അധികം എഴുതുവാൻ തലയ്ക്കുള്ളിലെ സുഹൃത്തുക്കൾ അനുവദിക്കാറില്ല, ഒരുപാട് സമയമുള്ള നോട്ടവും എഴുത്തും വല്ലാത്ത ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. തലയ്ക്കുള്ളിൽ ആൾതാമസം മാത്രമല്ല അവർ സ്ഥിരമായി വല്ലാത്ത കൊത്തുപണിയിലാണ് !!!അതുകൊണ്ട് തന്നെ ഈ അനുഭവം രണ്ടു ഭാഗങ്ങളായി എഴുതുന്നു…
രണ്ടാം വർഷ വിദ്യാർത്ഥിയായി നാട്ടകം പോളിയിൽ പഠിക്കുമ്പോൾ കടന്നു വന്നൊരു വസന്ത കാലം, അങ്ങ് കാസർഗോഡൻ കലോത്സവം. ഇതെന്റെ മാത്രം വസന്ത കാലമല്ല, Sfi എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പതിനാലു ജില്ലകളിലെ കലാലയങ്ങളുടെ വസന്ത കാലമായിരുന്നു.
കലോത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ പരിപാടികൾ ഉള്ളതിനാൽ ഓരോ ഗ്രൂപ്പ് തിരിഞ്ഞാണ് യാത്രയൊക്കെ. ഞാൻ നാടൻപാട്ട് -മാർഗം കളി സംഘത്തിന്റെ കൂടെയാണ് പോകുവാൻ തീരുമാനിച്ചത്. ഇതിനൊക്കെ തക്കതായ ഒരു കാരണവും ഉണ്ട്. കോളേജിലെ രാത്രി സഹവാസങ്ങളിൽ ഒരുപാട് പ്രേമത്തോടെ പാടി തീർത്തതൊക്കെയും നാടൻ പാട്ടുകളായിരുന്നു, പോരാത്തതിന് പ്രശസ്ത ഗായകർ ഇതൊക്കെ അവിടെ ചെന്ന് പാടുമ്പോൾ ഒരു അരങ്ങു തന്നെയായിരിക്കും !!! പ്രിയപ്പെട്ട അനന്ദു എം. എ നേതൃത്വം നൽകുന്ന ഈ പാട്ടൊക്കെയും കേട്ടു തുടങ്ങുമ്പോഴേ കൈക്കൊക്കെ വല്ലാത്ത തരിപ്പ് തോന്നുമായിരുന്നു. പ്രിയപ്പെട്ട നാടൻപാട്ട് സംഘം !!!!
അങ്ങനെ ഇവറ്റകളുടെ കൂടെ യാത്ര തിരിച്ചു. ട്രെയിനിലെ ഭാഗ്യമില്ലാത്ത ഒരുപറ്റം മനുഷ്യർ ആശ്വാസത്തോടെയിരുന്ന ബോഗിയിലേയ്ക്ക് ഞങ്ങൾ കടന്നു ചെന്നു. മോസ്കൊ, തടിച്ചി, നവ്യ ഇവരുടെ കൂടെയിരുന്നു വിശേഷങ്ങൾ പറഞ്ഞു യാത്ര തുടങ്ങി. അൽപ്പ നേരം കഴിഞ്ഞപ്പോൾ പതിയെ ബോഗിയിൽ കളിയും ചിരിയുമൊക്കെയായി, അനന്ദു എം എ യുടെ നാടൻപാട്ട് സംഘവും അതുലും (കലാലയ ജീവിതത്തിൽ ഇടയ്ക്ക് വെച്ചു എല്ലാം ഇട്ടറിഞ്ഞിട്ട് പോയ പ്രിയപ്പെട്ട അനിയൻ ) കൂടിയപ്പോൾ സംഗതി വല്ലാത്ത ബഹളമായി. മറ്റു യാത്രക്കാരൊക്കെ ദയനീയമായ നോട്ടത്തിൽ ആണ്. ചിലരൊക്കെ ദേഷ്യ ഭാവത്തിലും !!!!
അങ്ങനെ നിറയെ സംസാരവും ബഹളവുമൊക്കെ നിറഞ്ഞു തുളുമ്പിയ ട്രെയിൻ വളരെ വേഗത്തിൽ പാഞ്ഞു. ഇടയ്ക്ക് വന്ന കനത്ത മഴ വല്ലാതെ ആസ്വദിച്ചു !! ഉറങ്ങാൻ തുടങ്ങിയ സമയമാണ് മഴയെത്തിയത്, ഒന്ന് നനഞ്ഞപ്പോൾ ആകെ ഒരു സന്തോഷം കൂടെ പ്രിയപ്പെട്ട മോസ്കൊ, തടിച്ചി പിന്നെ നവ്യ…
അങ്ങനെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ട്രെയിൻ യാത്ര ഒടുവിൽ കാസർഗോഡ് അവസാനിച്ചു. റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് കോളേജ്. യാത്രയുടെ ക്ഷീണത്തിൽ നടന്നപ്പോൾ പരിപാടി കഴിഞ്ഞ് തിരിച്ചു പോകുവാൻ നിൽക്കുന്നവരെയും കണ്ടു, യാത്രയുടെ ക്ഷീണം മുഴുവൻ കിടന്നത് കൊണ്ട് അധികമൊന്നും സംസാരിക്കാനും പറ്റിയില്ല. നടന്നു കയറിയ വഴികൾ നിറയെ ചുവപ്പിൽ കുളിച്ചു നിന്നു. അങ്ങനെ അൽപ്പ നേരത്തെ നടപ്പിന് ഒടുവിൽ കോളേജിൽ പ്രവേശിച്ചു, വിശാലമായ ആ കലാലയത്തിനുള്ളിൽ ഹോസ്റ്റലുകളിലും ക്ലാസ്സ് മുറികളിലും ആയിരുന്നു താമസം ഒരുക്കിയിരുന്നത് , അങ്ങനെ ആൺ വർഗ്ഗങ്ങൾ ഒരുമിച്ചു വാസ സ്ഥലത്തേയ്ക്ക് വച്ചുപിടിച്ചു.ഇതാ ഈ മഹാപാപിയുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന രസകരമായ ചില അനുഭവങ്ങൾ ഇവിടെ നടക്കുവാൻ പോകുന്നു !!!
അനുഗ്രഹീത ഗായകൻ അനന്ദു എം എ നയിക്കുന്ന നാടൻപാട്ട് നടക്കുമെന്ന് പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ട് മണിക്കൂറുകൾ കടന്നുപോയി, അനുഗ്രഹീത ഗായകനും മറ്റു പ്രിയപ്പെട്ട അനുജന്മാരും ക്ഷീണിച്ചു ഉറക്കത്തിലായി. വല്യ മേക്കപ്പ് ഇട്ടിട്ടോ (എന്റെ ഓർമ്മ ശരിയാണെങ്കിൽ അൽപ്പം പൗഡറും ഒരു പഴയ കാവി മുണ്ടും ഉണ്ടാകും, അതാണല്ലോ നാടൻപാട്ടിന്റെ ഒരിത് !!) ടെൻഷൻ ആയതുകൊണ്ടോ അല്ല. വെറുതെ ഉറക്കം വന്നിട്ടാണ്…മറ്റുള്ള കോളേജിലെ വിദ്യാർഥികൾ ഓരോ നിമിഷവും അധിക സമ്മർദ്ദത്തോടെ തള്ളി നീക്കിയപ്പോൾ നാട്ടകം പോളിയിലെ എന്റെ പ്രിയപ്പെട്ട അനുജന്മാർ വല്ലാത്ത ഉറക്ക ചടവിലാണ് !!!! ദൈബം അറിഞ്ഞുകൊണ്ട് അനുഗ്രഹിച്ചു വിട്ട കലാകാരന്മാർ അല്ലെ !!!! അപ്പോൾ പിന്നെ എന്ത് സമ്മർദ്ദം !!!
അങ്ങനെ ഇവരുടെ ഊഴം വന്നെത്തി, ഞാൻ സ്റ്റേജിനു പിന്നിൽ നിന്നും ഓടിയെത്തി. പ്രിയപ്പെട്ടവർ കിടന്ന് ഉറങ്ങിയ കസേരയുടെ പാടുകൾ മുതുകിലും പേറി പാതിയടഞ്ഞ കണ്ണുകളോടെ മുണ്ടും മുറുക്കിയുടുത്ത് സ്റ്റേജിലേയ്ക്ക് കയറി…
😊
Ma ഉയിർ 💫
LikeLiked by 1 person
❤️
LikeLiked by 1 person