തല്ലിയ പ്രമുഖരെയോക്കെ അൽപ്പ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോളേജിന് പരിസരമുള്ള ഒരു ബാങ്കിന്റെ മുൻപിൽ വെച്ച് കയ്യും കാലുമൊക്കെ ഒടിഞ്ഞ നിലയിൽ കണ്ടെത്തി, കഷ്ട്ടം തന്നെ. അതെല്ലാം കഴിഞ്ഞ് അവരൊന്നു നേരെ നടക്കാറായപ്പോഴേയ്ക്കും ഈ മഹാപാപിയുടെ കേസിന്റെ അടിസ്ഥാനത്തിൽ പതിനാല് ദിനങ്ങൾ ജയിലിലും കഴിച്ചു കൂട്ടി !!!
അന്നൊരു വൈകുന്നേരം കോളേജിൽ നിന്നും തിരികെ പോരുമ്പോൾ പ്രിയപ്പെട്ടവൻ ഗോകുലും കൂടെയുണ്ടായിരുന്നു. വൈകുന്നേരത്തെ ഇളം വെയിലും കാറ്റുമൊക്കെ കൊണ്ട് ഒരു ബുള്ളറ്റ് യാത്ര… (തെറ്റിദ്ധരിക്കണ്ട ഈ മഹാപാപിയുടെ വണ്ടിയല്ല കൂടപ്പിറപ്പ് സൗരവിന്റെ വണ്ടിയാണ് )
മനോഹരമായ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് പാട്ടും പാടി കഥകളൊക്കെ പറഞ്ഞുകൊണ്ട് വീട്ടിലേയ്ക്കുള്ള യാത്ര ആസ്വദിച്ചങ്ങനെ പോകുമ്പോഴാണ് സംഭവം. പാലത്തിന്റെ ഒരുവശത്ത് കുറച്ചു മനുഷ്യർ ഹെൽമെറ്റൊക്കെ വച്ചു ഭംഗിയായി നിന്നിരുന്നു,ഇവരെയും കടന്ന് പാലം കയറി അപ്പുറം ചെന്നപ്പോഴേയ്ക്കും കഥമാറി. ആദ്യം എത്തിയ രണ്ടു ബൈക്ക് യാത്രികർ പച്ച തെറിയും വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ആഹാ… അങ്ങനെ വിട്ടാൽ ശരിയാകുമോ !! ഞങ്ങളും രണ്ടു പേരുണ്ടല്ലോ. വണ്ടി നിർത്തുവാൻ തുടങ്ങിയതും ഗോകുലിന്റ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് അവർ ആദ്യം വണ്ടി നിർത്തി. ഒരുത്തനെ പിടിച്ചു ഈ മഹാപാപി വണ്ടിയിൽ നിന്നും ഇറങ്ങിയത് മാത്രമേ ഓർമ്മയുള്ളു പുറകെ വന്ന രണ്ടുമൂന്നു സെറ്റ് നല്ലമനുഷ്യർ കൂടി തല്ലുവാൻ തുടങ്ങി. ഒന്ന് നിവരാനോ, സംസാരിക്കുവാനോ പോലും സമയം തന്നില്ല, നിലത്തിട്ട് ചവുട്ടി കൂട്ടി !!! സന്തോഷം. ആകെ ഒരു മരവിപ്പ് ആയിരുന്നു. തലയുടെ പിന്നിലും ഇടതു കൈയ്ക്കും നടുവിനും വല്ലാത്ത വേദന. പതിയെ തുറന്ന കണ്ണു മുഴുവൻ നല്ല മൂടൽ മഞ്ഞായി, ആകെ ഒരു വെളുപ്പ്. ഗോകുലിനെ കാണാനില്ല, ഉച്ചത്തിൽ വിളിച്ചു. ഇല്ല ആര് കേൾക്കാനാണ് മുഖം മണ്ണിലാണ്, ശ്വാസം മുട്ടി തുടങ്ങിയിരുന്നു.
പിന്നീട് കണ്ണു തുറക്കുമ്പോൾ ഞാൻ ഗോകുലിന്റെ മുഖമാണ് കാണുന്നത്, ഭാഗ്യം മരിച്ചു പോയിട്ടില്ല!!കണ്ണിനും പ്രശ്നമില്ല. പിന്നീട് കണ്ണു തുറക്കുമ്പോൾ കാറിലാണെന്ന് മനസിലായി, വണ്ടി ഓടിച്ചിരുന്നവർ ചോദിച്ചതിന് മറുപടി കൊടുത്തു. കയ്യുടെയും നടുവിന്റെയും വേദന മൂലം ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പ്രിയപ്പെട്ടവന്റെ കണ്ണു നിറഞ്ഞു കണ്ടതും അപ്പോഴാണ്. പാവം അവനെ കൂടി ഞാൻ തല്ലു കൊള്ളിച്ചല്ലോ !! വല്ലാത്ത വിഷമത്തിലായി. വണ്ടി ആശുപത്രിയിൽ എത്തിയതും കയ്യിലൊരു പ്ലാസ്റ്റർ പ്രത്യക്ഷപ്പെട്ടു. അഡ്മിറ്റാകാൻ ആവശ്യപ്പെടുകയും ചെയ്തു.
പ്രിയപ്പെട്ട അമലുകൾ (കുഞ്ഞനും, പൊട്ടനും ) അഖിലുകൾ (പാക്കരനും പോത്തനും ) ഇവർ നാലുപേരും ഇടം വലം കൂടെയുണ്ടായിരുന്നു ഈ മഹാപാപിയുടെ. അന്നു തന്നെ രാത്രി ഓടിയെത്തിയ ജോബിനും ഉണ്ണിയും സൗരവുമൊക്കെ ഇന്നും ഓർമ്മയിൽ തെളിഞ്ഞങ്ങനെ നിൽക്കുവാണ്. മൈഗ്രേൻ കടന്നു പിടിച്ചപ്പോഴും ആകെ ആശ്വാസമായത് ഈ പ്രിയപ്പെട്ടവരുടെ കരുതലാണ്…
തല്ലു തന്ന RSS ന്റെ സ്നേഹം നിറഞ്ഞവരെ പറ്റി മനസ്സ് മുഴുവൻ ഓർത്തുകൊണ്ട് ആശുപത്രി ജീവിതം തുടർന്നു. അവിടുത്തെ സ്നേഹം നിറഞ്ഞ ഒരുപറ്റം നേഴ്സ് സുഹൃത്തുക്കളെയും, അക്കൂട്ടത്തിൽ എന്നെ ഫോൺ ചെയ്തു പറ്റിച്ച ഒരു സുന്ദരി നേഴ്‌സിനെയും മറക്കാനാകില്ല. അങ്ങനെ മറക്കാൻ കഴിയാത്ത ചില കാര്യങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു
• CPM, DYFI സഹയാത്രിക്കാരുടെ കടന്നുവരവും കരുതലും
•അമ്മയുടെ ചേച്ചി ലക്ഷ്മി അമ്മയുടെ സങ്കടവും കരച്ചിലും ദേഷ്യവും ഉപദേശവും
•പ്രിയപ്പെട്ട തടിച്ചിയുടെ കടന്നുവരവും ആക്രമണവും
•സത്യൻ മാമന്റെ വരവും പ്രചോദനം നിറഞ്ഞ വാക്കുകളും.
•പ്രശ്നം വഷളാക്കിയ പ്രിയപ്പെട്ട കാമുകി പാറുവിന്റെ കരച്ചിൽ
•എനിക്കു കൊണ്ടുവരുന്ന ഫ്രൂട്ട്സ് എല്ലാം കൃത്യമായി കഴിച്ചു തീർക്കുന്ന അഖിലുകളും അമലുകളും !!
•ജുനൈദ് കൊണ്ടുവരുന്ന പലഹാര പൊതി
•ശ്വാസം വിടാൻ പോലും അനുവദിക്കാത്ത ഹെഡ് നേഴ്സ്
•തല സ്കാൻ ചെയ്യാൻ പോയപ്പോൾ നടന്ന സംഭവ വികസങ്ങളും, പ്രിയപ്പെട്ട കുഞ്ഞാവ, അസ്‌ലം, സന്തോഷ് അങ്ങനെ തുടങ്ങുന്ന സൗഹൃദ നിരകളും
•അഹങ്കാരി അനുജയുടെ വരവ്
•അടുത്ത കട്ടിലിലെ രോഗിയുടെ പ്രിയപ്പെട്ട പുത്രൻ അർജുൻ
•നാട്ടിലെ പ്രിയപ്പെട്ട അനിയന്മാരുടെ വരവ്
•അമ്മയും അച്ഛനും വന്നത് കാമുകി വന്ന് കരഞ്ഞു വഷളാക്കിയ സമയത്ത് ആയതുകൊണ്ട് അമ്മയുടെ കരച്ചിലൊന്നും കാണേണ്ടി വന്നില്ല !!!
ഇനിയും ഒരുപാടുണ്ട് വായിച്ചു മടുക്കാതിരിക്കാൻ ഇങ്ങനെ നിർത്തുന്നു. “ഒരുപാട് സ്നേഹവും കരുതലുമായി കടന്നുവന്ന സുഹൃത്തുക്കളെയും കൂടപ്പിറപ്പുകളെയൊന്നും ഞാൻ മറന്നിട്ടില്ല, ഈ നിമിഷവും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. നിങ്ങൾ അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ടവർ. “
ഇങ്ങനെ പറഞ്ഞു നിർത്തുമ്പോഴും പ്രിയപ്പെട്ട കൂടപ്പിറപ്പ് ഗോകുലിനോട് പറയാതെ പോയൊരു ക്ഷമാപണവും…