വിമാനത്തിലെ പൂക്കൾ !!

ഇരുട്ട് വീണു തുടങ്ങിയിരുന്നു, പകലൊക്കെ വീടിനുള്ളിൽ തന്നെ കഴിഞ്ഞു പോരുന്നത് കൊണ്ട് വല്യ കാഴ്ച്ചകളൊന്നും കാണാറില്ല. കാണുവാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. വല്ലാതെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു, രാവിലെ ഉണരുമ്പോൾ തൊട്ട് ഇരുട്ട് വീഴുന്നത് വരെ എല്ലാ ദിവസവും ഒരുപോലെ തന്നെ !!!

ഇടയ്ക്ക് ശല്യപ്പെടുത്തുന്നത് കുളത്തിലെ ആ തടിയൻ തവളയും പിന്നെ ഈ വീട് കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുന്ന ഉറുമ്പുകളുമാണ്. ഇങ്ങനെയൊക്കെ ദിവസം തോറും പലവിധത്തിൽ ശല്യപെടുത്തുന്ന ഇവറ്റകളാണ് ഓരോ ദിവസവും മാറി മാറി വരുന്നുണ്ടെന്ന് എന്നെ അറിയിക്കുന്നത്, അതുകൊണ്ട് തന്നെ ഇവറ്റകളോട് എനിക്ക് വല്ലാത്ത സ്നേഹമാണ്.


മറ്റൊരു കാര്യം, വൈകുന്നേരം ആയപ്പോഴേയ്ക്കും പ്രിയപ്പെട്ട ക്ലോക്ക് ഹൃദയസംബന്ധമായ അസുഖം മൂലം നിര്യാതനായിരിക്കുന്നു. ഇത് അറിഞ്ഞത് ഒരുപാട് വൈകിയാണ്, പുറത്തൊക്കെ ആകെ നിശബ്ദത പടർന്നു പന്തലിച്ചിട്ടും ക്ലോക്കിന്റെ ശബ്ദമൊന്നും കേട്ടില്ല.വെറുതെ നോക്കിയപ്പോഴാണ് അവൻ മരണപ്പെട്ട വിവരം അറിഞ്ഞത്. ബാറ്ററി ഊരിയിട്ടിട്ടും അവൻ അനങ്ങിയില്ല, പ്രിയപ്പെട്ട ക്ലോക്കിന് ആദരാഞ്ജലികൾ !!! ഒരുപക്ഷെ ആരും സമയം നോക്കാത്തതു കൊണ്ട് പിണങ്ങിയിരിക്കുന്നതും ആവാം.
എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം ക്ലോക്കിനെ പഴയ സ്ഥാനത്ത് തൂക്കിയ ശേഷം പുറത്തേയ്ക്ക് ഒന്നിറങ്ങി.

ചീവിടുകളും പറമ്പിലെ തവളകളും വലിയൊരു കച്ചേരി നടത്തുകയാണ്. “ആഹാ എത്ര മനോഹരമായ വരികൾ, എന്തൊരു താളം, പ്രിയപ്പെട്ടവരേ പാടി പാടി ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോൾ നമ്മളെയൊന്നും മറക്കരുതേ… “
ഇങ്ങനെ ഇവറ്റകളുടെ സംഗീതം ആസ്വദിച്ചു നിന്നപ്പോഴാണ് ആഞ്ഞിലി മരത്തിലെ തിളക്കം ശ്രദ്ധിച്ചത് !!! ആഞ്ഞിലി മരത്തിൽ നാട്ടിലെ തമ്പാൻ ചേട്ടൻ മിന്നിതെളിയുന്ന ബൾബുകൾ തൂക്കിയോ എന്ന് സംശയിച്ചു പോയി. ഇലകൾക്കിടയിൽ ആകമാനം മിന്നിത്തെളിയുന്നു, മിന്നാ മിനുങ്ങുകൾ ഒരുപാട് ഉണ്ട് അവിടെ. രാത്രി കാലങ്ങളെ ഇത്ര മനോഹരമായ ഒന്നാക്കി മാറ്റുന്നതിൽ ഇവറ്റകളുടെ പങ്കു ചില്ലറയൊന്നുമല്ല !!! മനസ്സ് നിറയുന്ന ഏറ്റവും ഭംഗിയുള്ള കാഴ്ചയാണ് ഞാൻ കണ്ടത്, ഒരുപക്ഷെ ഈ മരം അവിടില്ലായിരുന്നെങ്കിൽ ഈയൊരു കാഴ്ച എനിക്കു നഷ്ട്ടമാകുമായിരുന്നു.
ആർക്കും യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കാതെ എല്ലാ മുഖങ്ങളിലും ചിരിയും അത്ഭുതവുമൊക്കെ നിറയ്ക്കാൻ കഴിവുള്ള ഒരുപാട് സാധു ജീവികൾ ഈ ഭൂമിയിൽ ഉണ്ട്, അല്ല ഉണ്ടായിരുന്നു എന്നുവേണം പറയാൻ. പ്രകൃതിയുടെ നാശത്തിലേക്കുള്ള മഴു ഓരോ മരങ്ങളുടെയും കഴുത്തിൽ വീഴ്ത്തുമ്പോഴും മനുഷ്യൻ അറിയുന്നില്ല അവന്റെ നാളുകളും എണ്ണപ്പെട്ട വിവരം !!!

അതെ, ഓരോ നിമിഷങ്ങളും കടന്നു പോകുമ്പോഴും പ്രകൃതിയോടൊപ്പം തന്നെ ഒരുപാട് ജീവജാലങ്ങളെയും നാം കൊന്ന് തള്ളുകയാണ്. ഒരു മരം നടുന്നില്ല എങ്കിൽ വേണ്ട, അവയെ വെട്ടി വീഴ്ത്താതെ ഒരൽപ്പം സ്നേഹം പ്രകൃതിയോട് കാണിച്ചു കൂടെ????

തുരുമ്പ് തിന്ന ഒരു പഴയ വിമാനം വെയ്ക്കുവാൻ കലാലയത്തിനു മുൻപിലെ വാക മരത്തെ മറ്റൊന്നും ചിന്തിക്കാതെ വെട്ടി മാറ്റിയ നെറികെട്ട അധികാരികൾ ഇപ്പോഴും ജീവനോടെയുള്ള നാട്ടകം പോളിയിലാണ് ഈ മഹാപാപി പഠിച്ചത്, ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഇന്നും ആ മരം ഒരു വലിയ തണലായി ഒരുപാട് പൂക്കളും ചൂടി ഓരോ വിദ്യാർത്ഥികളെയും സ്വീകരിച്ചു തലയെടുപ്പോടെ നിൽക്കുമായിരുന്നു …

അതിനിപ്പോൾ എന്താണ് കുഴപ്പം “അവിടെ വിമാനം ഉണ്ടല്ലോ, അതു പൂക്കളും തണലുമൊക്കെ കൊടുത്ത് മരത്തിനു പകരമായി നിലനിൽക്കും “

ഒരു പഴയ കണക്കെടുപ്പ്

കുട്ടിക്കാല ദുരനുഭവങ്ങൾ – 01

“രാത്രിയായാൽ അഞ്ചുകണ്ണൻ വരും “

കാലാവസ്ഥ നിരീക്ഷകർ മഴയും കാറ്റുമൊക്കെ വരുമെന്ന് മുന്നറിയിപ്പ് തരുന്നതുപോലെ ബിന്ദു അമ്മയുടെ മുന്നറിയിപ്പാണ് ഈ അഞ്ചുകണ്ണൻ. ചെറുപ്പത്തിലെ ഓർമ്മകളിൽ ഇപ്പോഴും അണുവിട മറക്കാതെയുള്ളതിൽ ഒരു കാര്യമാണിത്.

ചോറുണ്ണാതെ ഇരിക്കുമ്പോഴും, രാത്രി കാലങ്ങളിൽ പുറത്തിറങ്ങിയാലും ഉച്ചത്തിൽ കരഞ്ഞാലുമൊക്കെ ഈ അഞ്ചുകണ്ണൻ വരുമത്രെ !!! അല്ലേലും ഈ പുള്ളിയ്ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ, കുഞ്ഞു പിള്ളേരെയും പേടിപ്പിച്ചു ഒതുക്കി നിർത്തിയാൽ അമ്മമാർ വാനോളം പാടി പുകഴ്ത്തുമല്ലോ. നല്ല പ്രായമൊക്കെ ആകുമ്പോൾ ഈ കഥകളൊക്കെ ഓർത്തു ചിരിക്കുമെങ്കിലും അന്നൊക്കെ നല്ല ഭയമായിരുന്നു. പകലിനെ ഒരുപാട് ആസ്വദിച്ച കുട്ടിക്കാലം രാത്രി കാലങ്ങളെ ഭയന്നു നിന്നു, എല്ലാം അമ്മയുടെ കഥയിലെ അഞ്ചുകണ്ണൻ എന്നൊരു രാക്ഷസൻ കാരണമാണ്.

ഇതിനെല്ലാം പുറമെ പകൽ സമയത്തെ കൈകാര്യം ചെയ്യാൻ മറ്റൊരു കഥാപാത്രവും ഉണ്ടായിരുന്നു, പിള്ളേരെ പിടുത്തക്കാരനും അയാളുടെ കയ്യിലെ ചാക്കും !!! കല്ലെടുത്തു എറിയുക, കുടിവെള്ളം പാത്രങ്ങളിൽ എടുക്കുമ്പോൾ എളുപ്പം നിറയാൻ അൽപ്പം തോട്ടിലെ വെള്ളം ചേർക്കുക, അനിയനെ ഉപദ്രവിക്കുക, തോട്ടിൽ ചാടുക, പാത്രങ്ങൾ വലിച്ചെറിയുക, ഭിത്തിയിൽ മുഴുവൻ വരച്ചിടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾക്കാണ് അന്നെന്നെ ഈ പിള്ളേരെ പിടുത്തക്കാരന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചതും ഇതെല്ലാം പോരാഞ്ഞിട്ട് വടിയെടുത്തു നല്ല അടിയും. ഇങ്ങനെ വീട്ടുകാരുടെ ക്രൂരത എന്റെ കുട്ടിക്കാലത്തെ ഭയമുള്ളതാക്കി മാറ്റിയിരുന്നു.

ചെറുപ്പത്തിൽ എന്നെ ഭയപ്പെടുത്താത്ത ഒരു സ്ത്രീ സാന്നിധ്യം അച്ഛന്റെ അമ്മ ആയിരുന്നു, അന്നൊക്കെ തഴ പായ നെയ്തു ചന്തയിൽ കൊടുത്തു കാശു വാങ്ങുന്നത് അച്ഛമ്മയുടെ ഒരു വിനോദമായിരുന്നു. അതെനിക്കും ഗുണമുള്ള ഒരു കാര്യമായിരുന്നു,കാരണം കക്ഷി ചന്തയിൽ പോയിട്ട് വരുമ്പോൾ ഒരു കിടിലം കോലുമിട്ടായിയും വാങ്ങിയാണ് വരുന്നത്. വിയർപ്പു മുട്ടി ആ ദിവസം പകുതിയും ആ മിട്ടായിയും നോക്കി അങ്ങനെ നിൽക്കുമായിരുന്നു.

ഓർമ്മയിലെ പഴയ കാലങ്ങളിൽ ഒന്നു ചികഞ്ഞു നോക്കിയാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ പ്രിയപ്പെട്ട അനിയനെ മണ്ണെണ്ണ കുടിപ്പിച്ച ഒരു ജ്യേഷ്ഠന്റെ കഥയും ഉണ്ട്, ശരിക്കും ഇതൊക്കെ എഴുതിയാൽ വായനയിൽ വല്ലാത്ത മുഷിപ്പുണ്ടാകും എന്നത് കൊണ്ട് തന്നെ എഴുതുന്നില്ല !!! ഒരുപക്ഷെ ഇതൊക്കെ കൊണ്ട് തന്നെയാണ് ഞാനൊരു മഹാപാപി ആയത്. അല്ലെങ്കിൽ സ്വന്തം അനിയനെ മണ്ണെണ്ണ കുടിപ്പിക്കുന്ന ചേട്ടനെ ഈ ലോകത്ത് വേറെവിടെയെങ്കിലും കാണുവാൻ കഴിയുമോ !!??

ഇങ്ങനെയൊക്കെ പറഞ്ഞു നിർത്തുമ്പോഴും ഒരു കാര്യം കൂടി ചേർക്കാതെ വയ്യ. ഈ അന്ധവിശ്വാസത്തിന്റെ വിത്ത് പാകപ്പെടുന്നത് ചെറുപ്പത്തിൽ തന്നെയാണ്, ഇതുപോലെ സാങ്കൽപ്പിക കഥാപാത്രങ്ങളായി പല രാക്ഷസന്മാരും അവരെ തുരത്തുന്ന നന്മയുടെ നിറകുടങ്ങളായ 1000000000003547 ദൈവങ്ങളും ചെറുപ്പം മുതലേ അവരെ സ്വാധീനിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരു വളർന്നു വരുന്നതും ഇതേ അന്ധവിശ്വാസങ്ങളുടെ ചുവടു പിടിച്ചുകൊണ്ടാണ്. വിശ്വാസങ്ങളും അന്ധവിസ്വാസങ്ങളും വേർതിരിച്ചു പറഞ്ഞു കൊടുത്ത് ഇനിയുള്ള തലമുറകളെയെങ്കിലും അന്ധവിശ്വാസങ്ങളെ അവിശ്വസിക്കുന്ന കാഫർ ആക്കി മാറ്റുക. അതെ ഞാനും കാഫർ ആണ്, ഒരു കള്ള കാഫർ.

(NB : 1000000000003547 ഇത് ഒരു പഴയ കണക്കെടുപ്പിലെ സംഖ്യ മാത്രമാണ്, ഈ വർഷം ഒരുപക്ഷെ പത്തുമുപ്പതു ദൈവങ്ങൾ കൂടി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടാകും)

നാറാണത്തു ഭ്രാന്താ നീയൊരു മഹാനാണ്…

എങ്ങനെ മറക്കും?

ഒരുപാട് പ്രിയപ്പെട്ടതാണ്…

“ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.”

കലാലയ ജീവിതത്തിൽ മറക്കാനാവാത്ത ഒരു കാര്യമാണ് രാത്രിയിലെ കോളേജ് ജീവിതം. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ രാത്രിയിലുള്ള നിൽപ്പ്. പരിപാടികൾ നടത്തിവരുന്നത് sfi ആയതുകൊണ്ട് തന്നെ മറ്റു വിദ്യാർത്ഥികളുടെ പ്രതീക്ഷകളും അത്രത്തോളം ഉണ്ടായിരിക്കും, അതിന് ഇതുവരെ ഒരു കോട്ടവും ഉണ്ടായിട്ടില്ല കേട്ടോ. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കോളേജിന് കൂട്ടായി അപ്പോഴും ഞങ്ങളവിടെത്തന്നെ ഉണ്ടാകും.

ഇരുട്ട് വീണു തുടങ്ങുമ്പോൾ തന്നെ പെയിന്റും കൊണ്ട് ഒരുമൂലയ്ക്ക് ഞാനും കൂടെ കുറച്ചു പ്രിയപ്പെട്ടവരും. ബാക്കിയുള്ളവർ കോളേജിനെ ആകമാനം അലങ്കരിക്കുവാനുള്ള കഠിന പ്രയത്നത്തിൽ ആയിരിക്കും. ഇതിനിടയ്ക്ക് രാത്രിയിലെ ഭക്ഷണം എത്തും(എല്ലായ്പോഴും പൊറോട്ടയും ചാറുമാണ് ), അന്നൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതിന്റെ സന്തോഷമൊന്നും പിന്നീട് ഇക്കാലമത്രയും എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങനെ കളിയും ചിരിയുമൊക്കെയായി സമയം ഒരുപാട് കടന്നു പോകും, അവിടെ ഉറക്കമെന്നൊരു വിചാരം പോലും മനസ്സിൽ തോന്നാറില്ലായിരുന്നു. ഇടയ്ക്ക് ഒരുമിച്ചിരുന്നു പാടുന്ന നാടൻ പാട്ടുകൾ, നാട്ടകം പോളിയിലെ ഒരുപാട് പ്രിയപ്പെട്ട മെക്സിക്കോയിൽ ഇരുന്നു പറയുന്ന കഥകളും അതീവ രഹസ്യങ്ങളും…

ഇതെല്ലാം കഴിഞ്ഞു ചിലപ്പോൾ കിടക്കുന്നത് കോളേജിന്റെ മുൻപിലെ ചവിട്ടിയിൽ ആയിരിക്കും, അതും വെളുപ്പാൻ കാലത്തു നാലു മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും!!! കോളേജ് വരാന്തകളിൽ യൂണിഫോമിൽ ഒരു ചിരിയോടെ മാത്രം കണ്ട വിദ്യാർത്ഥികളിൽ പലരും അന്നേ ദിവസം ഞങ്ങളെ കാണുന്നത് മുഷിഞ്ഞ വസ്ത്രങ്ങളിൽ ഉറക്കക്ഷീണത്തോടെയാണ്. കോളേജിൽ ചെയ്തു വച്ചിരിക്കുന്നവയൊക്കെ സന്തോഷത്തോടെ കണ്ടു കയറുന്ന വിദ്യാർത്ഥികളെ അതിലും വലിയ സന്തോഷത്തോടെ നോക്കി, അൽപ്പ നേരത്തെ ഉറക്കം സമ്മാനിച്ച കണ്ണിനുള്ളിലെ നീറ്റലും കൂടെ നല്ലൊരു തലവേദനയുടെയും അകമ്പടിയോടെ കോളേജ് ക്യാന്റീനിലേയ്ക്ക്. അവിടെ ചൂട് പാറുന്ന ഒരു സ്ട്രോങ്ങ്‌ കട്ടനും കുടിച്ചുകൊണ്ട് ആ ദിവസം അങ്ങനെയങ്ങ് തുടങ്ങിക്കളയും. ക്ലാസ്സ്‌ മുറികളെക്കാൾ കൂടുതൽ ഇരുന്നത് ഈ ക്യാന്റീനിൽ തന്നെയായതുകൊണ്ട് അവിടം ഒരു വീട് തന്നെയായിരുന്നു. അതെ ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.

ഇനിയും ഒരുപാടുണ്ട്, എഴുതിയാലും തീരാത്ത വിശേഷങ്ങൾ. ഒരുപാട് കൂടപ്പിറപ്പുകളുണ്ട് അവിടെ, അവരെല്ലാം ഇപ്പോഴും മനസ്സു നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. എന്നെ ഒരുപാട് വെറുത്തവരും അക്കൂട്ടത്തിൽ ഉണ്ട് . ഒരുപാട് സ്നേഹിച്ചു കൂടെ നിന്നിട്ടും ഒന്ന് ചിരിച്ചുകൊണ്ട് വിടപറയാൻ കഴിയാതെ പോയ ചില പ്രിയപ്പെട്ടവർ!!!

അതെ, ഇനിയും തിരികെ ലഭിക്കാത്ത അനുഭവങ്ങൾ സമ്മാനിച്ച കലാലയം, ആ മധുരിക്കുന്ന ഓർമ്മകൾ ചിലപ്പോഴൊക്കെ എന്നെ കുത്തി നോവിക്കാറുണ്ട്. ജീവിത യാത്രയിൽ പുറകിൽ നിന്നും പിടിച്ചു വലിക്കുകയാണ് ഈ ഓർമ്മകൾ, എന്റെ പ്രിയപ്പെട്ട ഓർമ്മകൾ !!!

എത്രയും പ്രിയപ്പെട്ട നാട്ടകം പോളി, നിന്നെ എങ്ങനെ മറക്കുവാൻ കഴിയും ഈ മഹാപാപിയ്ക്ക്… !!!

കൊലപാതകം

ഈ മഹാപാപിയോട് ക്ഷമിക്കുക…

രാവിലെ മുതൽ നല്ല ശക്തമായ മഴയാണ്. മുറിയുടെ തൊട്ടടുത്തുള്ള കുളം പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മഴ ശക്തമായിരുന്നു. ഇടയ്ക്ക് ദയനീയമായുള്ള തവളയുടെ കരച്ചിൽ കേട്ടു, തീർന്നു കാണും ആ ഭീമൻ തവളയുടെ എല്ലാ വിഷമങ്ങളും !!!ഇത്രയും നാളുകൾ മഴ പെയ്യാനുള്ള ആർത്തിയിൽ കരഞ്ഞുകൊണ്ടിരുന്ന പാവം ഇപ്പോൾ അതൊന്നു നിൽക്കാനായി കരയുന്നു. പ്രിയപ്പെട്ട ജനങ്ങളെ എന്റെ അഭിപ്രായത്തിൽ ഈ കാലൻ കഴുവേറി ഒറ്റൊരുത്തൻ കാരണമാണ് ഈ മഴയൊക്കെ പെയ്തത്, എന്നിട്ടിപ്പോൾ വെള്ളത്തിലൂടെ തെക്കുവടക്ക് മരണ പാച്ചിലാണ്. സമാധാനമായല്ലോഡാ കള്ള തവളെ…ഇനിയിപ്പോൾ കുളത്തിലെ ചീഞ്ഞ പായല് തിന്നു ഇന്നത്തെ ദിവസം തള്ളി നീക്കുമ്പോൾ അവനൊരു പാഠം പഠിക്കും !

നീ എന്തിനാടാ മഴയും നോക്കിയിരിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് കാറ്റ് വന്നു ജനലടച്ചു കളഞ്ഞു. അപ്പോഴാണ് അതിലും വലിയൊരു കാഴ്ച്ച കണ്ടത്, മോണിറ്ററിലൂടെ ഒരു ഉറുമ്പ് നടന്നു പോകുന്നു.പാവം, മഴയൊക്കെ അല്ലെ നടന്നോട്ടെ.എന്നാൽ ക്ലോക്ക് ഒരുപാട് നേരം കിടന്ന് കറങ്ങിയിട്ടും പുള്ളി മോണിറ്ററിൽ നിന്നും ഇറങ്ങി പോകുന്നില്ല. തട്ടിക്കളയാനായി കൈ കൊണ്ടുചെന്നെങ്കിലും നടന്നില്ല, അവൻ മോണിറ്ററിന്റെ ഉള്ളിലൂടെയാണ് ഉലാത്തുന്നത്. എന്റെ പ്രിയപ്പെട്ടവനെ നിനക്കുള്ള കൃമികടിയുടെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ലല്ലോ !!!എന്നാലും ഇതെങ്ങനെ ഉള്ളിൽ കയറിയെന്നായി സംശയം മുഴുവൻ. ഒന്നു വിശദമായി പരിശോധന നടത്തി, കൊള്ളാം പുറകിലൂടെയാണ് കടന്നിരിക്കുന്നത്. അവന്റെ ബാക്കി കൂട്ടുകാരെല്ലാം പുറകിൽ കാത്തു നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇനി എന്റെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താൻ വന്ന ഹാക്കർ ഉറുമ്പുകളാണോ ഇവറ്റകൾ !!!? എന്തായാലും അവന്റെ കൂട്ടുകാരെയൊക്കെ ഞാൻ തല്ലിയൊടിച്ചു, പക്ഷെ പുറകിൽ നിന്നും അൽപ്പം കരിഞ്ഞ മണമൊക്കെ വരുന്നുണ്ടായിരുന്നു. ഇനി പുറത്ത് തണുപ്പായിട്ട് അകത്തിരുന്ന് ചൂട് കായുന്നതും ആവാം. കാര്യങ്ങളൊക്കെ നടക്കട്ടെ എന്നുകരുതി പിന്നീട് ഞാൻ അവറ്റകളെ ശല്യപ്പെടുത്തിയില്ല.

ഇങ്ങനെ ഒരെണ്ണം തീർന്നപ്പോഴാണ് അടുത്തത്. കാതിൽ വന്നു എന്തോ സ്വകാര്യം പറഞ്ഞുകൊണ്ടിരിക്കുവാണ് കക്ഷി. കാര്യമൊന്നും എനിക്ക് മനസിലായില്ല, പിന്നീട് അൽപ്പ നേരം കഴിഞ്ഞ് ഒരു തവണ കൂടി വന്ന് എന്തൊക്കെയോ മൂളി. ഇതൊക്കെ കഴിഞ്ഞ് പറന്നുവന്നു കയ്യിലിരുന്നുകൊണ്ട് സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു സർവ്വ ശാക്തിയുമെടുത്തുകൊണ്ട് ഒരു അസ്സല് കുത്ത്. എന്നാലും എന്റെ കള്ള കൊതുകേ ഇതാണോ നീ എന്റെ കാതിൽ വന്ന് പറഞ്ഞത് !!! ഇതാണ് കാര്യമെന്ന് അറിഞ്ഞിരുന്നെങ്കിൽ അപ്പോഴേ പറ്റില്ല എന്ന് പറഞ്ഞേനെ, അങ്ങനെയായിരുന്നെങ്കിൽ എന്റെ കൈ കൊണ്ടുള്ള മരണം നിനക്ക് ഒഴിവാക്കാമായിരുന്നല്ലോ???

ഇന്നത്തെ സഹചര്യങ്ങളെ വച്ചു നോക്കിയാൽ നിനക്ക് ഒരു നല്ല ഗുണം ഞാൻ കാണുന്നുണ്ട്. ഒന്നുമില്ലെങ്കിലും കുത്തുന്നതിനു മുൻപ് നീ എന്നോട് അക്കാര്യം പറഞ്ഞിരുന്നല്ലോ, ഇവിടെയൊന്നും അങ്ങനെയല്ല സാഹചര്യങ്ങൾ. പിന്നിൽ നിന്നും കുത്തി വീഴ്ത്തിയിട്ടു മാറി നിന്ന് അട്ടഹസിക്കും, അതെ അവൻ മനുഷ്യനാണ് നീ ഒരു സാധു ജീവനും. നിന്റെ കൊലപാതകത്തിൽ ഞാൻ തെറ്റുകാരനാണ്, ക്ഷമിക്കുക !!!

ഈ മഹാപാപിയോട് ക്ഷമിക്കുക

ഈ നാട് !!

രണ്ടു ജീവികൾ,

നല്ല സമാധാനപരമായ ഒരു അന്തരീക്ഷം തന്നെ, ജീവികൾ എല്ലാം കൂടി ഇനി വല്ല സമ്മേളനത്തിനും പോയതാണോ എന്ന് ആലോചിച്ചു കൂട്ടി. എന്തായാലും സംഗതി നന്നായിട്ടുണ്ട്, ഇവിടെയൊന്നും ഒരനക്കവുമില്ല. ഓടാനും ചാടാനുമൊന്നും കഴിയാത്തതു കൊണ്ട് തന്നെ കുളത്തിലെ ഭീമൻ തവള പതിവ് പോലെ വെള്ളത്തിൽ പകുതി പൊങ്ങിക്കിടന്നു.

അങ്ങനെ സമയം പോയത് നന്നായിട്ടറിഞ്ഞു. പുറത്തും അകത്തും വല്യ ബഹളങ്ങൾ ഒന്നും ഇല്ലാതിരുന്ന ഇന്നത്തെ സാഹചര്യത്തിൽ ആർക്കായാലും അങ്ങനെ തോന്നി പോകുമല്ലോ, എന്നാൽ ഇതിനു പുറമെ ശരശയ്യയിൽ കിടക്കുന്ന പ്രിയപ്പെട്ട ക്ലോക്ക് വളരെ ശബ്ദത്തോടെ സംസാരിച്ചത് മറ്റൊരു കാരണവുമായി. ഇങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വൈകുന്നേരം വരെ എത്തിച്ചു. എന്തായാലും ഒന്ന് കുളിച്ചിട്ടാവാം ബാക്കിയെന്ന് കരുതി.

തോർത്തെടുക്കാൻ പുറത്തേയ്ക്ക് ചെന്നതും അരികിലെ മതിലിന്റെ മുകളിൽ കൂടി എന്തോ പറയാനുണ്ടെന്ന ഭാവത്തിൽ ഒരാൾ കടന്നു വന്നു. കണ്ടാൽ അങ്ങനെ ഇഷ്ട്ടപ്പെടുന്ന സൗന്ദര്യമൊന്നും ഇല്ലെങ്കിലും ഇവിടെ അതി ഭയാനകമായ ഓർമ്മശക്തിയുടെ പേരിലാണ് കക്ഷി അറിയപ്പെടുന്നത്. വന്നിട്ട് ഇടം വലം നോക്കി അൽപ്പ നേരം നിന്നു. മറന്നു…. പറയാൻ വന്ന കാര്യം മറന്നു പോയി, എന്തായാലും ഓർക്കുമ്പോൾ വന്നു പറയാം എന്നൊരു മട്ടിൽ പുള്ളി പിന്തിരിഞ്ഞു പോയി. എന്നാലും ഇവറ്റകൾക്ക് അരണ എന്ന് പേരിട്ടത് ആരായിരിക്കും !!!! അരണയ്ക്ക് കൊടിയ വിഷമുണ്ടെന്നും പക്ഷെ കടിക്കാൻ വന്നാലും അക്കാര്യം മറന്നു പോകുകയുമാണ് പതിവെന്നും കുട്ടിക്കാലത്ത് പറഞ്ഞു നടന്നതു പെട്ടന്ന് തന്നെ ഓർമ്മയിൽ തെളിഞ്ഞു. പാവം ഈ ഓർമ്മ ശക്തി ആണെങ്കിൽ സ്വന്തം വീടും കുടുംബവും കണ്ടെത്തുവാനായിരിക്കും ഇക്കാലമത്രെയും അലഞ്ഞു തിരിഞ്ഞു നടക്കുന്നത്.

ഇതെല്ലാം കഴിഞ്ഞ് കുളിക്കാൻ കേറിയപ്പോഴാണ് അതിലും രസം. ഒരു പല്ലി ഭിത്തിയിൽ അങ്ങനെ ഒട്ടി നിൽക്കുന്നു, വെറുതെ നിൽക്കുന്നതൊന്നുമല്ല വെളിച്ചത്തിൽ ആർത്തുല്ലസിക്കുന്ന കൊച്ചു പ്രാണികളിലാണ് രൂക്ഷമായ നോട്ടം !!! ഇടയ്ക്ക് ഇടയ്ക്ക് ഒന്നോ രണ്ടോ ചുവട് വയ്ക്കുന്നുമുണ്ട്. അധികം വൈകാതെ തന്നെ അവൻ ഒന്നു രണ്ടു പ്രാണികളെ അകത്താക്കി. ഇതിനു ശേഷം ഭയങ്കര സന്തോഷത്തോടെ പൊട്ടി ചിരിക്കുകയും ചെയ്തു, അല്ല ചിലയ്ക്കുകയും ചെയ്തു.

വീട്ടിൽ അമ്മയ്ക്ക് ഇവറ്റകളെ വല്യ വിശ്വാസമാണ്. എന്താണെന്നല്ലേ, എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും ഈ പാവം പല്ലികൾ എവിടെയോ പാത്തിരുന്നു ചിലയ്ക്കുന്നത്. അത് കേൾക്കുമ്പോൾ അമ്മയുടെ മുഖം തെളിയും എന്നിട്ട് ഇങ്ങനെ പറയും “പല്ലി ചിലച്ചതു കേട്ടോ, സത്യം “

എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കുമ്പോൾ പോലും മനുഷ്യരുടെ ഇടയിൽ ഈ പറഞ്ഞ പല്ലികൾക്കും അരണകൾക്കും അത്യാവശ്യം സ്ഥാനമൊക്കെ ഉണ്ടല്ലോ അതുമതി !!!!

ഈ നാട്ടിൽ അങ്ങനെയെങ്കിലും നിങ്ങൾക്ക് ജീവിക്കാം പ്രിയപ്പെട്ട ജീവികളെ, കാരണം കാക്കയ്ക്ക് വെളുത്ത നിറമാണെന്നും കൊക്ക് ഒരു കറുത്ത പക്ഷിയുമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന മനുഷ്യരുള്ള നാടാണ് ഇവിടം !!!

അല്ലയോ പ്രിയപ്പെട്ട രാമാ…

വീടിനു പുറത്തെ വലിയ മുത്തശ്ശി മാവിന്റെ കമ്പുകളിൽ ചിലത് ഉണങ്ങി തുടങ്ങിയിരുന്നു. വന്നിരിക്കുവാനും വളരാനും ഒരവസരം കൊടുത്തിട്ടും മാവിനെ ഇത്തിൾകണ്ണികൾ കൂട്ടത്തോടെ വളർന്നു പന്തലിച്ചു ഓരോ ചില്ലകളെയും കാർന്നു തിന്നുകൊണ്ടിരുന്നു. ഒരുനാൾ ഉണങ്ങി കരിഞ്ഞ ചില്ലകളുടെ കൂടെ താനും വീഴുമെന്ന കാര്യം അവ മറന്നുപോയിട്ടുണ്ടാവാം. ഒരുപക്ഷെ ഇതെല്ലാം അറിഞ്ഞിട്ടും മാവിനെ വിട്ടുപോകാതെ നിൽക്കുന്നതുമാവാം !!! ഇന്ന് ഈ രാജ്യം പോലും ഇത്തിൾക്കണികൾ തിന്നു തീർത്തുകൊണ്ടിരിക്കുവല്ലേ, പിന്നെയാണോ ഈ മരം !!!

ഇന്ന് ഓരോ സെക്കന്റ്‌ സമയവും ഭയത്തോടെ ജീവിച്ചു തീർക്കുന്ന മനുഷ്യരുടെ നാട്ടിൽ, എല്ലാ ഭയത്തെയും രോഗങ്ങളെയും പട്ടിണിയെയും തുരത്തുവാനായി രാജ്യം കാർന്നു തിന്നുന്ന ഇത്തിൾക്കണ്ണികൾ സമ്മാനിച്ചത് ഒരു ക്ഷേത്രമാണ്. മണ്ണിനടിയിൽ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ക്ഷേത്രം ഇതാ ഭൂമിയുടെ മുകളിൽ വരാൻ പോകുന്നു. ഇനി അത്ഭുതങ്ങളുടെ ഘോഷയാത്രയാണ്. അമ്പലത്തിന്റെ പണി കഴിയുന്ന അന്ന് മുതൽ നമ്മുടെ രാജ്യം കോവിഡ് മുക്തമാകാൻ പോകുന്നു. പ്രതിഷ്ഠ രാമൻ അമ്പലത്തിൽ എത്തുന്ന ജനങ്ങളെ രോഗവിമുക്തരാക്കി തുടങ്ങും, പാവപ്പെട്ടവന്റെ വിശപ്പടക്കും. അക്രമങ്ങളും അനീതികളും തുടച്ചു മാറ്റും.കൂടാതെ ഈ രാജ്യത്തു പോലീസ്, പട്ടാളം, ഡോക്ടർ അങ്ങനെ തുടങ്ങുന്ന ഒരുകൂട്ടം പാവങ്ങളുടെ ജോലിയൊക്കെ നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരും !!!! ഇതാണ്…. ഇതാണ് ഇത്തിൾകണ്ണികൾ സ്വപ്നം കണ്ട രാമ രാജ്യം.

പുര കത്തുമ്പോൾ വാഴ വെട്ടുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ അത് നേരിട്ടറിയുന്നു. എന്തായാലും പുള്ളിക്ക് ഒരു കത്തെഴുതിയേക്കാം….

അല്ലയോ പ്രിയപ്പെട്ട രാമാ,

ഇന്നീ ജനങ്ങൾ മുഴുവൻ പട്ടിണിക്കും ദാരിദ്ര്യത്തിനും പുറമെ ഒരു രോഗത്തെയും ഭയന്ന് ജീവിക്കുന്ന സാഹചര്യത്തിൽ, എല്ലാവരുടെയും കഷ്ടപ്പാടുകൾക്കിടയിൽ പുതിയൊരു ക്ഷേത്രവും കുത്തിയിറക്കി അതിലിരിക്കുവാൻ ലജ്ജ തോന്നുന്നില്ലേ?? അതോ, ഇത്രയും നാളുകൾ കൊണ്ട് വൈദ്യവും മറ്റും പഠിച്ചുകൊണ്ട് ജന സേവനത്തിനാണോ ഈ വരവ്… അല്ലായിരിക്കും. ജനങ്ങളെ സേവിക്കുവാനും സംരക്ഷിക്കുവാനും എന്തിനാണ് ഇത്ര മുതൽമുടക്കുള്ള ക്ഷേത്രം??? മറ്റൊരു ആരാധനാലയം പൊളിച്ചു നീക്കിയ മണ്ണിൽ ഇങ്ങനൊന്നിന്റെ ആവശ്യമുണ്ടായിരുന്നോ, ഇനി ഉണ്ടെങ്കിൽ തന്നെ ഈ സമയം ഉചിതമായെന്ന് തോന്നുണ്ടോ???

ഈ ചോദ്യങ്ങൾക്കൊന്നും തൃപ്തിപെടുത്തുന്ന ഉത്തരം നൽകാൻ തനിയ്‌ക്കെന്നല്ല, ഇതിനു ചുക്കാൻ പിടിച്ച ചായക്കടക്കാരനു പോലും കഴിയില്ല. അതുമല്ല ഇങ്ങനെ ഗംഭീരമായ ക്ഷേത്രം ഉയർന്നു പൊങ്ങുമ്പോൾ എന്റെ മനസ്സിൽ ഇന്നും ആ പഴയ രാമൻ തന്നെയാണ്, കുറച്ചു പഴയ സിനിമയിൽ ഒരുപാട് ചിരിപ്പിച്ച വരികൾ “രാമനു മുണ്ടില്ല, ലക്ഷ്മണന് തോർത്തില്ല… “. ഇങ്ങനൊരു അവസരത്തിൽ ഈ രംഗങ്ങളെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകളില്ല.

ഈ കത്ത് ഇങ്ങനെ ചുരുക്കാൻ പോകുന്ന സാഹചര്യത്തിൽ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു “ഒരുനാൾ നീയും ചവറ്റു കൂനയിൽ എറിയപ്പെട്ടേക്കാം, പകരം തലമൂത്ത ജി യുടെ പ്രതിഷ്ഠ വന്നേയ്ക്കാം. ആ സമയം ആരും തിരിഞ്ഞു നോക്കിയെന്ന് വരില്ല, കാരണം ഈ സമയത്തെ വരവും ക്ഷേത്രത്തിലെ ഇരിപ്പുമെല്ലാം മനുഷ്യൻ കണ്ടുകൊണ്ടിരിക്കുകയാണ്. വെറുത്തുകൊണ്ടിരിക്കുകയാണ് ” നിന്നെ നീ തന്നെ കാത്തുകൊൾക….

ഒരുപാട് വെറുപ്പോടെ, സഹതാപത്തോടെ,

ഒരു മഹാപാപി !!!

ഇവിടെ ശരിക്കും ഞാൻ തന്നെയാണോ മഹാപാപി?? എന്തായാലും മുറ്റത്തു നിൽക്കുന്ന മാവിനെ തിന്നുന്ന ഇത്തിൾക്കണ്ണികൾക്ക് വിഷമില്ല !!! ജാതിയും നെറികെട്ട മതവുമൊന്നുമില്ലാതെ അവർ ഒറ്റക്കെട്ടാണ്.

എന്നാലും അവറ്റകളുടെയൊക്കെ ഒരു ക്ഷേത്രം പണിയാൻ കണ്ട സമയം !!!എന്റെ അഭിപ്രായത്തിൽ രാമൻ കുറ്റവിമുക്തനാണ്, ആ പാവത്തിനെയെങ്കിലും വെറുതെ വിടാമായിരുന്നു. എങ്കിലും വരട്ടെ ക്ഷേത്രവും രാമ രാജ്യവും എന്നിട്ട് സന്തോഷവും സമൃദ്ധിയുമൊക്കെ രാമൻ തന്നെ വാരി വിതറട്ടെ.

മലയാളി വണ്ട്

പുറത്ത് ആകമാനം കിളികളുടെ ബഹളമായിരുന്നു ഇന്ന്.നല്ല ഇളം വെയിൽ പുല്ലിനെയും മറ്റു പച്ചകളെയും ഒരുപാട് ഭംഗിയുള്ളതാക്കി. മഞ്ഞു തുള്ളികൾ ഇലകളിലും പുല്ലിലുമൊക്കെയിരുന്നു പല്ലിളിച്ചു കാട്ടി ചിരിച്ചുകൊണ്ടേയിരുന്നു. പഴയ ക്ഷീണമൊക്കെ മാറിയ ഫാഷൻ ഫ്രൂട്ട് ചെടിയുടെ കൂടെ പേര തത്തകളും ഒരു അണ്ണാനും ഉണ്ടായിരുന്നു. പഴയ സങ്കടം പറച്ചിലുകളല്ല, മറിച്ചു സന്തോഷമാണ് എല്ലാവരും പങ്കുവെച്ചുകൊണ്ടിരുന്നത്. വീടിനുള്ളിലെ കുത്തിയിരുപ്പിൽ കാണാൻ കഴിഞ്ഞ ഏറ്റവും നല്ല പ്രഭാതം ഇതാണ് !!! ഇടയ്ക്ക് വന്ന ഒരു കുഞ്ഞു കാറ്റിന്റെ താളം പിടിച്ചു ഇലകളൊക്കെ എന്നെ കൈവീശി കാണിച്ചു. ഇതൊക്കെ കണ്ടുകൊണ്ട് പല്ലും തേച്ചു നിന്നപ്പോഴാണ് മറ്റൊരു കക്ഷിയെ ശ്രദ്ധിച്ചത്, വേലിയുടെ അപ്പുറം നിന്നുകൊണ്ട് “ദേ, ഞാനും ഇവിടുണ്ട് ” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നല്ല ഉച്ചത്തിലുള്ള കുര !!അഴിച്ചു വിട്ടിരുന്നെങ്കിൽ എന്നെ കടിച്ചു കീറാനുള്ള ദേഷ്യമൊക്കെ അവന്റെ കുരയിൽ കാണാനുണ്ടായിരുന്നു.

തിരികെ വന്നു കംപ്യൂട്ടറിന്റെ മുൻപിൽ ഇരുന്നു. കുളത്തിലെ സുഹൃത്തുക്കളെ ആകമാനം ഒന്ന് കാണ്ണോടിച്ചു നോക്കി, എല്ലാരും സുഗമായി അതീവ സന്തോഷത്തോടെ നിലകൊള്ളുന്നതിൽ ഞാൻ പരിപൂർണ്ണ സന്തുഷ്ടനാണ്. പക്ഷെ ആ ഭീമൻ തവളയെ മാത്രം കണ്ടില്ല !!എന്തായാലും പാമ്പ് പിടിച്ചിട്ടുണ്ടാകില്ല, കുറഞ്ഞത് ഒരു പെരുമ്പാമ്പിന്റെ വായെങ്കിലും വേണ്ടി വരും ആ കള്ള തടിയനെ അകത്താക്കാൻ !!!!!!

അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കാലിൽ എന്തോ ഒന്ന് തടയുന്നത് പോലെ തോന്നിയത്. താഴെ നോക്കിയപ്പോൾ മനസ് മുഴുവൻ വിഷമം നിറഞ്ഞു തുളുമ്പി, മലർന്നു കിടന്ന് കയ്യും കാലുമിട്ടടിച്ചുകൊണ്ട് നിലവിളിക്കുകയാണ് കുഞ്ഞി കരിവണ്ട്. ബാക്കിയെല്ലാ ജീവാചാലങ്ങളും സന്തോഷത്തോടെ നിൽക്കുന്നത് കണ്ട ഈ ദിവസം ഇവനിതെന്തു പറ്റി??? എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടണില്ലല്ലോ ദൈവമേ…

ഇനി കൂട്ടുകാർ ഇവനെ കറുമ്പനെന്ന് വിളിച്ചു കളിയാക്കിയിട്ടുണ്ടാകും. അതാണ്, അതാണ് കാര്യം !! ഇവൻ കരയുന്നത് കണ്ടുകൊണ്ട് ആരെങ്കിലും കളിയാക്കി ചിരിച്ചുകൊണ്ട് പരിസരത്തുണ്ടോ എന്നറിയാൻ ആകെയൊന്ന് പരതി. അല്ല അതുമല്ല കാര്യം, കൂട്ടം തെറ്റി പോയതായിരിക്കും. പാവം !! എന്തായാലും ഞാൻ അവനെ തട്ടി എഴുന്നേൽപ്പിച്ചു.കൊള്ളാം എഴുന്നേൽപ്പിച്ച ഉടനെ തന്നെ പുള്ളി എന്റെ പാദത്തിന്റ അടിയിലേക്ക് നുഴഞ്ഞു കയറി. കഷ്ട്ടം എന്റെ കാലുപിടിച്ചു കരയുകയാണ് കുഞ്ഞിക്കരിവണ്ട്.

പതിയെ ഞാൻ അവനെ കൈകളിൽ എടുത്തു. “മോനെ കുട്ടാ നീ എന്തിനാണ് കരയുന്നതെന്ന് ” ചോദിക്കുന്നതിനു മുൻപേ തന്നെ അവൻ ജനലിലൂടെ പറന്നു പുറത്തേയ്ക്ക് പോയി. കൈ മുഴുവൻ വൃത്തികെട്ട നാറ്റമായി !!! തലയ്ക്കു മുഴുവൻ മത്തുപിടിച്ചു തുടങ്ങി. അത് കരിവണ്ടിന്റെ കുഞ്ഞായിരുന്നില്ലെന്ന് മനസ്സിലാക്കാൻ അൽപ്പം വൈകി പോയിരുന്നു. “കള്ള ചാഴി പുലയാടി നിന്നെ പിന്നെയെടുത്തോളാം, കയ്യും വെട്ടും ചിറകും വെട്ടും വേണ്ടിവന്നാൽ ചവുട്ടിയരയ്ക്കും. “

അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഇവിടെ ജനിച്ചതല്ലേ അപ്പോൾ മലയാളി തന്നെ… അതേടാ കള്ള ചാഴി നീ തനി മലയാളി തന്നെ!!!

കോപ്പ് കൈ കഴുകിയിട്ടും ഈ മണം പോകുന്നില്ലല്ലോ !!!!

വീണ്ടും

മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞാണ് ഇവിടെ കായലിൽ ഒഴുകി നടന്നത്.

ഇന്നത്തെ ദിവസം കണ്ടതെല്ലാം എഴുതി ചേർക്കുവാൻ പോലും തോന്നാത്ത അവസ്ഥയിലാണ്. രാവിലെ തുടങ്ങി ഒരുപാട് കാര്യങ്ങൾ കണ്ടിരുന്നു, എഴുത്തിന്റെ ഭാഗമാകാൻ പോന്നവയാണെങ്കിലും അവയൊക്കെ എഴുതുവാൻ കഴിയാത്ത വിഷമത്തിലാണ് മനസ്സ്. ഉച്ചയോടു കൂടിയാണ് ആ വാർത്ത അറിഞ്ഞത്. മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞിന്റെ പിഞ്ചു ശരീരം അഞ്ചു ദിവസത്തിനടുത്ത് കായലിൽ ഒഴുകി നടന്നു. ആ ചിത്രം കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു കല്ലിറക്കി വച്ചതു പോലെയായി. വല്ലാതെ മരവിച്ചു തുടങ്ങിയിരുന്നു. അമ്മയുടെയും അച്ഛന്റെയും സ്നേഹം തോരാതെ വാങ്ങി അവരുടെ ചൂട്‌ കൊണ്ട് കിടന്നുറങ്ങേണ്ട ദിവസങ്ങളൊക്കെയും അവൾ മഴയും വെയിലും കൊണ്ട് കായലിൽ… !!

ഈ ക്രൂരത ചെയ്തവരും ആ കുഞ്ഞു മനസ്സിനെ പറ്റി ചിന്തിച്ചിട്ടുണ്ടാകില്ല.ഒന്ന് നുള്ളി നോവിക്കാൻ പോലും തോന്നാത്ത പ്രായമായിരുന്നു അവൾക്ക്. ജീവിച്ചു തീർത്ത ബാക്കി ദിനങ്ങൾ പോലും ഓർമ്മയിൽ വരാത്ത സമയം ഇതുപോലൊരു ക്രൂരത ക്രൂരത കാട്ടുവാൻ മൃഗങ്ങൾക്കു പോലും കഴിയില്ല !!! ഇതുപോലെയുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നമ്മൾ ഓരോരുത്തരും മഹാപാപികൾ തന്നെ.

എവിടെ നോക്കിയാലും ഇതുപോലെ സ്ത്രീകൾ, കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ. ഇതിനു മാത്രം എന്ത് തെറ്റാണ് സ്ത്രീകൾ ഇന്ന് സമൂഹത്തോട് ചെയ്തു കൂട്ടുന്നത്!!മറ്റൊരു ചോദ്യം ഇങ്ങനെ ; നൊന്തു പ്രസവിച്ച അമ്മയിൽ കാണാത്തത് എന്താണ് മറ്റു സ്ത്രീകളിൽ??

അവളുടെ ആർത്തവ രക്തം അശുദ്ധമായ ഒരു കാര്യമാണെന്ന് പറഞ്ഞു ദേവാലയ ദർശനങ്ങൾ പോലും നിഷേധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാമിന്നും. ഇങ്ങനെ അകറ്റി നിർത്തപ്പെട്ട സ്ത്രീയുടെ വയറ്റിൽ പത്തു മാസം സുഗമായി കിടന്ന്, ഈ ഭൂമിയിൽ ഏറ്റവും വലിയ വേദനയും അവൾക്കു സമ്മാനിച്ചു പുറത്തുവരുന്ന പുഴുത്തു നാറിയ ചില പുരുഷ വർഗ്ഗങ്ങൾ തന്നെയാണ് ഇരുട്ടിൽ അവളെ പിച്ചി ചീന്താനും, കൊന്നു തള്ളാനും കൈകാലുയർത്തുന്നത്. കഷ്ട്ടം തന്നെയാണ് ഇന്നത്തെ അവസ്ഥകൾ.ഇതൊക്കെ പോരാഞ്ഞിട്ടും ഈ നാട്ടിലെ തന്തയില്ലാത്ത നിയമങ്ങളൊക്കെയും ഈ കഴുവേറികളെ ജയിലിലടച്ചു തീറ്റി പോറ്റുന്നത് കാണുമ്പോൾ വല്ലാത്ത അറപ്പ് തോന്നും. ചുരുക്കം ചിലർ മാത്രം ശിക്ഷിക്കപ്പെടുമ്പോൾ ബാക്കിയുള്ളവർ സ്വതന്ത്രരാകുന്നു, അവർ വീണ്ടും കൈകാലുയർത്താൻ തയ്യാറായി ഇരുട്ടിന്റെ മറവിൽ വീണ്ടും. ശരിയാണ് ഈ നാട്ടിലെ ഒരു പരിധിയിൽ അധികം സ്ത്രീ ജനങ്ങളും സുരക്ഷിതരല്ല. നിയമത്തിന്റെയും മനുഷ്യന്റെ കാഴ്ചപ്പാടുകളുകളുടെയും പ്രശ്നമാണ് ഇതെല്ലാം. ഇതുപോലെയുള്ള തെറ്റുകൾക്ക് തുലാസും തൂക്കി കണ്ണുകെട്ടി നിൽക്കാതെ, കണ്ണിലെ മറ മാറ്റി മറുകയ്യിലെ വാളെടുത്തു തല വെട്ടി മാറ്റണം. അല്ലേലും സ്ത്രീകൾക്കെതിരെ ഇങ്ങനെ അതിക്രമങ്ങൾ നടക്കുമ്പോഴും നിയമത്തിനു മുൻപിൽ കണ്ണുകെട്ടി തുലാസും തൂക്കി ആ സ്ത്രീക്ക് എങ്ങനെ നിൽക്കാൻ കഴിയുന്നു !!!!

ഒരുപാട് മുൻപ് എഴുതി ചേർത്തവയിൽ ഒന്നിൽ ഇതുപോലൊരു കുഞ്ഞിന്റെ ചിരിയായിരുന്നു കാഴ്ച.എഴുതിയ നിമിഷങ്ങൾ മുഴുവൻ മനസ്സു നിറയെ ആ നിഷ്കളങ്കമായ ചിരിയും നോട്ടവും മാത്രം. മനസ്സ് നിറയ്ക്കുന്ന ചിരി കാണുമ്പോൾ കിട്ടുന്ന സന്തോഷം ഇപ്പോഴില്ല. ഓരോ വാക്കും കുത്തിക്കുറിക്കുമ്പോൾ കൈകൾക്കൊക്കെ ആകെ ഒരു മടി. ആ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് യാതൊരു അറിവുമില്ല. നാട്ടിലെ നിയമവും പോലീസുമൊക്കെ അന്യോക്ഷണത്തിൽ ആണത്രെ !!

കാരണം എന്തായാലും വൈകാതെ കണ്ടെത്തിയേക്കാം, എങ്കിലും ഇനിയും ഒരുപാട് ജീവിതവും സന്തോഷവും കളി ചിരികളും ആ കുഞ്ഞു പെൺകുട്ടിയ്ക്ക് കൊടുക്കുവാൻ കഴിയുമോ??? സ്ത്രീയുടെ ആർത്തവ രക്തത്തെ അശുദ്ധമായി കാണുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങളൊക്കെ ഈ പിഞ്ചു കുഞ്ഞിന്റെ അവസാനത്തെ നിലവിളി പോലും കേട്ടില്ലേ?? ഇനി അവളും ഒരു പെൺകുട്ടി ആയതുകൊണ്ടാണോ??? നിയമത്തിന്റെ മുൻപിൽ തുലാസും കയ്യിലേന്തി കണ്ണുകെട്ടി നിൽക്കാൻ ആ സ്ത്രീയ്ക്ക് ഇനിയും തോന്നുന്നുണ്ടോ !!!!

ഈ നാറിയ നാട്ടിലെ പുഴുത്ത ആചാരങ്ങളിൽ നിന്നും, നെറികെട്ട കാഴ്ചപ്പാടുകളിൽ നിന്നും തന്തയ്ക്കു പിറക്കാത്ത നിയമങ്ങളിൽ നിന്നും നീ ഇപ്പോൾ ഒരുപാട് അകലെയാണെങ്കിലും ഇവിടെ ഇപ്പോഴും ഇതെല്ലാം അറിഞ്ഞു ജീവിക്കേണ്ടി വന്ന ഈ മഹാപാപി നിന്നോട് ക്ഷമ ചോദിക്കുന്നു…

മാപ്പ് തരുക… 🙏

ഹോ…

എന്നാലും അതൊരുമാതിരി കോപ്പിലെ ഇടപാടായി പോയി…

മഴ ഇതെന്തിനുള്ള പുറപ്പാടാണെന്ന് മനസിലാകുന്നില്ല. കൂടുന്നുമില്ല കുറയുന്നുമില്ല, അതൊരു താളത്തിനങ്ങു പെയ്തുകൊണ്ടിരിക്കുവാണ് !!പറമ്പിലും മുറ്റത്തുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടിട്ടും ഒരു നാണവുമില്ലാതെ പിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു. വല്ലാത്ത കഷ്ട്ടം തന്നെ. തണുപ്പ് കാരണം പുറത്തിറങ്ങാനും കൊറോണ കാരണം മനസ്സറിഞ്ഞു തുമ്മാനും മടി തോന്നി തുടങ്ങി.ഇതൊക്കെ ആകെ ആസ്വദിക്കാൻ കുളത്തിലെ ഭീമൻ തവളകൾക്കു മാത്രമേ കഴിയൂ അല്ലെ?? വീടിനുള്ളിലെ ഇരുപ്പ് പതിയെ പതിയെ ശീലമായി തുടങ്ങിയെന്നു തോന്നുന്നു, കാരണം പഴയ രീതിയിൽ മടുപ്പ് തോന്നുന്നില്ല. ഒരുപക്ഷെ ഭ്രാന്തനായി മാറാനുള്ള ലക്ഷണങ്ങൾ ആയിരിക്കും!!!

പാത്രം കഴുകാൻ കൂട്ടി വച്ചിരിക്കുന്നിടത്ത് മരങ്ങളുടെ കരുണ കൊണ്ട് അങ്ങനെയിങ്ങനെ മഴത്തുള്ളികൾ വീഴുന്നുണ്ടായിരുന്നില്ല. ജനലിന്റെ ഓരത്ത് നിന്ന് ഇതെല്ലാം നോക്കി കാണുമ്പോഴാണ് പാത്രങ്ങളൊക്കെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്.

അത്യാവശ്യം നീളമുള്ള ചുണ്ടുകൾ കൊണ്ട് അതിനുള്ളിലെ ഭക്ഷണ സാധനങ്ങൾ കൊത്തിപ്പെറുക്കുകയാണ് കക്ഷി. സാധാരണ ഒന്നും രണ്ടും പേരുള്ള കൂട്ടമായിട്ടാണ് വരുന്നത്, ഇവിടെ എന്തായാലും ഒറ്റയ്ക്കാണ് നിൽക്കുന്നത്. കണ്ണുകൾ ഉണ്ടെന്ന് മനസിലാകാത്ത വിധം കറുപ്പാണ് നിറം. ഇമ്മാതിരി കറുപ്പും, പാറയിൽ ചിരട്ടയുരയ്ക്കുന്ന ശബ്ദവും ഉള്ളതു കൊണ്ട് തന്നെ കാക്കകളെ അങ്ങനെയിങ്ങനെ ആരും കൂട്ടിലടയ്ക്കാനും ശ്രമിക്കാറില്ല. എങ്കിലും വല്ലാത്ത പ്രകൃതി സ്നേഹികളായ ഇവറ്റകൾ പരിസരം വൃത്തിയാക്കാൻ ഒരു പങ്കു വഹിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാൽ എന്റെ അനുഭവത്തിൽ അങ്ങനെയല്ല കാര്യം. കണ്ട വീടുകൾ തോറും നടന്ന് മീൻമുള്ളുകളും പ്ലാസ്റ്റിക് കവറുകളുടെ കക്ഷങ്ങളും മറ്റും വീട്ടിലെ കിണറിന്റെ വക്കത്ത് വെച്ചിട്ട് പറന്നു പോകുന്നത് ഇവറ്റകളുടെ വല്ലാത്ത ഹോബിയാണ് !!!അതു മാത്രമല്ല അമ്മ കഴുകി പുറത്തു തന്നെ വയ്ക്കുന്ന പാത്രങ്ങൾ തട്ടി മറിച്ചു മണ്ണിലിടുക, ചട്ടിയിൽ കറി വയ്ക്കാൻ വാങ്ങി വയ്ക്കുന്ന മീൻ കട്ടെടുത്തുകൊണ്ട് പോകുക. ഇതൊന്നും പോരാഞ്ഞിട്ട് നല്ല വൃത്തിയായി അലക്കിയിടുന്ന തുണികളിൽ ഞെളിഞ്ഞിരുന്നു കാഷ്ഠിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ട് തന്നെ വീടിന്റെ പരിസരത്തു നിന്നും മിക്കവാറും എറിഞ്ഞോടിക്കുകയാണ് പതിവ്.

“ആഹാ, കാക്ക കരയുന്നുണ്ടല്ലോ ഇന്ന് ഏതു വിരുന്നുകാര് വരാനാണോ ആവോ”

അമ്മയുടെ ഈ പറച്ചിൽ കേൾക്കുമ്പോഴേ സഹതാപം തോന്നിപ്പോകും. കാരണം എന്റെ ഓർമ്മ വച്ചിട്ട് വല്ലപ്പോഴും, എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ മാത്രമാണ് സ്വന്തം ആളുകൾ പോലും വീട്ടിൽ വന്നിട്ടുള്ളത്. ഒരുപക്ഷെ അച്ഛന്റെ പ്രായമുള്ള വീടിന്റെ ഭംഗികൊണ്ടോ അതോ കാശിന്റെ കുത്തൊഴുക്ക് കൊണ്ടോ ആവാം ഇങ്ങനെ സംഭവിക്കുന്നത് !!!അതുകൊണ്ട് തന്നെ ഇങ്ങനെ കരയുന്ന കാക്കയെയും അതുകേട്ടു അഭിപ്രായം പറയുന്ന അമ്മയെയും പറഞ്ഞിട്ട് എന്തു കാര്യം.ഇതു മാത്രമല്ല മരിച്ചു പോയവരുടെ ആത്മാക്കൾ ആണത്രെ കാക്ക ആയി വരുന്നത് !! ഇതും പറഞ്ഞുകൊണ്ട് അമ്മ ചിലപ്പോഴൊക്കെ അപ്പുപ്പനെയും അമ്മുമ്മയെയും ഒക്കെ കാണിച്ചു തന്നിട്ടുമുണ്ട്. അതെ അമ്മയ്ക്ക് ഈ കാക്കകളോട് സ്നേഹമാണ്…

എന്തായാലും ഇവിടുത്തെ കക്ഷി തീറ്റയൊക്കെ കഴിഞ്ഞിട്ട് എല്ലാ പാത്രത്തിന്റെയും മുകളിൽ കയറി നിൽക്കുകയാണ്. എവറസ്റ്റ് കീഴടക്കിയ അഹങ്കാരത്തിലാണ് ആളുടെ നിൽപ്പ്.അധികം വൈകാതെ തന്നെ പറന്നു പൊങ്ങി തൊട്ടടുത്ത ഫാഷൻ ഫ്രൂട്ട് ചെടിയുടെ പന്തലിൽ ഇരുന്ന് ദേഹമൊക്കെ കൊത്തിപ്പെറുക്കിയ ശേഷം ഒരു നന്ദി വാക്ക് പോലും പറയാതെ കക്ഷി പറന്നു പോയി. ഒന്നു തിരിഞ്ഞെങ്കിലും നോക്കാമായിരുന്നു, ഇതെല്ലാം പോട്ടെന്ന് വെയ്ക്കാം ആ കരിമുണ്ടി കാതിലിടാൻ ഒരു തൂവല് പോലും തരാതെയാണ് പറന്നു പോയത്, ഇത്രയും തീറ്റയൊക്കെ തിന്നിട്ടും ഒരു മര്യാദ പോലും കാണിക്കാതെ….. ഹോ !!!എന്നാലും അതൊരുമാതിരി കോപ്പിലെ ഇടപാടായി പോയി…

കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ, സൂര്യപ്രകാശത്തിനുറ്റ തോഴി…

വാർത്താ പെണ്ണുങ്ങൾ

ക്ഷമിക്കുക…

രാവിലെ അൽപ്പം വെയിലു വീണു തുടങ്ങിയപ്പോഴാണ് പുറത്ത് നിന്നും വല്ലാത്തൊരു ബഹളം കേട്ടത്. തൊട്ടു മുൻപിലെ പറമ്പിൽ അവരെല്ലാം കൂട്ടം കൂടി നിൽക്കുകയാണ്. ഒരു കൂട്ടമല്ല പല ഗ്രുപ്പുകളായി തെങ്ങുകളുടെ ചുവട്ടിൽ നിന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. മാസ്ക്ക് ധരിച്ചിട്ടും അവരുടെ ശബ്ദത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിച്ചിരുന്നത് അവരുടെ പണി ആയുധമായ തൂമ്പകൾ ആയിരുന്നു. ഒരുപക്ഷെ എവിടെ തുടങ്ങണം എന്ന ആലോചനാ യോഗമായിരിക്കും അവർ കൂടിക്കൊണ്ടിരിക്കുന്നത് !!!

അധികം വൈകാതെ തന്നെ എല്ലാവരും തീരുമാനത്തിൽ എത്തിയെന്ന് തോന്നുന്നു, പതുക്കെ ഒരു മൂലയ്ക്ക് നിന്നും പണി തുടങ്ങി. എന്നിട്ടും ചർച്ചയുടെ കാര്യത്തിൽ ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലാത്ത വിധമായിരുന്നു അവരുടെ ശബ്ദ വീചികൾ. ഇത്രയും സംസാരിക്കാൻ എന്തിരിക്കുന്നു എന്ന് ഒരുപക്ഷെ നമുക്ക് തോന്നിയേക്കാം.

നാട്ടിലെ പുതിയതായി നടക്കുന്ന കാര്യങ്ങളിൽ പലതും ആദ്യം അറിയുന്നത് ഈ കൂടായ്മയിൽ ആയിരിക്കും. കൂടാതെ അൽപ്പം പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിച്ചേർത്തുകൊണ്ട് അതി മനോഹരമായ കഥകൾ പൊട്ടി വിരിയുന്നതും ഇതേ സ്ഥലത്തു നിന്നുമാണ്. ഒരുപരിധി വരെ ചുറ്റുപാടുള്ള എല്ലാ വീടുകളിൽ നിന്നുള്ള സ്ത്രീകളും മാറ്റുരയ്ക്കുന്നത് ഈ തൊഴിലുറപ്പ് വേദിയിലാണ്. ഇക്കൂട്ടത്തിൽ ചിലരുണ്ടാകും ആർക്കും എത്തിപ്പെടാനാകാത്ത വിധം വാർത്തകൾ വാർത്തെടുക്കുന്നവർ. വാർത്താ രംഗത്ത് സത്യസന്ധമായ വാർത്തകൾ മാത്രം തരുന്ന നന്മ നിറഞ്ഞ മലയാള മനോരമയും, നേരിന്റെ നിറകുടമായ ജനം ടി.വി യുമൊക്കെ തലകുത്തി മറിഞ്ഞാലും നേടിയെടുക്കാൻ കഴിയാത്ത ഉയരത്തിലാണ് ഈ നാട്ടുവാർത്ത പെണ്ണുങ്ങൾ. നാട്ടിലെ വാർത്തകൾ ഇങ്ങനെ സത്യസന്ധമായി അറിയിക്കുന്നത് കൊണ്ടുതന്നെ ഇവരെ ഞാൻ വിളിക്കുവാൻ ആഗ്രഹിക്കുന്നത് നാട്ടുവാർത്ത പെണ്ണുങ്ങൾ എന്നാകുന്നു !!

നാട്ടിലെ പ്രായപൂർത്തിയായ ആൺകുട്ടികൾക്ക് ശക്തമായ വെല്ലുവിളിയാണ് ഈ തൊഴിലുറപ്പ് ചർച്ചകൾ പലതും. കൂടാതെ ഒരുപാട് പ്രശ്നങ്ങൾ അവരുടെ ജീവിതത്തിൽ എടുത്തിട്ടു കൊടുക്കുന്നതും ഇതേ വേദി തന്നെ.ഉള്ളതും ഇല്ലാത്തതുമായ പല കാര്യങ്ങളും പറഞ്ഞു കാട് കയറി അതെല്ലാം വല്യ പ്രശ്നങ്ങൾ ആക്കിമാറ്റാൻ ഈ വാർത്താ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ വേറെയാരും ഉണ്ടാവുകയുള്ളൂ. എന്ത് ആത്മസംതൃപ്തിയാണ് ഇതിലൂടെ കിട്ടുന്നതെന്ന് ഇനിയും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ഈ പറഞ്ഞ കാര്യങ്ങളൊക്കെയും കേവലം കേട്ടറിവിന്റെ പുറത്തു പറയുന്നതല്ല, മറിച്ചു ഇതെല്ലാം എന്റെ അനുഭവത്തിൽ നിന്നും ചീന്തി എടുത്ത ഒരു തേങ്ങാ കക്ഷണമാണ് !!!

ചിലപ്പോൾ ഇവിടെയും ആരുടെയൊക്കെയോ സ്വസ്ഥതയും സമാധാനവും തകർക്കാൻ പോകുന്ന ചർച്ചയിൽ ആയിരിക്കും. അൽപ്പ നേരം കഴിഞ്ഞപ്പോഴേയ്ക്കും മഴ ഒരൽപ്പം ചാറി, അത്ഭുതം എന്ന് പറഞ്ഞാൽ മതിയല്ലോ പറമ്പിൽ ബാക്കിയായത് കുറച്ചു തൂമ്പകൾ മാത്രം. എല്ലാവരും അടുത്തുള്ള ഒരു വീടിന്റെ മുൻപിൽ ഇരുപ്പായി. സുഹൃത്തുക്കളെ അങ്ങനെ സംസാരവും ചിരിയും തൂമ്പകളുടെ ദീന രോധനവുമൊക്കെയായി ഈ തൊഴിലുറപ്പ് ദിവസം അവസാനിച്ചിരിക്കുന്നു. വൃത്തിയാക്കിയ പറമ്പിൽ അവിടെയിവിടെയായി കുറച്ചു പച്ചപ്പ് ബാക്കിയുണ്ടായിരുന്നു. അതിശക്തമായ സംസാര വിഷയങ്ങളുടെ പരിണിത ഫലമായി രക്ഷപ്പെട്ട ചില പുല്ലുകൾ നാട്ടിലെ ചെറുപ്പക്കാരെയും ഇടയ്ക്ക് ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയെയും നന്ദിപൂർവ്വം സ്മരിച്ചിട്ടുണ്ടാകും !!!

എഴുതിയ കാര്യങ്ങളൊക്കെയും എന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും തന്നെയാണ്. ഈ മഹാപാപിയുടെ എഴുത്തുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ….

ക്ഷമിക്കുക

കാലൻ

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു, ചീവീടുകൾ തന്നെയാണോ രാത്രിയിൽ കൂട്ടം കൂടി കരയുന്നത് എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കാർമേഘവുമായുള്ള വഴക്ക് കൊണ്ടാവണം കുറച്ചു ദിവസങ്ങളായിട്ട് പുള്ളിക്കാരനെ ആകാശത്തൊന്നും കാണുന്നില്ല. ഒരുപക്ഷെ ഈ വഴക്കിൽ പ്രതിക്ഷേധിച്ചുകൊണ്ട് നക്ഷത്രങ്ങളും അനിശ്ചിത കാല സമരത്തിലേക്ക് കടന്നിട്ടുണ്ടാവാം. പഴയ ഭംഗിയൊട്ടും ഇല്ലാത്ത രാത്രിയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത് !!!

വൈകിട്ടത്തെ കുളി കിണറ്റിലെ തണുത്ത വെള്ളത്തിലാണ്. അതുകൊണ്ട് തന്നെ ബക്കറ്റുമായി വെള്ളം കോരാൻ ഇറങ്ങിയപ്പോഴാണ് അകലെ ഒരു തിളക്കം ശ്രദ്ധിച്ചത്.

മഴത്തുള്ളികളിൽ ചിലതൊക്കെ വലയിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്. വീടിന്റെ മുൻപിലെ ചെടികളിൽ രണ്ടെണ്ണത്തെ കൂട്ടി കെട്ടിയ പോലെയാണ് വല. അടുത്ത് ചെന്ന് നോക്കിയിട്ടും അതിലെ താമസക്കാരനെ മാത്രം കണ്ടില്ല. എന്തായാലും ഇത്ര മനോഹരമായി വല കൂട്ടിച്ചേർത്തു തന്റെ വിഹാര കേന്ദ്രമൊരുക്കിയ ഇവനാള് കേമൻ തന്നെ. അപ്പോഴാണ് വലയുടെ ഒരു ഭാഗത്ത് ഒന്നുരണ്ട് പ്രാണികൾ പറ്റിപ്പിടിച്ചു കിടക്കുന്നത് കണ്ടത് . എന്നാലും ഇവറ്റകളെ ഒന്നും ചെയ്യാതെ കക്ഷി എവിടെ ഒളിച്ചിരിക്കുവാണ്??? ആള് വരുന്ന ലക്ഷണമൊന്നും കാണാത്തതുകൊണ്ട് ഞാൻ വെള്ളം കോരുവാനായി കിണറിന്റെ പരിസരത്തേക്ക് നടന്നു.

വെള്ളവും കോരി തിരികെ വരുമ്പോഴാണ് വലയിൽ വല്ലാത്തൊരു അനക്കം ശ്രദ്ധിച്ചത്.പൂമ്പാറ്റയെ പോലെ തോന്നിക്കുന്ന ഒരു പ്രാണി, അത്യാവശ്യം വലിപ്പമൊക്കെയുണ്ട്. പറന്നു പോയ വഴിയിൽ വല കണ്ടിട്ടുണ്ടാവില്ല, പാവം. അധികം സമയം കളയാതെ വലയുടെ ഒരു മൂലയിൽ നിന്നും അയാൾ കടന്നു വന്നു.

തടിച്ചുരുണ്ട ശരീരത്തിൽ എട്ടുകാലുകളുമായും , ശരീരം മുഴുവൻ കണ്ണുകളുമായി നടന്നു. ഈ ലോകം മുഴുവൻ അവനെ ഭയത്തോടെ കണ്ടു. അവറ്റകൾ ശരീരത്തിൽ വിഷവും പേറിയാണ് നടന്നതെങ്കിലും കൂടാതെ ഇത്രയും സവിശേഷതകൾ ഉണ്ടായിട്ടും, കാലുകൾ മാത്രം പരിഗണിച്ച മലയാളികൾ അവനെ എട്ടുകാലിയെന്നു വാഴ്ത്തി. ഒരുപക്ഷേ ഈ പേരിലാണ് ഇവിടെ അറിയപ്പെടുന്നതെന്ന് അറിഞ്ഞാൽ ആ നിമിഷംതന്നെ തന്റെ വലയിലെ ഒരിഴ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു കളയും ആ പാവം !!!

ആ പ്രാണിയുടെ വെപ്രാളം കൂടി കൂടി വന്നു, ഇരയെ തിന്നാനുള്ള ലക്ഷണമൊന്നും അവനിൽ കണ്ടില്ല മറിച്ചു പേടിപ്പിക്കുകയാണെന്ന് തോന്നിച്ചു. “ഒന്നെങ്കിൽ തിന്നണം, ഇത് ഒരുമാതിരി കോപ്പിലെ ഇടപാടാണ്”. ചിറകുകൾ പൂമ്പാറ്റയെ പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് ചിലപ്പോൾ ആ ഗണത്തിൽത്തന്നെ പെടുന്ന പാവം പ്രാണിയായിരിക്കും അത്, കൂട്ടത്തിൽ ക്രൂരനായ എട്ടുകാലിയെക്കാൾ എനിക്ക് ഇഷ്ട്ടം പൂമ്പാറ്റയെ തന്നെയാണ്. പിന്നൊന്നും നോക്കിയില്ല ബക്കറ്റിൽ നിന്നും കൈ നിറയെ വെള്ളം കോരി വലയിൽ ഒഴിച്ചു !!! വല മുഴുവൻ തകർന്നു, പക്ഷെ ആ പ്രാണി അതിൽ ഒട്ടിപ്പിടിച്ചു തന്നെ കിടന്നു. തട്ടി താഴെയിട്ടിട്ടും അനക്കമില്ല, ഇനി പേടിച്ചിട്ട് അറ്റാക്ക് വന്നതായിരിക്കും…പാവം ചത്തു പോയിരുന്നു. പിന്നൊന്നും നോക്കിയില്ല താഴെ നിന്നും ഒന്നുമറിയാത്ത പോലെ വലിഞ്ഞു കേറി വന്ന ആ എട്ടുകാലുള്ള തെണ്ടിയെ ഞാനെന്റെ ആനക്കാല് കൊണ്ട് ചവുട്ടിട്ടിയരച്ചു.

ഇവന്റെ വലയിൽ പെട്ട ആ കുഞ്ഞു പ്രാണികൾക്കും എന്റെ പ്രിയപ്പെട്ട കുഞ്ഞു പൂമ്പാറ്റയ്ക്കും ആത്മശാന്തി ലഭിക്കുമാറാകട്ടെ, ഇമ്മാതിരി പോക്രിത്തരം കാണിച്ചു ജീവിക്കുന്ന എല്ലാ എട്ടുകാലികൾക്കും ഇതൊരു പാഠമായിരിക്കട്ടെ !!!

“അവന്റെയൊരു കോപ്പിലെ വലനെയ്ത്തും വലയും !!! അതേടാ ഞാൻ നിന്റെ കാലനായിരുന്നെടാ തെണ്ടി എട്ടുകാലി… “

തെറി താങ്ങി പുള്ള്

വീടിനുള്ളിലെ ഇരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ കഴിയുന്നു. ഏത് ദിവസമാണെന്ന് ചോദിച്ചാൽ പോലും സംശയം പ്രകടിപ്പിച്ചു പോകുന്ന അവസ്ഥയിലാണ്. ഇനി ഇങ്ങനെ എത്ര നാളുകൾ കൂടി ഒതുങ്ങി കൂടണമെന്ന് പോലും വല്യ നിശ്ചയമില്ല !!!!

ഇന്നലെ ആകമാനം തലതല്ലി പെയ്തു തീർന്ന മഴയെ ഇന്നു കണ്ടില്ല. രാവിലെ മുതലേ നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. എന്നാലും ഇതൊന്നും പോരാഞ്ഞിട്ട് മറ്റൊരു മഴയും നോക്കി ഇരിപ്പാണ് നമ്മുടെ ഭീമൻ തവള. ഇത്രയൊക്കെ സംഭവിച്ചിട്ടും അതൊന്നും അറിയാത്ത മട്ടിലാണ് പുള്ളിയുടെ ഇരിപ്പ്. കാര്യം ഇങ്ങനെയൊക്കെ പറഞ്ഞാലും അവനും ഞാനും ഒരേ വഴിയിലെ യാത്രക്കാരാണ് !!! അവൻ മഴയെ ഓർത്തു സങ്കടപ്പെട്ടിരുന്നപ്പോൾ ഇവിടെ എല്ലാം പഴയ പോലെ ആകുന്നത് എന്നാണെന്ന് ഓർത്തു സങ്കടപ്പെടുന്നു.

പറയത്തക്ക വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്. വൈകിട്ട് കുളിക്കാനായി പുറത്തിറങ്ങിയപ്പോൾ അകലെ ഒരു കൂകി വിളി കേട്ടു. അധികം വൈകാതെ ചിരിക്കുന്നത് പോലുള്ള മറ്റൊരു കൂകി വിളിയും !!രാത്രിയിൽ ഈ കക്ഷികളുടെ ശബ്ദം കേട്ടാൽ പേടി തോന്നുന്നവരുണ്ട്. രാത്രി കാലങ്ങളിലാണ് പുള്ളിന്റെ ഇമ്മാതിരി വേഷംകെട്ട്‌ നടക്കുന്നത്. ഇണയെ തേടി ഒരാൾ കൂകി വിളിക്കുമ്പോൾ, ഞാൻ ഇവിടുണ്ട് മുത്തേ എന്ന മട്ടിൽ പൊട്ടി ചിരിക്കുന്നത് പോലുള്ള മറു കൂകലുമായി ഇണയും കൂടെ ചേരും. അൽപ്പ നേരം അവരിരുവരും ഇപ്രകാരം സംസാരിക്കുകയും, ആഞ്ഞിലി പോലുള്ള വലിയ മരങ്ങളുടെ മുകളിരുന്നു പ്രേമം കൈമാറുകയും ചെയ്യും. ഇങ്ങനെ പ്രേമം കൈമാറുന്ന കാര്യം പറഞ്ഞപ്പോഴാണ് പഴയ ഒരു സംഭവം ഓർമ്മ വന്നത്.

വീടിന്റെ തൊട്ടു മുൻപിലായിരുന്നു കൂട്ടുകാരന്റെ വീട്. അവന്റെ വീട്ടിലെ ഏറ്റവും മുതിർന്ന ആളായിരുന്നു ചന്ദ്രാമ്മ . പറയുന്ന കാര്യങ്ങളിൽ ആവശ്യമില്ലാത്തവ മാത്രം കേൾക്കുന്ന ചെവിയും, അതിലും ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രം കാണുകയും ചെയ്യുന്ന കുഴിഞ്ഞ കണ്ണുകളും.അങ്ങനെ ഇങ്ങനെ ആരും ഉപയോഗിക്കാത്ത തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കുന്ന നാവും ഇവരെ ഒരുപാട് വ്യത്യസ്തയാക്കി. ഞാനും സുഹൃത്തുക്കളും പലപ്പോഴും ആ നാവിനു മുൻപിൽ പെട്ടുപോയിട്ടുണ്ട്.

അന്നൊരു രാത്രി പുള്ള് കൂവിത്തുടങ്ങിയപ്പോൾ ഞാൻ പതുക്കെ പുറത്തിറങ്ങി. കൊള്ളാം നമ്മുടെ ചന്ദ്രാമ്മ അതാ വീടിന്റെ അടുക്കള ഭാഗത്ത് പേടിച്ചിരിക്കുകയാണ് !! എന്താണെന്നല്ലേ കാര്യം, പുള്ള് കൂവിയാൽ അവിടെ മരണം ഉറപ്പാണത്രെ. ഞാനിതും നോക്കി നിക്കുമ്പോഴാണ് അച്ഛനും എന്റെ കൂടെ കൂടിയത്.അത്ഭുതം എന്ന് പറഞ്ഞാൽ മതിയല്ലോ പുള്ള് കൂകി നിർത്തിയപ്പോൾ അച്ഛൻ കൂവാൻ തുടങ്ങി, ഞാനും കൂടെ കൂടിക്കൊടുത്തു. പിന്നെ തോടിന്റെ അപ്പുറത്തു നിന്നും തെറിയുടെ മാലപ്പടക്കമായിരുന്നു. ചിലതൊക്കെ ഞാൻ ആദ്യമായി കേൾക്കുന്നതായിരുന്നു, പഴമക്കാരുടെ തെറിയല്ലേ!!! അച്ഛനും ഞാനും അതിഭയങ്കര മനഃസംതൃപ്തി നേടി അകത്തേയ്ക്കു കയറി. എന്താണെന്ന് അറിയില്ല അന്ന് വല്യ വിശപ്പൊന്നും തോന്നിയില്ല എന്നത് തികച്ചും സത്യമായ കാര്യമാണ്.

അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പുള്ളുകളെല്ലാം ഈ തെറി കേൾക്കുമ്പോഴേ ഇനി ഇണയും വേണ്ട ഒരു കോപ്പും വേണ്ട എന്ന മട്ടിൽ സന്യാസ ജീവിതത്തിലേക്ക് പറന്നു പോകുകയാണ് പതിവ്. എന്നാൽ ഇന്ന് നമ്മുടെ ചന്ദ്രാമ്മ പുള്ളിനെ ചീത്ത പറയുവാൻ ഇല്ല കേട്ടോ. ഒരുപക്ഷെ മുകളിലിരുന്നും പുള്ളിനെ കണ്ടമാനം ചീത്ത പറയുന്നത് കൊണ്ടാവാം അവറ്റകളുടെ കരച്ചിൽ ഇപ്പോഴും വിരളമാണ് !!!!

“പ്ഫാ പന്ന പു#@$* $##*@ *##$@*#@@ പുള്ള് മോനെ…. “

അതെ നീ ഒരു തെറി താങ്ങി ആകുന്നു !!!

ദൈവം !!

എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം മടി സമ്മാനിച്ചുകൊണ്ടായിരുന്നു മഴയുടെ പെയ്ത്ത്. വല്ലാത്ത തണുപ്പും, കൂനിൻമേൽ കുരു എന്ന കണക്കിന് കൂടെ കാറ്റും വീശിക്കൊണ്ടിരുന്നു. സമയം മുൻപോട്ട് അതിവേഗം ഓടിക്കൊണ്ടിരുന്നു, സമയത്തിന്റെ കാര്യം പറയുമ്പോൾ ക്ലോക്കിന്റെ ദയനീയമായ അവസ്ഥയും പറയാതെ വയ്യ. ചിലപ്പോൾ 12 ലേക്ക് വലിഞ്ഞു കയറുമ്പോൾ സെക്കന്റ്‌ സൂചി എന്തോ എടുക്കാൻ മറന്ന മട്ടിൽ തിരിച്ചു പോരുന്നതും കാണാം. ചിലപ്പോഴൊക്കെ നമ്മൾ ശ്രദ്ധിക്കാതെ വരുമ്പോൾ അവറ്റകൾ പണിയെടുക്കാതെ ഒറ്റ നിൽപ്പാണ്. പിന്നെ ആണിയിൽ നിന്നും എടുത്ത് പുറകിലെ ബാറ്ററി അഴിച്ചു രണ്ടു ഭാഗത്തും നാക്കിന്റെ തുമ്പിൽ നിന്നും അൽപ്പം കറന്റ്‌ കൊടുത്ത് തിരികെ ഇടും. പിന്നെ തീവണ്ടി ഓടുന്ന പോലെ ഒരൊറ്റ പോക്കാണ് !!!

എന്തായാലും ക്ലോക്കിന് ഇപ്പോൾ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല. സമയമിങ്ങനെ കടന്നു പോയിട്ടും മഴയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല . ഇത്രയൊക്കെ തണുപ്പും കാറ്റും മഴയുമെല്ലാം നിർത്താതെ വന്നിട്ടും ഗുണമുണ്ടായ മറ്റൊരു കക്ഷിയുണ്ട്, കുളത്തിലെ ഭീമൻ തവള. ആദ്യമൊക്കെ പയ്യെ കരഞ്ഞിരുന്ന അവനിപ്പോൾ കിളി കരയുന്നതുപോലെ മിമിക്രി കാട്ടാനും തുടങ്ങി !!!പ്രിയപ്പെട്ട തവളെ ഇവിടെയുള്ള മിമിക്രി കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റയിടരുത്… എന്റെ വാക്കിന് അല്ലേലും വിലയില്ലല്ലോ !!! അവൻ വീണ്ടും വെള്ളത്തിൽ നിന്ന് പകുതി ശരീരം മാത്രം പുറത്തു കാട്ടി വീണ്ടും അനുകരണങ്ങൾ തുടർന്നു. ഇതെല്ലാം തുടർന്നുകൊണ്ടിരുന്നപ്പോൾ നിറഞ്ഞു തുളുമ്പിയ താമര കുളത്തിൽ നിന്ന് ഗപ്പികൾ പുല്ലിലേക്ക് ചാട്ടത്തോട് ചാട്ടം. അല്ല ഈ ഗപ്പികൾ എല്ലാം കൂടി തൊഴിലുറപ്പിനു പോകുവാണോ !!!വല്ലാത്തൊരു സംശയം തോന്നി തുടങ്ങി. എന്തായാലും കുറച്ചു പേരെ ചാടിയിട്ടുള്ളു, അങ്ങനെ ആലോചിച്ചപ്പോഴാണ് കാര്യം മനസ്സിലായത് . ഈ പൊണ്ണത്തടിയാൻ തവളയുടെ മിമിക്രി കേട്ട് മനം നൊന്ത് ആത്മഹത്യ ചെയ്തതാണ്!!! കണ്ടു നിന്ന എന്റെ മനസ്സിൽ തോന്നിയ വിഷമം പോലും അവനുണ്ടായിരുന്നില്ല. എന്തായാലും അവറ്റകളുടെ ആത്മാവിനു നിത്യശാന്തി നൽകണേ എന്ന് പ്രാർത്ഥന മാത്രം

ഇതൊക്കെ കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അതിലും വല്യ സങ്കടം. കഠിനമായ മഴയുടെ മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഉറുമ്പുകളുടെ കൊട്ടാരം തവിടുപൊടിയായി !!!! അല്ലയോ മഴയേ, നീ എന്ത് പണിയാണ് ഈ കാണിച്ചത്?? ഇനി കൊട്ടാരത്തെപ്പറ്റി ഞാൻ കൊതിയോടെ എഴുതിയിട്ടാണ് ഇപ്പോൾ ഈ ഗതി വന്നതെന്ന് അവറ്റകൾ നാടുമുഴുവൻ ചെന്ന് പറയില്ലേ !!

ചോദിച്ചതിന് യാതൊരു മറുപടിയും തരാതെ അവളെങ്ങനെ പെയ്തുകൊണ്ടിരുന്നു. മഴക്കാലത്തെ അതിജീവിക്കാൻ സംഭരിച്ചു വെച്ച ഭക്ഷണസാധനങ്ങൾ തലയിൽ ചുമന്നുകൊണ്ട് ഉറുമ്പുകൾ നെട്ടോട്ടമോടുകയാണ്. മഴവെള്ളം ഉള്ളിലേയ്ക്ക് ഇറങ്ങി തുടങ്ങി. അതെന്തായാലും നന്നായി ബാക്കി ഉറുമ്പുകളുടെ ഓട്ടം ലാഭമായി, എല്ലാ സാധനങ്ങളും ഉറുമ്പുകളും പൊങ്ങി വരാൻ തുടങ്ങി. ഇനിയിപ്പോൾ വെള്ളമൊക്കെ ഒഴുകി തീരുന്ന ഗേറ്റിന്റെ മൂല വരെ ഓടണ്ടല്ലോ ഇങ്ങനെ ഒഴുക്കിന്റെ മേലെ ആസ്വദിച്ചു പോകാം !!! എന്നാലും ചിലരൊക്കെ വീടിന്റെ ഉള്ളിലേയ്ക്ക് നീന്തി വരുന്നുണ്ടായിരുന്നു, ഇത്രയും വല്യ വീടുള്ളപ്പോൾ പിന്നെ മറ്റൊരിടത്തേയ്ക്ക് നീന്തേണ്ട ആവശ്യമുണ്ടോ?? ഞാൻ കയ്യിൽ കിട്ടിയ ചെറിയൊരു പേപ്പറു കക്ഷണം താഴേക്ക് ഇട്ടുകൊടുത്തു. ബുദ്ധിയുള്ള ഒന്നുരണ്ടു കക്ഷികൾ അതിൽ വലിഞ്ഞു കയറി, എന്നിട്ട് അവറ്റകൾ എന്നെ നന്ദിയോടെ നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു കാണും

“സാർ ഞങ്ങളുടെ ദൈവമാണ് “

എന്തായാലും സംഭവം കലക്കി !!ഞാൻ അങ്ങിനെ ഉറുമ്പുകളുടെ ദൈവമായി. ഇനി എന്റെ തലയ്ക്കു ചുറ്റും വല്ല വെളിച്ചവും തെളിഞ്ഞോ ആവോ !!!

ഒരാട്ടം

“എന്നാലും നിന്റെയൊരാട്ടം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ… “

അങ്ങനെ മറ്റൊരു ദിവസവും വീടിനുള്ളിൽ ഒതുങ്ങിക്കൂടി കടന്നു പോകുന്നു. വല്ലാതെ മടുത്തു തുടങ്ങി ഇതിനുള്ളിലെ ഇരുപ്പ്, എങ്കിലും ഒതുങ്ങിക്കൂടാതെ വയ്യല്ലോ. എന്തായാലും പിടിവിടാതെ കൂട്ടിനായി തലവേദനയും കൂടെയുള്ളപ്പോൾ പിന്നെന്തിന് സങ്കടം !!!

രാവിലെ ചായ കുടിച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു കൊട്ടാരം കണ്ടത്. കുറച്ചു നാളുകൾ മുൻപ് കണ്ടതാണെങ്കിലും അതിത്ര ഭംഗിയുള്ളതായി തോന്നിയില്ല, ഒരുപക്ഷെ അന്ന് പണി നടക്കുന്ന കാലഘട്ടം ആയിരുന്നിരിക്കാം. കല്ല് കെട്ടി തിരിച്ച മുറ്റത്തിന്റെ അപ്പുറവും ഇപ്പുറവുമായി നല്ല ചന്ദന നിറത്തിലുള്ള രണ്ടു മൺ കൂനകൾ. വളരെ വേഗത്തിൽ മൺ തരികൾ പെറുക്കി കൊട്ടാരത്തിന് ഉള്ളിലേയ്ക്ക് പോകുന്ന കറുത്ത ഉറുമ്പുകളെ നോക്കി അൽപ്പ നേരം നിന്നു. എന്റെ എഴുത്തിലെ പ്രധാന കക്ഷികളിൽ ഇവർ മുൻപന്തിയിൽ ആണെങ്കിലും, ഇവരുടെ ഇമ്മാതിരി കലാവിരുത് ശ്രദ്ധിക്കുന്നത് ആദ്യമായിട്ടാണ്.

നീ എന്തിനാടാ ഞങ്ങളുടെ കാര്യത്തിൽ തലയിടുന്നത് എന്നൊരു ചോദ്യവുമായിട്ടായിരിക്കണം കൂട്ടത്തിൽ വ്യത്യസ്തനായ ഒരുവൻ എന്റെ കാലിൽ കയറി ഞെളിഞ്ഞു നിന്നത്. എന്തായാലും കടിക്കാനുള്ള മട്ടും ഭാവവും അവനിൽ കണ്ടില്ല. ഒന്നുരണ്ടു പരിചാരകരും എന്റെ കാലിൽ കയറി, വലിയ അപകടമൊന്നും കാണാത്തതു കൊണ്ട് എല്ലാവരും വന്നപോലെ തന്നെ തിരിച്ചിറങ്ങി. കുറച്ചുപേർ പണിയൊന്നും ചെയ്യാതെ കൊട്ടാരത്തിനു മുകളിലൂടെ തെക്കുവടക്ക് നടന്നുകൊണ്ടിരുന്നു, ചിലരാകട്ടെ മർമ്മ പ്രധാനമായ ചില രഹസ്യങ്ങൾ ഇവരുമായി പങ്കു വയ്ക്കുന്നുണ്ട്. ഓരോ തരി മണ്ണും ചുമന്നുകൊണ്ട്, അതും ഒരേ നിറത്തിൽ ഇത്ര മനോഹരമായി ഒരു കൊട്ടാരം തന്നെ പണിതു തീർക്കുന്ന ഈ കലാകാരന്മാരെ കാണുമ്പോൾ പറമ്പിലെ ചെടിയുടെ പരിസര പ്രദേശങ്ങളിൽ ഒരുപാട് മാളങ്ങൾ പണി തീർത്ത തൊരപ്പൻ എഞ്ചിനിയറോടു വല്ലാത്ത ദേഷ്യം വന്നു. പറയുന്നത് ശരിയല്ലേ !!! ഈ എലികൾക്കെല്ലാം ഒരു കൂടുണ്ടാക്കി അതിൽ കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടില്ലല്ലോ?? എന്തൊക്കെ പറഞ്ഞാലും ഒരു സെക്കന്റ്‌ പോലും വിശ്രമമില്ലാതെ സ്വന്തം ജോലിയിൽ മുഴുകുന്ന ഉറുമ്പുകൾ തന്നെയാണ് യഥാർത്ഥ നായകന്മാർ. പ്രകൃതിയിലെ മറ്റു ജീവികളിൽ നിന്നും ഇവർ വ്യത്യസ്തരാകുന്നതിനുള്ള കാരണവും ഇതുതന്നെ.

പോയി ഉറുമ്പിനെ കണ്ടുപഠിക്കാൻ എന്തായാലും പറയുന്നില്ല . എന്നാലും ഇവറ്റകളുടെ കഠിനാധ്വാനം കണ്ടുപഠിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇതെല്ലാം കഴിഞ്ഞു ഇക്കാര്യങ്ങളൊക്കെയും ഈ മഹാപാപി കുത്തിക്കുറിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ ഒരു കൊച്ചു കഴുവേറി കംപ്യൂട്ടർ ടേബിളിന്റെ മൂലയ്ക്ക് ഇരുന്ന് ഡാൻസ് തുടങ്ങിയതാണ് ഇപ്പോഴും നിർത്തിയിട്ടില്ല.

കാഴ്ചയിൽ എട്ടുകാലി ആണെന്ന് തോന്നുമെങ്കിലും ആളൊരു സാധുവാണ്. കൊതുകിന്റെ കൂട്ടത്തിലാണ് ഇവറ്റകൾ പൊതുവെ അറിയപ്പെടുന്നത്. കാലുകൾ ടേബിളിൽ ഉറപ്പിച്ചുകൊണ്ട് കക്ഷി ഉറഞ്ഞു തുള്ളുകയാണ്. ഇനി അവിടെ വല്ല സർപ്പം പാട്ടു നടക്കുന്നുണ്ടോ എന്നറിയാൻ ഒന്നുളിഞ്ഞു നോക്കി. കൊള്ളാം അവൻ ഒറ്റയ്ക്ക് നിന്ന് തുള്ളുകയാണ്.സകല മനുഷ്യരും പേടിയും സങ്കടവും പൊതിഞ്ഞുകെട്ടി വീട്ടിലിരിക്കുമ്പോൾ ഇവിടെ ഒരുത്തൻ ആർത്തുല്ലസിച്ചുകൊണ്ട് ആടിയുലയുന്നു. “എന്നാലും നിന്റെയൊരാട്ടം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ… “

മറ്റൊരു ദിവസം

“എത്രയും പ്രിയപ്പെട്ട ഫാഷൻ ഫ്രൂട്ട് ചെടിയെ നിനക്ക് ഒരായിരം മംഗളാശംസകൾ….”

മൊണാലിസ ചിത്രത്തെ നാളുകൾ മുൻപ് മഴയുമായി ഉപമിച്ചു, ചെറിയൊരു തിരുത്തുണ്ട്. ഈ പ്രകൃതി മുഴുവനും അങ്ങനെ തന്നെയാണ്. വീടിനുള്ളിൽ തന്നെ ഇരുപ്പ് തുടങ്ങി മൂന്നാം ദിവസമാകുമ്പോൾ എന്റെ അവസ്ഥ തന്നെയാണ് പ്രകൃതിക്കും എന്ന് തോന്നി തുടങ്ങിയ നിമിഷം… കിളികളുടെ കരച്ചിലു പോലും അതി വിരളമായേ കേൾക്കുന്നുള്ളു. തൊട്ടു മുൻപിലെ ആമ്പൽ കുളത്തിലെ മീനുകളെ പോലും മുകളിൽ കാണുന്നില്ല. ആകമാനം നിശബ്ദത !!! ഒരുപക്ഷെ ഇവറ്റകളെല്ലാം വീടിനുള്ളിൽ തന്നെ ഇരുപ്പായിരിക്കും…

നല്ല വെയിലുള്ള ദിവസം ആയതിനാൽ പുറത്തിറങ്ങാനും തോന്നാത്ത അവസ്ഥ !! എങ്കിലും വെറുതെ ഒന്ന് പുറത്തിറങ്ങി നിന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. കുറച്ചു നാളുകൾക്ക് മുൻപ് മുഴുവൻ മഴയും നനഞ്ഞു കഷ്ടപ്പെട്ട് ഒന്നരയാൾ പൊക്കമുള്ള പന്തലിൽ പടർത്തി വിടാൻ ശ്രമിച്ച ഫാഷൻ ഫ്രൂട്ട് ചെടിയുടെ ഇലകൾ കരിഞ്ഞിരിക്കുന്നു.

താഴെ പടർന്നു കിടന്നപ്പോൾ ഒരുപാട് സുന്ദരിയായിരുന്നു. തിങ്ങി നിറഞ്ഞ പച്ച ഇലകൾക്കിടയിൽ ആകമാനം കായ്കൾ ഒക്കെ പഴുത്തു കിടക്കുന്നത് കാണാൻ ഒരു ചന്തം തന്നെയായിരുന്നു . മുകളിലേയ്ക്ക് കയറ്റുന്നതിനിടയിൽ തണ്ടുകൾ ചതഞ്ഞതു കൊണ്ടായിരിക്കാം ഇപ്പോൾ ഇങ്ങനെ സംഭവിച്ചത്.

കായ്കൾ ഒക്കെ വാടി തുടങ്ങിയിരിക്കുന്നു,ചില തണ്ടുകൾ ഇപ്പോഴും പഴയ ആരോഗ്യത്തോടെ നിൽക്കുന്നുണ്ടായിരുന്നു. പന്തലിന്റെ മുകളിൽ ഒരുപറ്റം പേര തത്തകൾ ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. ഇനി ചെടിയുടെ ദുഃഖത്തിൽ പങ്കു ചേർന്ന് കരയുന്നതായിരിക്കും. എന്തായാലും കരഞ്ഞോട്ടെ സങ്കടം കരഞ്ഞു തീർക്കട്ടെ. പന്തലിന്റെ ഉള്ളിൽ നിന്ന ചെടിയുടെ വേരിന്റെ പരിസര പ്രദേശങ്ങളിൽ എലികളുടെ കലാവിരുത് അതി ഭംഗിയുള്ളതാണ്. ഇനി കൃമികടി കൊണ്ടാണോ ഇവറ്റകൾ ഇതിനും മാത്രം തുളച്ചിടുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഏതു ജീവിയായാലും കാണിക്കുന്നതിന് ഒരു മര്യാദയൊക്കെ വേണ്ടേ !!! എന്തായാലും വൈകാതെ തന്നെ ഇമ്മാതിരി മാളങ്ങൾ ഉണ്ടാക്കുന്ന സിവിൽ എഞ്ചിനിയറിനെ പിടിച്ചു വെള്ളത്തിൽ മുക്കി നല്ല പയ്യനാക്കണം അല്ലേൽ വരും ദിവസങ്ങളിൽ ആ പാവം ചെടിയുടെ ചുവടു മുഴുവൻ മാന്തി ഒരു താജ്മഹൽ പണിയാൻ സാധ്യത കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ആ പാവം ചെടിയുടെ ഒരു അവസ്ഥയെ !!!!

എന്തായാലും ആകമാനം വാടി തുടങ്ങിയ ചെടിയുടെ വേരിന്റെ പരിസര പ്രദേശങ്ങളിൽ വീടുകൾ ഉണ്ടാക്കുന്ന ആ തൊരപ്പനെ അംഗീകരിക്കാതെ വയ്യ !!! ഇനിയും ഒരുപാട് മാസങ്ങൾ കഴിയും ഈ പന്തലു നിറഞ്ഞു പഴയ ഭംഗിയിൽ അവളെ കാണുവാൻ. കരിഞ്ഞു താഴെ വീണ ഇലകളെ നോക്കി വാടി തുടങ്ങിയ ഇലകൾ സങ്കടത്തോടെ തല കുമ്പിട്ടു നിന്നു. എല്ലാ ജീവജാലങ്ങളുടെയും പ്രതാപ കാലമൊക്കെ ഇങ്ങനെ തന്നെയാണ്, തീർച്ചയായും ഒരു അസ്തമയം ഉണ്ടാകും. അതിൽ തളരാതെ മറ്റൊരു ഉദയം കാണുവാനുള്ള പട പൊരുതലിലാണ് കാര്യം. അവളിനിയും തളിർക്കും കായ്ക്കും, ആ പന്തലു നിറഞ്ഞു സൗന്ദര്യം തുളുമ്പുന്ന പച്ചപ്പ്‌ കാട്ടി പുഞ്ചിരിക്കും.

ഭവതി നിനക്കായി ഇനിയും സ്നേഹം ബാക്കിയുണ്ട് പൂർണ്ണ ആരോഗ്യത്തോടെ മടങ്ങി വരൂ… “എത്രയും പ്രിയപ്പെട്ട ഫാഷൻ ഫ്രൂട്ട് ചെടിയെ നിനക്ക് ഒരായിരം മംഗളാശംസകൾ.”

Design a site like this with WordPress.com
Get started