മാതൃകാ കൊക്ക്

ഇനിയും കുറച്ചുകൂടി പെയ്തു തന്നാലോ എന്ന ചോദ്യവുമായി ആകാശത്തു മഴക്കാറ് കൂടിയിട്ടുണ്ട്. എന്തു വന്നാലും എനിക്ക് എന്താണ് പ്രശ്നം, പുറത്തിറങ്ങാതെ അകത്തിരിപ്പു തുടങ്ങിയിട്ട് ഇന്നേക്ക് ദിവസം രണ്ടായി !!!പുറത്തിറങ്ങാതെ ഇതിനുള്ളിൽ പകുതി മുക്കാൽ സമയവും കമ്പ്യൂട്ടറിന്റെ മുൻപിൽ ഒരേ ഇരിപ്പാണ്.ഇനി ഇവളെങ്ങാനും എന്റെ കാമുകി ആയി മാറുമോ എന്നാണ് സംശയം !!!

ഈ മഹാപാപി എന്തെങ്കിലും എഴുതണം എന്ന് കരുതുമ്പോൾ എല്ലായിപ്പോഴും മുറിക്കുള്ളിൽ ഒതുങ്ങി കൂടുകയാണ് പതിവ്, അല്ലെങ്കിൽ എഴുതാനുള്ള വിഷയങ്ങൾ കിട്ടാറില്ല. ഇന്നും അങ്ങനെയൊരു ദിവസമായിരുന്നു, രാവിലെ ചെറിയൊരു ചാറ്റൽ മഴ മാത്രം കണ്ടു. ആ മഴയിൽ അൽപ്പം നനഞ്ഞു നടക്കുകയും ചെയ്തു.

എന്നാൽ ഉച്ച കഴിഞ്ഞതും ഇന്നലെ പറഞ്ഞ കുളത്തിനു സമീപം ഒരു സംഭവം കാണുവാൻ ഇടയായി !!! ഒരു കൊക്ക് ഒരുപാട് ചിന്തിച്ചു നിൽക്കുന്നു. ലോക്ക് ഡൌൺ ആയതുകൊണ്ട് ഇനി വല്ല വിഷാദരോഗവും പിടിപെട്ടു നിൽക്കുന്നതാണോ എന്ന് സംശയിച്ചു പോയി. ഇനി ഒരുപക്ഷെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുന്നതാണോ???

മഴ മാറി വെയിൽ മൂത്തിട്ടും പുള്ളിക്ക് അനക്കമൊന്നും കണ്ടില്ല. അൽപ്പം കഴിഞ്ഞപ്പോൾ എന്തോ കള്ളത്തരം കാണിക്കുവാനുള്ള മട്ടിൽ പമ്മി പമ്മി നടന്നു. ഇതൊന്നും കാണാതെ ഗപ്പി കുഞ്ഞുങ്ങൾ വെള്ളത്തിന്റെ മുകളിൽ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു. കൊതി മൂത്ത കൊക്ക് പിന്നൊന്നും നോക്കിയില്ല, ചറ പറാ കൊത്തിപ്പെറുക്കുവാൻ തുടങ്ങി. അവന്റെ കൊത്തു കണ്ടപ്പോൾ ഇനി വല്ല മരംകൊത്തിക്കു നര പിടിച്ചതാകുമോ എന്ന് അത്ഭുതപ്പെട്ടുപോയി !!!!

ഒരുകാര്യം ശ്രദ്ധിക്കാനുണ്ട് , ഇവറ്റകളുടെ ലക്ഷ്യബോധവും തീവ്രമായ പരിശ്രമങ്ങളും ചില മനുഷ്യരേക്കാൾ ഒരുപാട് ഉയരത്തിലാണ്. ചില കാര്യങ്ങളിൽ പരാജയപ്പെട്ടു പോകുമ്പോൾ ജീവിതത്തിൽ നിന്നു തന്നെ പിന്മാറാൻ തുനിയുന്ന ഇന്നത്തെ മനുഷ്യരുടെ ഇടയിൽ ഈ സാധു ജീവിയുടെ പരിശ്രമങ്ങളും ലക്ഷ്യബോധവും മാതൃകയാക്കാൻ ഉതകുന്നത് തന്നെയാണ്.

എന്തായാലും വെയിലും മഴയും കൊണ്ട് അര മണിക്കൂറോളം നിന്ന് തന്റെ വയറു നിറയ്ക്കാൻ കാണിച്ച ആ നല്ല മനസ്സിനെ അഭിനന്ദിക്കാൻ പുറത്തിറങ്ങി ചെന്നപ്പോഴേയ്ക്കും എന്നെ ഒരു ശത്രുവായി കണക്കാക്കി അവൻ പറന്നകന്നു…

ഇനി അവനെ അല്ലെങ്കിൽ അവളെ കണ്ടു പഠിയ്ക്ക് എന്ന് പറയാതെ ആ കൊക്കിനെ കണ്ടു പഠിയ്ക്ക് എന്ന് പറയാം അല്ലെ !!!

ഇതിന് പേരില്ല !!

വീടിനുള്ളിൽത്തന്നെ ഇരുന്നത് കൊണ്ട് പ്രത്യേകിച്ചു ഒന്നും എഴുതണ്ട എന്ന് കരുതിയതാണ്. വൈകുന്നേരം ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചത്.

ബലിഷ്ടമായ കരങ്ങൾ, മസിലുകൾ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു. കണ്ണുകൾ വല്ലാതെ തിളങ്ങി നിന്നു, എന്തിനോ വേണ്ടി തിരയുന്നത് പോലെ തോന്നിച്ചു !! ശ്വാസമെടുക്കുന്നത് പോലും സൂക്ഷിച്ചായിരുന്നു. വീടിനു മുൻപിൽ ഉള്ള കുളത്തിൽ നിന്നും ചാടി കരയിൽ വന്നു നിന്ന നിൽപ്പാണ്, അതുകൊണ്ട് തന്നെ ആകെ നനഞ്ഞിരുന്നു. പാറ പോലെ അദ്ദേഹം ഉറച്ചു നിന്നു.

വീടിന്റെ ജനലിനു സമീപം നിന്ന കൊതുകുകളും മറ്റു പ്രാണികളും ഈ ഭീമൻ തവളയെകണ്ടു പേടിച്ചു പോയിരിക്കാം. കാരണം കൂട്ടത്തിൽ കൊതുകുകളെല്ലാം അദ്ദേഹത്തെ പേടിച്ചു എന്റെ കാലുകളിൽ വന്നു അഭയം പ്രാപിച്ചു.പേടി കാരണം ആയിരിക്കണം ചിലർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. ഇത്തിരി പോന്ന കുഞ്ഞു കൊതുകുകൾ അല്ലെ, വേദനിപ്പിച്ച എല്ലാറ്റിനും ഞാൻ നല്ല അടി വെച്ചു കൊടുത്തു. ഒരുപക്ഷെ എന്റെ ഒരു തല്ലു കൊണ്ടിട്ടു അവറ്റകൾ നന്നാവുന്നെങ്കിൽ നന്നാവട്ടെ.

പൂമ്പാറ്റയെ പോലെ തോന്നിക്കുന്ന ഒരു പ്രാണി ധൈര്യം മുഴുവൻ സംഭരിച്ചു വീടിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് പറന്നു. കഷ്ട്ടം എന്ന് തന്നെ പറഞ്ഞാൽ മതിയല്ലോ, ടേക്ക് ഓഫ്‌ അൽപ്പം പാളി കക്ഷി ജനലിന്റെ താഴേയ്ക്ക് വീണു. ഭാഗ്യം!! പെട്ടന്ന് തന്നെ ആ പ്രാണി ജീവനും കൊണ്ട് പൊങ്ങി വന്നു. എന്നാൽ ഒരിക്കൽ കൂടി ആള് താഴേയ്ക്ക് വീണു.

അധികം സമയം കളയാതെ ആ ഭീമൻ തവള ജനലിന്റെ താഴേയ്ക്ക് ചാടി അടുത്തു. എന്താണ് പിന്നീട് സംഭവിച്ചതെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം മാത്രമറിയാം ആ പ്രാണി പിന്നീട് പൊങ്ങി വന്നില്ല, കൂടാതെ തവള സന്തോഷത്തോടെ ഒരു കരച്ചിലും പാസ്സാക്കി.

ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി ജനലിന്റെ ഇപ്പുറത്തു നിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നെ ഒന്നും നോക്കിയില്ല കാലിൽ അഭയം പ്രാപിച്ച ഓരോന്നിനെയും തല്ലി നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഇര തേടിയിറങ്ങിയ തവളയുടെ കാര്യമായതിനാൽ ഇതിന് ഇര എന്ന് പേരിടുന്നു.

അല്ലെങ്കിൽ വേണ്ട !!!!!കേരളത്തിലെ മാധ്യമ വേശ്യകൾ ചില പ്രധാന വാർത്തകളിൽ സ്ത്രീ സമൂഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ വാക്ക് ഞാൻ എന്തായാലും തലക്കെട്ടിനായി ഉപയോഗിക്കുന്നില്ല.

അധികം പ്രത്ത്യേകതകൾ ഇല്ലാതെ തന്നെ ഈ ദിവസവും കടന്നു പോകുന്നു.വല്യ വിശേഷങ്ങളൊന്നുമില്ലാത്ത ഈ മഹാപാപിയുടെ എഴുത്ത് വായിക്കുവാൻ കാണിക്കുന്ന നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി 🙏

ഡാൻ_സർ

റോഡിൽ ആകമാനം ഇരുട്ട് വീണു തുടങ്ങിയിരുന്നു. വണ്ടിയിൽ മുൻപോട്ട് പോകുമ്പോൾ ചാറ്റൽ മഴ നല്ലപോലെ ആസ്വദിക്കാനാവുന്നുണ്ടായിരുന്നു. നേർത്ത മഴത്തുള്ളികൾ മുഖത്തു വന്നു തട്ടുമ്പോൾ അവയോട് വല്ലാത്തൊരു പ്രണയം. എതിരെ വരുന്ന വണ്ടികൾ പലതും ചീറി പാഞ്ഞു കടന്നു പോയി. കൂട്ടത്തിൽ ഒരു തലതിരിഞ്ഞ കഴുവേറി റോഡിൽ ആർക്കും വേണ്ടാതെ കിടന്ന ചെളി വെള്ളം അൽപ്പം ദേഹത്തും ബാക്കി വണ്ടിയിലും തെറിപ്പിച്ചു കടന്നു കളഞ്ഞു.എന്തിനു പറയാൻ ആ ചാറ്റൽ മഴയോടുള്ള പ്രണയം വരെ തകർന്നു പോയി.

വഴിയിൽ കടകൾ എല്ലാം അടച്ചു തുടങ്ങിയിരുന്നു. കൊറോണ മനുഷ്യനെ ജീവിക്കാൻ വിടുന്ന മട്ടില്ല !!എന്തായാലും അടച്ചു തുടങ്ങിയ ബേക്കറിയിൽ കയറി ആവശ്യമുള്ള സാധനം ചോദിക്കുന്നതിനു മുൻപേ പുറത്തു നിന്നും ഒരു നിലവിളി. “കട അടയ്ക്കെടാ ” ഞാൻ കരുതി പോലീസ് ആണെന്ന്.

തലയിൽ നല്ല മുടിയുണ്ട്. അൽപ്പം പ്രായം ചെന്നിട്ടുണ്ട്. താടിയും മുടിയും കുറേ നരച്ചിട്ടുണ്ട്, അതിനുപരി മഴ പെയ്യുമ്പോൾ മാത്രം നനയുന്ന മട്ടുണ്ട് ആദ്യ കാഴ്ച്ചയിൽ. ഒരു മാസ്ക് പോലും ധരിക്കാതെ കീറിയ പാന്റും മുഷിഞ്ഞ പച്ച നിറത്തിൽ (പൂപ്പൽ, പായൽ ഇവയിൽ എന്തുമാകാം )ഒരു ഷർട്ടും, കയ്യിൽ ഒരു കൊച്ചു ഫോണും ഉണ്ട്. ഇടയ്ക്ക് അത് ചെവിയിൽ വച്ചു “യെസ് ” എന്ന് മൂന്നു തവണ പറഞ്ഞു. കഴിഞ്ഞ ദിവസം കക്ഷിയെ പോലീസ് പൊക്കിയിരുന്നെന്നും വിരട്ടി വിട്ടതാണെന്നും ഒരു നല്ലവനായ ഉണ്ണി കടയുടെ മുൻപിൽ നിന്നും ഉരുവിടുന്നത് ഞാൻ ഒളിച്ചു കേട്ടു.

പെട്ടന്ന് തന്നെ രണ്ടു കയ്യും തറയിൽ കുത്തി വില്ല് പോലെ വളഞ്ഞു നിന്ന് പതുക്കെ അനങ്ങുവാൻ തുടങ്ങി. പെട്ടന്ന് ചാടി എഴുന്നേറ്റ് രണ്ടു തോളുകളും ചലിപ്പിക്കാൻ തുടങ്ങി. ആഹാ… അതി ഭയങ്കരമായ ഡാൻസ് ആയിരുന്നു സുഹൃത്തുക്കളെ ആ കണ്ടത്. പതിയെ പാട്ടും തുടങ്ങി !!! രണ്ടു മൂന്ന് ആളുകൾ ഈ പ്രബുദേവയെ തന്നെ നോക്കി അടുത്തേയ്ക്ക് വന്നു. ഇതു കണ്ടിട്ടാണെന്ന് തോന്നുന്നു ഡാൻസർ ഞങ്ങളെ നോക്കി തല താഴ്ത്തി അഭിവാദ്യം ചെയ്തുകൊണ്ട് പരുപാടി നിർത്തി.

ഞാൻ വന്നകാര്യം കഴിഞ്ഞു വണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങി. റോഡ് മുറിച്ചു കടക്കുവാൻ ഒരുവശം നിന്നപ്പോൾ അപ്പുറത്ത് നിന്നും ഒരു മുറവിളി “കട അടയ്ക്കെടാ “.

എല്ലാവരും പരിഹസിക്കുമെങ്കിലും ഒന്നോർക്കുന്നത് നല്ലതാണ് ഇന്നല്ലെങ്കിൽ നാളെ നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആ സ്ഥാനത്തു വന്നാൽ സഹിക്കാൻ പറ്റാതെ വന്നെന്നിരിക്കും. ഒരുപക്ഷെ അയാൾക്കും നമ്മളെ പോലെത്തന്നെ ബാല്യവും കൗമാരവും ഒക്കെ ഉണ്ടായിരുന്നിരിക്കാം, സ്വന്തവും ബന്ധവുമൊക്കെ ഉണ്ടായിരിക്കാം. ഇങ്ങനെ കാട് കയറി ചിന്തിക്കാനൊക്കെ ആർക്കാണ് സമയം?? ചിലർ ചീത്ത പറയും, മറ്റു ചിലർ കണ്ടു രസിക്കും ഇതിലൊന്നും പെടാത്തവർ ഇത് ശ്രദ്ധിക്കാതെ കടന്നു പോകും. മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്നോ പ്രവർത്തിക്കുന്നതെന്നോ മനസിലാക്കാനേ കഴിയില്ല. അതൊരു വല്ലാത്ത ജന്മമാണ്, ഞാനും !!!!!

എങ്കിലും ആ ഡാൻസറിന്റെ മനസ്സിലെ ചിന്തകൾ എന്തൊക്കെയാണെന്നു അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ബാക്കി.

ഒരു പത്തനംതിട്ട കളി

“അണ്ണാ മറ്റേ പടമില്ലേ ഗുരുക്ഷേത്ര ”

“എടാ ഗുരുക്ഷേത്ര അല്ലല്ലോ കുരുക്ഷേത്ര അല്ലെ “

“ആ അത് തന്നെ, ആ പടം കണ്ടു കഴിഞ്ഞപ്പോൾ പിന്നെ പട്ടാളം കളി ആയി !!”

സ്നേഹിതൻ ഇന്നു പറഞ്ഞു തന്ന കുട്ടിക്കാലത്തെ അവന്റെ അതി മനോഹരമായ കളികളാണ് മനസ്സ് മുഴുവൻ.

വണ്ടിക്കളി

അവധി കിട്ടുമ്പോൾ കൂട്ടുകാരുമായി ഒത്തുകൂടും. എല്ലാവരുടെയും കയ്യിൽ വണ്ടി ഉണ്ടാക്കുവാനായി ഒരുപാട് സാധനസാമഗ്രഹികൾ ഉണ്ടാകും. സ്വന്തം വണ്ടി ഉണ്ടാക്കുവാനായി അവശ്യ സാധനങ്ങൾ എത്തിയാൽ ഉടനെ പണി തുടങ്ങും. എല്ലാ വണ്ടികളും ഉണ്ടാക്കിയ ശേഷം ഈ കാഴ്ച കണ്ടു നിൽക്കുന്ന കുഞ്ഞു കുട്ടികൾക്കുള്ള വണ്ടി ഉണ്ടാക്കുവാൻ തുടങ്ങും. ബാക്കിയുള്ള സാധനങ്ങൾ ഉപയോഗിച്ചു വണ്ടിയുടെ പണിയെല്ലാം തീർത്തിട്ട് എല്ലാവരും മറ്റൊരു സ്ഥലത്തേയ്ക്ക് ഇതും കെട്ടിവലിച്ചുകൊണ്ട് പോകും. എങ്ങോട്ടെന്നല്ലേ? തൊട്ടടുത്ത അമ്പലത്തിലേക്ക് !!! ഇവരുടെ ഈ കൊച്ചു വണ്ടികൾ പൂജിക്കുന്നതിന് കാശ് വാങ്ങിക്കില്ല എന്നാണ് ചെങ്ങാതിയുടെ വാദം. കൂട്ടത്തിൽ എല്ലാത്തരം വണ്ടികളും ഉണ്ടാകും, എന്നാൽ പറഞ്ഞ വണ്ടികളിൽ എനിക്ക് ഇഷ്ടമായത് കള്ളവണ്ടി ആണ്.

തൊട്ടടുത്തുള്ള പുഴയിൽ ഒഴുക്കിലടിയുന്ന മണല് കടത്തുവാൻ ഉപയോഗിക്കുന്ന അത്യാധുനിക ടിപ്പർ ആണ് കള്ളവണ്ടി 🤝

അനാക്കോണ്ട കളി

കാട് പിടിച്ച സ്ഥലങ്ങളിലാണ് ഈ കളി നടക്കുന്നത്. കളിക്കുന്ന കൂട്ടത്തിൽ ഒരുവനാണ് അതി ക്രൂരനായ അനാക്കോണ്ട !! ഈ അനാക്കോണ്ട ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് എന്റെ സുഹൃത്തും ബാക്കി കൂട്ടുകാരും ഇവിടെ എത്തുന്നത്. ഇവരെ കാണുമ്പോൾ അനാക്കോണ്ട ചീറി അടുക്കും, പിന്നെ പറയണ്ടല്ലോ കാര്യം എല്ലാവരും കാടുവഴിയും കണ്ടംവഴിയും പറ പറക്കും !! ഒടുവിൽ ഈ ഹതഭാഗ്യനായ അനാക്കോണ്ടയെ ഇവന്മാർ തല്ലി കൊല്ലുന്ന രംഗം ഉണ്ടാകുമോ എന്ന് ചോദിക്കാൻ മറന്നു പോയി.

ദിനോസർ കളി

മുൻപേ പറഞ്ഞ കളിയുമായി സാമ്യമുണ്ട്, ഇവിടെ അനാക്കോണ്ടയ്ക്ക് പകരം ദിനോസർ ആണെന്ന് മാത്രം !!! ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്, പൊന്തക്കാടിന്റെ ഇലകളൊക്കെ ദിനോസറിന്റെ മുട്ട ആയിരിക്കും !!! ബാക്കിയൊക്കെ പഴയപോലെ. ഇവർ നടന്നു ചെല്ലുമ്പോൾ പൊന്തക്കാട് വല്ലാതെ ഇളകും (പൊന്തക്കാട് മുട്ടയാണെന്ന് മറക്കരുത് സുഹൃത്തുക്കളെ ) അതെ !ആ മുട്ടകൾ വിരിയുകയാണ്. പൊടുന്നനെ എല്ലാരും കാടും മേടും കണ്ടവും താണ്ടി ഓട്ടം തുടങ്ങും. ഇവിടെ ഈ കളി എങ്ങനെ അവസാനിപ്പിക്കും എന്ന് ഞാൻ ചോദിക്കാൻ വിട്ടുപോയി !!!

പട്ടാളക്കളി

കുരുക്ഷേത്ര പടം കണ്ടുകഴിഞ്ഞാണ് ഈ കളി തുടങ്ങുന്നത്. തോക്കിന്റെ രൂപസാദൃശ്യം തോന്നുന്ന കമ്പുകൾ ശേഖരിച്ചുകൊണ്ട് എല്ലാവരും കൂടി മലയിലേക്ക് കയറും. പിന്നെ ഭയങ്കര യുദ്ധമാണ് !! ആദ്യ കാലഘട്ടത്തിൽ കമ്പും വടിയുമൊക്കെ ആയിരുന്നെങ്കിൽ പിന്നീട് അത് പൊട്ടാസ് തോക്കുകൾ ആയി മാറിയത് ചരിത്രം. എന്തായാലും സിനിമ ലോകത്തിനും അപ്പുറം ആ കളി വളർന്നു പന്തലിച്ചു.

എന്തായാലും ഈ കളികൾ ഒക്കെയും കുട്ടിക്കാലത്തു നടന്നതാണെന്നും ഇപ്പോഴാണെങ്കിൽ നാണക്കേട് ആണെന്നും ചെങ്ങാതി സൂചിപ്പിച്ചു. ഈ കളികളെപ്പറ്റി പറഞ്ഞപ്പോഴാണ് ഞാൻ കുട്ടിക്കാലത്ത് കളിച്ചോരു ബസ് കളി ഓർമ്മ വന്നത്.

കിണറിന്റെ സമീപം ചാഞ്ഞു കിടന്ന പേര മരത്തിന്റെ ഒരു തുഞ്ചത്ത് കയറിയിരുന്നു കുലുക്കുവാൻ ആരംഭിക്കും. കറി പാത്രം കെട്ടി വെച്ച് സ്പൂൺ ഉപയോഗിച്ചു മണി ശബ്ദം കൂടി ഉണ്ടാക്കുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു അന്നൊക്കെ. കൂടാതെ വണ്ടിയിൽ ചന്ദനത്തിരി കുത്തുവാനും, ദൈവങ്ങളുടെ ചിത്രങ്ങൾ വെയ്ക്കുവാനും മറന്നിരുന്നില്ല. അനിയനും ഞാനും അങ്ങനെ വണ്ടിയിൽ ഇരുന്ന് യാത്ര ചെയ്യും. ചില അവധികളിൽ അച്ഛന്റെ ഇളയ പെങ്ങളുടെ മക്കളും കൂടെ ഉണ്ടാവും. യാത്രക്കാര് കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ടല്ലോ പൂരം.പാവം പേര മരം അധികം ക്രൂരതകൾ താങ്ങാനാവാതെ ഞങ്ങളെ വിട്ടു പോയിട്ട് ഒരുപാട് വർഷങ്ങൾ ആയി കേട്ടോ.

ഇനിയുമുണ്ട് ഇങ്ങനെ ഒരുപാട് കുട്ടിക്കാല ഓർമ്മകൾ. എന്നാൽ ഇന്ന് അതൊക്കെ മാറിയില്ലേ, ഫോണും ഇന്റെർനെറ്റുമൊക്കെ ആയപ്പോൾ കുട്ടിക്കാലമൊക്കെ ഒരു ചെറിയ ഫോണിൽ ഒതുങ്ങി പോയിരിക്കുന്നു. മണ്ണും ചെളിയും കണ്ടു വളർന്ന പഴയ കുട്ടിക്കാലമല്ല മറിച്ചു വിരൽ തുമ്പിൽ ലോകം കണ്ടു വളരുന്ന സൈബർ കുട്ടിക്കാലമാണ് ഇന്ന്. ഒന്നും അടുത്തറിയാതെ നാലു ചുവരുകൾക്കുള്ളിൽ മടി പിടിച്ച, മുരടിച്ച മനസ്സുമായി അവർ വളർന്നു തുടങ്ങിയിരിക്കുന്നു…

ഈ പറയുന്ന ഞാനും ഒരുപാട് ഉപയോഗിക്കുന്നത് ഫോണും ഇന്റെർനെറ്റുമൊക്കെയാണ്, ഇനി എന്റെ മനസ്സും മടിപിടിച്ചു മുരടിച്ചോ ആവോ !!!

സംശയം ബാക്കി

ഒരു ഭാഗം അൽപ്പം അരഞ്ഞു റോഡിൽ ചേർന്ന് കിടക്കുന്നുണ്ട്. എങ്കിലും നല്ല വലുപ്പം തോന്നിക്കുന്ന ബാക്കി ഭാഗങ്ങൾ ഒരുപാട് നിറമുള്ളതായിരുന്നു. എന്നെപ്പോലെ തന്നെ ആ ഭംഗിയുള്ള ബിസ്‌ക്കറ്റിൽ നോക്കി മറ്റു രണ്ടു കക്ഷികൾ നിൽക്കുന്നുണ്ടായിരുന്നു.

ഇരുവരും നന്നായി കിതയ്ക്കുന്നുണ്ട്, ഒരുപക്ഷെ റോഡിന്റെ നടുവിൽ കിടന്ന ബിസ്ക്കറ്റ് വണ്ടി കയറി പോകുമോ എന്നോർത്തു ഭയപ്പെട്ടു നിൽക്കുന്നതായിരിക്കും. ഇനി ഇതൊന്നുമല്ല കാരണമെങ്കിൽ അതൊരു കൊറോണ കൊതിയാണ് !!!!!

വല്ലാത്തൊരു കരച്ചിൽ കേട്ടാണ് തൊട്ടടുത്ത ബേക്കറിയുടെ അടുത്തേയ്ക്ക് നോക്കിയത്. അവിടെ തന്നെക്കാൾ വലിയൊരു മാസ്ക്ക് വച്ചൊരു കുഞ്ഞു പയ്യൻ. ഒരു മുതിർന്നയാൾ കൂടെയുണ്ട്, ഒരുപക്ഷെ അച്ഛനായിരിക്കും. ഭരണിയിൽ ഇരിക്കുന്ന ചെറിയ ബിസ്‌ക്കറ്റുകൾ ചൂണ്ടിയാണ് കരച്ചിൽ !!!

ഒടുവിൽ ആ കരച്ചിലിന് മുൻപിൽ പരാജയപ്പെട്ട അയാൾ അവന്റെ കുഞ്ഞി കൈകളിൽ പേപ്പറിൽ പൊതിഞ്ഞ ബിസ്ക്കറ്റ് വച്ചു കൊടുത്തു. തിരിച്ചു മടങ്ങുമ്പോൾ അയാളുടെ കയ്യിലിരുന്നുകൊണ്ട് തന്റെ മാസ്ക് മാറ്റി ബിസ്കറ്റ് തിന്നുവാനും അവൻ മറന്നില്ല. റോഡ് മുറിച്ചു കടന്ന് അപ്പുറത്തു ചെന്നതും പാതി ബിസ്ക്കറ്റ് താഴെ വീണു. അവൻ അതിൽ നോക്കി വിരൽ ചൂണ്ടിയെങ്കിലും അയാൾ അതൊന്നും ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു.

അധികം വൈകാതെ തന്നെ റോഡിന്റെ എതിർ വശത്തു നിന്ന ആ രണ്ടു പട്ടികൾ ബിസ്‌ക്കറ്റിനു വേണ്ടി മുറവിളി കൂട്ടി. എല്ലാവരുടെയും ശ്രദ്ധ തെറ്റിയത് കൊണ്ടാവണം റോഡിനു നടുവിൽ കിടന്ന സുന്ദരിയായ ബിസ്ക്കറ്റ് ഏതോ വാഹനത്തിനു മുൻപിൽ ചാടി ആത്‍മഹത്യ ചെതിരുന്നു… പാവം !!!!

പട്ടികളുടെ കൂട്ടയിടിക്കു നടുവിൽ കിടന്ന് ശ്വാസം മുട്ടിയ ബിസ്‌ക്കറ്റിനെ അൽപ്പം ദൂരെ ഇടവഴിയിലേക്ക് തിരിയും വരെ ആ കൊച്ചു കണ്ണുകളും നോക്കിയിട്ടുണ്ടാവും.

അതെ ഈ കൊച്ചു ജീവിതത്തിൽ ഒന്നുപോലും ആർക്കും സ്വന്തമല്ല, എല്ലാം സ്വന്തമെന്ന് പറഞ്ഞുകൊണ്ട് ആർത്തിയോടെ നടക്കുന്ന നല്ലവരായ മനുഷ്യർ !!

ഇനി എനിക്കും ഇതുപോലെ ആർത്തിയുണ്ടോ എന്നൊരു സംശയം ബാക്കി…

ചിരി

പുറത്തു വെയിൽ അൽപ്പം കടുപ്പമായി നിന്നപ്പോഴാണ് പുറത്തേയ്ക്ക് ഒന്നിറങ്ങിയത്. ചെടികളും പൂക്കളും നാണിച്ചു തല താഴ്ത്തി നിന്നപ്പോഴും അവയ്ക്ക് ഇടയിൽ നിന്ന പുല്ലുകൾ നെഞ്ച് വരിച്ചു നിന്നു. ഈ വെയിലൊന്നും ഞങ്ങൾക്കൊരു പ്രശ്നവുമല്ല എന്നൊരു പരസ്യ പ്രസ്താവനയും ഇറക്കിയിരിക്കണം !!!!

കുളത്തിൽ കിടന്ന ഗപ്പി കുഞ്ഞുങ്ങൾ പോലും ആമ്പലിന്റെ ഇലകൾക്കിടയിൽ ഒളിച്ചു നിന്നു, കൊള്ളാം ഇത്രയും പാവപ്പെട്ടവരെല്ലാം പേടിച്ചു നിന്നപ്പോഴും തല ഉയർത്തി നിന്ന പുല്ലുകളിൽ അൽപ്പം തലക്കനം കൂടിയവനെ ഞാൻ ചവുട്ടി ഞെരിച്ചു. അല്ലേലും അത്ര അഹങ്കാരം പാടില്ലല്ലോ. ഒരുപക്ഷെ ഇതു കണ്ടു നിന്ന പൂക്കൾ അടക്കം പറഞ്ഞു ചിരിച്ചു കാണും, മീൻ കുഞ്ഞുങ്ങൾ തലകുത്തി മറിഞ്ഞു ചിരിച്ചിരിക്കും !!!!

പതുക്കെ പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ വല്ലാത്തൊരു തിരക്ക് അനുഭവപ്പെട്ടു. തൊഴിലുറപ്പ് നടക്കുന്ന പറമ്പിന്റെ വശങ്ങളിലൂടെയാണ് എന്റെ യാത്ര. മാസ്ക്കിന്റെ മറപറ്റിയുള്ള ചിരികൾ ചിലതു കാണുവാൻ ഇടയായി. കണ്ണുകൾക്ക് ഇരുവശവും വലിഞ്ഞു മുറുകി അൽപ്പം കണ്ണുകൾ അടയുന്നതാണ് ഇപ്പോഴത്തെ ചിരി.

അങ്ങനെയാണെങ്കിൽ ചിരിക്കാതെ ഇതുപോലെ കാണിക്കാമോ എന്നൊരു ശ്രമം നടത്തി, തൊട്ടടുത്ത കടയുടെ അരുകിൽ മാസ്ക് താടിയിൽ ഇട്ട പ്രായം ചെന്ന ഒരു കക്ഷി പഴയ തീവണ്ടി കണക്കെ പുകയൂതി രസിച്ചു നിൽക്കുന്നു. അടുത്ത് ചെന്നതും കണ്ണൊക്കെ വലിച്ചു മുറുക്കി അടച്ചു കാണിച്ചു. അത്ഭുതം !!!! മാസ്ക്കിന്റെ അത്ഭുതം. അദ്ദേഹം ബീഡിയുടെ കറ പിടിച്ച പല്ല് കാട്ടി ഒരു ചിരി പാസാക്കി…

ഒരാളെ പോലും പുറത്തു കാണാത്ത സാഹചര്യത്തിൽ ഇതുപോലൊരു ചിരി കിട്ടുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. ചിരിക്കാനും സ്നേഹിക്കാനും മറക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ തുറന്നു ചിരിക്കുവാൻ കാണിച്ച ആ നല്ല മനസ്സിന് യഥാർത്ഥ ചിരിയൊരെണ്ണം മടക്കി നൽകി ഞാൻ മുൻപോട്ട് നീങ്ങി.

വെറുതെ കൂട്ടിയൊട്ടിച്ചു വെയ്ക്കാനും, സ്വന്തം കാര്യങ്ങൾക്ക് മാത്രം തുറക്കുവാനും ഉപയോഗിക്കുന്ന യന്ത്രങ്ങളാക്കാതെ ചുണ്ടുകളെ ഒന്ന് ചിരിച്ചുകാണിക്കാനും കൂടി ഉപയോഗിച്ച് പഠിക്കുക. അത് കാണുന്നവരുടെ മനസ്സിലെങ്കിലും സന്തോഷം നിറയ്ക്കും. ചിരിക്കുവാൻ മറന്നു പോകുന്ന വിധം തിരക്കുകൾ നിറഞ്ഞ മനസ്സുകളോടാണ് പറയുന്നത്….

എന്റെ മനസ്സിലും പതുക്കെ തിരക്കുകൾ മാത്രമായി പോകുവാണോ എന്നൊരു സംശയം ബാക്കി !!

ആത്മാക്കൾക്ക് നന്ദി !!

ചന്ദനത്തിരിയുടെ മണവും, മഴയുടെ ബാക്കി കഥയെന്ന പോലെ വീശിയ തണുത്ത കാറ്റും രാത്രിയെ അൽപ്പം അഴകുള്ളതാക്കി മാറ്റി . നാലു തിരിയിട്ട വിളക്കിന്റെ മുൻപിൽ മൂന്ന് ഇലകളിലായി അവിലും മലരും ശർക്കരയുമൊക്കെ വച്ചിരിക്കുന്നു. ഒരോ ഇലകൾക്ക് മുൻപിലും ഓരോ കരിക്കും കരുതിയിട്ടുണ്ട്.അൽപ്പം ചെത്തിപ്പൂവൊക്കെ വിളക്കിലും ഇലകളിലും വാരി വിതറിയിട്ട് മുറിയ്ക്കു പുറത്തേയ്ക്ക് ഇറങ്ങി.

ആത്മാക്കൾക്കുള്ള ദാഹം വെയ്പ്പാണ്. വർഷങ്ങൾക്ക് മുൻപ് ഇതുപോലുള്ള ദിവസം, ഇങ്ങനെ വച്ചിട്ട് പോരുന്ന മുറിയിൽ പോകാൻ പിന്നീട് ഭയമാണ്. ഇടയ്ക്ക് മച്ചിന്റെ മുകളിൽ എലികൾ കൂട്ടയോട്ടം നടത്തുമ്പോൾ അമ്മ ഇങ്ങനെ പറയും “തട്ടും മുട്ടും കേൾക്കുന്നുണ്ടല്ലോ, വന്നിട്ടുണ്ട് “

അരൂപികളായ ആത്മാക്കളാണ് !!! മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ അന്ന് ഭക്ഷണം കഴിക്കുവാൻ വരുമത്രെ. വെറുതെ വരിക മാത്രമല്ല വരവ് അറിയിക്കുകയും ചെയ്യും. അങ്ങനെ മച്ചിൻപുറത്തെ എലികളുടെ കഷ്ടപ്പാടിന്റെ ക്രെഡിറ്റ് മുഴുവൻ ആത്മാക്കൾ തട്ടിയെടുത്തെന്ന് സാരം. അമ്മയുടെയും അച്ഛന്റെയും സംസാരമൊക്കെ നടക്കുമ്പോൾ ഇടയ്ക്ക് ഒന്ന് ഒളിഞ്ഞു നോക്കുക പതിവാണ്. ആരെയും കാണാറില്ലെങ്കിലും ആരോ അവിടുണ്ടെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വച്ചതു കൊണ്ട് ഭയമാണ്.

ഇന്ന് വളരെ അത്ഭുതത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. എങ്ങനെയും ഈ സമയം കഴിഞ്ഞ് ഇലയിൽ വച്ചിരിക്കുന്ന ഉണക്ക മുന്തിരിയും തൊട്ടു മുൻപിലെ ഇളം കരിക്കും തട്ടിയെടുക്കുക എന്നതാണ് ലക്ഷ്യം !!!!

എന്തായാലും അൽപ്പ സമയത്തിന് ശേഷം ദാഹം വെച്ച സാധന സാമഗ്രഹികൾ എടുത്തു. ഒരുപക്ഷെ മൂന്ന് ഇലകളിൽ നിന്ന് ഒരുപാട് ആത്മാക്കൾ കഴിച്ചിട്ടുണ്ടാകുമോ?? ഞാൻ ചിന്തിച്ചു പോയത് ആ ഇലകളിലെ ഉണക്ക മുന്തിരിയിൽ ഗണ്യമായ കുറവ് കണ്ടപ്പോഴാണ്. എന്തായാലും കാര്യമായൊന്നും അതിൽ നിന്നും കഴിച്ചില്ല പകരം വച്ചിരുന്ന രണ്ടു കരിക്കും കുടിച്ചു തീർത്തു.

പ്രിയപ്പെട്ട ആത്മാക്കൾക്ക് ഒരുപാട് നന്ദി; രാത്രിൽ കുടിക്കാൻ കിട്ടിയ കരിക്കിനും, നിങ്ങൾ ബാക്കിവച്ച ഉണക്ക മുന്തിരിക്കും.”ഇടയ്ക്ക് ഇടയ്ക്ക് വരുമ്പോൾ ഈയുള്ളവന്റെ കഷ്ടപ്പാടും ദാരിദ്ര്യവും അൽപ്പം കൊണ്ടുപോകുവാനും മറക്കരുത്”, കാരണം നിങ്ങൾക്കായി മറക്കാതെ ഞങ്ങൾ ഭക്ഷണം ഒരുക്കാറുണ്ട് അതെത്ര ദാരിദ്ര്യം ആയാൽപോലും !!!

അരൂപികളായ പ്രിയ ആത്മാക്കൾക്ക് ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

മഴ

തോന്നിയവാസത്തിൽ പടർന്നു പന്തലിച്ച ഫാഷൻ ഫ്രൂട്ട് ചെടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റു !! കാരണം വളർന്നു വളർന്നു അവളങ്ങനെ സർവ്വീസ് വയറുവഴി വീടിന്റെ മുകളിലേയ്ക്കും, തൊട്ടടുത്ത നാരകത്തിലേയ്ക്കും പിന്നെ ഒരു ശല്യവുമില്ലാതെ അടുത്ത് നിന്ന പനയിലേയ്ക്കും വലിഞ്ഞു കയറിയിരിക്കുന്നു.

അങ്ങനെ കുറച്ചു തൂണ് നാട്ടി ഒരു പന്തലൊരുക്കി അതിൽ വളർന്നു കളിക്കാനുള്ള ഒരു സുവർണ്ണ അവസരം ഒരുക്കുവാൻ തീരുമാനമായി. തൂണെല്ലാം നാട്ടി മറ്റു കാര്യപരിപാടിയിലേക്ക് കടക്കും മുൻപേ മഴയിങ്ങെത്തി.

രാവിലെ ഒന്നു വന്നു പോയതാണ്, ഒരുപാട് മഴത്തുള്ളികൾ ഇങ്ങനെ കുശലം പറഞ്ഞു ചെറിയൊരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ പെയ്തിറങ്ങുന്നു. ചെറിയൊരു പുഞ്ചിരിയോടെ മാത്രമല്ല, ഒരുപാട് സങ്കടം വന്നപ്പോഴും ഒറ്റപ്പെട്ടു നിന്നപ്പോഴും ഇതുപോലെ മഴയെ നോക്കി നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. മൊണാലിസ ചിത്രം പോലെ തന്നെയാണ് മഴയും !! കാരണം എന്റെ അവസ്ഥകൾ ഒരു പരിധിവരെ മഴയിൽ കാണുവാൻ കഴിഞ്ഞിരുന്നു.

ഇവിടെ ആകാമാനം തണുപ്പ് നിറച്ചു കഴിഞ്ഞു, ഇനിയും നിർത്താൻ പാടില്ലേ എന്ന് പലവട്ടം ചോദിച്ചു കഴിഞ്ഞു എന്നിട്ടും അതങ്ങനെ പെയ്തുകൊണ്ടിരുന്നു. ഒരുപക്ഷെ ഈ മണ്ണിനോടും ചെടികളോടും ഇനിയും പറഞ്ഞു തീർക്കാതെ ബാക്കി വച്ച കാര്യങ്ങൾ പറയുവാനായിരിക്കും !!! ഇനിയും തോരാതെ ഒരുപാട് സ്നേഹത്തോടെ അവളങ്ങനെ മണ്ണിൽ പെയ്തിറങ്ങി… ഇനിയും പറയാനാവാത്ത കാര്യങ്ങളുമായി കുറച്ചു മഴത്തുള്ളികൾ വിങ്ങലോടെ ചെടിയുടെ ഇലകളിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ചെടിയുടെ കാര്യത്തിൽ തീരുമാനം നാളത്തേക്ക് മാറ്റി വച്ചു. ഒരുപക്ഷെ ഇലകളിൽ വന്നിരുന്ന മഴത്തുള്ളികളോട് അവൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടാകും…

നാട്ടിലെ പാട്ടുകാരൻ

ആകെ ഇരുണ്ടു മൂടിയ അന്തരീക്ഷമായിരുന്നു, മഴയുടെ വരവറിയിച്ചുകൊണ്ട് നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. മുറ്റത്തിടാൻ അൽപ്പം ഭംഗിയുള്ള കല്ലുകൾ പെറുക്കി പുളിമരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് തോടിന്റെ അക്കരെ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു.

ആളല്പം പ്രായം ചെന്നിട്ടാണ്, ആദ്യമായി കണ്ടപ്പോൾ ഒരു ചുവന്ന ബ്ലൗസും പഴയ കൈലിയുമായിരുന്നു വേഷം. മുഖത്തെ ചുളിവുകളും കുഴിഞ്ഞ കണ്ണുകളും, എന്നാൽ പ്രായം തളർത്താത്ത ബാക്കി വച്ച നാവും ഇവരുടെ പ്രത്യേകതയായി തോന്നി. ആദ്യം കണ്ടപ്പോൾ തന്നെ വല്ലാത്ത ദേഷ്യത്തിലായിരുന്നു കക്ഷി. തോടിന്റെ അപ്പുറം നിന്നുകൊണ്ട് എന്തൊക്കെയോ പറയുന്നു. പരസ്പരബന്ധമില്ലാതെ സംസാരിച്ചതുകൊണ്ട് അധികമൊന്നും ശ്രദ്ധിച്ചില്ല !!!

എന്തായാലും ഇപ്പോൾ ആളുടെ കച്ചേരി നടക്കുകയാണ്. പഴയ വട്ടക്കളിയുടെ പാട്ടാണെന്ന് തോന്നുന്നു. ഇടയ്ക്ക് ശബ്ദം കുറയുകയും പിന്നീട് അത് അത്യുച്ചത്തിൽ മുഴങ്ങുകയും ചെയ്തു. പാട്ട് തീരുന്ന ലക്ഷണമില്ല, ഞാൻ എന്റെ കാര്യങ്ങളിലേക്ക് കടന്നു. പിന്നീടാണ് അറിഞ്ഞത് നാളുകൾ മുൻപ് കൂവപ്പൊടി തലയിൽ വെച്ച് വഴിയിലൂടെ അയ്യപ്പ ഗാനവും ആലപിച്ചു ചന്തയിൽ പോയിട്ടുണ്ടത്രെ !!!!!

ഈ കാര്യം പറഞ്ഞു നിർത്തുമ്പോൾ എന്റെ നാട്ടിലെ മറ്റൊരു പാട്ടുകാരനെപ്പറ്റി പറയാതെ വയ്യ. എന്തൊക്കെയായാലും ഈ വ്യക്തി വാർദ്ധക്യത്തിലൊന്നും എത്തിയിട്ടില്ല.പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പയ്യനാണ്.

നാട്ടിലെ സുഹൃത്തുക്കൾ എപ്പോൾ വിളിച്ചാലും ഈ ഭാഗവതരുടെ കാര്യം പറയും ! രാവിലെ കൂവുന്ന പൂവൻ കോഴിയ്ക്കു മുൻപേ എഴുന്നേറ്റ് കച്ചേരി തുടങ്ങും. സങ്കടം, സന്തോഷം, പ്രണയം തുടങ്ങിയ വകുപ്പുകൾ പാടി ഏൽപ്പിക്കും എന്നുമാത്രമല്ല ചുറ്റുപാടുമുള്ള എല്ലാ കുടുംബങ്ങളെയും ഒന്നടങ്കം എഴുന്നേൽപ്പിക്കുകയും ചെയ്യും. എന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ അവിടെ വെളുപ്പാൻകാലത്തു കൂവുന്ന പൂവൻ കോഴി ഇക്കാര്യമറിഞ്ഞു മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ടാകും.

ശരിയാണ് പാട്ടുകൾ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടാകില്ല. പക്ഷെ പാട്ട് പാടുവാൻ വേണ്ടി ഒരു ദിവസം എന്നത് 30 മണിക്കൂർ എങ്കിലും ആക്കണമെന്ന് ദൈവത്തിന് കത്തെഴുതുവാൻ തുനിയുന്ന ഇതുപോലത്തെ ഗായകനെ എത്ര ദിവസം സഹിക്കും?? മറ്റു പിള്ളേരെ പോലെ ഒന്ന് പുറത്തിറങ്ങാൻ പോലും ഇദ്ദേഹത്തിന് മടിയാണ്, ഒരുപക്ഷെ തന്റെ തന്റെ ഗാനലോകത്തിൽ നിന്നും പുറത്തിറങ്ങാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാവും. കാര്യം ഇപ്പോൾ അയൽവക്കത്തുള്ളവരെല്ലാം പാട്ടുകാരന്റ മാനസികനിലയെപറ്റിയുള്ള ചർച്ചയിലാണ് !!!!

ഈ പാട്ടുകാരന്റെ കാര്യം സുഹൃത്തുക്കൾ വിളിച്ചു പറയുമ്പോഴാണ് എന്റെ അമ്മ ബിന്ദു ഇടയ്ക്ക് പറയാറുള്ള കാര്യം ഓർമ്മ വരുന്നത് “ആളുകളെക്കൊണ്ട് ചീത്ത എന്ന് പറയിപ്പിക്കാൻ എളുപ്പമാണ്, നല്ലതെന്ന് പറയിപ്പിക്കാനാണ് പ്രയാസം “

എന്നാലും എന്റെ പാട്ടുകാരാ !!!

അഴുക്ക്

എല്ലാ ദിവസത്തേതും പോലെ ഇന്ന് കാർമേഘം വന്നു മൂടിയ ഒരു ആകാശം കാണുവാൻ കഴിഞ്ഞില്ല, ഒരുപക്ഷെ ആ യുദ്ധമൊക്കെ അവസാനിച്ചിട്ടുണ്ടാകും. എങ്കിലും കാര്യമായ ചൂടൊന്നും തോന്നിയതുമില്ല.ഇടയ്ക്ക് ചെറിയൊരു കാറ്റ് വീശും, മഴയോട് പിണങ്ങിയതു പോലെയാണ്. ആകെ സങ്കടപ്പെട്ട് ഒരു പേരിനു വീശുന്നു എന്നുമാത്രം.

ഈ സമയം പെട്രോൾ വാങ്ങുവാൻ പുറത്തിറങ്ങിയതായിരുന്നു.പാതിവഴിയിൽ എത്തിയപ്പോഴേയ്ക്കും കേറിയിരുന്നുരുട്ടിയ ശകടത്തിന്റെയും പെട്രോൾ തീർന്നു !!! പെട്ടു… പതുക്കെ ഫോൺ എടുത്ത് ചേട്ടനെ വിളിച്ചു വഴിയിൽ പെട്ടുപോയ വിവരം അറിയിച്ചു. വേറൊന്നും ചെയ്യാനാകാതെ അവിടെയിരുന്ന് മിററിൽ നോക്കിയപ്പോഴാണ് അതു ശ്രദ്ധിച്ചത്.

മുൻപിലെ മുടി അൽപ്പം കളർ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് വെയിൽ തട്ടുമ്പോൾ ഉത്സവപ്പറമ്പിലെ വെടിക്കെട്ടിൽ ആകാശത്തു വിരിയുന്ന പല നിറങ്ങൾ ഓർമ്മ വന്നു. നല്ല ചുവപ്പൻ ടീ ഷർട്ടും കളം കളം നിക്കറും. കയ്യിൽ പഴകിയ ഒരുകൂട്ടം ചരടും, ഉറക്കം വന്നു തുറക്കാനാവാത്ത കണ്ണും കുറ്റിത്താടിയും മീശയും അദ്ദേഹത്തെ ഒരു ബംഗാളിയാക്കി മാറ്റി !!!!

ഇവന്മാർ കേരളം വിട്ടു പോയതല്ലേ !ഒരുപക്ഷെ പണിയെടുക്കാനും കാശു വാങ്ങാനുമുള്ള അവന്റെ അതിയായ മോഹമായിരിക്കും ഇതെന്നു ഞാൻ കരുതി. അങ്ങനെ ഒരുപാട് ചിന്തിച്ചു കാടുകയറിയപ്പോഴാണ് എതിരെ വന്ന ഒരു പ്രായം ചെന്ന സ്ത്രീ അയാളോട് സംസാരിച്ചുകൊണ്ട് നടന്നകന്നു. എന്തിനു പറയാൻ തൊട്ടടുത്തു വന്നിട്ട് താഴേയ്ക്ക് വിരൽ ചൂണ്ടി താഴെ വീണു കിടന്ന അഞ്ചു രൂപയുടെ തുട്ട് കാണിച്ചു തന്നു. നല്ല പച്ച മലയാളത്തിൽ പറഞ്ഞും തന്നു. ഞാൻ അതെടുത്തിട്ട് ഒന്ന് ചിരിച്ചു കാണിച്ചു. മാസ്ക്ക് കാരണം കണ്ടോ എന്നറിയില്ല എന്തായാലും നല്ലൊരു ചിരി പാസാക്കി അയാൾ മുൻപിലേക്ക് നടന്നു.

ഒരുപാട് കാര്യങ്ങൾ ചിന്തിക്കുവാൻ ബാക്കിയിട്ടിട്ടാണ് ആ ചിരി കടന്നു പോയത്. ഒരാളുടെ മുഖം നോക്കിയിട്ട് അയാളെപ്പറ്റി വിലയിരുത്തുവാനേ കഴിയില്ല !!

നിറം നോക്കി പരിഹസിക്കുകയും, ജാതിയും മതവും നോക്കി മനുഷ്യനെ വേർതിരിക്കുകയും ചെയ്യുന്ന ഈ നാട്ടിൽ എന്റെ ഈ എഴുത്തിന് എന്തു വില കൽപ്പിക്കാൻ…..

മനസ്സിൽ ജാതിയും മതവും നിറവുമെല്ലാം അഴുകിയ വ്രണം പോലെ കിടക്കുന്ന അന്ധത നിറഞ്ഞ സമൂഹം…ഇതൊക്കെ എന്ന് നന്നാവാൻ 🙂

പ്രണയം

ആഹാരത്തിന്റെ തരിയൊക്കെ വീണുകിടക്കുന്ന ടേബിളിന്റെ വലത്തേ മൂലയിൽ നിന്നും ഇടതു വശത്തേയ്ക്ക് ഒരു റാലി നടക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ ഒരു തരി ചോറ് കഷ്ടപ്പെട്ട് എടുത്തിട്ടുണ്ട്, ചിലരാകട്ടെ അൽപ്പം മുഴുപ്പുള്ളവയെ ഒരുമിച്ചാണ് ചുമക്കുന്നത്. മടിയന്മാർ ഒന്നും ചുമക്കാതെ റാലിയുടെ ഇടയിൽ മണത്തു മണത്തു നടക്കുന്നു, ഇവനൊന്നും നാണമില്ലേ !!!!

റാലി ടേബിളിന്റെ ഇടയിലൂടെ തിണ്ണയിലേക്ക് ആയിരുന്നു. ടേബിളിന്റെ മറുവശത്തു നിന്നും കുറച്ചുപേർ കട്ടൻകാപ്പി വച്ചിരുന്ന പാത്രത്തിന്റെ വക്കിലിരുന്ന് എന്തോ പിറുപിറുത്തുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. പതുക്കെ എല്ലാറ്റിനെയും തട്ടി തെറിപ്പിച്ചുകൊണ്ട് കാപ്പി സ്വന്തമാക്കി.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ തൊട്ട് മുന്പിലെ പറമ്പിൽ നിന്നിരുന്ന തലപോയ തെങ്ങിൽ രണ്ട് മരം കോത്തികളെ ശ്രദ്ധിച്ചു, ഇവറ്റകളെ ശ്രദ്ധിക്കാനും ഒരു കാരണമുണ്ട്. വീട്ടിൽ കഷ്ടപ്പെട്ട് അടുക്കി വെച്ച വിറകുകൾ പല ദിവസങ്ങൾ കൊണ്ട് തുളച്ചു അരിപ്പ പോലെ ആക്കിയ ചരിത്രം ഈ മരംകൊത്തി ഇണകൾക്ക് ഉണ്ട് !!! എന്തായാലും ആ ക്രൂര സ്വഭാവം ഉള്ളവരല്ല ഇപ്പോൾ കണ്ടവർക്കെന്ന് ഞാൻ വിശ്വസിച്ചു.

ഒരുപാട് സ്ഥലങ്ങളിൽ അവർ ഇരുവരും ഒരു കൂടിനായി കൊത്തി നോക്കി . ഒടുവിൽ ഏറ്റവും മുകളിൽ അവരിരുവരും ഒരുമിച്ചു വന്നു, ഒരുപക്ഷെ അവർ എന്തെങ്കിലും സംസാരിക്കുന്നുണ്ടാവും. അൽപ്പ സമയത്തിന് ശേഷം പറന്നകന്നു !!!

വീണ്ടും വീണ്ടും മറ്റൊരു കൂടിനായി നടത്തുന്ന ശ്രമങ്ങൾക്ക് ആധാരം പ്രണയം തന്നെയാണ്. സർവ്വ ജീവജാലങ്ങൾക്കും ഉള്ളപോലെ എനിക്കുമുണ്ട് ഒരു പ്രണയം, കട്ടുറുമ്പിനെ പോലൊരു കാമുകി. അതങ്ങിനെയായാണ് എത്ര വേദനിപ്പിച്ചാലും വിഷമിപ്പിച്ചാലും അൽപ്പ നേരത്തേയ്ക്ക് മാത്രം…കട്ടുറുമ്പിന്റെ കടി പോലെ…

😍

ഒളിച്ചുകളി

നല്ല നിറമുള്ള മുഖത്തു വല്ലാത്തൊരു നാണം വരുത്തി, ചാഞ്ഞും ചരിഞ്ഞും ചുറ്റുപാടും നോക്കി അവരങ്ങനെ നിൽക്കുന്നു. സമയം നോക്കി വിരിയുന്ന പൂക്കൾ, അല്ല സുന്ദരികൾ.

കൂട്ടത്തോടെ വിരിഞ്ഞു നിൽക്കുന്ന അവർക്ക് വല്ലാത്തൊരു ഭംഗി തന്നെയാണ്. ഇതിനൊടു ചേർന്നാണ് ആമ്പൽക്കുളം, വയലറ്റ് നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവിന്റെ ഭംഗി അടുത്ത് ആസ്വദിക്കുവാനെന്നവണ്ണം വണ്ടുകളും ചെറിയ പ്രാണികളും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു !!! ഒരുപക്ഷെ ഇതെല്ലാം ആ പൂവിന്റെ കാമുകന്മാർ ആയിരിക്കുമോ, ആർക്കറിയാം.

തികഞ്ഞ അഹങ്കാരത്തോടെ ആമ്പലിന്റെ ഇലയിൽ ഒരു കുഞ്ഞിത്തവള, ഇനി പൂവിൽ വട്ടമിട്ടു പറക്കുന്ന ചെറുപ്രാണികളെ നോക്കി കൊതിപിടിച്ചു നിക്കുന്നതാണോ എന്ന് വ്യക്തമല്ല. ഇങ്ങനെ അഹങ്കാരം പിടിച്ചു നിന്ന ഇവന്റെ ചേട്ടൻ (ബന്ധം എങ്ങനെയെന്നു നിശ്ചയം ഇല്ല ) കുറച്ചു ദിവസം മുൻപ് ഒരുപാട് സമയം ഇലയുടെ മുകളിൽ വെയില് കായാൻ ഇരുന്നതാ, പിന്നാലെ ഒരു കുഞ്ഞു നീർക്കോലിയുടെ വായിൽ എത്തിയപ്പോഴാ അഹങ്കാരം കുറഞ്ഞത്…

ഒരു കുഞ്ഞു കല്ലെടുത്തെറിഞ്ഞു അവനെ വെള്ളത്തിലേക്ക് ഓടിച്ചു, അങ്ങനെ ഞാൻ ഒരു വിലപ്പെട്ട ജീവൻ രക്ഷിച്ചു !!!

സമയം കടന്നുപോയി, സങ്കടം എന്തെന്നാൽ ചട്ടികളിൽ നിറഞ്ഞുനിന്ന പൂക്കളെല്ലാം വാടിയിരിക്കുന്നു. സൗന്ദര്യം അൽപ്പം കുറഞ്ഞെങ്കിലും ഇനിയും അവയുടെ സമയം എത്തുമ്പോൾ ആ പഴയ സൗന്ദര്യത്തോടെ വിരിഞ്ഞു നിൽക്കും, നല്ലൊരു ചിരിയോടെ ഏവരെയും നോക്കും…

ശരിയാണ്, ഈ സമയം നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഇതുപോലെ മാറിമറിയും. നല്ലൊരു ചിരിയോടെ ഏവരെയും നോക്കും.കാരണം ഇതൊക്കെ കാലത്തിന്റെ ഒളിച്ചുകളിയല്ലേ മറ നീക്കി പുറത്തു വരാതെ എവിടെ പോകാൻ !!!

അവന്റെയൊരു ഒളിച്ചുകളി… 👀

രണ്ടു കക്ഷികൾ

വൈകുന്നേരം ആയപ്പോഴേയ്ക്കും ഒന്ന് പുറത്തിറങ്ങി. ആകെ ഒരു മൂടലാണ്, സൂര്യന്റെ വൈകുന്നേരത്തെ ഭംഗിയുള്ള കിരണങ്ങളും കാർമേഘങ്ങളും തമ്മിൽ വല്ലാത്തൊരു യുദ്ധം തന്നെ നടക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ആ കിരണങ്ങൾ ഭൂമിയിലേക്ക് എത്തുന്നതെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. മുറ്റത്തുള്ള പ്രായം ചെന്ന മാവിന്റെ ചില്ലകളിൽ കിളികൾ ചേക്കേറി തുടങ്ങി,കൂട്ടത്തിൽ അധികവും കലപിലാ ശബ്ദമുണ്ടാക്കി മാവിന്റെ ചില്ലകൾക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. അവറ്റകൾ ഒരുപക്ഷെ ഈ പ്രായം ചെന്ന മാവിനോട് കുശലം പറയുന്നതായിരിക്കും.

എന്തായാലും വണ്ടിയെടുത്തു പുറത്തേക്ക് കടന്നു. കുറച്ചു മുൻപിലേക്ക് പോയപ്പോഴാണ് റോഡിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയത്. തിളക്കമുള്ള കറുപ്പ് നിറം, അൽപ്പം പതുക്കെയാണ് നടപ്പ്. മറ്റാരെയും ശ്രദ്ധിക്കാതെ ഒരു പേടിയുമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു. ഇനി അഹങ്കാരം കൊണ്ടാകുമോ എന്ന് ഞാൻ ആലോചിച്ചു പോയി, എന്തായാലും രണ്ടും കല്പ്പിച്ചു ഞാൻ വണ്ടി മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ നിർത്തി. എന്തായാലും ഞാൻ കരുതിയപോലെ ആള് വല്യ ധൈര്യശാലിയോ അഹങ്കാരിയോ അല്ലായിരുന്നു, കാരണം വണ്ടി അടുത്ത് വന്ന ഉടനെ തന്നെ ആ പാവം പേടിച്ചു തല തന്റെ കറുത്ത തോടിന്റെ ഉള്ളിലേയ്ക്ക് വലിച്ചു !! അയാളെ കൂടുതൽ കഷ്ട്ടപ്പെടുത്താതെ ഞാൻ യാത്ര തുടർന്നു.

അൽപ്പം മുൻപോട്ട് ചെന്നപ്പോഴേക്കും അതാ അടുത്ത കക്ഷി !!! അൽപ്പം മെലിഞ്ഞിട്ടാണ്, എന്നേക്കാൾ വെളുത്തിട്ടാണ് . അധികം ഭക്ഷണം കിട്ടാത്ത കൊണ്ടാവാം വയറൊക്കെ ഒട്ടി ഇരിക്കുന്നത്. ഇടയ്ക്ക് ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് മുൻപോട്ട് ഓടിക്കൊണ്ടിരിക്കുവാണ്. ഇതെന്താ എനിക്ക് എസ്കോർട്ടു പോകുന്നോ എന്ന് തോന്നിപോയി, കാരണം മറ്റെങ്ങോട്ടും ഓടി മാറാതെ കക്ഷി മുൻപിൽ തന്നെയുണ്ട്. അങ്ങനെ എന്റെ കരുത്തനായ പടനായകൻ എനിക്കായി കട വരെ വഴിയൊരുക്കി തന്നു.

കടയിൽ എത്തി വണ്ടി ഒതുക്കുമ്പോൾ കക്ഷി എന്നെയൊന്നു തിരിഞ്ഞു നോക്കി, എന്താണ് മനസ്സിൽ പറഞ്ഞതെന്ന് വ്യക്തമായില്ല. ഒരുപക്ഷെ ഒരു യാത്രപറച്ചിൽ തന്നെയാകും. ഞാനും നല്ലൊരു നോട്ടം പാസാക്കി, എങ്ങോട്ടെന്നില്ലാതെ അങ്ങുമിങ്ങും നോക്കി പടനായകൻ നടന്നകന്നു.

തിരിച്ചുള്ള യാത്രയിൽ ആദ്യത്തെ ആളെ ഒന്ന് പരതി. ഇല്ല ഉള്ള ജീവനും കൊണ്ട് അദ്ദേഹം പാടത്തേക്ക് ഇഴഞ്ഞിറങ്ങിക്കാണും !!!

ഇങ്ങനെ ചുറ്റിനും എത്ര കാര്യങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. മറ്റു ജീവജാലങ്ങൾ ഓരോ ദിവസവും എണ്ണിയെണ്ണി കഴിയുന്നില്ല, അവർക്ക് രോഗങ്ങളെപ്പറ്റിയോ സൗന്ദര്യത്തെപറ്റിയോ ആശങ്കയില്ല. സ്വന്തം ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്നു .

എന്നാൽ മനുഷ്യൻ അവരിൽ നിന്നും വ്യത്യസ്തനാണ്, എന്തിന്റെയൊക്കെയോ പിന്നാലെയുള്ള പരക്കംപാച്ചിലാണ് അവൻ ദിവസവും. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറുള്ള ഒരു തലച്ചോറും മനസ്സുമുള്ള സ്വാർത്ഥൻ…

അതെ ഒരു പരിധിവരെ ഞാനും 🙂😊

പ്രഡേറ്റർ

നല്ല തവിട്ട് നിറമുള്ള മുഖം. നരയും കറുപ്പും ഇടകലർന്ന അൽപ്പം മുടി അലക്ഷ്യമായി പാറി പറന്നു കിടക്കും. ചീകി ഒതുക്കാൻ പോലും സമയം കണ്ടെത്താറില്ലെന്നു സാരം. അൽപ്പം ചുളിഞ്ഞ ചർമ്മമാണ്. ദയനീയമായ നോട്ടവും ആവേശത്തോടെ ചെയ്തു തീർക്കുന്ന പണികളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാക്കുന്നു. ഒരുപാട് സംസാരിക്കാത്ത പ്രകൃതമാണ്, സ്വന്തം ജോലിയിൽ സദാ സമയവും മുഴുകിയിരിക്കാനും ശ്രമിക്കാറുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ടാവാം ഏൽപ്പിക്കുന്ന ജോലികളോട് വല്ലാത്തൊരു പ്രണയം കൂടുന്നത്.

മുഷിഞ്ഞ ഒരു പാന്റും, കറ നിറഞ്ഞ ഒരു ഷർട്ടുമാണ് മിക്കവാറും പണിയെടുക്കുമ്പോൾ ധരിക്കുന്നത്. എന്തൊക്കെയായാലും ശബ്ദം രൂപവുമായി യാതൊരു സാദൃശ്യവും ഇല്ലാത്തതു പോലെ തോന്നും.

രാവിലെ തന്നെ മോഹനൻ ചേട്ടൻ പുല്ലു വെട്ടുന്ന മെഷീൻ എടുത്തുകൊണ്ടു പറമ്പിലേക്ക് ഇറങ്ങി. ചെളി പിടിച്ച ഹെൽമെറ്റും ആ പാന്റും ഷർട്ടും ഇട്ടുകൊണ്ട് പറമ്പിൽ നിൽക്കുന്നത് കണ്ടാൽ സാക്ഷാൽ പ്രഡേറ്റർ ആണെന്ന് തോന്നി പോകും.

എന്തായാലും അത്രയും നേരം തലയുയർത്തി അഹങ്കരിച്ചു നിന്ന പുല്ലുകളെല്ലാം പേടി കൊണ്ട് കിലുകിലാ വിറച്ചു. പുല്ലിനിടയിൽ നിന്ന ചെടികളെല്ലാം വാവിട്ടു കരഞ്ഞു, ചെളി നിറഞ്ഞ ഹെൽമെറ്റ് വഴി പുല്ലും ചെടിയും വേർതിരിച്ചു കാണുവാനുള്ള സാവകാശം കിട്ടുമോ എന്ന് അവ ചിന്തിച്ചുകാണും !!!!

ചെടികളൊക്കെ ഉച്ചത്തിൽ കരഞ്ഞാലും പ്രഡേറ്റർ കേൾക്കില്ലല്ലോ… മെഷീൻ ഓൺ ആയാൽ പിന്നെ അടുത്ത് നിന്ന് കൂവിയാൽ പോലും അദ്ദേഹം അറിയാറില്ല.

ഞൊടിയിടയിൽ തന്നെ എല്ലാ അഹങ്കാരി പുല്ലുകളെയും വെട്ടി മുറിച്ചു കൊണ്ട് പ്രഡേറ്റർ മുന്നേറി. പക്ഷെ ചെടികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല, ഒരുപക്ഷെ അവറ്റകളുടെ കൂട്ടക്കരച്ചിൽ ദൈവം കെട്ടുകാണും. അൽപ്പ സമയം കൊണ്ട് പറമ്പിലെ ഒരു ഭാഗത്തെ പുല്ലെല്ലാം വെട്ടിയ ശേഷം ഹെൽമെറ്റ്‌ മാറ്റി പ്രഡേറ്റർ എന്റടുത്തു വന്നു പറഞ്ഞു “കുട്ടാ, കന്നാസ് അവിടെ ഇരുപ്പുണ്ട് “

ശെരിക്കും അദ്ദേഹത്തിനുള്ള ഇന്ധനം വാങ്ങുവാൻ ഇറങ്ങിയതായിരുന്നു ഞാൻ. പിന്നൊന്നും പറയാതെ പ്രഡേറ്റർ തിരിച്ചു നടന്നു, മുറ്റത്തെ പുല്ലിൽ ഇരുന്ന കന്നാസ് എടുക്കുമ്പോഴേയ്ക്കും ചെടിയുടെ ചുവട്ടിൽ നിന്ന പുല്ലുകളെല്ലാം എന്നെ ദയനീയമായി നോക്കുന്നന്നതായി തോന്നി.

“പ്രിയപ്പെട്ട പുല്ലേ ഈ കാര്യത്തിൽ ഞാൻ അൽപ്പം ക്രൂരൻ തന്നെ ”

കലിപ്പൻ

ജോലി ചെയ്യുന്ന കമ്പ്യൂട്ടർ ടേബിളിന്റ ഒരു മൂലയ്ക്ക് പ്രിയപ്പെട്ട കളർ പെൻസിലുകൾ ഒരു കപ്പിൽ ഇട്ടു വെച്ചിരുന്നു. പല നിറങ്ങളിൽ അവ എന്നെ നോക്കി കിടക്കും, കൂട്ടത്തിൽ അൽപ്പം സുന്ദരി വയലറ്റ് നിറം തന്നെ. ഒരുപക്ഷെ ആ നിറത്തോട് വല്ലാത്തൊരു പ്രണയം ഉള്ളതുകൊണ്ട് ആയിരിക്കും. അതിന്റെ തൊട്ടു താഴെ എന്റെ സ്നേഹം മുഴുവൻ ഏറ്റു വാങ്ങി “ആട് ജീവിതവും” ഇരിപ്പുണ്ട്.

എല്ലാ ദിവസത്തെയും പോലെ ജോലി ചെയ്യുവാൻ ആരംഭിച്ചപ്പോഴാണ് അത് ശ്രദ്ധിച്ചത്, പച്ച പെൻസിലിന്റെ മുനയിൽ ഒരുത്തൻ വല്ലാത്ത നോട്ടവും നോക്കി നിൽക്കുന്നു. പിന്നെയാണ് അത് കണ്ടത്, അവൻ ഒറ്റയ്ക്ക് ആയിരുന്നില്ല മറ്റു സന്നാഹങ്ങളും കപ്പിനുള്ളിൽ ഉണ്ടായിരുന്നു. ഇനി ഇവറ്റകൾ അത് സ്വന്തം കൂടാക്കി മാറ്റുമോ എന്ന് ഞാൻ അൽപ്പം ആശങ്കപ്പെട്ടുപോയി !!!!

രണ്ടും കല്പ്പിച്ചു ഞാൻ കപ്പ് പതിയെ അനക്കി, കൊള്ളാം എന്റെ ബുക്കിന്റെ ഇടയിലും കുറെയെണ്ണം ഇരിക്കുന്നു. ഒരുപക്ഷെ ആ പെൻസിലിന്റെ മുനയിൽ ഇരുന്നവൻ ആയിരിക്കും ഇവരുടെ നേതാവ് !! കൊച്ചു കഴുവേറികൾ എന്റെ പുസ്തകം തിന്നാനുള്ള പരിപാടിയിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി. അടിമുടി ദേഷ്യം വന്നെങ്കിലും എടുത്തുചാടി ഞാൻ ഒന്നും ചെയ്തില്ല.

പെട്ടന്ന് അൽപ്പം മുഴുപ്പുള്ള ഒരുത്തൻ മോണിറ്ററിന്റെ മുകളിൽ പ്രത്യക്ഷപ്പെട്ടു !!ഇവൻ തന്നെ ഇവറ്റകളുടെ നേതാവ്… പിന്നൊന്നും നോക്കിയില്ല അവനെ പിടിക്കുവാൻ ഞാൻ ഒരു ശ്രമം നടത്തി, അമ്പേ പരാജയപ്പെട്ടു അവൻ മോണിറ്ററിന്റെ പുറകിലേക്ക് ഒളിച്ചു. പിന്നീട് തിരഞ്ഞിട്ടും അവനെ കണ്ടില്ല, എന്തായാലും ബാക്കി ഉള്ളവരെ ഞാൻ തുരത്തി. ശേഷം ജോലി തുടർന്നപ്പോൾ അതാ ഒളിച്ചു കളിച്ച തടിയൻ മോണിറ്ററിന്റെ മുൻപിലൂടെ അഹങ്കാരത്തിൽ നടന്നു പോകുന്നു. എന്തായാലും സുഹൃത്തുക്കൾ ഇല്ലാതെ ഇവൻ ഒറ്റയ്ക്ക് എന്ത് ചെയ്യാൻ !!!ഞാൻ തൽക്കാലത്തേക്ക് അവനെ വെറുതെ വിട്ടു. വീണ്ടും ഞാൻ പണി തുടർന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അതാ മോണിറ്ററിന്റെ മുകളിൽ കേറിയിരുന്നു മുന്പിലെ കൈകൾ ഉരയ്ക്കുന്നു, “അമ്പടാ നിനക്ക് ദേഷ്യമോ ” എന്റെ ബുക്ക് തിന്നാൻ നോക്കിയിട്ടും ഞാൻ വെറുതെ വിട്ടു, ഇപ്പോൾ എന്നെ നോക്കി കലിപ്പ് ഇടുന്നോ????

ഇടം വലം നോക്കാതെ അവനെ ഞാൻ അങ്ങ് തീർത്തു. “അവന്റെ ഒരു ഒളിച്ചു കളിയും ദേഷ്യവും ” 😡

Design a site like this with WordPress.com
Get started