്പ് ഊരി ഏണിയിൽ തൂക്കിയിട്ട് അഹങ്കാരത്തോടെ വന്ന് മുഴുത്ത രണ്ടു തേങ്ങ കൂട്ടി കെട്ടി ഏണിയുടെ ഒരുവശത്തു തൂക്കിയിട്ടിട്ട് കയറ്റു കൂലിയും വാങ്ങി ആ കള്ള ബടുവ പഴയൊരു പാട്ടും ചൂളമടിച്ചുകൊണ്ട് നടന്നു പോകും.

കരിക്ക് ഇട്ടു തന്നില്ല, തേങ്ങ കാണിച്ചു കരിക്കാണെന്ന് പറഞ്ഞു പറ്റിച്ചു !! എന്നിട്ടും തെങ്ങു കയറിയ കൂലിയും കൊടുത്തു. പിന്നെന്തിനാണ് അയാൾ കൂട്ടിയിട്ട തേങ്ങയിൽ നിന്ന് മുഴുത്ത രണ്ടെണ്ണം കൊണ്ടുപോയത്???? വീട്ടിൽ അരയ്ക്കാനും കറി വെയ്ക്കാനും തേങ്ങയില്ലെങ്കിൽ കാശ്കൊടുത്ത് മേടിക്കണം അല്ലാണ്ട് ഇങ്ങനെ പോക്രിത്തരം കാണിക്കരുത് മിസ്റ്റർ !!!!

ഇന്നും സംഭവിച്ചത് ഇതു തന്നെയാണ്, പഴയൊരു പ്ലാസ്റ്റിക് ചാക്കിൽ പത്തു തേങ്ങയാണ് മുതിർന്ന തെങ്ങുകയറ്റക്കാരൻ കൊണ്ടുപോയത്. എന്താണ് ഇങ്ങനെ !!!! അന്ന് കുട്ടിക്കാലം തൊട്ടുള്ള ചെറിയ വലിയ സംശയമാണ്, ഇപ്പോഴും അതിങ്ങനെ മനസിലാകാതെ കിടക്കുന്നു !!!

കുറേ തേങ്ങാ കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്….

Published by KR

ഒരു സാധാരണക്കാരൻ... 😊

2 thoughts on “തേങ്ങാ കള്ളന്മാർ

Leave a comment

Design a site like this with WordPress.com
Get started