ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്.
അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു.
അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത് വെച്ച് എല്ലാത്തിനെയും ഉപദ്രവിക്കുകയും സ്വർണ നാവുകൊണ്ട് നല്ല ചീത്ത പറയുകയും ചെയ്യുമെന്ന് ഒഴിച്ച് നിർത്തിയാൽ ആളൊരു പാവം മനുഷ്യനാണ്. ചിലപ്പോഴൊക്കെ അവൻ പറയുന്ന കാര്യങ്ങൾ ആർക്കും മനസിലാകാറില്ല. സംസാരമൊക്കെ അങ്ങനെ ഒരു വഴിയാണ്. എല്ലായ്പോഴും നേർത്ത രീതിയിൽ മുടിയും വെട്ടി അലസനായി നടക്കുന്നതാണ് പുള്ളിയുടെ ശീലവും.
അങ്ങനെ അവധിക്കാലത്തിന്റെ ഇടയ്ക്ക് അതിക്രമിച്ചു കയറിയ വിഷുവിന്റെ താലേദിവസമാണ് അവന്റെയുള്ളിലെ പ്രതിഭയെ ഞങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞത്. രണ്ടു സംഭവങ്ങളാണ് ഉണ്ടായത് അതിങ്ങനെയാണ്
1.രാവിലത്തെ കരിമരുന്ന് പ്രയോഗം
രാവിലെ തന്നെ കക്ഷി എന്നെയും ബാക്കിയുള്ള സുഹൃത്തുക്കളെയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. ഒരു സൂത്രം കാണിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടുപോകുന്നത്. ഇവൻ അങ്ങനെ പറഞ്ഞത് കൊണ്ടുതന്നെ കൂട്ടത്തിൽ നിന്നും രണ്ടു പേര് അപ്പോഴേ സ്ഥലം കാലിയാക്കിയിരുന്നു. വീട്ടിൽ എത്തിയപ്പോഴേയ്ക്കും വെപ്രാളപ്പെട്ടുകൊണ്ട് അടുക്കളയിൽ നിന്ന് തീപ്പെട്ടി എടുത്തുകൊണ്ട് ഓടി വന്നു. സോഫയിൽ ഒരു പേപ്പറിൽ പടക്കത്തിന്റെ ഉള്ളിൽ നിന്നും കരിമരുന്ന് വേർതിരിച്ചു മാറ്റിയിട്ടുണ്ട്. അത് ചൂണ്ടി കാണിച്ചു കൊണ്ട് കക്ഷി പറഞ്ഞു
“ഇത് ഞാനുണ്ടാക്കിയ പടക്കമാണ്, പൊട്ടിച്ചാൽ ഒച്ച കേൾക്കില്ല “
ഞാനും ബാക്കി സുഹൃത്തുക്കളും വളരെ ആകാംക്ഷയിൽ നോക്കി നിന്നു. പെട്ടന്ന് തന്നെ പേപ്പർ കരിമരുന്നുമായി ചുരുട്ടി ഒരു ബോൾ പോലെയാക്കിയിട്ട് അതിനു പുറമെയും കുറച്ചു കരിമരുന്ന് തൂത്തു പിടിപ്പിച്ചു, ആർക്കും സംസാരിക്കാൻ പോലും അവസരം തരാതെ കയ്യിൽ വെച്ചുതന്നെ കക്ഷി തീ കൊടുത്തു. ആളി കത്തിയപ്പോഴേയ്ക്കും തൊട്ടടുത്ത സോഫയിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അലറി വിളിക്കാൻ തുടങ്ങി. എല്ലാവരും വിളറി വെളുത്തു, എന്താണ് ചെയ്യണ്ടതെന്ന് മനസിലാകുന്നില്ല. സോഫയുടെ ഒരു ഭാഗം കത്തി കുഴിഞ്ഞു പോയിരിക്കുന്നു.ആകെ മൊത്തം കരിഞ്ഞ മണവും പുകയും. പെട്ടന്ന് തന്നെ അടുത്ത വീട്ടിലെ ചേട്ടൻ ഓടിയെത്തി കുടത്തിൽ വെള്ളം കോരി ഒഴിച്ചപ്പോഴാണ് ജീവൻ നേരെ വീണത്. ഇതെല്ലാം കഴിഞ്ഞിട്ടും അവന്റെ അലറി വിളി മാത്രം നിന്നില്ല. അവന്റെ അമ്മ വരുന്നതിനു മുൻപേ തന്നെ ഞങ്ങളെല്ലാം അവിടെ നിന്നും സ്ഥലം കാലിയാക്കി.
2.മാവിന്റെ ചില്ലയും ഗുണ്ടും
ഈ സംഭവങ്ങളെല്ലാം ആറി തണുത്തപ്പോൾ കക്ഷി പുറത്തേയ്ക്ക് ഇറങ്ങി. ഞങ്ങളെല്ലാം കൂടിയിരുന്ന പറമ്പിലേയ്ക്ക് വന്നു.
“കണ്ടാ ഒരു ഇച്ചിരി ഒച്ച പോലും ഇല്ലായിരുന്നല്ലോ “
അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവിടെ ആകെ ചിരി പടർന്നു. കൂട്ടത്തിൽ അവനും കുറേ ചിരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവൻ പച്ച നൂലുകൊണ്ട് സുരക്ഷിതമായി കെട്ടിയിരുന്ന ഒരു വലിയ ഗുണ്ട് കയ്യിലെടുത്തിട്ട് പറഞ്ഞു.
“ഇത് ഞാൻ പൊട്ടിക്കാൻ പോകുവാ, ഭയങ്കര വിലയുള്ള പടക്കമാണ്. മുറ്റ് സൗണ്ടാണ് “
കൂട്ടത്തിൽ ഇരുന്ന പെൺകുട്ടികളെ നോക്കിയിട്ട് തുടർന്നു.
“ഇത് വല്യവര് പൊട്ടിക്കണതാ, എടി നിങ്ങളെല്ലാം കൊറേ മാറി നിന്നോ “
ഇത് കേട്ടപ്പോഴേയ്ക്കും കൂട്ടത്തിൽ പകുതി സുഹൃത്തുക്കളും വീടുപറ്റിയിരുന്നു !!!
ഇതൊന്നും ശ്രദ്ധിക്കാതെ അവൻ മാവിന്റെ ചില്ലയിൽ വലിഞ്ഞു കയറി. പോക്കറ്റിൽ നിന്നും ഒരു ചന്ദന തിരിയെടുത്ത് കത്തിച്ച ശേഷം ഗുണ്ട് മറ്റേ കയ്യിൽ പിടിച്ചു.
“നോക്കിക്കോണം ആകാശത്ത് വെച്ച് പൊട്ടിക്കാൻ പോകുവാ “

ഇതും പറഞ്ഞിട്ട് ഗുണ്ടിനു തീക്കോളുത്തി മുകളിലേക്ക് ഇട്ടിട്ടു കക്ഷി താഴേയ്ക്ക് ചാടി. എന്തു പറയാനാണ് ഗുണ്ട് കക്ഷിയുടെ മുഖത്തിന് മുൻപിൽ തിരിച്ചെത്തിയ ശേഷം ഒരൊറ്റ പൊട്ടായിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും പുകയും !!! നമ്മുടെ നായകൻ താഴെ നിശബ്ദനായി വീണു കിടന്നു, മുഖമൊക്കെ കറുത്തിട്ടുണ്ട്. നെറ്റിയിൽ നിന്നും ചോരയോലിക്കുന്നുണ്ട്. മുഖത്തെ ചില സ്ഥലങ്ങൾ വല്ലാതെ വെളുത്തു കിടന്നു. നേർത്ത മുടിയിഴകളിലൂടെ പുക ഉയരുന്നുണ്ടായിരുന്നു.
കൂട്ടത്തിൽ ഒരുത്തൻ വിഷ്ണു ചത്തേ എന്നും പറഞ്ഞു വീട്ടിലേയ്ക്ക് ഓടി. പെട്ടന്ന് തന്നെ ആളുകൾ കൂടി കരിമരുന്ന് പ്രൊഫഷണൽ മനുഷ്യനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി.
ഇതൊരു മുന്നറിയിപ്പ് കൂടിയാണ്, പടക്കം വളരെ അപകടം പിടിച്ച ഒരു സാധനമാണ്. ഇനി നിങ്ങൾക്ക് പൊട്ടിക്കാൻ അറിയില്ലെങ്കിൽ എന്റെ പക്കൽ ഒരു കരിമരുന്ന് വിദഗ്ധൻ ഉണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക !!!
എന്ന് സ്വന്തം
മഹാപാപി